Wednesday, October 9, 2013

കുടിവെള്ളം ഭരണഘടനാവകാശം

മനുഷ്യന്റെ കുടിവെള്ളത്തിന്മേലുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് അംഗീകരിക്കപ്പെടേണ്ടതാണ്. ഈ അവകാശത്തില്‍നിന്നുള്ള വ്യതിയാനം 2002 ലെ കേന്ദ്ര ജലനയത്തിന്റെ തുടര്‍ച്ചയായും 2012ലെ കരടുജലനയത്തിന്റെ ഭാഗമായും സംഭവിച്ചതാണ്. പണമുള്ളവന് വെള്ളം എന്ന അവസ്ഥയില്‍നിന്ന്, ആ പണം വെള്ളത്തിന്റെ ഉല്‍പ്പാദനച്ചെലവ് അനുസരിച്ചും ഈടാക്കപ്പെടേണ്ടതാണെന്നാണ് ഈ നയങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് ഇന്ത്യാ ഗവണ്‍മെന്റിനെതിരെ നല്‍കിയ കേസില്‍ സുപ്രീംകോടതി ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഏഷ്യാഡ് പദ്ധതികളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളവും താമസ സൗകര്യങ്ങളും ഒപ്പം കുടിവെള്ളവും ഉറപ്പാക്കാന്‍ ഉത്തരവ് നല്‍കി. പണമുള്ളവന് വെള്ളം; ഉല്‍പ്പാദനച്ചെലവിന് അനുസൃതമായി അതിന്റെ വില നിശ്ചയിക്കണം എന്നു പറയുമ്പോള്‍ ആരാണ് ജലം ഉല്‍പ്പാദിപ്പിക്കുന്നത് എന്ന ചോദ്യം ഉയരും.

കുടിവെള്ളം ഉല്‍പ്പന്നമായും ചരക്കായും മാറ്റപ്പെടുകയാണ്. പ്രകൃതിവിഭവങ്ങളുടെമേലുള്ള ജീവജാലങ്ങളുടെ അവകാശം അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. ഈ നയത്തിന്റെയും സമീപനത്തിന്റെയും ഉല്‍പ്പന്നമാണ് "സിയാല്‍" മോഡല്‍ കുടിവെള്ളക്കമ്പനി, അഥവാ "കേരളാ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ്" എന്ന പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നത്. 51 ശതമാനം സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ആ കമ്പനി. അതില്‍നിന്നുതന്നെ താല്‍പ്പര്യങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. അത് അറിയുന്നവര്‍തന്നെയാണ് 2012 ഡിസംബര്‍ 31ന് കമ്പനി സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 26 ശതമാനം സര്‍ക്കാര്‍ ഇക്വിറ്റിയും, 23 ശതമാനം വാട്ടര്‍ അതോറിറ്റിയുടെ ഇക്വിറ്റിയും ചേര്‍ന്നാല്‍ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിനു പുറത്താണെന്നും സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഇതിന്റെ ദുരന്തങ്ങള്‍ കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിഷേധമുയര്‍ത്തി. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ നേതാക്കളും നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടത്തില്‍ ചേര്‍ന്നു. അതോടെയാണ് സര്‍ക്കാരിന് താല്‍ക്കാലികമായെങ്കിലും പിന്നോക്കം പോകേണ്ടിവന്നത്്. നിവൃത്തിയില്ലാതെയാണെങ്കിലും ഏഴ് യുഡിഎഫ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ജനാധിപത്യരാജ്യത്ത് പ്രയോഗിക്കാനും കേള്‍ക്കാനും സുഖമുള്ള വാക്കാണ് ജനപങ്കാളിത്തം. ഈ സൗകര്യമുപയോഗിച്ച് പൊതുസേവനമേഖലകളെ ഇല്ലാതാക്കാനും, ദുര്‍ബലപ്പെടുത്താനുമുള്ള ലോകബാങ്കിന്റെ തന്ത്രങ്ങളുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. "ജലനിധി" പദ്ധതി. 10 ശതമാനം ഗുണഭോക്തൃ വിഹിതം, 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിഹിതം 75 ശതമാനം ലോകബാങ്കിന്റെ വായ്പത്തുക- ഇങ്ങനെ സമാഹരിച്ച് പദ്ധതി നടപ്പാക്കിയാല്‍ ലോകബാങ്ക് തുക തിരിച്ചടയ്ക്കേണ്ടെന്ന പ്രചാരണമാണ് നടത്തിയത്. യാഥാര്‍ഥ്യം മറ്റൊന്നാണ്. കേന്ദ്രസര്‍ക്കാര്‍ പലിശയും മുതലും സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തില്‍നിന്ന് കുറവുചെയ്ത് ലോകബാങ്കിന് നല്‍കും എന്നാണ് ധാരണാപത്രം. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള ഗ്രാന്റില്‍ തുക തട്ടിക്കിഴിക്കും. വ്യക്തികളാരും തുക നേരിട്ടടയ്ക്കുന്നില്ല എന്ന കൗശലമുപയോഗിച്ച്, ഭരണഘടനയുടെ 73,74 ഭേദഗതികളിലൂടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പദ്ധതി എത്തിച്ചേരുന്നു. വേണ്ടത്ര സാങ്കേതിക പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതികള്‍ പലതും നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി സ്രോതസ്സുകള്‍ പരാജയപ്പെട്ടും ഗുണനിലവാരം പരിപാലിക്കാന്‍ കഴിയാതെയും വരുന്നു. അങ്ങനെയുള്ള പരാജിത പദ്ധതിയാണ് ഗുണഭോക്താക്കളെ ഏല്‍പ്പിക്കുന്നത്. വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയാതെ, പമ്പും മോട്ടോറുകളും ശരിയാക്കാന്‍ കഴിയാതെ, അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ കഴിയാതെ ഗുണഭോക്തൃസമിതികള്‍ പദ്ധതി ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തും.

ജലനിധി ഒന്നാംഘട്ടം നടപ്പാക്കികഴിഞ്ഞപ്പോള്‍ 360 കോടിയിലധികം രൂപ ചെലവാക്കിയെങ്കിലും ബഹുഭൂരിപക്ഷം പദ്ധതികളും പരാജയപ്പെട്ടു എന്നതാണനുഭവം. അട്ടപ്പാടിയില്‍ ആദിവാസി സമൂഹത്തിന് ഗുണഭോക്തൃവിഹിതത്തില്‍ ഇളവുകള്‍ അനുവദിച്ചും അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഏറ്റെടുത്തും പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടര്‍ ചെലവുകള്‍ വഹിക്കാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ അവര്‍ പദ്ധതിക്കു പുറത്താവുകയോ, പദ്ധതിതന്നെ പരാജയപ്പെടുകയോചെയ്തു. കുടിവെള്ളം കിട്ടാതായപ്പോള്‍ കിട്ടിയ വെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി. അത് രോഗബാധയിലേക്ക് നയിച്ചു. സര്‍ക്കാര്‍ ഇപ്പോഴും ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. കുടിവെള്ളം എന്ന അവകാശം സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങളിലേക്കിറങ്ങേണ്ടതിന്റെ അനിവാര്യതയ്ക്കാണ് ഈ അനുഭവങ്ങള്‍ അടിവരയിടുന്നത്.

*
ജെ മോഹന്‍കുമാര്‍ (കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: