Thursday, October 3, 2013

പൊളിച്ചെറിയേണ്ട വേലിക്കെട്ടുകള്‍

മതമില്ലാത്ത ജീവനെച്ചൊല്ലി കേരളത്തില്‍ ഉണ്ടായ (2008) വിവാദങ്ങള്‍ ഓര്‍ക്കുന്നില്ലേ? അച്ഛന്‍ അന്‍വര്‍ റഷീദ്. അമ്മ ലക്ഷ്മിക്കുട്ടി. ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നതാണ് മകന്‍ ജീവനെ. സ്കൂള്‍ രജിസ്റ്ററില്‍ എതു മതം ചേര്‍ക്കണം എന്ന് ഹെഡ്മാസ്റ്റര്‍ ചോദിക്കുന്നു. ഒന്നും വേണ്ട, മതമില്ലെന്ന് ചേര്‍ത്തോളൂ എന്ന് അച്ഛനമ്മമാര്‍. ജാതിയോ? അതും വേണ്ട. ജീവനു വലുതാവുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ എന്നു പറയുന്നു, അച്ഛനമ്മമാര്‍. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ആ പാഠഭാഗം നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരത്തില്‍ മതമില്ലാത്ത എത്രയോ ജീവന്മാര്‍ നമുക്കു ചുറ്റും ജീവിക്കുന്നു!

ജീവനും മതവും ആ പാഠഭാഗത്തിലെ പ്രതീകങ്ങളാണ്. ജീവന് ജീവിക്കാന്‍ മതം ആവശ്യമില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ജാതിമത ന്യൂനപക്ഷങ്ങള്‍ക്ക് പലതരത്തിലുള്ള ആനുകൂല്യങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഉള്ള സംവരണ ആനുകൂല്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍. തലമുറകളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥകളില്‍ ഉണ്ടായിരുന്നവര്‍ക്ക് കൃത്യമായും ലഭിക്കേണ്ട അവകാശങ്ങളാണവ. (വാസ്തവത്തില്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിപക്ഷം). ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഒരാള്‍ക്ക് ജാതി-മതം എന്നിവ തെളിയിക്കുന്ന രേഖകള്‍ കൂടിയേ കഴിയൂ. ആവശ്യമെങ്കില്‍, ജീവനെപ്പോലെ ഇത്തരം ഭിന്ന സമുദായങ്ങളില്‍പ്പെട്ട ദമ്പതികളുടെ ഒരു കുട്ടിക്ക് ആ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതല്ലേ? അച്ഛനമ്മമാരില്‍ ഒരാള്‍ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാത്ത ഉയര്‍ന്ന ജാതിയിലോ മതത്തിലോ പെട്ട ആളാണെങ്കിലും അവന്റെ/അവളുടെ പിന്നോക്കാവസ്ഥകള്‍ക്ക് അത്രവേഗം മാറ്റം വരുമോ? അഥവാ, അവരെ ഉയര്‍ന്ന ജാതിയിലോ മതത്തിലോ പെട്ട ബന്ധുക്കള്‍ സ്വീകരിക്കുമോ, സഹായിക്കുമോ? സ്വന്തം പാരമ്പര്യങ്ങള്‍ വെടിഞ്ഞ്, മതവും ജാതിയും തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ കടന്ന് വിവാഹിതരാവുന്നവര്‍ ധാരാളമുണ്ട്. കണക്കനുസരിച്ച് കേരളത്തില്‍ മാത്രം ഇത്തരക്കാര്‍ ലക്ഷങ്ങള്‍ വരുമത്രേ (ഏകദേശം 20 ശതമാനം). ചില ജാതികളെ ഉയര്‍ന്നതെന്നും മറ്റു ചിലവയെ താഴ്ന്നതെന്നും, എന്തൊക്കെയോ കാരണങ്ങളാല്‍ സമൂഹം അടയാളപ്പെടുത്തിയിരിക്കുന്നു (സമ്പത്ത് കൈക്കലാക്കിയവരും പുരോഹിതരും ഉയര്‍ന്നത്, തൊഴിലെടുക്കുന്നവരും പാടത്തു വേലചെയ്യുന്നവരും താഴ്ന്നത് എന്നിങ്ങനെ). ഇങ്ങനെ വിവാഹിതരാകുന്നവര്‍, മതവും ജാതിയും സ്വന്തം കുടുംബവും വെടിഞ്ഞാണ് ഇതിനു തയ്യാറാകുന്നത്. അവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികം. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും കൊലപാതകവും വരെ സംഭവിക്കാം.

സ്വന്തം വീടുവിട്ട് അന്യവീട്ടിലേക്കും, മറ്റൊരു ജാതിമതസംസ്കാരത്തിലേക്കും കടന്നുചെല്ലുന്ന സ്ത്രീകള്‍ക്ക് അവരുടെ പേരും ജീവിതരീതിയും എല്ലാം മാറ്റേണ്ടിവരും. പുരുഷന്മാര്‍ക്കും നേരിടേണ്ടിവരും, അനേകം എതിര്‍പ്പുകള്‍. അതില്‍, പിടിച്ചുനിന്ന് ധൈര്യത്തോടെ നേരിടുന്നവര്‍ പിന്നീട് ഇത്തരം ജാതിമത വഴക്കങ്ങള്‍ക്ക് കീഴടങ്ങുന്നതായും, അപൂര്‍വം ചിലര്‍ ഒഴുക്കിനെതിരെ നീന്തി വിപ്ലവകരമായ ജീവിതം നയിക്കുന്നതായും കണ്ടിട്ടുണ്ട്. ഭിന്ന സമുദായങ്ങളില്‍പ്പെട്ട ദമ്പതികളുടെ ഒരു കുട്ടിക്ക് അവന്‍/ അവള്‍ താല്‍പ്പര്യപ്പെടുന്ന ജാതിയും മതവും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണം. എന്നാല്‍ ഭാരതസര്‍ക്കാരും സുപ്രീം കോടതിയും പറയുന്നത് അങ്ങനെയല്ല. സര്‍ക്കാരിന്റെ നിയമപ്രകാരം, അച്ഛന്റേതാണ് കുട്ടിയുടെ ജാതിയും മതവും. ജാതിയുടെയോ മതത്തിന്റെയോ എതെങ്കിലും ആനുകൂല്യങ്ങള്‍ ഈ കുട്ടികള്‍ക്ക് ലഭിക്കണമെങ്കില്‍ അവര്‍ അതിനനുസൃതമായ രേഖകള്‍ ഹാജരാക്കണം. അതിലെ അപേക്ഷയില്‍ മുന്‍ തലമുറയുടെയും പേരുവിവരങ്ങളും ജാതിയും ചേര്‍ക്കണം. ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കാതിരിക്കാനാണിത്. അടുത്തിടെ, മിശ്രവിവാഹിതരായ ദമ്പതികളുടെ മകളുടെ ധര്‍മ്മസങ്കടം കാണാനിടയായി. പുതിയ സര്‍ക്കാരുത്തരവും അതിന്റെ അജ്ഞതയുമായിരുന്നു ദുഃഖകാരണം. നായര്‍, തീയ എന്നീ ഭിന്ന വിഭാഗങ്ങളില്‍പ്പെട്ട ദമ്പതികളുടെ മകളാണ് ആ കുട്ടി. എസ്എസ്എല്‍സി ബുക്കില്‍ ഹിന്ദു തീയ എന്നാണ് ചേര്‍ത്തിരുന്നത്. അതായത് അമ്മയുടെ മതവും ജാതിയും. അതിനാല്‍ നിയമാനുസൃതമായ സംവരണാനുകൂല്യം ലഭിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അച്ഛന്റെ ജാതിയേ കുട്ടിക്ക് ചേര്‍ക്കാന്‍ പറ്റൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ശഠിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ട ഒബിസി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. ഒരാളുടെ മാത്രം അവസ്ഥയല്ലിത്.

കേരളത്തില്‍ 1961 മുതല്‍ 2008 വരെ വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്. അതുപോലെതന്നെ സുപ്രീം കോടതി ഹൈക്കോടതി വിധികളും ലഭ്യമാണ്. എന്നാല്‍, ഒന്നിനോടൊന്നു വിരുദ്ധമായ നിര്‍ദേശങ്ങളാണ് ഇവ നല്‍കുന്നത്. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഏതുതരം നിലപാടാണ് മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളുടെ കാര്യത്തില്‍ സ്വീകരിക്കുക എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ തമസ്ക്കരിക്കപ്പെടുന്നു. ഒന്ന് പിന്നോക്ക സമൂഹങ്ങളുടെ അവകാശം. രണ്ട് സ്ത്രീകളുടെ അവകാശം. ആരുടേതാണ് ജാതി, മതം? അമ്മയുടെയോ? അച്ഛന്റെയോ?

പത്തുമാസം ചുമന്ന് നൊന്തുപ്രസവിക്കുന്ന അമ്മയ്ക്ക് ഒരവകാശവും ഇല്ലേ? കാക്കക്കും പൂച്ചക്കും കൊടുക്കാതെ വളര്‍ത്തി വലുതാക്കുന്ന അമ്മ, അച്ഛന്റെ വീട്ടിലും സംസ്കാരത്തിലും കുട്ടിയെ വളര്‍ത്തണമെന്നാണല്ലോ സാമൂഹ്യനിയമം. അമ്മയുടെ വീട്ടിലോ ഗ്രാമത്തിലോ വളര്‍ന്നാല്‍പോലും, നിയമപ്രകാരം അച്ഛന്റെ മതവും ജാതിയും കുട്ടിക്ക് ലഭിക്കും. ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ മറ്റൊരു ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള വിവാഹം അനുവദനീയമാണ്. പക്ഷേ വധു വിവാഹത്തോടെ തന്റെ പള്ളിയും ആചാരങ്ങളും എല്ലാം കൈവെടിഞ്ഞ് ഭര്‍ത്താവിന്റെ വഴിയില്‍ തിരിയണം. അവിടെ കുട്ടികളെ വളര്‍ത്തണം. പിന്നെ, അവളുടെ കുഴിമാടവും ആ പള്ളിയില്‍ അവിടെത്തന്നെ. ഇപ്പോള്‍, നമ്മുടേത് ഒരു പിതൃമേധാവിത്വ സമൂഹമാണെന്നും, അതിന്റെ വേരുകള്‍ നീതിന്യായ വ്യവസ്ഥയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും തീറ്റിപ്പോറ്റുന്നുവെന്നും മനസ്സിലാവുന്നുണ്ട്. കോടതി നിരീക്ഷണങ്ങളും സര്‍ക്കാര്‍ നടപടികളും അതിന്റെ പ്രത്യക്ഷങ്ങളാണ്. അമ്മയുടെ ജാതി, മതം എന്നിവ കൂടി, കുട്ടിയുടെ ജാതി, മതം എന്നിവ നിര്‍ണയിക്കാന്‍ പരിഗണിക്കണമെന്ന് മീരാകുമാര്‍ കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കേ ബന്ധപ്പെട്ട കമീഷനോട് (എന്‍സിഎസ്സി) രണ്ടുതവണ ആവശ്യപ്പെട്ടു. എന്നിട്ടുപോലും നടന്നില്ല.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക

No comments: