Tuesday, October 8, 2013

വിയറ്റ്നാം പോരാട്ട നായകന് വിട

ലോകംകണ്ട ഏറ്റവും വലിയ വിമോചന പോരാട്ടമായിരുന്നു വിയറ്റ്നാമിലേത്. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലെമ്പാടും അതുണ്ടാക്കിയ ചലനങ്ങള്‍ വലുതാണ്. സര്‍വലോകനായകരെന്ന് അഹങ്കരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൈനിക ശക്തിയുടെയും പരാക്രമങ്ങളുടെയും നട്ടെല്ലുതകര്‍ത്ത വിയറ്റ്നാംപോരാളികള്‍ ലോകത്തെ മോചനപോരാളികള്‍ക്കാകെ എക്കാലത്തെയും ആവേശമാണ്. ആ വിമോചനപോരാട്ടത്തിന്റെ നേതൃത്രയത്തില്‍ ഹോചിമിന്‍ നാലു ദശകംമുമ്പ് വിടപറഞ്ഞു. വാന്‍ഡോങ് 2000ല്‍ അന്തരിച്ചു. ഇപ്പോഴിതാ വോ എന്‍ഗുയെന്‍ ഗ്യാപും. 102-ാം വയസ്സില്‍ ഗ്യാപ് വിടപറയുമ്പോള്‍ ഒരു ജീവിതേതിഹാസത്തിനാണ് തിരശ്ശീല വീഴുന്നത്; ജാപ് അധിനിവേശത്തിനും ഫ്രഞ്ച് കൊളോണിയല്‍ മേധാവിത്വത്തിനും അമേരിക്കന്‍ ആധിപത്യത്തിനും എതിരെ പൊരുതി വിജയംവരിച്ച വിയറ്റ്നാം ജനകീയസേനയുടെ ശില്‍പ്പിക്കാണ് ലോകം അന്ത്യാഭിവാദ്യം നല്‍കുന്നത്.

ഫ്രഞ്ച് ആധിപത്യത്തിനെതിരെ പൊരുതി നിരവധി തവണ ജയില്‍വാസമനുഭവിച്ച ഗ്യാപ് 1944ലാണ് ഹോചിമിന്റെ നിര്‍ദേശമനുസരിച്ച് വിയറ്റ്നാം ജനകീയസേനയ്ക്ക് രൂപംനല്‍കിയത്. 34 പേരും രണ്ടു റിവോള്‍വറും ഒരു മെഷീന്‍ഗണ്ണുമായി വടക്കന്‍ വിയറ്റ്നാമില്‍ ആരംഭിച്ച ഈ വിപ്ലസേനയാണ് വിസ്മയകരമായ മൂന്ന് വിജയങ്ങള്‍ നേടിയത്. മൗ സെ ദൊങ്ങിനും ചെ ഗുവേരയ്ക്കും ഫിദല്‍ കാസ്ട്രോയ്ക്കും ഒപ്പംനില്‍ക്കുന്ന വിമോചന യുദ്ധനായകനാണ് ഗ്യാപ്. വിയറ്റ്നാമില്‍ ഹോചിമിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വം. ലോക സൈനികചരിത്രത്തില്‍ ഗ്യാപ് ഓര്‍മിക്കപ്പെടുന്നത് ഫ്രഞ്ച് ആധിപത്യത്തെ തറപറ്റിച്ച ദിയെന്‍ ബിയെന്‍ ഫു യുദ്ധവിജയത്തിലൂടെയാണ്. ഫ്രഞ്ച് കൊളോണിയലിസത്തിന് കനത്ത ആഘാതമായിരുന്നു ആ പരാജയം. അള്‍ജീരിയ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികള്‍ അതോടെ സ്വതന്ത്രമായി. ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന് വിയറ്റ്നാമിനെ വിഭജിച്ചപ്പോള്‍ പുനരേകീകരണത്തിനായി ഗ്യാപ് സൈന്യത്തെ നയിച്ചു. 1975ല്‍ ടാങ്കുകളുമായി ഗ്യാപ്പിന്റെ സൈന്യം സൈഗോണിലേക്ക് (ഇന്നത്തെ ഹോചിമിന്‍ സിറ്റി) ഇരമ്പിക്കയറിയപ്പോള്‍ കൊച്ചു വിയറ്റ്നാമിനോട് അമേരിക്ക തോറ്റു. ഇന്നും ഈ പരാജയം അമേരിക്കയെ വേട്ടയാടുകയാണ്. ജനകീയസേനയുടെ കമാന്‍ഡര്‍ എന്നതിനു പുറമെ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം, ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നീ നിലകളിലും ഗ്യാപ് പ്രവര്‍ത്തിച്ചു. ഗ്യാപ്പിന്റെ വേര്‍പാട് വിയറ്റ്നാം ജനതയ്ക്കു മാത്രമല്ല ലോകമാകെയുള്ള പുരോഗമന ചിന്താഗതിക്കാര്‍ക്കും സ്വാതന്ത്ര്യപ്രേമികള്‍ക്കും സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്കും കനത്ത നഷ്ടമാണ്. ആ ദുഃഖം ഞങ്ങളുടേതുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: