Wednesday, October 9, 2013

കാലത്തെ ചുവപ്പിച്ച രക്തനക്ഷത്രം

""വിപ്ലവപോരാട്ടത്തിന്റെ കലാകാരനായിരുന്നു ചെ. അദ്ദേഹത്തിന്റെ മരണത്തില്‍ ആഹ്ലാദഗാനം മുഴക്കുന്നവര്‍ക്ക് തെറ്റി... നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് നമ്മോട് ചോദിച്ചാല്‍ നമ്മുടെ സര്‍വ വിപ്ലവമനസ്സും ഹൃദയവും ചേര്‍ത്ത് നാം ദൃഢമായി പറയും, നമ്മുടെ മക്കള്‍ ചെയെപ്പോലെയായിരിക്കണം."" ഫിദല്‍ കാസ്ട്രോയുടെ വാക്കുകള്‍. 1967 ഒക്ടോബര്‍ ഒമ്പതിനാണ് ഏണസ്റ്റോ ചെ ഗുവേര ചരിത്രത്തെ ചോരകൊണ്ട് ചുവപ്പിച്ചത്. 1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോവില്‍ ജനിച്ച് ലാറ്റിനമേരിക്ക മുഴുവന്‍ ജ്വലിച്ചുനിന്ന വിപ്ലവത്തിന്റെ തീപ്പന്തമാണ് ചെ ഗുവേര. ""
 എനിക്കറിയാം നിങ്ങളെന്നെ വെടിവയ്ക്കാന്‍ പോവുകയാണ്. ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദല്‍ കാസ്ട്രോവിനോട് പറയൂ ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്. മറ്റിടങ്ങളില്‍ വിപ്ലവം വിജയശ്രീലാളിതമാകും. അലൈഡയോട് പറയൂ മറക്കാനും വേറെ വിവാഹം കഴിക്കാനും സന്തോഷവതിയാകാനും കുട്ടികളെ പഠിപ്പിക്കാനും. സൈനികരോട് ശരിക്ക് ഉന്നംപിടിക്കാനും പറയൂ. നിങ്ങള്‍ ഇതുകൂടി മനസ്സിലാക്കണം. നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്."" ആ വിപ്ലവകാരി തന്റെ അന്ത്യനിമിഷങ്ങളില്‍ ഘാതകരോട് പറഞ്ഞു.

വൈദ്യശാസ്ത്രബിരുദം നേടിയിട്ടും സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന തിരിച്ചറിവാണ് പ്രതിസന്ധികള്‍ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും പുതുയുഗത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാനും ചെയെ പ്രേരിപ്പിച്ചത്. ബാറ്റിസ്റ്റയുടെ മര്‍ദകവാഴ്ചയില്‍നിന്ന് ക്യൂബയെ മോചിപ്പിക്കാന്‍ പോരാട്ടത്തിനിറങ്ങിയ ഫിദല്‍ കാസ്ട്രോയുടെ സമരമുന്നണിയില്‍ ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് ചെയും പങ്കുചേര്‍ന്നു. മെക്സിക്കോയിലെ ഫിദലുമായുള്ള കൂടിക്കാഴ്ചയാണ് ചെയെ ക്യൂബയിലെത്തിച്ചത്. ഗ്രാന്‍മ എന്ന നൗകയില്‍ 82 ഒളിപ്പോരാളികളുമായി 1956 നവംബര്‍ 25ന് അവര്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. ജനങ്ങളെ വരിഞ്ഞുമുറുക്കിയ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു. ക്യൂബയില്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ന്നു. ക്യൂബയുടെ വിമോചനത്തിനു നല്‍കിയ സംഭാവന മാനിച്ച് ചെ ഗുവേരയ്ക്ക് ക്യൂബന്‍പൗരത്വവും ലഭിച്ചു. ഫിദലിന്റെ നേതൃത്വത്തിലുള്ള വിപ്ലവ ഗവണ്‍മെന്റില്‍ പ്രധാന നേതൃസ്ഥാനത്ത് ചെ ഗുവേരയും പ്രവര്‍ത്തിച്ചു.

1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ രാഷ്ട്രീയസംഘടനയുടെ കേന്ദ്ര നേതൃത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വിപ്ലവസേനയുടെ കമാന്‍ഡര്‍, ഗറില്ലാ യുദ്ധതന്ത്രത്തിന്റെ സൂത്രധാരന്‍, ആഫ്രിക്കന്‍ വിമോചനപോരാട്ടത്തിന്റെ സഹയാത്രികന്‍, എഴുത്തുകാരന്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരം ഒരിക്കലും ചെയ്ക്ക് അഭയസ്ഥാനമായിരുന്നില്ല. പോര്‍മുഖങ്ങളിലേക്ക് ആ മനസ്സ് കുതിച്ചുകൊണ്ടിരുന്നു. ""പരാജിതനായി ഞാനൊരിക്കലും മടങ്ങുകയില്ല. പരാജയത്തേക്കാള്‍ സ്വീകാര്യമായിട്ടുള്ളത് മരണമാണ്. അവിചാരിതമായി മരണം കടന്നുവന്നാല്‍ അതും സ്വാഗതംചെയ്യപ്പെടും. എന്നാല്‍, അതിനുമുമ്പ് ആയുധമെടുക്കാന്‍ ഒരു കരമെങ്കിലും ഉയര്‍ന്നാല്‍ മതി. വിമോചന മുദ്രാവാക്യത്തിന്റെ പോര്‍വിളി മുഴങ്ങിയാല്‍മതി."" ചെ മക്കള്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞു: ""പ്രിയമുള്ള ഹില്‍ഡീന, അലീഡീറ്റ, ക്യാമിലോ, സീലിയ, എര്‍ണസ്റ്റോ എന്നെങ്കിലും നിങ്ങളീ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പറ്റി വലിയ ഓര്‍മയൊന്നും കാണില്ല. ഏറ്റവും താഴെയുള്ളവര്‍ക്ക് എന്നെ ഓര്‍മയേയുണ്ടാകില്ല. ശരിയെന്നു തോന്നുന്നത് ചെയ്യുകയും സ്വന്തം തത്വചിന്തയില്‍നിന്ന് കടുകിട വ്യതിചലിക്കാതെ ജീവിക്കുകയുംചെയ്ത ഒരാളായിരുന്നു നിങ്ങളുടെ അച്ഛന്‍. നിങ്ങള്‍ നല്ല വിപ്ലവകാരികളായി വളരണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. മനസ്സിരുത്തി പഠിക്കുകയും പ്രകൃതിയെ നമ്മുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം നേടുകയുംചെയ്യണം. സര്‍വപ്രധാനമായിട്ടുള്ളത് വിപ്ലവമാണെന്നും ഒറ്റയ്ക്കെടുത്താല്‍ നമുക്കാര്‍ക്കും ഒരു പ്രാധാന്യവുമില്ലെന്നും ഓര്‍ത്തിരിക്കണം. അതിലും പ്രധാനമായിട്ടുള്ളത് അനീതി എവിടെ കണ്ടാലും അതിനെ എതിര്‍ക്കാന്‍ കഴിയണം. ഒരു വിപ്ലവകാരിയുടെ അഭിനന്ദനാര്‍ഹമായ ഗുണം അതാണ്. കുഞ്ഞുങ്ങളേ, ഈ അച്ഛനെ പോകാന്‍ അനുവദിക്കുക. എന്നെങ്കിലും നമുക്ക് കാണാന്‍ കഴിയുമെന്നാശിക്കാം. അച്ഛന്റെ പൊന്നുമ്മയും ആലിംഗനവും ഇതോടൊപ്പം അയക്കുന്നു"". 1967 ഒക്ടോബര്‍ ഒമ്പതിന് ബൊളീവിയന്‍ കാടുകളില്‍ ചെയും സഹപ്രവര്‍ത്തകരും വെടിയേറ്റുമരിച്ചു. ക്യൂബയില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചത് മൂന്നാംദിവസമായിരുന്നു. കാസ്ട്രോയാണ് വാര്‍ത്ത ക്യൂബന്‍ജനതയെ അറിയിച്ചത്. ചെയുടെ രക്തസാക്ഷിത്വത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ക്യൂബയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് ചേര്‍ന്ന അനുശോചനയോഗത്തില്‍ 10 ലക്ഷത്തിലധികംപേര്‍ പങ്കാളികളായി. വര്‍ധിതാവേശത്തോടെയാണ് ചെയുടെ തുടിക്കുന്ന സ്മരണകള്‍ ലോകം ഏറ്റുവാങ്ങുന്നത്.

ചെ രക്തസാക്ഷിത്വം വരിച്ച ബൊളീവിയയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇവാ മൊറൈല്‍സാണ് ഭരിക്കുന്നത്. നിക്കരാഗ്വയില്‍ ഒര്‍ടേഗ പ്രസിഡന്റാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ഇക്വഡോറില്‍ ഇടതുപക്ഷക്കാരന്‍ റാഫേല്‍ ക്വാറി അധികാരത്തിലേറി. ഉറുഗ്വേയിലും ഇടതുപക്ഷം അധികാരത്തിലാണ്. വെനസ്വേലയില്‍ ഷാവേസിന്റെ പാതയില്‍ മഡൂറ മുന്നേറുന്നു. ചിലിയില്‍ മിഷേല്‍ ബാഷലെ അധികാരത്തിലുണ്ട്. ബ്രസീലില്‍ ദില്‍മാ റൂസേഫും അര്‍ജന്റീനയില്‍ ക്രിസ്റ്റീനാ ഫെര്‍ണാണ്ടസും എല്‍സാല്‍വദോറില്‍ മൗറീഷ്യേ ഫുണ്‍സും പെറുവില്‍ ഒലാസ്റ്റാ ഹുമാലയും അധികാരത്തിലുണ്ട്. ഹ്യൂഗോ ഷാവേസ് പടുത്തുയര്‍ത്തിയ ലാറ്റിനമേരിക്കന്‍ കൂട്ടായ്മ അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കന്‍ മാതൃക ലോകം ആവേശത്തോടെ കാണുന്നു. ചെ ഗുവേരയുടെ സ്മരണ പുതുവസന്തത്തിന്റെ ഗര്‍ജനവും ഇടിമുഴക്കവുമാണ്. രണഭൂമികളില്‍ വീഴുന്ന ഓരോ തുള്ളിച്ചോരയും ബൊളീവിയന്‍ കാടുകളില്‍ വിടര്‍ന്ന ആ രക്തപുഷ്പത്തെ കൂടുതല്‍ ചുവപ്പിക്കും.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി 09 ഒക്ടോബര്‍ 2013

സന്ദര്‍ശിക്കാവുന്ന മലയാളം ബ്ലോഗ് പോസ്റ്റുകള്‍

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ഏര്‍നെസ്റ്റോ ചെ ഗുവേര, അനശ്വര വിപ്ലവകാരി - സി.എന്‍.മോഹനന്‍ എഴുതിയ ലേഖനം

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത് - സങ്കുചിത മനസ്കന്റെ പോസ്റ്റ്

ചെഗുവേര - ജനശക്തി ന്യൂസ് പോസ്റ്റ് ചെയ്തത്

ചെ ഗുവേരയുടെ തല - കുമാറിന്റെ ഫോട്ടോ പോസ്റ്റ്

No comments: