Thursday, October 3, 2013

അമേരിക്കന്‍ പ്രതിസന്ധി

അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക് പാര്‍ടികള്‍ തമ്മിലുള്ള തര്‍ക്കംമൂലം ഉളവായ രാഷ്ട്രീയവും ഭരണഘടനാസംബന്ധവുമായ ഒരു പ്രതിസന്ധിയുടെ താല്‍ക്കാലിക സൃഷ്ടിമാത്രമാണ് എന്ന് കരുതിയാല്‍ തെറ്റി. പ്രത്യക്ഷത്തില്‍ ഇത് താല്‍ക്കാലിക പ്രതിഭാസമായി തോന്നാം. റിപ്പബ്ലിക്കന്‍ പാര്‍ടിയെ ഇപ്പോഴത്തെ വിമുഖതയില്‍നിന്ന് പിന്തിരിപ്പിച്ചാല്‍ അതോടെ പ്രശ്നങ്ങളെല്ലാം ശുഭമായി കലാശിക്കുമെന്നും തോന്നാം. എന്നാല്‍, സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള പണമെടുക്കാന്‍ തക്കവിധം ബജറ്റ് പാസാകുന്നതിനെ തടയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയെ പ്രേരിപ്പിക്കുന്നത് അമേരിക്ക ആണ്ടുപോയ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിതന്നെയാണ് എന്നും ഇപ്പോഴത്തെ പ്രശ്നത്തിന്റെ അടിവേരുകള്‍ ആ പ്രതിസന്ധിയില്‍തന്നെയാണ് എന്നും കാണാതിരുന്നിട്ടു കാര്യമില്ല.

ലോകത്തിലെ ഏറ്റവും വലിയ ധനകമ്മിയും വ്യാപാരകമ്മിയുമുള്ള രാജ്യമാണ് അമേരിക്ക. മൊത്തം ദേശീയവരുമാനമായ 16 ട്രില്യണ്‍ ഡോളറിന്റെ ഒമ്പതുമുതല്‍ പത്തുവരെ ശതമാനമായിരിക്കുന്നു നിഷേധാത്മക കമ്മി. ഇതിലെ അഞ്ചുശതമാനം സ്വകാര്യ കടമെടുപ്പിലൂടെയും നാലുശതമാനം വിദേശ കടമെടുപ്പിലൂടെയും നേരിട്ടുപോരുകയാണ് ഇന്ന് അവിടത്തെ സര്‍ക്കാര്‍. ഈ ഒന്‍പതുമുതല്‍ 10 ശതമാനംവരെ ഉയര്‍ന്നുനില്‍ക്കുന്ന കമ്മി നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രസമ്പദ്ഘടനയെ സുസ്ഥിരതയിലൂടെ നയിക്കാമെന്നത് മിഥ്യാസ്വപ്നമാണ്.

ഖജനാവില്‍നിന്ന് കുറെക്കാലമായി സര്‍ക്കാര്‍ പണമൊഴുക്കിയത് അമേരിക്കയ്ക്ക് താങ്ങാനാവാത്ത വിധമാണ്. സബ്പ്രൈം ക്രൈസിസ് പരിഹരിക്കാന്‍ 200 ബില്യണ്‍ ഡോളര്‍. ഇറാഖില്‍ യുദ്ധം നടത്താന്‍ മൂന്ന് ട്രില്യണ്‍. തകര്‍ച്ചയിലായ സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കാന്‍ ഒരു ട്രില്യണ്‍. ഖജനാവിന് താങ്ങാനാവുന്നതായിരുന്നില്ല ഇതൊന്നും. അഥവാ ഖജനാവ് താങ്ങിയാല്‍പോലും ജനങ്ങള്‍ താങ്ങില്ല. സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ പ്രതിസന്ധിയായി ഉരുണ്ടുകൂടാതെ വയ്യ എന്നര്‍ഥം.

നികുതിദായകന്റെ പണത്തില്‍നിന്ന് ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ യുദ്ധം പൊടിപൊടിക്കാനായി എത്രയോ ട്രില്യണ്‍ ഡോളറുകളാണ് ചെലവാക്കിയത്. ഇതെല്ലാം ഖജനാവിനെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുകയായിരുന്നു. ഇതിന്റെയൊക്കെ പിന്നാലെയാണ് ഒബാമയുടെ "ആരോഗ്യപരിരക്ഷ"പോലുള്ള കണ്ണില്‍പൊടിയിടുന്നതും അതേസമയം ജനപ്രിയമെന്ന് വിശേഷിപ്പിക്കാവുന്നതുമായ നടപടികള്‍കൂടി വന്നത്. ഈ പശ്ചാത്തലത്തില്‍വേണം ബജറ്റ് പാസാക്കിക്കൊടുക്കാനാവില്ല എന്ന റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ നിലപാടിനെ കാണാന്‍. അവര്‍ക്ക് അവരുടേതായ രാഷ്ട്രീയമുണ്ട് എന്നത് സത്യം. എന്നാല്‍, ആ രാഷ്ട്രീയംവച്ച് കരുക്കള്‍ നീക്കാന്‍ അവര്‍ക്ക് സഹായകമായത് അമേരിക്കന്‍ സമ്പദ്ഘടനയിലെ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് എന്നത് മറ്റൊരു സത്യം.

അതിയാഥാസ്ഥിതിക പ്രസ്ഥാനമായ വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് അവരുടേതായ സ്ഥാപിതതാല്‍പ്പര്യങ്ങളുണ്ട്. വലിയ വലിയ എണ്ണ-വാതക കമ്പനികളുടെയും വന്‍കിട കോര്‍പറേറ്റുകളുടെയും പ്രതിനിധികളാണ് സഭയിലുള്ളത്. കോര്‍പറേറ്റ് ടാക്സ് കുറയ്ക്കണമെന്ന് അവര്‍ പല കാലമായി ആവശ്യപ്പെട്ടുപോരുന്നു. കോര്‍പറേറ്റ് ടാക്സ് കുറച്ചാല്‍ ബജറ്റ് നിര്‍ദേശങ്ങളെ പിന്തുണയ്ക്കാന്‍ അവര്‍ക്ക് മടിയുണ്ടാവാനിടയില്ല. ആ നിലയ്ക്കുള്ള ഒരു വിലപേശല്‍-സമ്മര്‍ദതന്ത്രവും ഇപ്പോഴത്തെ കളിക്കുപിന്നിലുണ്ടാവാം. എങ്കില്‍പ്പോലും ആ കളിക്കുപോലും കളമുണ്ടാക്കിക്കൊടുക്കുന്നത് അമേരിക്കയുടെ തകരുന്ന സാമ്പത്തികഘടനയാണ് എന്ന സത്യം ബാക്കിനില്‍ക്കും. ഒബാമയുടെ ജനപ്രിയ നടപടികളെപ്പോലും എതിര്‍ക്കാനുള്ള കരുത്ത് അവര്‍ക്ക് കിട്ടുന്നത് സമ്പദ്ഘടന ദുരവസ്ഥയിലാണ് ചെന്നുപെട്ടിട്ടുള്ളത് എന്നതില്‍നിന്നാണ്. നികുതിവരവ് കുറയുകയും ചെലവ് കൂടുകയും എന്ന ഇരുവശവും മൂര്‍ച്ചയുള്ള ഒരു വാളാണ് അമേരിക്കന്‍ സമ്പദ്ഘടനയെ നേരിടുന്നത്. വന്‍തോതില്‍ കടം വാങ്ങി ചെലവുചെയ്യുന്ന ഉപഭോക്തൃരാജ്യമാണ് അമേരിക്ക. സമ്പാദ്യത്തിലല്ലാതെ ചെലവില്‍ ഊന്നുന്ന രാജ്യം. വാര്‍ഷിക വ്യാപാരകമ്മിതന്നെ 700 ബില്യണ്‍ ഡോളറാണ്. ഇത് അമേരിക്കന്‍ ഉപഭോഗസംസ്കാരത്തിന്റെ സൂചകമാണ്. ഈ ഉപഭോഗവ്യഗ്രത ചൈനയെയും കൊറിയയെയും വളരെ ചെറിയ ഒരളവില്‍ ഇന്ത്യയെയും സഹായിക്കുന്നുണ്ട്. കടം വാങ്ങി ചെലവാക്കുകയും കയറ്റുമതിയെ ആശ്രയിക്കുകയുംചെയ്യുന്ന ലിവറേജ് പോളിസി തിരുത്തിക്കാന്‍ അമേരിക്കയില്‍തന്നെ സമ്മര്‍ദമുണ്ട്. ആ നിലയ്ക്കുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍മാത്രമല്ല, ജനങ്ങളും ചെലവു കുറയ്ക്കും. അത് ഇന്നത്തെ നിലയില്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ ചലനാത്മകതയെ വലിയ ഒരളവില്‍ മരവിപ്പിക്കും. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ ആ വഴിയും കരകയറാന്‍ സഹായകമാവില്ല.

പ്രസിഡന്റ് ഒബാമയ്ക്ക് ഇപ്പോള്‍ പ്രശ്നപരിഹാരത്തില്‍ അത്ര വലിയ താല്‍പ്പര്യമൊന്നുമില്ല. രണ്ടാമൂഴത്തിന്റെ ശേഷിക്കുന്ന കാലയളവ് കഴിച്ചുകൂട്ടുക എന്നതിലേ താല്‍പ്പര്യമുള്ളൂ. മൂന്നാം ഊഴം ഇല്ല എന്നറിയാവുന്ന ഒബാമ ഒരുവിധ റിസ്കും ഏറ്റെടുക്കാന്‍ തയ്യാറാവില്ല. അദ്ദേഹത്തിന് അതിന്റെ കാര്യമില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുന്നതിനുപിന്നില്‍ ഇതും ഒരു ഘടകമാണ്. ഈ അവസ്ഥയും അമേരിക്കന്‍ ബോണ്ടുകളുടെ മൂല്യത്തില്‍ വരുന്ന ഇടിവും അമേരിക്കന്‍ സമ്പദ്ഘടനയുടെ വിശ്വാസ്യത അന്താരാഷ്ട്രതലത്തില്‍ വീണ്ടുമൊരിക്കല്‍കൂടി അപകടത്തിലാക്കും. ഇതിനിടെതന്നെ പ്രധാന അന്താരാഷ്ട്ര കറന്‍സിയുമായുള്ള വിനിമയത്തില്‍ ഡോളര്‍ 0.2 ശതമാനം താഴ്ന്നു. ബോണ്ട് കമ്പോളത്തില്‍ 0.3 ശതമാനം ഇടിവുവന്നു. 1995ലും 96ലും ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് സന്ദര്‍ഭങ്ങളിലായി 28 ദിവസം അടച്ചിട്ട ചരിത്രമുണ്ട്. പ്രശ്നങ്ങളില്‍നിന്ന് വൈകാതെ കരകയറിയെന്ന് അമേരിക്ക പറയുമെങ്കിലും ലോകരംഗത്ത് അതുണ്ടാക്കിയ വിശ്വാസത്തകര്‍ച്ചയുടെ പ്രശ്നങ്ങള്‍ ഒരിക്കലും പഴയപടി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. ഇതിനിടയിലാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച, സബ്പ്രൈം ക്രൈസിസ് തുടങ്ങിയവയും അനുബന്ധ മാന്ദ്യവും വന്നത്. എല്ലാം യുഎസ് വിശ്വാസ്യതയെ ക്ഷീണിപ്പിക്കുകതന്നെയായിരുന്നു.

ഇപ്പോഴിതാ 17 വര്‍ഷഘട്ടത്തിലാദ്യമായി എട്ടുലക്ഷം ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിലേക്ക് തള്ളിവിട്ടുകൊണ്ടും ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഐലന്റ് മുതല്‍ അലാസ്കാ നാഷണല്‍ പാര്‍ക്കുവരെ അടച്ചിട്ടുകൊണ്ടും മര്‍മപ്രധാന സ്ഥാപനങ്ങളൊഴികെ എല്ലാത്തിനും അടച്ചുപൂട്ടല്‍ വിധിച്ചുകൊണ്ടും അമേരിക്ക വീണ്ടുമൊരിക്കല്‍ക്കൂടി പ്രതിസന്ധിയുടെ നടുക്കയത്തില്‍ നില്‍ക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 04-10-2013

No comments: