Friday, October 4, 2013

ഹുണ്ടിക പിരിവുകാര്‍ക്കായി സഹകരണ വായ്പാമേഖലയെ തകര്‍ക്കാന്‍ ശ്രമം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന പണ്ഡിറ്റ് നെഹ്‌റു അധികാരമേറ്റെടുത്ത ഉടന്‍, രാജ്യത്തിന്റെ വികസനം എങ്ങനെയായിരിക്കണം, എങ്ങോട്ട് ആയിരിക്കണമെന്ന് വിശദീകരിക്കുകയുണ്ടായി. ഇന്ത്യ വികസിക്കേണ്ടത് ഒരു കോ-ഓപ്പറേറ്റ് കോമണ്‍വെല്‍ത്ത് ആയിരിക്കണമെന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. സഹകരണ രംഗത്തെ പോരായ്മകളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അതുകൊണ്ടാണ്, സഹകരണ സംഘങ്ങള്‍ പരാജയം നേരിടുന്നുണ്ട്, എന്നാല്‍ അവ വിജയിക്കണം എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്.

എന്നാല്‍ ഇന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും പരിശ്രമിക്കുന്നത് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ്. അതേസമയം സഹകരണ പ്രസ്ഥാനം എങ്ങനെയാണ് രൂപം കൊണ്ടത് എന്നത് സംബന്ധിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്ത ബക്ഷിയെ പോലൊരാളെയാണ് സഹകരണ വായ്പാ പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള അജ്ഞത വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.  ആ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് അംഗീകരിച്ച് അത് നടപ്പിലാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്തി. അതനുസരിച്ചുള്ള നിര്‍ദേശം നബാര്‍ഡ്, സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും സഹകരണ രജിസ്ട്രാര്‍ക്കും നല്‍കുകയുണ്ടായി.

ഗ്രാമീണ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഇനി നേരിട്ട് വായ്പ നല്‍കേണ്ടതില്ലെന്നതാണ് അതില്‍ ഏറ്റവും പ്രധാന നിര്‍ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചാല്‍ മതി. അതുപോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കേണ്ടതില്ല. സഹകരണ വായ്പ മേഖലയെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുമാണ് ഇത്തരമൊരു നിര്‍ദേശം. സഹകരണ മേഖലയുടെ അടിസ്ഥാന ശിലയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അവരുടെ പ്രധാന ജോലി അംഗങ്ങള്‍ക്ക് കാര്‍ഷികവും കാര്‍ഷികേതരവുമായ വായ്പകള്‍ നല്‍കുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അവരുടെ സ്വന്തം ഫണ്ടില്‍ നിന്നും വായ്പ പൂര്‍ണമായും നല്‍കാന്‍ കഴിയാത്തതിനാല്‍ ജില്ലാ സഹകരണ ബാങ്കുകളും അവയ്ക്ക് സംസ്ഥാന സഹകരണ ബാങ്കുകളും വായ്പ നല്‍കാന്‍ സഹായിക്കുന്നു. റിസര്‍വ് ബാങ്കിന്റെ കാര്‍ഷിക വായ്പാവിഭാഗത്തിന്റെ അംഗീകാരത്തോടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ്, വായ്പാ ധനസഹായം നല്‍കുന്നു.

അക്കാലത്ത് സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നിക്ഷേപം സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന് പരിമിതികള്‍ ഉണ്ടെന്നും ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും മറ്റും കാര്‍ഷിക വായ്പാമേഖലയെ സഹായിക്കാന്‍ ആവശ്യത്തിന് പണം സമാഹരിക്കാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് സ്ഥാപനം ഉണ്ടാവണമെന്നതിനാലാണ് നബാര്‍ഡ് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചത്. സഹകരണ മേഖലയെ കൂടുതല്‍ സംപുഷ്ടമാക്കാനെന്ന ഉദ്ദേശത്തോടെയാണ് നബാര്‍ഡ് രൂപീകരിച്ചത്. നബാര്‍ഡ് രൂപീകരണത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കമ്മിറ്റിയിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു ഞാന്‍. ഇന്നത്തെ രീതിയിലുള്ള നബാര്‍ഡ് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളോട് അന്ന് തന്നെ ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നബാര്‍ഡ് രൂപീകരണ സമയത്തെ ധാരണകളും നിലപാടുകളും ഇന്ന് പാടേ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്നത് ദേശീയ ബാങ്കിംഗ് സ്ഥാപനമായി മാറിയിരിക്കുന്നു.

റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദേശങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ സഹകരണ പ്രസ്ഥാനം മുന്നോട്ട് വന്നിരിക്കുന്നു. അപ്പോള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും തങ്ങളുടെ തീരുമാനത്തില്‍ അല്‍പ്പം അയവ് വരുത്തി. ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ജൂണ്‍ 10 ന് റിസര്‍വ് ബാങ്ക് ഇറക്കിയ മാര്‍ഗനിര്‍ദേശരേഖയുടെ ചുവടുപിടിച്ച്, 2013 ജൂലൈ 23 ന് നബാര്‍ഡ് നല്‍കിയ നിര്‍ദേശങ്ങളില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാന്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. പ്രധാനമാറ്റം, ഗ്രാമീണ സഹകരണ സംഘങ്ങള്‍ ജില്ലാ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുകള്‍ എന്ന നിര്‍ദേശം ഇല്ലെന്നതാണ്. എന്നാല്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തില്‍ ഭേദഗതി ഇല്ല. ഈ നിര്‍ദേശം കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന ഈ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടില്ല. സഹകരണ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിച്ച നബാര്‍ഡ് അന്തകനായി മാറിയിരിക്കുന്നു. 'ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സഹകരണ രംഗത്തെ മാറ്റം' എന്ന വിഷയത്തില്‍ കോഴിക്കോട് ഐ ഐ എം ല്‍ നടന്ന സെമിനാറില്‍ ഐക്യരാഷ്ട്രസഭയുടെ കോ - ഓര്‍ഡിനേറററും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ന്യൂഡല്‍ഹി റസിഡന്റ്‌സ് പ്രതിനിധിയുമായ ലിസി ട്രാന്‍ഡിയുടെ പ്രസംഗം ശ്രദ്ധേയമാണ്. 'ലോകത്താകെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹകരണ പ്രസ്ഥാനം മാത്രമാണ് വിജയിക്കുന്ന'തെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന് ലോകത്ത് 1.3 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആസ്തിയുണ്ട്. ഈ രംഗത്ത് 800 ദശലക്ഷം പേര്‍ പണിയെടുക്കുന്നു. വര്‍ഷം തോറും 100 ദശലക്ഷം പേര്‍ക്ക് പുതുതായി ജോലി നല്‍കുന്നു. ലോകത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 20 ശതമാനം സഹകരണ മേഖലയില്‍ നിന്നാണ്. ലോകം കോര്‍പ്പറേറ്റ് സാമ്പത്തിക വികസനത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ സഹകരണ പ്രസ്ഥാനം അഭിമാനപൂര്‍വം മുന്നോട്ട് പോവുന്നുവെന്നാണ് ലിസി ട്രാന്‍ഡി പറഞ്ഞത്.
കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ 1981 വരെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പങ്ക് വര്‍ധിച്ചു വരുകയായിരുന്നു. റിസര്‍വ് ബാങ്ക് നിയോഗിച്ച നാരായണ്‍ ചന്ദ്രപ്രഭയുടെ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ന് സ്വകാര്യ പണമിടപാടുകാരുടെ സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1981 ല്‍ മൊത്തം വായ്പയുടെ 28.6 ശതമാനം സഹകരണ മേഖലയാണ് കൈകാര്യം ചെയ്തിരുന്നത്. 2002 ല്‍ അത് 27 ശതമാനമായി കുറഞ്ഞു. 1981 ല്‍ ഗ്രാമീണ ബാങ്കുകളും വാണിജ്യ ബാങ്കുകളും കൂടി 28 ശതമാനം വായ്പ കൈകാര്യം ചെയ്തിരുന്നത് 2002 ല്‍ 24.5 ശതമാനമായി കുറഞ്ഞു. ഇതേസമയം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ 1981 ല്‍ 38 ശതമാനം വായ്പകള്‍ കൈകാര്യം ചെയ്തിരുന്നത് 2002 ല്‍ 42.9 ശതമാനമായി വര്‍ധിച്ചു (ദി ഹിന്ദു ബിസിനസ് ലൈന്‍ മെയ് 15). ഇത് കാണിക്കുന്നത് പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കാന്‍ തുടങ്ങിയതു മുതല്‍ കാര്‍ഷിക വായ്പ മേഖലയില്‍ സ്വകാര്യ പണമിടപാടുകാരുടെ സ്വാധീനം വര്‍ധിച്ചുവെന്നാണ്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ മേഖലയില്‍ നിന്നും ഗ്രാമീണ സഹകരണ സംഘങ്ങളെ ഒഴിവാക്കിയാല്‍ കാര്‍ഷിക വായ്പാരംഗം പൂര്‍ണമായും സ്വകാര്യ പണമിടപാടുകാരുടെ പിടിയിലൊതുങ്ങും.

കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയില്‍ സഹകരണ വായ്പാമേഖലയ്ക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്. 1975 ല്‍ ഒരു പ്രാഥമിക സര്‍വീസ് സഹകരണ സംഘത്തിന്റെ നിക്ഷേപം 50,000 രൂപയായിരുന്നു. ഇത് നിക്ഷേപമെന്ന് പറയാനാവില്ല. അംഗങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍ വായ്പയുടെ ഒരു ചെറിയ ഭാഗം ത്രിഫ്റ്റ് ഡിപ്പോസിറ്റ് ആയി പിടിച്ചു വയ്ക്കുകയായിരുന്നു. ഇതായിരുന്നു ഗ്രാമീണ സഹകരണ സംഘങ്ങളുടെ നിക്ഷേപം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ഇത് കാര്‍ഷിക വായ്പയുടെ സാധ്യതകള്‍ ഇല്ലാതാക്കി.

1973 മുതല്‍ 1980 ല്‍ മന്ത്രിയാവുന്നതുവരെ ഞാന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. അന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നിക്ഷേപം സമാഹരിക്കുന്നതിന് ഒരു പദ്ധതി തയാറാക്കി. അതിന് സര്‍വീസ് സഹകരണ സംഘങ്ങളെ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന് പുനര്‍നാമകരണം ചെയ്തു. സഹകരണ ബാങ്കുകളില്‍ ക്യാഷ് കൗണ്ടറുകള്‍ സ്ഥാപിച്ചു. കാഷ്യര്‍മാരെ നിയമിക്കുകയും ചെയ്തു. നിക്ഷേപ സമാഹരണത്തിനായി തയ്യാറാക്കിയ പദ്ധതി അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനും സഹകരണ മന്ത്രി ബേബി ജോണിനും നല്‍കി. നിക്ഷേപ സമാഹരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് സഹകരണ രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ ജയചന്ദ്രനെ ചുമതലപ്പെടുത്തി. സഹകരണ സംഘങ്ങളുടെ ബൈലോയിലും ചട്ടങ്ങളിലും നിക്ഷേപ സമാഹരണത്തിനാവശ്യമായ ഭേദഗതികള്‍ വരുത്തി. ഒരു മാസംകൊണ്ട് 20 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്താന്‍ തീരുമാനിച്ചു.

നിക്ഷേപ സമാഹരണയജ്ഞത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അന്ന് റിസര്‍വ് ബാങ്കിന്റെ കാര്‍ഷിക വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. ദത്തെ എഴുതിയത്, 20 കോടിക്ക് പകരം അഞ്ച് കോടി സമാഹരിച്ചാലും വലിയ കാര്യമാണെന്നാണ്. നിക്ഷേപ സമാഹരണത്തിന്റെ തുടക്കത്തില്‍ ജില്ലാ - പ്രാഥമിക സഹകരണ ബാങ്കുകള്‍ എതിരല്ലായിരുന്നെങ്കിലും അവര്‍ക്ക് വിശ്വാസം ഇല്ലായിരുന്നു. 1976 ല്‍ കൊല്ലം ജില്ലയിലെ കലയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍, സഹകരണ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു. ഒരു മാസംകൊണ്ട് 26 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. പിന്നിടൊരിക്കലും പുറകോട്ട് നോക്കേണ്ടതായി വന്നിട്ടില്ല. 2012 ലെ സാമ്പത്തികാവലോകനത്തിലെ കണക്കനുസരിച്ച് ഒരു പ്രാഥമിക സഹകരണബാങ്കിന്റെ ശരാശരി നിക്ഷേപം ഇന്ന് 24.66 കോടി രൂപയാണ്. ഇതില്ലാതാക്കാനുള്ള ഭ്രാന്തന്‍ നയമാണ് റിസര്‍വ്ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്.

ലോകമെമ്പാടും മുതലാളിത്ത കോര്‍പ്പറേറ്റ് നയങ്ങളും നടപടികളും തകര്‍ച്ചയെ നേരിടുകയാണ്. അപ്പോള്‍ ലോകത്തിന് പ്രതീക്ഷ നല്‍കുന്നത് സഹകരണ മേഖലയാണ്. ഇന്ത്യയിലെ സഹകരണ രംഗത്ത് പ്രത്യാശയുടെ പ്രതീകമാണ് കേരളത്തിലെ സഹകരണ വായ്പാമേഖല. ഇതിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ Janayugom

No comments: