Friday, October 25, 2013

ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു

ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യമാണ് ചൈന. രണ്ടാമത്തെ രാജ്യം ഇന്ത്യ. സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനമാണ് ചൈനയ്ക്കുള്ളത്. അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരംപ്രതി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണ്. അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരെന്ന നിലയില്‍ സൗഹൃദബന്ധം നിലനിര്‍ത്തേണ്ടതും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ വഴിക്കുള്ള ഏതു നീക്കവും ഞങ്ങള്‍ സ്വാഗതംചെയ്യും. സ്വാഗതം ചെയ്യുന്നത് മറ്റുള്ളവരെപ്പോലെയല്ല.

ചൈനയുമായി ഏറ്റുമുട്ടല്‍ അരുത്; നല്ല ബന്ധമാണാവശ്യം; അതിനുള്ള സൗഹാര്‍ദപരവും വിട്ടുവീഴ്ചയോടുകൂടിയുള്ളതുമായ സമീപനം ഇരു രാഷ്ട്രവും സ്വീകരിക്കണമെന്ന് പറഞ്ഞതിനാണ് ഞങ്ങള്‍ പഴി കേള്‍ക്കേണ്ടി വന്നത്. 1962ല്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളില്‍ ഒരു വിഭാഗത്തെ തികച്ചും നീതിരഹിതമായി ജയിലിലടച്ചു. സിപിഐ എം രൂപീകരിച്ചതിനെത്തുടര്‍ന്ന് 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്രകമ്മിറ്റി ചേരുന്നതിനെത്തിയവരെയും യാത്രയിലുള്ളവരെയും ചൈനാ ചാരന്മാരെന്ന് പറഞ്ഞ് ജയിലിലടച്ചു. 1962ല്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു, മക്മോഹന്‍ രേഖയായിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി നാലായിരത്തോളം കിലോമീറ്ററാണ്. ആള്‍പ്പാര്‍പ്പില്ലാത്ത മഞ്ഞുമൂടിയ സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്താണ് സാങ്കല്‍പ്പികമായ അതിര്‍ത്തി നിര്‍ണയിച്ചത്. ഇന്ത്യ 1947 ല്‍ സ്വതന്ത്രയായി. 1949ല്‍ ചൈനീസ് വിപ്ലവം വിജയിച്ച് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇരു സര്‍ക്കാരും സമാധാനചര്‍ച്ചയിലൂടെ പരസ്പരം ന്യായമായ വിട്ടുവീഴ്ചചെയ്ത് അതിര്‍ത്തിയെപ്പറ്റി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. 1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു എന്നത് നേരാണ്. അതൊഴിവാക്കേണ്ടതായിരുന്നു. അവര്‍ സ്വമേധയാ തിരിച്ചുപോവുകയുംചെയ്തു. ഇതോടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരു രാഷ്ട്രവും സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടതായിരുന്നു. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ അക്കാലത്തെ പ്രസ്താവനയുടെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ പാര്‍ടി ശത്രുക്കള്‍ ശ്രമം നടത്തി. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മക്മോഹന്‍ രേഖയെച്ചൊല്ലി ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിക്കൂടാ. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരം കണ്ടെത്തുകമാത്രമാണ് കരണീയം. ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടത്. യുദ്ധം അരുത്, സമാധാനം വേണം എന്ന് പറഞ്ഞതാണ് ഹിമാലയന്‍കുറ്റമായി ആരോപിച്ചത്. ചൈനയുമായി മാത്രമല്ല പാകിസ്ഥാനുമായും ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അന്ന് തെരുവില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രവാക്യം ഓര്‍മിക്കേണ്ടതാണ്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. 1967 ല്‍ അത് ഐക്യമുന്നണിയായി. ""പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി"" എന്നായിരുന്നു പാര്‍ടിശത്രുക്കളുടെ മുദ്രാവാക്യം. ഇടതുപക്ഷ നേതാക്കളെന്ന് പറയുന്നവര്‍പോലും അന്ന് പ്രസംഗിച്ചത്, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുക്കാന്‍ രാവണകുലത്തെ കൊന്നൊടുക്കിയതുപോലെ ചൈന കൈയടക്കിയതായി പറഞ്ഞ 12000 ചതുരശ്രനാഴിക വീണ്ടെടുക്കാന്‍ ചൈനയുമായി തുറന്ന യുദ്ധം വേണമെന്നാണ്. ഇതൊക്കെയുണ്ടായിട്ടും സിപിഐ എം കുലുങ്ങിയില്ല. അയല്‍രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കണം, സമാധാനചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരമുണ്ടാക്കണം എന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ഞങ്ങളെ പഴിപറഞ്ഞവര്‍ക്ക് മറ്റൊരു നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി നേതാവ് വാജ്പേയി ആറുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. ലാല്‍കൃഷ്ണ അദ്വാനി വിദേശകാര്യം കൈകാര്യംചെയ്തു. അദ്ദേഹം അക്കാലത്ത് ചൈനാസന്ദര്‍ശനം നടത്തുകയാണുണ്ടായത്. 12000 ചതുരശ്രനാഴികക്കെന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. അഞ്ച് പതിറ്റാണ്ടിനുശേഷവും ഞങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് മറ്റുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു. ചൈനയുമായി ഇന്ത്യ നിരവധി വട്ടം ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒമ്പത് കരാറുകള്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു. ഇപ്പോഴെങ്കിലും സിപിഐ എം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്ത രാജ്യസ്നേഹവും ദീര്‍ഘവീക്ഷണവും ഉള്ള പാര്‍ടിയാണെന്ന് അംഗീകരിക്കണം. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സേനകള്‍ തമ്മില്‍ വിശ്വാസം ഉറപ്പിക്കാനും ഇന്ത്യയും ചൈനയും നിര്‍ണായകമായ അതിര്‍ത്തിപ്രതിരോധ സഹകരണകരാറില്‍ (ബിഡിസിഎ) ഒപ്പിട്ടതിലുള്ള സന്തോഷവും അഭിമാനവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. സിപിഐ എം ആണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25-10-2013

No comments: