Friday, October 4, 2013

കായിക പുരസ്കാരങ്ങള്‍ ദേശീയ ഫലിതമാവുമ്പോള്‍

രണ്ടാഴ്ചയിലേറെ നീണ്ട വിവാദങ്ങള്‍ക്കും ഒളിച്ചുകളിക്കും ഒടുവിലാണ് മലയാളിയായ ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന് കായികമന്ത്രാലയം തീരുമാനിച്ചത്. 2008ല്‍ കൊച്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ രഞ്ജിത് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതാണ് അവാര്‍ഡ് റദ്ദാക്കാനുള്ള കാരണമെന്നാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ വിശദീകരണം. രഞ്ജിത്തിന് അവാര്‍ഡിന് ശുപാര്‍ശചെയ്ത അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) വീഴ്ചയാണിതെന്നും അതിന് അവരോട് വിശദീകരണം ചോദിക്കുമെന്നും നടപടി ഉണ്ടാകുമെന്നൊക്കെ മന്ത്രാലയം പറയുമ്പോള്‍ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാവുന്നു.

അഞ്ചുവര്‍ഷംമുമ്പ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ രഞ്ജിത്തിന് ഇപ്പോള്‍ അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചതിലും പിന്നീട് റദ്ദാക്കിയതിലും യഥാര്‍ഥത്തില്‍ വീഴ്ചപറ്റിയത് ആര്‍ക്കൊക്കെയാണ്? ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് കായികമന്ത്രാലയം രഞ്ജിത്തിന്റെ അവാര്‍ഡ് മരവിപ്പിച്ചത്. തുടര്‍ന്ന് ഇതേച്ചൊല്ലി തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നപ്പോള്‍ അത്ലറ്റിക് ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) രഞ്ജിത് മരുന്നടിച്ചിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കായികമന്ത്രാലയത്തിന് സത്യവാങ്മൂലം നല്‍കി.

എന്നാല്‍ കായികവകുപ്പു സെക്രട്ടറി കെ ബി ദേബ് ഇതിനോട് വിയോജിച്ചുകൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതോടെ അത്ലറ്റിക് ഫെഡറേഷന്‍ മലക്കംമറിഞ്ഞു. രഞ്ജിത്തിന്റെ മരുന്നുപരിശോധനയുടെ രേഖകള്‍ തങ്ങളുടെ ഓഫീസ്മാറ്റത്തിനിടയ്ക്ക് നഷ്ടപ്പെട്ടുവത്രെ. അതേസമയം, രഞ്ജിത്തിന് അവാര്‍ഡ് നല്‍കേണ്ടെന്ന് കായിക മന്ത്രി ജിതേന്ദ്രസിങ് അന്തിമതീരുമാനം എടുത്തപ്പോള്‍ ആധാരമാക്കിയ തെളിവുകളാകട്ടെ അത്ലറ്റിക് ഫെഡറേഷന്റെ "സത്യസന്ധത"യെ ചോദ്യംചെയ്യുന്നതും അവരുടെ നിലപാടിനെ പാടെ നിരാകരിക്കുന്നതുമാണ്. മൂന്നുമാസം മത്സരത്തില്‍നിന്നു വിലക്കിക്കൊണ്ട് 2009 ജനുവരി 10ന് അത്ലറ്റിക് ഫെഡറേഷന്‍ രഞ്ജിത്തിനു നല്‍കിയ കത്ത്, സാമ്പിള്‍ശേഖരിക്കുന്ന സമയത്ത് അസുഖത്തിന് മരുന്നുകഴിക്കുന്ന കാര്യം മറച്ചുവച്ചതും, മൂന്നുമാസത്തെ വിലക്കിനെ രഞ്ജിത് ചോദ്യംചെയ്യാത്തതും അവാര്‍ഡ് നല്‍കേണ്ടെന്ന തങ്ങളുടെ തീരുമാനത്തെ സാധൂകരിക്കുന്ന തെളിവുകളായി കായികമന്ത്രാലയം നിരത്തുന്നു.

അര്‍ജുന അവാര്‍ഡിനായി രഞ്ജിത്തിനുവേണ്ടി അത്ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അവാര്‍ഡ് നിര്‍ണയസമിതിയും അതുകഴിഞ്ഞ് കായികമന്ത്രാലയവും തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമ്പോള്‍ ഈ തെളിവുകളൊക്കെ എവിടെയായിരുന്നു മൂടപ്പെട്ടത്? ഉത്തേജകമരുന്നിന്റെ നിഴലില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന് 2010ല്‍ ചട്ടം ഭേദഗതിചെയ്തിട്ടുണ്ടെങ്കില്‍ എന്തിനാണ് രഞ്ജിത്തിനെ അവാര്‍ഡ്നിര്‍ണയ കമ്മിറ്റി ശുപാര്‍ശചെയ്തത്. കമ്മിറ്റിക്ക് ഈ വിവരങ്ങളൊക്കെ അജ്ഞാതമായിരുന്നോ? മറിച്ച് ഇലയിട്ടശേഷം ഊണില്ലെന്നു പറയുന്നതുപോലെ അവാര്‍ഡുണ്ടെന്നു പ്രഖ്യാപിച്ചശേഷം അത് റദ്ദാക്കിയെന്നു പറയുന്നത് കായികതാരത്തെ അപാമാനിക്കലല്ലേ. അവാര്‍ഡ്നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളെയും ചട്ടങ്ങളെയും കൊഞ്ഞനംകുത്തലുമല്ലേ? കൊച്ചി ദേശീയ ഓപ്പണ്‍മീറ്റിനിടെ 2008 സെപ്തംബര്‍ എട്ടിനു ശേഖരിച്ച രഞ്ജിത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിരോധിതവസ്തുവായ എഫഡ്രിന്‍ കൂടിയ അളവില്‍ ഉപയോഗിച്ചതായി കണ്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എഎഫ്ഐ മൂന്നുമാസത്തേക്കാക്കി ചുരുക്കി. രഞ്ജിത്താകട്ടെ "ബി" സാമ്പിള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയോ വിലക്കിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. വാസ്തവത്തില്‍ രണ്ടു തെറ്റാണ് രഞ്ജിത്തിന്റെ കാര്യത്തില്‍ എഎഫ്ഐയും സായിയും ദേശീയ ഉത്തേജകവിരുദ്ധസമിതിയായ നാഡയും ചെയ്തത്. ഒന്ന്, ഉത്തേജകമരുന്നു പരിശോധനയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ താരത്തെ അവാര്‍ഡിനായി നിര്‍ദേശിക്കാന്‍ തയ്യാറായി. രണ്ട്, ഡോപിങ് നടത്തിയ താരങ്ങള്‍ക്ക് അവാര്‍ഡിന് അര്‍ഹതയില്ലെന്ന് 2010ല്‍ ചട്ടത്തില്‍ വരുത്തിയ ഭേദഗതി അവഗണിച്ചു. പക്ഷേ, ഇന്ത്യന്‍ കായികരംഗത്ത് ഇതുപോലെ പലതും നടക്കുമെന്നതാണ് ചരിത്രം. മരുന്നടിക്കു പിടിക്കപ്പെടുകയും വിലക്കപ്പെടുകയും ചെയ്ത മുന്‍ രാജ്യാന്തര അത്ലീറ്റ് സുനിതാ റാണിയെ പിന്നീട് അര്‍ജുനയും പത്മശ്രീയും നല്‍കി ആദരിച്ച ചരിത്രമുണ്ട്. 2004ലെ ആതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ രാജവര്‍ധന്‍സിങ് റാത്തോഡ് അതിന് ഒരുമാസം മുമ്പു നടത്തിയ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതാണ്.

പിന്നീട് റാത്തോഡിന് ഖേല്‍രത്നയും ലഭിച്ചു. ഓപ്പണ്‍ മീറ്റിനിടെ മരുന്നുപരിശോധനയില്‍ കുടുങ്ങിയ രഞ്ജിത്തിന്റെ ആ മീറ്റില്‍ നേടിയ മെഡല്‍ ഇതുവരെയും തിരിച്ചെടുത്തിട്ടില്ലെന്നും ഓര്‍ക്കുക. നിരപരാധിയാണെന്നും തന്റെ കായികജീവിതം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും രഞ്ജിത് വിലപിക്കുമ്പോള്‍ കായികമന്ത്രാലയത്തിനും കായികസമിതികള്‍ക്കും ചില പാഠങ്ങളെങ്കിലും പഠിക്കാനാവുമെങ്കില്‍ അത്രയും നന്ന്.

*
എ എന്‍ രവീന്ദ്രദാസ്

No comments: