Tuesday, October 8, 2013

കൊള്ളയ്ക്കെതിരായ അനിവാര്യ കരുതല്‍

നവഉദാരവല്‍ക്കരണത്തിന്റെ അജന്‍ഡ പൊതുമേഖലയുടെ പങ്കിന് തുരങ്കംവയ്ക്കലാണ്; വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണമാണ്; ആഭ്യന്തര- വിദേശ കോര്‍പറേറ്റുകള്‍ക്ക് അതിവേഗം അമിതലാഭം നേടിക്കൊടുക്കലാണ്. സ്വകാര്യവല്‍ക്കരണത്തിന്റെയും വിദേശനിക്ഷേപത്തിന്റെ കൂലംകുത്തിയൊഴുക്കിന്റെയും കഥകളല്ലാതെ, ജനങ്ങളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ വാര്‍ത്തകളൊന്നും കേള്‍ക്കാനില്ല. എണ്ണ- പ്രകൃതി വിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ്- ബാങ്കിങ് മേഖലകളുടെ തുറന്നിടല്‍, ചില്ലറ വ്യാപാരമേഖലയില്‍ വിദേശകുത്തകകളെ കുടിയിരുത്തല്‍, മരുന്നുല്‍പ്പാദനത്തിലടക്കം വിദേശകമ്പനികള്‍ക്ക് നൂറുശതമാനം മുതല്‍മുടക്കി കൊള്ളലാഭംകൊയ്യാനുള്ള സൗകര്യം- ഇങ്ങനെ രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ അപ്പാടെ വിദേശ- സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ്. അതിനിടയില്‍ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നോ കുടിവെള്ളവും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും വേണമെന്നോ ഉള്ള അജന്‍ഡകള്‍ സര്‍ക്കാരിനെ അലട്ടുന്നില്ല. കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് കഴിഞ്ഞദിവസം പറഞ്ഞത്, സര്‍ക്കാര്‍ മുമ്പ് ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നുവെന്നും അതുപോലൊന്നാണ്, രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കാര്യവും എന്നാണ്. ഇന്ത്യന്‍ റെയില്‍വേയാണെങ്കില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1851 ഡിസംബര്‍ 12ന് ആദ്യമായി ഓടിയ തീവണ്ടി സ്വകാര്യകമ്പനിയുടേതായിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം താറുമാറായ റെയില്‍ഗതാഗതം 1920ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ലോകത്ത് ഏറ്റവും തിരക്കേറിയതും വലുതുമാണ് ഇന്ത്യയുടെ റെയില്‍ശൃംഖല. 5000 കോടി യാത്രക്കാരും 6500 ലക്ഷം ടണ്‍ ചരക്കും ഒരുവര്‍ഷം ഇവിടത്തെ റെയിലുകളിലൂടെ നീങ്ങുന്നു എന്നാണ് ഏകദേശകണക്ക്. 16 ലക്ഷത്തിലധികംപേര്‍ക്ക് റെയില്‍വേ തൊഴില്‍ നല്‍കുന്നുമുണ്ട്. പതിവാകുന്ന അപകടങ്ങള്‍, സമയനിഷ്ഠയില്ലായ്മ, വൃത്തിക്കുറവ്, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാമുണ്ടെങ്കിലും ജനങ്ങള്‍ വന്‍തോതില്‍ റെയില്‍വേയെ ആശ്രയിക്കുന്നു. ചെലവുകുറഞ്ഞ യാത്രാമാര്‍ഗമായി അത് സ്വീകരിക്കപ്പെടുന്നു. പൊതുയാത്രാ സംവിധാനമെന്ന നിലയില്‍ റെയില്‍വേ നേടിയ ആ അംഗീകാരം ഇല്ലാതാക്കുന്ന നടപടികളില്‍ മുഴുകിയിരിക്കയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിപണിനിയന്ത്രണത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നു. ഒരുഭാഗത്ത് ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിക്കാന്‍ സാഹചര്യമൊരുക്കുന്നവര്‍തന്നെ, ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനൊപ്പം റെയില്‍ യാത്രാനിരക്കും മാറ്റാനാണ് ഒരുങ്ങുന്നത്. എണ്ണവിപണിയിലെ മാറ്റങ്ങള്‍ യാത്രക്കൂലിയിലും പ്രതിഫലിക്കും എന്നര്‍ഥം. വൈദ്യുതിനിരക്ക് വര്‍ധിക്കുമ്പോഴും തീവണ്ടിക്കൂലി കൂടും. ആറുമാസം കൂടുമ്പോള്‍ ഇങ്ങനെ നിരക്കില്‍ മാറ്റം വരുത്തും. ആദ്യപടിയായി രണ്ടുശതമാനം കൂട്ടി. വൈദ്യുതി ഉപയോഗിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് 16 ശതമാനവും ഡീസലിന് ഏഴു ശതമാനവും ഇന്ധനച്ചെലവ് വര്‍ധിച്ചെന്നാണ് റെയില്‍വേയുടെ കണക്ക്. റെയില്‍വേയുടെ മൊത്തം ചെലവില്‍ 25 ശതമാനം ഇന്ധനത്തിനാണ്. ഇന്ധന വിലവര്‍ധന കണക്കിലെടുത്ത് ആറുമാസം കൂടുമ്പോള്‍ നിരക്കു കൂട്ടാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം. ഇക്കൊല്ലം ആദ്യം വരുത്തിയ ഇരുപതുശതമാനത്തോളം വര്‍ധന താങ്ങാനാവുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് പുതിയ വര്‍ധന. തീരുമാനം അതേപടി നടപ്പായാല്‍ ഇന്നുള്ള വിമാനനിരക്കിന് മുകളിലേക്കാണ് ഉയര്‍ന്ന ക്ലാസുകളിലെ തീവണ്ടിക്കൂലി എത്തുക. സാധാരണക്കാരന്റെ യാത്രാമാര്‍ഗം സമ്പന്നനുമാത്രം എത്തിപ്പിടിക്കാവുന്ന ഒന്നാകും. കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ വാക്കുകള്‍ ഈ നയത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്നതാണ്. സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായ എയര്‍ ഇന്ത്യയെ "ഹോട്ടല്‍ കച്ചവടത്തോ"ടാണ് അദ്ദേഹം ഉപമിച്ചത്. എയര്‍ ഇന്ത്യയ്ക്ക് ഇനി സര്‍ക്കാര്‍ സഹായം നല്‍കുന്നത് അസാധ്യമാണ്; രാഷ്ട്രീയ പാര്‍ടികള്‍ സമ്മതിച്ചാല്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കും എന്നാണ് പ്രഖ്യാപനം. മുമ്പ് സര്‍ക്കാര്‍ നടത്തിയെന്നു പറയുന്ന ഹോട്ടല്‍ ബിസിനസ്, ഐടിഡിസി ഹോട്ടലുകളാണ്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ച അവയെ പാഴ്വിലയ്ക്ക് വിറ്റ് ഖജനാവിന് കോടികള്‍ നഷ്ടംവരുത്തിയതാണ് അനുഭവം. ഹോട്ടലുകള്‍ വിറ്റതുപോലെ എയര്‍ ഇന്ത്യയെയും വില്‍ക്കണമെന്നു തോന്നുന്നത് സര്‍ക്കാര്‍തന്നെ വലിയൊരു കച്ചവടസ്ഥാപനമാണ് എന്ന മാനികാവസ്ഥയുടെ ഉല്‍പ്പന്നമാണ്.

നിലവിലുള്ള സംവിധാനത്തിനകത്തുതന്നെ ജനങ്ങളെ ദ്രോഹിക്കാതെ ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള വഴിയിലേക്ക് തിരിഞ്ഞുനോക്കാതെയാണ് സ്വകാര്യവല്‍ക്കരണമെന്ന ഒറ്റമൂലി അവതരിപ്പിക്കുന്നത്. റെയില്‍വേയിലെ ഒട്ടുമിക്ക സേവനങ്ങളും സ്വകാര്യവല്‍ക്കരണത്തിന്റെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. യാത്ര-ചരക്കു കൂലി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുംചെയ്തു. എയര്‍ ഇന്ത്യ വില്‍ക്കാന്‍ അവസരം നോക്കിയിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന്റെ ജോലിയെന്താണ്? ജനങ്ങള്‍ എന്തിനുവേണ്ടിയാണ് പ്രതിനിധികളെ തെരഞ്ഞെടുത്ത് ഭരണമേല്‍പ്പിക്കുന്നത്? ജനങ്ങളെ കൊള്ളയടിച്ച് ആ കൊള്ളമുതല്‍ ലാഭമോഹികള്‍ക്ക് ചുമന്നുകൊണ്ടുകൊടുക്കുന്നതാണ് നവ ഉദാരവല്‍ക്കരണ അജന്‍ഡ എന്നാണിതില്‍നിന്ന് വ്യക്തമാകുന്നത്. യുപിഎ സര്‍ക്കാര്‍ അതാണ് ഭംഗിയായി നിര്‍വഹിക്കുന്നത്. ആ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരായ പോരാട്ടം, കൊള്ളയടിക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ അനിവാര്യമായ കരുതല്‍കൂടിയാണെന്നര്‍ഥം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: