Thursday, October 3, 2013

"ഒബാമ കെയറി"ല്‍ കുടുങ്ങി അമേരിക്ക

സാമ്പത്തിക അടിയന്തരാവസ്ഥയോടെ അമേരിക്കയില്‍ എട്ടുലക്ഷം സര്‍ക്കാര്‍ജീവനക്കാരാണ് ഒറ്റദിവസംകൊണ്ട് ശമ്പളമില്ലാത്ത അവധിയെടുത്ത് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായത്; രണ്ടു ലക്ഷത്തോളംപേര്‍ ശമ്പളമില്ലാതെ ജോലിചെയ്യാനും. ദേശീയ പാര്‍ക്കുകള്‍, ദേശീയ സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ അങ്ങനെ അമേരിക്കയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങളും അടച്ചുപൂട്ടി. ഫെഡറല്‍ സര്‍ക്കാരിന്റെ നിരവധി ഓഫീസുകള്‍ തുറക്കാന്‍ കഴിയുന്നില്ല. പതിനായിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ജയില്‍ ഗാര്‍ഡുകള്‍, അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ എന്നിങ്ങനെ നിരവധിമേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ ശമ്പളമില്ലാതെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ ഇരുമ്പുമുഷ്ടികളില്‍ അകപ്പെട്ടുപോയ ജനാധിപത്യസംവിധാനങ്ങളുടെ ദയനീയാവസ്ഥയുടെ ഭീതിദമുഖമാണ് ഇപ്പോള്‍ അമേരിക്കയിലെ ബജറ്റ് പ്രതിസന്ധിയിലൂടെ ലോകം കാണുന്നത്. ജനപ്രതിനിധിസഭയില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ച് ബജറ്റ് പാസാക്കുന്നത് തടഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിനോട് വിലപേശുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ടി. പ്രസിഡന്റ് ബറാക് ഒബാമ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് "അമേരിക്കയെ തടങ്കലില്‍വച്ച് റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ഒരുവിഭാഗം മോചനദ്രവ്യം ആവശ്യപ്പെടുകയാണ്" എന്നാണ്. ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ ട്രഷറികള്‍ പണമില്ലാതെ പൂട്ടിപ്പോവുക സ്വാഭാവികമാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാര്‍ തെരഞ്ഞെടുപ്പുവേളയില്‍ പരിഹാസപൂര്‍വം നാമകരണംചെയ്യുകയും പിന്നീട് ആ പേരില്‍ പ്രശസ്തമാവുകയുംചെയ്ത "ഒബാമ കെയര്‍" എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയോടുള്ള എതിര്‍പ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ടീ പാര്‍ടി എന്നറിയപ്പെടുന്ന നവ തീവ്രവലതുപക്ഷ സാമ്പത്തികവാദികളുടെ എതിര്‍പ്പിനു കാരണമായത്.

പതിനേഴുവര്‍ഷംമുമ്പ് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് ജനപ്രതിനിധിസഭയിലുള്ള ഭൂരിപക്ഷം ഇതേയവസ്ഥ സൃഷ്ടിച്ചിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതില്‍നിന്ന് വ്യത്യസ്തമാണ്. ഒക്ടോബര്‍ 17ലേക്ക് ഈ സാമ്പത്തിക അടിയന്തരാവസ്ഥ കടക്കുകയാണെങ്കില്‍ അമേരിക്കയുടെ നില ഗുരുതരമായ അവസ്ഥയിലെത്തും. രാജ്യത്തിന്റെ കടങ്ങള്‍ വീട്ടാനും ചെലവാക്കിയ തുകയുടെ ബില്ലുകളുമായി ട്രഷറിയിലെത്തുന്നവര്‍ക്ക് പണം കൊടുത്തുതീര്‍ക്കാനും കഴിയാതെ അമേരിക്കയുടെ ക്രെഡിറ്റ് ഹിസ്റ്ററി തകരും; ചരിത്രത്തിലാദ്യമായി അമേരിക്ക കിട്ടാകടക്കാരനായി ലോകത്തിനുമുന്നില്‍ നില്‍ക്കുന്ന അവസ്ഥ.

2010 മുതലാണ് റിപ്പബ്ലിക്കന്‍ പാര്‍ടിക്കാര്‍ ഫെഡറല്‍ സര്‍ക്കാരിന് കടമെടുക്കാനുള്ള പരിധി വിലപേശലിനുള്ള ഉപാധിയായി കണ്ടുതുടങ്ങിയത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ കര്‍ശനനിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുക, അതിലൂടെ ക്ഷേമപദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുക എന്നതാണ് നിലവിലുള്ള വിലപേശല്‍ രീതി. 2010ല്‍ ബജറ്റിനുപകരം continuing resolution എന്നപേരില്‍ അറിയപ്പെടുന്ന അന്നേരത്തെ സാഹചര്യമനുസരിച്ച് തുക ചെലവഴിക്കാനുള്ള ചില നിര്‍ദേശങ്ങളിലൂടെയാണ് ഒരുവര്‍ഷം കടന്നുപോയത്. 2011ല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ കടമെടുക്കാനുള്ള പരിധിയെ റിപ്പബ്ലിക്കന്‍ പാര്‍ടി ജാമ്യവസ്തുവാക്കി വിലപേശി. ക്ഷേമപദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ച് സര്‍ക്കാര്‍ചെലവ് കുറച്ചില്ലെങ്കില്‍ രാജ്യത്തിന്റെ കടമെടുക്കാനുള്ള പരിധി കൂട്ടാന്‍ സമ്മതിക്കില്ല എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ടി അംഗങ്ങള്‍ അതിനു വഴങ്ങിയില്ല. ഒടുവില്‍ താനേ നിലവില്‍വരുന്ന ചെലവ് ചുരുക്കലിലേക്ക് സര്‍ക്കാര്‍ കടക്കുകയും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയുംചെയ്തു. ഈ വര്‍ഷമാകട്ടെ, ഒബാമ കെയര്‍ പ്രാവര്‍ത്തികമാക്കരുത് എന്നതായിരുന്നു റിപ്പബ്ലിക്കന്മാരുടെ പ്രധാന ആവശ്യം.

സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കയിലെ നിരവധി മേഖലകളെ പൂര്‍ണമായി പ്രതിസന്ധിയിലാക്കും. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ലോണുകള്‍, ഫെഡറല്‍ വീടുവായ്പകള്‍ക്കുള്ള ഗ്യാരന്റി, വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ എന്നിവയൊക്കെ തടസ്സപ്പെടും. ആരോഗ്യരംഗത്ത് പല സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രോഗികളെ സ്വീകരിക്കില്ല. പ്രായമായവര്‍ക്കും വിമുക്തഭഭടന്മാര്‍ക്കുമുള്ള പുതിയ മെഡിക്കല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. നിലവിലുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റും ലഭിക്കേണ്ട തുകയ്ക്ക് കാലതാമസം വരും. പരിസ്ഥിതി, പൊതുസുരക്ഷ ഒക്കെ അവതാളത്തിലാവും. പാര്‍ക്കുകളും മ്യൂസിയങ്ങളും തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്കു വരാന്‍പോകുന്ന നഷ്ടത്തെപ്പറ്റിയുള്ള ഏകദേശ രൂപമാണിത്. എന്നാല്‍, സാമ്പത്തിക അടിയന്തരാവസ്ഥ 34 ആഴ്ചവരെ നീണ്ടുനിന്നാല്‍ 55 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ചില സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിക്ക് ദിവസം ഏതാണ്ട് 200 മില്യണ്‍ ഡോളറാണ് ശമ്പളത്തിന്റെ ടാക്സും, ശമ്പളം വാങ്ങുന്നവര്‍ ചെലവാക്കുന്ന പണത്തില്‍നിന്നു ലഭിക്കേണ്ട വരുമാനവും മറ്റുമായി നഷ്ടപ്പെടുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ സന്ദര്‍ശകരില്‍നിന്നും ടൂറിസത്തില്‍നിന്നുമുള്ള വരുമാനത്തിലുണ്ടാകുന്ന നഷ്ടം കൂടാതെയാണ് ഇത്. ലോകപ്രശസ്തമായ സ്മിത്സോണിയര്‍ മ്യൂസിയങ്ങളും നാഷണല്‍ മാളും അടച്ചുപൂട്ടുന്നതിലൂടെ ഭീമമായ നഷ്ടമാണ് ഡിസിക്ക് ഉണ്ടാകുന്നത്.

ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ ജോണ്‍ ബോയ്നെറും ടി പാര്‍ടി റിപ്പബ്ലിക്കന്‍ പാര്‍ടി കോക്കസും പറയുന്നത്, ഒബാമ കെയര്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുപകരം തൊഴില്‍ ഇല്ലാതാക്കുമെന്നാണ്. അപ്രായോഗികമായ കാര്യങ്ങളാണ് ബജറ്റ് പാസാക്കാതിരിക്കാന്‍ അദ്ദേഹം നിരത്തുന്നത്. ഒബാമ കെയര്‍ എന്ന ആരോഗ്യ നിയമത്തിനുള്ള തുക ബജറ്റില്‍ കൊള്ളിക്കാതിരിക്കുക, ഒരു വര്‍ഷത്തേക്ക് ഒബാമ കെയര്‍ താമസിപ്പിക്കുക, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമേലുള്ള ടാക്സ് പിന്‍വലിക്കുക, വ്യക്തികള്‍ സ്വയം ഇന്‍ഷുറന്‍സ് എടുത്തിരിക്കണം എന്ന വകുപ്പ് ഒരുവര്‍ഷത്തേക്ക് താമസിപ്പിക്കുക, യുഎസ് കോണ്‍ഗ്രസിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറര്‍സ് സര്‍ക്കാര്‍ വഹിക്കുന്നത് ഒഴിവാക്കുക തുടങ്ങി ഒബാമ കെയറിനെ തത്വത്തില്‍ ഇല്ലാതാക്കുന്ന ആവശ്യങ്ങളാണ് ഉപാധിയായി വച്ചിട്ടുള്ളത്. എന്നാല്‍, മുതിര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ടി നേതാക്കള്‍ പൊതുവെ ഇപ്പോഴത്തെ നിലപാടുകളോടു മമതയുള്ളവരല്ല. പക്ഷേ, പുറത്തുകാട്ടുന്നില്ല എന്നുമാത്രം.

ഒബാമ കെയര്‍ നടപ്പായാല്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക. നിലവില്‍ 18 വയസ്സ് കഴിഞ്ഞവര്‍ മാതാപിതാക്കളുടെ ഇന്‍ഷുറന്‍സില്‍നിന്ന് പുറത്തുപോകും. അതോടെ അവര്‍ സ്വന്തമായി പണംമുടക്കി ഇന്‍ഷുറന്‍സ് എടുക്കുകയോ അല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്ന ജോലി കണ്ടെത്തുകയോ ചെയ്യേണ്ടിവരും. എന്നാല്‍, ഒബാമ കെയര്‍ 26 വയസ്സുവരെ മാതാപിതാക്കളുടെ ഇന്‍ഷുറന്‍സില്‍ മക്കളെ തുടരാന്‍ അനുവദിക്കുന്നു. 19 മുതല്‍ 25 വയസ്സുവരെയുള്ള രണ്ടര മില്യണ്‍ ആളുകളാണ് അമേരിക്കയിലുള്ളത്. അതുപോലെ പാരമ്പര്യരോഗമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ പുതിയ നിയമത്തില്‍ കഴിയുകയില്ല. ഇങ്ങനെ നിരവധി നല്ല കാര്യങ്ങള്‍ ഒബാമ കെയറിലുണ്ട്. ഇതിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ടി എതിര്‍ക്കുന്നത്. അതേസമയം, സാമ്പത്തിക അടിയന്തരാവസ്ഥ ക്ഷണിച്ചുവരുത്തി വാള്‍സ്ട്രീറ്റിനെ റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ തിരിക്കുക എന്ന തന്ത്രമാണ് ഡെമോക്രാറ്റിക് പാര്‍ടിയും ഒബാമയും പയറ്റുന്നതെന്ന് ചിലര്‍ പറയുന്നു.

ഏതായാലും, കുത്തക മുതലാളിമാരും കോര്‍പറേറ്റുകളും നിയന്ത്രിക്കുന്ന ലോകമായി ജനാധിപത്യസംവിധാനം മാറുന്നതിലെ ദുഷിപ്പാണ് അമേരിക്കയില്‍ നടപ്പായ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ പുറത്തുവരുന്നത്. ജനാധിപത്യം, ഭരണകൂടം, അധികാരം എന്നൊക്കെയുള്ള വാക്കുകള്‍ക്ക് മൂലധനശക്തികളുടെ താല്‍പ്പര്യസംരക്ഷണം എന്ന ഒറ്റവാക്കുമാത്രം പര്യായപദമായി മാറുന്ന അവസ്ഥ ലോകം മുഴുവന്‍ സൃഷ്ടിക്കുകയാണല്ലോ അമേരിക്കന്‍ വിദേശനയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. പക്ഷേ, അവര്‍ ഒന്നറിയേണ്ടതുണ്ട്, സ്റ്റേറ്റിനെ നയിക്കുന്ന പല ഘടകങ്ങളില്‍ ഒന്നുമാത്രമാണ് സമ്പദ്വ്യവസ്ഥ. പൗരാവകാശങ്ങളുടെ സംരക്ഷണം, ജനാധിപത്യം, സാമൂഹ്യനീതി, വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി സാമൂഹിക ക്ഷേമകാര്യങ്ങളുടെ ആകത്തുകയാണ് സ്റ്റേറ്റ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പിന്തുണയോടെ കുത്തകമുതലാളിത്തം സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതിന്റെ തുടര്‍പ്രത്യാഘാതമാണ് ഇന്ന് അമേരിക്കയില്‍ സംഭവിച്ച സാമ്പത്തിക അടിയന്തരാവസ്ഥ.

*
റജി പി ജോര്‍ജ്, ന്യൂയോര്‍ക്ക് ദേശാഭിമാനി

No comments: