Friday, October 4, 2013

രഘുറാം രാജന്‍ സമിതിയും കേരളവും

ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റിനു നിരക്കുന്നവിധം കേന്ദ്ര നികുതികളില്‍നിന്നുള്ള ഓഹരിവിതരണം നീതിയുക്തവും യുക്തിസഹവുമാക്കാനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിക്കുക എന്നതായിരുന്നു രഘുറാം രാജന്‍ സമിതിയുടെ ചുമതല. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രഫണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കാനുള്ള മാനദണ്ഡം കൂടുതല്‍ നീതിരഹിതവും യുക്തിരഹിതവുമായിത്തീര്‍ത്തിരിക്കുന്നു. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറ്റവുമധികം നഷ്ടംവരുന്ന സംസ്ഥാനങ്ങളുടെ നിരയിലാകും കേരളം. സാമൂഹ്യക്ഷേമമേഖലകളില്‍ പതിറ്റാണ്ടുകളിലൂടെ കൈവരിച്ച നേട്ടങ്ങളാകെ ഇല്ലാതെയാകും. ഒപ്പം, ഇതരമേഖലകളിലെ ക്ഷേമ-വികസനസാധ്യതകളുടെ വാതിലുകള്‍ കേരളത്തിനു നേര്‍ക്ക് കൊട്ടിയടയ്ക്കപ്പെടുകയുംചെയ്യും. രഘുറാം രാജന്‍ ശുപാര്‍ശ തള്ളണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട ഘട്ടമാണിത്. രഘുറാം രാജന്‍ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കുന്ന കേന്ദ്രഫണ്ടിന്റെ 0.3 ശതമാനമാകും കേരളത്തിനുള്ള ഓഹരി. പന്ത്രണ്ടാം ധനകമീഷന്‍ ശുപാര്‍ശ പ്രകാരംപോലും 2.45 ശതമാനമായിരുന്നതാണ്, കേന്ദ്ര നികുതി വരുമാന വര്‍ധനയുടെയും പണപ്പെരുപ്പത്തിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ കാര്യമായി വര്‍ധിക്കേണ്ടിടത്ത് കുത്തനെ കുറയുന്നത്. സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള ആഘാതമാകും ഇത്. നേട്ടങ്ങളുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അതു പരിഗണിച്ച് കൂടുതല്‍ അംഗീകാരം നല്‍കുകയാണ് സത്യത്തില്‍ ചെയ്യേണ്ടത്. എന്നാലിവിടെ ഉണ്ടാക്കിയ നേട്ടങ്ങളുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുകയാണ് കേന്ദ്രം.

സാമൂഹ്യക്ഷേമം, ആരോഗ്യപരിപാലനം, സാക്ഷരത, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ആസൂത്രിതമായ സര്‍ക്കാര്‍ ഇടപെടലിലൂടെ കേരളം പുരോഗതി കൈവരിച്ചു. ഇതിന് അഭിനന്ദിക്കുകയും ഇതരമേഖലകളിലെ വികസനത്തിനു കാര്യമായ സഹായം നല്‍കുകയുമാണ് കേന്ദ്രം ചെയ്യേണ്ടത്. എന്നാലിവിടെ മറിച്ചാണ് സ്ഥിതി. ഈ മേഖലകളിലൊക്കെ പുരോഗമിച്ചല്ലോ. അതുകൊണ്ട് ഇനി കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്നതാണ് മനോഭാവം. നേട്ടം കൈവരിച്ചതിന് ശിക്ഷ വിധിക്കുന്നു എന്നര്‍ഥം. സാമൂഹ്യക്ഷേമനടപടികളില്‍ ഏറെ ശ്രദ്ധിച്ചതുകെണ്ട് കേരളത്തിന് കാര്‍ഷിക-വ്യവസായികരംഗങ്ങളില്‍ വേണ്ടവിധത്തില്‍ ഊന്നല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആ രംഗത്തെ പോരായ്മ നീക്കാന്‍തക്കവിധം സാമൂഹ്യക്ഷേമമേഖലയ്ക്ക് നല്‍കപ്പെട്ടിരുന്ന ഫണ്ട് ഇതരരംഗങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. സാമൂഹ്യക്ഷേമമേഖലയ്ക്കുള്ള ഫണ്ട്, ആ രംഗത്ത് വികസനം കൈവരിച്ചു എന്നതിന്റെ പേരില്‍ നിര്‍ത്തുകയും പിന്നാക്കം നില്‍ക്കുന്ന മേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാതിരിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

അടിസ്ഥാനഘടനാ വികസനത്തിന്റെ അഭാവം, ഉല്‍പ്പാദനക്ഷമതാരാഹിത്യം, ആധുനികസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വികസനശ്രമം, വര്‍ധിച്ചുവരുന്ന വൃദ്ധജനസംഖ്യ എന്നിങ്ങനെ കേരളത്തിന് അടിയന്തരമായി നേരിടേണ്ട പ്രശ്ര്നങ്ങള്‍ പലതുണ്ട്. അതിന് പ്രത്യേക പരിഗണനയും സഹായവും ആവശ്യമാണ്. എന്നാല്‍, രഘുറാം രാജന്‍ സമിതി ഇതൊന്നും പരിഗണിക്കാന്‍ തയ്യാറല്ല. പ്രതിമാസ പ്രതിശീര്‍ഷ ചെലവ്, വിദ്യാഭ്യാസം, ദാരിദ്ര്യനിരക്ക്, ആരോഗ്യപരിപാലനം, സ്ത്രീസാക്ഷരത, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ തുടങ്ങി പത്തുകാര്യങ്ങളെ മാനദണ്ഡമാക്കി രഘുറാം സമിതി സംസ്ഥാനങ്ങളെ സമീപിച്ചു. അപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് കേരളം "വികസിത സംസ്ഥാന"മാണെന്നാണ്. "വികസിത സംസ്ഥാന"ത്തിനു പിന്നെ എന്ത് വികസനസഹായം? ഇതാണിപ്പോള്‍ നിലപാട്. ഇത് ഇതരമേഖലകളില്‍ പ്രശ്നസങ്കീര്‍ണമായ പിന്നോക്കാവസ്ഥയിലുള്ള കേരളത്തിന് ദ്രോഹകരമാണ്. രഘുറാം സമിതി മാനദണ്ഡങ്ങള്‍ മാറ്റി വീണ്ടും സംസ്ഥാനങ്ങളുടെ നില പരിശോധിക്കേണ്ടതുണ്ട്. അതുചെയ്യുന്നില്ലെങ്കില്‍ കേന്ദ്രം ആ സമിതിയുടെ ശുപാര്‍ശ തള്ളണം.

ഇതുവരെ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരമായിരുന്നു കേന്ദ്രഫണ്ട് വിതരണം. ജനസംഖ്യക്കും ദാരിദ്യത്തിനും ഒക്കെ പരിഗണന നല്‍കിയിരുന്നു അത്. എങ്കിലും കുറെ പോരായ്മകള്‍ അതിനുണ്ടായിരുന്നു. അതു പരിഷ്കരിക്കേണ്ടതുമായിരുന്നു. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന മട്ടിലായി രഘുറാം സമിതി വന്നപ്പോഴത്തെ നില. ഗാഡ്ഗില്‍ ഫോര്‍മുലപ്രകാരം കിട്ടിയിരുന്നതുകൂടി ഈ സമിതി സംസ്ഥാനത്തിനു നിഷേധിക്കുന്നു. ഓരോ അഞ്ചുവര്‍ഷവും ധനകമീഷന്‍ നല്‍കുന്ന ശുപാര്‍ശപ്രകാരമാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രഫണ്ട് വീതിക്കുക. ധനകമീഷന്‍ റിപ്പോര്‍ട്ടിനെ നയിക്കുന്ന രഘുറാം സമിതി ഫോര്‍മുലയാണെന്നു വന്നാല്‍ കേരളത്തിന് ഒന്നുംകിട്ടാത്ത അവസ്ഥയാണുണ്ടാവുക. പിന്നോക്ക മേഖലാ സഹായഫണ്ട് അടക്കമുള്ള പ്രത്യേകപദ്ധതി സഹായങ്ങള്‍വരെ നിഷേധിക്കപ്പെട്ടു.

മറ്റൊരു അപകടംകൂടിയുണ്ട് രഘുറാം സമിതി ശുപാര്‍ശയില്‍. പദ്ധതിയുമായി ബന്ധപ്പെടുത്തി ഫണ്ട് അനുവദിക്കുക എന്ന രീതിയെ നടത്തിപ്പിലെ പുരോഗതിയുമായി ബന്ധപ്പെടുത്തിമാത്രം ഫണ്ട് അനുവദിക്കുക എന്ന രീതികൊണ്ട് പകരംവയ്ക്കുന്നു. ഇത് സംസ്ഥാനങ്ങള്‍ക്ക് വിയോജിപ്പുള്ളതും കേന്ദ്രസര്‍ക്കാരിനു പ്രത്യേക താല്‍പ്പര്യമുള്ളതുമായ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ നടത്തിച്ചെടുക്കാനുള്ള വളഞ്ഞവഴിയാണ്. ഭരണഘടനയുടെ ഫെഡറല്‍സ്വഭാവത്തിന് എതിരാണ് പിന്‍വാതിലിലൂടെ തീവ്ര വലതുപക്ഷനയങ്ങള്‍ അതിനെതിരെ മത്സരിച്ച് ജയിച്ചുവന്ന സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ടുകൂടി നടപ്പാക്കാനുള്ള ഈ ശ്രമം. ഉന്നത വിദ്യാഭ്യാസം, പ്രവാസിപുനരധിവാസം, വ്യവസായവല്‍ക്കരണം, ഐടി രംഗം തുടങ്ങി കേരളത്തില്‍ വികസനഫണ്ട് ആവശ്യമുള്ള ഒരുപാടുമേഖലകളുണ്ട്. രഘുറാം സമിതി പരിഗണിച്ച പരിമിതമായ സാമൂഹിക സൂചകങ്ങളെമാത്രം മാനദണ്ഡമാക്കി നോക്കിയാല്‍ "വികസിതം" എന്ന് പ്രഖ്യാപിക്കാമെങ്കിലും വികസനത്തിന്റെ പടിവാതിലില്‍പോലും കേരളത്തിനു കടന്നുചെല്ലാനാവാത്ത മേഖലകള്‍ നിരവധിയുണ്ട്. പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗ നിരക്ക് അടിസ്ഥാനമാക്കുകയും കാര്‍ഷികോല്‍പ്പാദന ക്ഷമത, ധാന്യവിള പ്രദേശം തുടങ്ങിയവയെന്നും പരിഗണിക്കാതിരിക്കുകയുംചെയ്താല്‍ മരം കണ്ട് കാട് കാണാതാവുന്ന സ്ഥിതിയുണ്ടാകും. ആ സ്ഥിതിയിലാണ് രഘുറാം സമിതി. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു കടക്കുന്ന ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് രഘുറാം സമിതി ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കരുത്. അംഗീകാരം നല്‍കിയാല്‍ കേരളം നല്‍കേണ്ടിവരുന്ന വില കനത്തതാകും.

*
deshabhimani editorial 04-10-2013

No comments: