Friday, October 4, 2013

പീഡന ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്...

പൊതു ഇടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരെ ഈജിപ്തില്‍ ആരംഭിച്ചിരിക്കുന്ന 'പീഡന ഭൂപടം' സ്ത്രീ പ്രതിരോധത്തിനുള്ള ഫലപ്രദമായ ആയുധം ആയി മാറിയിരിക്കുന്നു. 'ഹരാസ്മാപ്പ്' എന്ന ഈ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ എവിടെ നടക്കുന്ന പീഡനവും അടയാളപ്പെടുത്തുവാന്‍ സഹായിക്കുന്നു. മൊബൈല്‍ ഫോണിലൂടെയും നിങ്ങള്‍ക്ക് ഹരാസ്മാപ്പിന് വിവരം നല്‍കാം. വളരെ ലളിതമായ സാങ്കേതിക വിദ്യയേ ഇതിന് ആവശ്യമുള്ളു.

ഈജിപ്തിലെ തെരുവുകളില്‍ സ്ത്രീകള്‍ നിരന്തരം അപമാനിതരാകുകയും അതിനോട് സമൂഹം അപകടകരമായ സഹിഷ്ണുത പുലര്‍ത്തുകയും ചെയ്തതാണ് തങ്ങളെ ഇങ്ങനെയൊരു സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് ഹരാസ്മാപ്പിന്റെ സംഘാടകര്‍ പറയുന്നു. 2010 ഡിസംബറില്‍ ഹരാസ്മാപ്പ് ആരംഭിച്ചതിനോടൊപ്പം തന്നെ '678' എന്നൊരു ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള പീഡനങ്ങള്‍ രഹസ്യമായി ഷൂട്ടു ചെയ്തു തയ്യാറാക്കിയതാണ് '678'. സ്ത്രീകള്‍ ദൈനംദിനം നേരിടുന്ന അപമാനങ്ങള്‍ എന്തൊക്കെയാണെന്നും അതെത്ര മാത്രം ഭീകരമാണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതും ഹരാസ്മാപ്പിന്റെ ഉദ്ദേശമാണ്.

റോഡില്‍ - നമ്മുടെ നാട്ടില്‍ ഉള്‍പ്പെടെ - ഇറങ്ങിയാല്‍ ഒരു സ്ത്രീക്കു കേള്‍ക്കേണ്ടിവരുന്ന ആഭാസകരമായ കമന്റടികള്‍, തുറിച്ചുനോട്ടം, ചൂളംവിളി, പൂച്ചകരച്ചില്‍, തട്ടല്‍, മുട്ടല്‍, കയറിപിടുത്തം, നഗ്നതാ പ്രദ ര്‍ശനം തുടങ്ങി ബലാത്സംഗം വരെ നീളുന്ന പീഡനങ്ങള്‍ സ്ത്രീ ജീവിതത്തിന്റെ ഗുണമേന്മയെ തന്നെ ദോഷകരമായി ബാധിക്കുന്നു. ഈജിപ്തിലെ വിവിധ നഗരങ്ങളിലും തെരുവുകളിലും സംഭവിക്കുന്ന ഇത്തരം പീഡനങ്ങള്‍ എത്ര വ്യാപകവും ക്രൂരവുമാണെന്നു തെളിയിക്കുവാന്‍ ഹരാസ്മാപ്പിങ്ങിലൂടെ സാധിച്ചിട്ടുണ്ട്.  സ്ത്രീകള്‍ ദിവസവും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹരാസ്മാപ്പിനെ എസ് എം എസ് വഴിയോ ഓണ്‍ലൈനിലൂടെയോ അറിയിക്കുന്നു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി ബോധ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഹരാസ്മാപ്പ് നേതാക്കള്‍ ഇടപെടുന്നു. പൊലിസിന്റെയും അധികൃതരുടെയും സഹായം ആവശ്യമുള്ളപ്പോള്‍ തേടുന്നു. സ്ത്രീകള്‍ക്ക് പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും പ്രചോദനം നല്‍കുക മാത്രമല്ല നിയമ ഉപദേശങ്ങളും സഹായങ്ങളും ഹരാസ്മാപ്പ് വാഗ്ദാനം ചെയ്യുന്നു. ഉജ്ജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിട്ടുള്ള തഹിര്‍ ചത്വരത്തില്‍ 2013 ജൂണില്‍ ഉണ്ടായത് 185 സ്ത്രീ പീഡന സംഭവങ്ങളാണെന്ന് ഹരാസ് മാപ്പിലൂടെ വെളിപ്പെട്ടപ്പോള്‍ ഈജിപ്തുകാര്‍ മാത്രമല്ല ലോകം തന്നെ ഞെട്ടിയിരുന്നു. സ്ത്രീകള്‍ക്കു നേരെ കൂട്ട ആക്രമണങ്ങള്‍ ഈജിപ്തിലെ തെരുവുകളില്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ഒരു സ്ത്രീയെ ഒരു സംഘം പുരുഷന്മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി നമ്മുടെ നാട്ടില്‍ പതിവുള്ളതല്ല.

സ്ത്രീയുടെ വസ്ത്രം വലിച്ചു കീറുകയും ശാരീരികമായി ആക്രമിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്ന ഇത്തരം ആക്രമണങ്ങള്‍ സ്ത്രീകള്‍ വല്ലാതെ ഭയക്കുന്നു. എന്നാല്‍ ഹരാസ് മാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഈജിപ്തിലെ തെരുവുകള്‍ കൂടുതല്‍ സ്ത്രീസൗഹാര്‍ദ്ദപരമാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രവര്‍ത്തനം മാത്രമല്ല ഹരാസ്മാപ്പ് പ്രവര്‍ത്തകര്‍ക്കുള്ളത്. സമൂഹത്തില്‍ ഇറങ്ങി നടന്ന് പ്രവര്‍ത്തിച്ച് സ്ത്രീകളെ സംഘടിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനുള്ള ആയുധമോ ഉപകരണമോ ആയി ഹരാസ് മാപ്പിനെ കണക്കാക്കാം. കേരളത്തില്‍ ഇത്തരത്തില്‍ പീഡനഭൂപടം തയ്യാറാക്കിയാല്‍ നമ്മുടെ കിഴക്കേകോട്ടയും മാനാഞ്ചിറയും തിരുനക്കരയും കല്ലൂരുമെല്ലാം കടുത്ത ചുവപ്പുനിറത്തില്‍ അപകടമേഖലകള്‍ ആയി അടയാളപ്പെടുത്തേണ്ടിവരുമെന്നതിന് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല!

*
ആര്‍ പാര്‍വതിദേവി Janayugom

No comments: