Wednesday, October 9, 2013

ഉത്തരം താങ്ങുന്ന പല്ലി

മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതിത്വവും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ തമസ്കരിക്കുകയോ വക്രീകരിക്കുകയോ ബദല്‍ കഥകള്‍ ചമയ്ക്കുകയോ അര്‍ധസത്യങ്ങളെ പര്‍വതീകരിച്ച് അവതരിപ്പിക്കുകയോ ചെയ്യുന്നതും വീണ്ടും വീണ്ടും നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതിനുള്ള സാധ്യത വിരളവുമാണ്. കാരണം, ഏതെങ്കിലും ഒന്നോ രണ്ടോ മാധ്യമങ്ങള്‍ തെളിവുകള്‍ അവതരിപ്പിച്ച് നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്കുനേരെ മറ്റുള്ളവയ്ക്ക് അധികനേരം കണ്ണടച്ചിരിക്കാന്‍ സാധ്യമല്ല. അങ്ങനെ കണ്ണടച്ചിരുന്നാല്‍ പ്രേക്ഷകര്‍ അങ്ങനെ കണ്ണടയ്ക്കാത്ത ചാനലുകള്‍ വീക്ഷിക്കും. ചാനലുകളില്‍ കേള്‍ക്കുന്നത് ജനം ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയില്‍ കൂടി കളയും എന്നും അതേ സമയം പത്രങ്ങളില്‍ വരുന്നവ രേഖപ്പെടുത്തപ്പെട്ടവയായതിനാല്‍ അവ പിന്നെയും കാലാന്തരങ്ങളില്‍ നിലനില്‍ക്കും എന്നുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമ ധുരന്ധരന്മാരുടെ വിവക്ഷ.

ഈ ഇരട്ടത്താപ്പിന് പോയവാരം നാം ഏറെ സാക്ഷ്യംവഹിച്ചു. കള്ളക്കടത്തുകാരനും തീവ്രവാദബന്ധമുള്ളയാളുമായ ഫയസായിരുന്നു പോയവാരത്തിലെ (ഇപ്പോഴത്തെയും) വാര്‍ത്തകളിലെ വ്യക്തി. ഇയാള്‍ക്ക് കേരള മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ അസ്മാദികളുമായും ആഫീസുമായുമുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം കൈരളി ചാനല്‍ ഉള്‍പ്പെടെ ചില ദൃശ്യ മാധ്യമങ്ങള്‍ സെപ്തംബര്‍ 24ന് സംപ്രേക്ഷണം ചെയ്തു. കുറച്ചുനേരമെല്ലാം മുഖ്യധാരക്കാരുടെ ദൃശ്യമാധ്യമങ്ങള്‍ കണ്ണടച്ചിരുട്ടാക്കാന്‍ നോക്കിയെങ്കിലും അധികനേരം അവയ്ക്കതിനു കഴിഞ്ഞില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മലയാളിയെ കണികണ്ടുണര്‍ത്താനും വാസ്തവം അറിയിക്കാനും കച്ചകെട്ടി എത്തിയ മുഖ്യധാരാപത്രങ്ങള്‍ അരിച്ചുപെറുക്കി നോക്കിയിട്ടും സംഭവം സ്വാഹ. ഇല്ലേയില്ല! എങ്ങനെയുണ്ട് മുഖ്യധാരന്മാരുടെ പുത്തി?

25-ാം തീയതി "ദേശാഭിമാനി" പത്രം ഒന്നാം പേജില്‍ ""മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫയാസിന് ഉറ്റബന്ധം"" എന്ന, 7 കോളം ലീഡ് വാര്‍ത്തയുമായി പുറത്തിറങ്ങിയപ്പോള്‍, "മനോരമ"യാകട്ടെ, ""പാമൊലിന്‍ കേസ് പിന്‍വലിച്ചു"", ""എംപിമാരുടെ ശിക്ഷ; അയോഗ്യത നീക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം"" തുടങ്ങിയ സങ്കതികള്‍കൊണ്ട് ഒന്നാം പേജ് നിറച്ചിരിക്കുന്നു. ഒന്നാം പേജിലെന്നല്ല മറ്റെവിടെയും അക്കാര്യം കണ്ടതുമില്ല. "മാതൃഭൂമി"യും തഥൈവ. പാമൊയിലില്‍ കുളിക്കുക തന്നെയാണ്. അത് കൊടുക്കേണ്ടതും തന്നെ. എന്നാല്‍ ഒരന്താരാഷ്ട്ര ക്രിമിനലുമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും സ്റ്റാഫംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന സൂചനയ്ക്കുതന്നെ വന്‍ വാര്‍ത്താ പ്രാധാന്യമുണ്ടല്ലോ. അത് "മനോരമ"യും "മാതൃഭൂമി"യും കൂടി കണ്ണടച്ചാല്‍ ഇരുട്ടാകുന്നതല്ല. പാമൊലിനും അയോഗ്യതാ ഓര്‍ഡിനന്‍സുമെല്ലാം ഒന്നാം പേജില്‍ തന്നെ "ദേശാഭിമാനി" പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. "മനോരമ"യും "മാതൃഭൂമി"യും അകത്തെ പേജുകളില്‍പോലും മുഖ്യനുമായുള്ള ഫയാസ് ബന്ധം 25ന് നല്‍കിയില്ല. പിന്നെയല്ലേ, ഒന്നാം പേജില്‍.

26-ാം തീയതിയായപ്പോള്‍, ഫയാസ് "മനോരമ"യുടെ അകത്തെ പേജില്‍ മെല്ലെ തല കാണിക്കുന്നു. ഇങ്ങനെ: ""സ്വര്‍ണക്കടത്തിനുപിന്നില്‍ ഫയാസും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറും"" (പേജ് 11) മറ്റൊരു പീസും കൂടിയുണ്ട്: ""ഫയാസിന്റെ ഫോണ്‍വിളികളും സിനിമ, പൊലീസ് ബന്ധവും അന്വേഷിക്കുന്നു"". തലവാചകത്തിലെന്നല്ല, ഈ രണ്ട് പീസ് ഐറ്റങ്ങളും അരിച്ചുപെറുക്കിയാലും അതിലെവിടെയും മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ സില്‍ബന്ധികളുമായോ ബന്ധപ്പെടുത്തുന്ന ഒരക്ഷരംപോലും വരാതിരിക്കാന്‍ "മനോരമ" ജാഗ്രത കാണിച്ചിട്ടുണ്ട്. "മാതൃഭൂമി"യോ? 26-ാം തീയതി 5-ാം പേജില്‍ ഇങ്ങനെയാണവതരണം: ""സ്വര്‍ണക്കടത്ത്: എസ് പി സുനില്‍ ജേക്കബിെന്‍റ ബന്ധം അന്വേഷിക്കുന്നു"". അതിനുള്ളില്‍ ഒരു കൊച്ചു ബോക്സും: ""ഫയാസിനെ അറിയില്ല: മുഖ്യമന്ത്രി"". ഈ പത്രം മാത്രം വായിക്കുന്ന ഒരാള്‍ അല്‍ഭുതപ്പെട്ടുപോകും, എന്തിനാ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ചിന്തിച്ച്. കാരണം, "മാതൃഭൂമി"യിലോ "മനോരമ"യിലോ അന്നോ തലേദിവസമോ മുഖ്യമന്ത്രിയുമായുള്ള ഫയാസിന്റെ ബന്ധം സൂചിപ്പിക്കുന്ന ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതാണ് വിദ്യ. തങ്ങളായിട്ട് സംഭവം പുറത്തറിയിച്ചതുമില്ല. മുഖ്യമന്ത്രി പ്രസ്താവിച്ചതുകൊണ്ട് അത് കൊടുക്കുകയും ചെയ്തു. "മനോരമ" അങ്ങനെയും ചെയ്യേണ്ടെന്ന ദൃഢനിശ്ചയത്തിലും. "ദേശാഭിമാനി" 26-ാം തീയതിയും ഒന്നാം പേജില്‍ തന്നെ 6 കോളത്തില്‍, ""സഹായത്തിന് മുഖ്യമന്ത്രിയുടെ ഓഫീസും നേതാക്കളും"" എന്ന ശീര്‍ഷകം നല്‍കിയാണ് വായനക്കാരില്‍ സംഭവം എത്തിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന, ""കണ്ടു, കണ്ടില്ല"" എന്ന ശീര്‍ഷകത്തില്‍ ഒരു ബോക്സായും ഒപ്പം നല്‍കുന്നു. അതിലെ ഹൈലൈറ്റ്: ""തന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും ഫയാസുമായി ബന്ധമുണ്ടോ എന്നറിയില്ല. ബന്ധമുണ്ടോ എന്നല്ല, സഹായിച്ചോ എന്നാണ് നോക്കേണ്ടത്"". സെപ്തംബര്‍ 29ന് സുപ്രധാനമായ ഒരു ഔദ്യോഗിക കത്ത് ദൃശ്യമാധ്യമങ്ങള്‍ എല്ലാം പുറത്തുവിടുകയുണ്ടായി - സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും നല്‍കിയ ഉത്തരവിെന്‍റ പകര്‍പ്പാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കുറ്റവാളികള്‍ മന്ത്രിമാരുടെ ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നിര്‍ബാധം കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായും അതുകൊണ്ട് കുറ്റവാളികളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കണമെന്നുമാണ് ഡിജിപി ഈ കത്തില്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ "മനോരമ"യുടെയും "മാതൃഭൂമി"യുടെയും ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി. എന്നാല്‍ 30-ാം തീയതി, ഇങ്ങനെയൊരു സങ്കതിയേ നടന്നതായി ആ പത്രങ്ങള്‍ അറിഞ്ഞ മട്ടില്ല. സംസ്ഥാനം സന്ദര്‍ശിക്കുന്ന സോണിയാജിയുടെ പരിപാടികളില്‍ തലപൂഴ്ത്തി നില്‍ക്കുന്നു അവ. "ദേശാഭിമാനി" ഒന്നാം പേജില്‍ 5 കോളത്തിലായി ഉത്തരവിെന്‍റ പകര്‍പ്പ് സഹിതം ഇങ്ങനെ അവതരിപ്പിക്കുന്നു: ""മന്ത്രി ഓഫീസുകള്‍ കുറ്റവാളികളുടെ താവളം: ഡിജിപി"" ഹൈലൈറ്റുകള്‍: ""ഡിജിപി ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ. കുറ്റവാളികളുടെ ലിസ്റ്റുണ്ടാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കാനും നിര്‍ദ്ദേശം"". അപ്പോള്‍ നേരറിയാന്‍ "സ്വതന്ത്ര - നിഷ്പക്ഷ" പത്രങ്ങള്‍ നോക്കണമോ "പാര്‍ടി പത്രം" നോക്കണമോ? എന്നാല്‍ "മനോരമ" സംഭവത്തെ സിപിഐ എമ്മുമായി ബന്ധപ്പെടുത്താന്‍ "വളരെ നിഷ്പക്ഷമായി" വല്ലാതെ വെപ്രാളപ്പെടുന്നുണ്ട്.

28-ാം തീയതി 13-ാം പേജില്‍ "മനോരമ" ഇങ്ങനെ സംഭവത്തിന് തിരികൊളുത്തുന്നു: ""ഫയാസിന്റെ പൊലീസ്, സിപിഎം ബന്ധങ്ങള്‍ അന്വേഷിക്കും"". എന്താ പ്രശ്നം? അതിന്റെ ഹൈലൈറ്റൊന്ന് നോക്കാം: ""ഫയാസ് മൂന്നു ജയിലുകളിലെത്തി; ജയില്‍ ഡിജിപി റിപ്പോര്‍ട്ടു തേടി"". കോഴിക്കോട് ജില്ലാ ജയിലിലെത്തിയ ഫയാസ് ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതിയും സിപിഐ എം ജില്ലാ നേതാവുമായ പി മോഹനനെ കണ്ടുവെന്നാണ് "മനോരമ" മണത്തുപിടിച്ച് കണ്ടെത്തി വായനക്കാരെ തെര്യപ്പെടുത്തുന്നത്. 29ന് വീണ്ടും തുടരുന്നു; 9-ാം പേജില്‍: ""ടി പി വധക്കേസ് പ്രതികളെ ഫയാസ് ജയിലില്‍ കണ്ടെന്ന് റിപ്പോര്‍ട്ട്"" എന്ന് ശീര്‍ഷകം. ഹൈലൈറ്റ് : ""ജയില്‍ വീഡിയോ തെളിവ്; വെല്‍ഫെയര്‍ ഓഫീസര്‍ക്കും ഹെഡ് വാര്‍ഡര്‍ക്കും എതിരെ നടപടി വന്നേക്കും"". ഈ രണ്ട് റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ചു വായിച്ചാല്‍ അറിയാനാവുന്നത് ആഗസ്ത് മാസത്തില്‍ ഒരവധി ദിവസം ഫയാസ് കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചുവെന്നും നിയമാനുസരണമുള്ള അനുമതി അതിന് തേടിയിരുന്നില്ലെന്നും ആരെയാണ് കാണാന്‍ വന്നതെന്ന് സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ ഫയാസ് ജയിലില്‍ എത്തിയതായി അതില്‍ ഉണ്ടെന്നുമാണ്. ഇതില്‍ എവിടെയാണ് സിപിഐ എമ്മുമായി ബന്ധപ്പെടുത്തുന്ന കണ്ണി? പത്രം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു - ഫയാസ് ജയിലില്‍ എത്തിയ സമയത്ത് ചന്ദ്രശേഖരന്‍ കേസിലെ ചില പ്രതികളെ സന്ദര്‍ശകമുറിയിലേക്ക് കൊണ്ടുവരുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ കാണാമത്രേ! ഇനി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ ഇയാള്‍ കണ്ടുവെന്നു തന്നെ കരുതുക. എങ്കില്‍പോലും അത് സിപിഐ എമ്മുമായി ഫയാസിന് ബന്ധമുണ്ടെന്നതിന്റെ തെളിവാകുന്നതെങ്ങനെ? കാരണം, ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ചിലര്‍ മാഹിക്കാരാണ്; അവരുമായി ഫയാസിന് പരിചയമോ അടുത്ത ബന്ധം തന്നെയോ ഉണ്ടെങ്കില്‍ അതില്‍ അസ്വാഭാവികത എന്താണ്? മാത്രമല്ല, വടകരയ്ക്കും തലശ്ശേരിക്കും ഇടയ്ക്കാണ് മാഹി എന്നതിനാല്‍ വടകരയിലോ തലശ്ശേരിയിലോ ഉള്ളവരെ ആരെയെങ്കിലും അടുത്തറിയുമെന്നതും സ്വാഭാവികമാണ്. അങ്ങനെ തന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ ആരെയെങ്കിലും ജയിലില്‍ ഫയാസ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് സിപിഐ എമ്മുമായുള്ള ബന്ധമായി വ്യാഖ്യാനിക്കാന്‍ "മനോരമ"യിലെ കുരുട്ടു പുത്തിക്കാര്‍ക്കു മാത്രമേ കഴിയൂ.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ എന്നറിയപ്പെടുന്നയാളെയും സോളാര്‍ഫെയിം ജിക്കുമോന്‍ എന്ന മുന്‍ പിഎയെയും ഫയാസ് ബന്ധപ്പെട്ടതിന്റെയും അറസ്റ്റിലാവുന്നതിനു തൊട്ടുമുന്‍പ് അയാള്‍ ആര്‍ കെയെ വിളിച്ചതിന്റെയും വിവരങ്ങള്‍ ദൃശ്യമാധ്യമങ്ങളും മറ്റു പത്രങ്ങളും പുറത്തുകൊണ്ടുവന്നപ്പോള്‍ അതിനുനേരെ കണ്ണടച്ച "മനോരമ"യാണ് വലിയ ഗവേഷണം നടത്തി, സിസി ടിവിക്കകത്തുവരെ കയറിച്ചെന്ന്, സിപിഐ എം ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ തന്നെ, മുഖ്യന്റെ ആഫീസുമായിട്ടു മാത്രമല്ല, മുഖ്യനുമായിട്ടും കേന്ദ്ര മന്ത്രിയുമായിട്ടും ചില ഭരണകക്ഷി എംപിമാരുമായിട്ടും ഫയാസിന് ഉറ്റബന്ധം ഉണ്ടെന്ന കാര്യവും മാധ്യമങ്ങള്‍ (മനോരമവിഷനും മാതൃഭൂമി ചാനലും ഉള്‍പ്പെടെ) പുറത്തുകൊണ്ടു വന്നതും കാണാത്ത പത്രമാണ് ഈ അന്വേഷണം നടത്തിയത്. മുഖ്യനുമായി ഫയാസിന് ഫോണ്‍ബന്ധം മാത്രമല്ല, നേരിട്ട് അടുത്ത ബന്ധമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാകട്ടെ, കോണ്‍ഗ്രസ്സിന്റെ പ്രവാസിസംഘടനാ ഭാരവാഹിയുമാണ്. അദ്ദേഹം പറയുന്നത്, തങ്ങള്‍ വിളിച്ചാല്‍ തിരക്കുകാരണം വരാത്ത ഉമ്മന്‍ചാണ്ടി ഫയാസ് വഴി ബന്ധപ്പെട്ടപ്പോള്‍ വന്നുവെന്നു മാത്രമല്ല, വന്നത് ഫയാസിന്റെ ആഡംബര കാറിലാണെന്നുമാണ്. ഉമ്മന്‍ചാണ്ടി ഗള്‍ഫിലായിരിക്കുമ്പോള്‍ ഫയാസിന്റെ ആതിഥ്യം സ്വീകരിക്കാറുള്ളതായും ഫയാസും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഹൈവേയില്‍ സംസാരിച്ചുനിന്നതായും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ഇ അഹമ്മദുമായുള്ള ഫയാസിെന്‍റ ബന്ധവും ഇതേപോലെ തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്.

ഫയാസിന്റെ മൊബൈലില്‍ ഒരു ഗള്‍ഫ് നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ""ചേച്ചി - ചാണ്ടി"" എന്ന പേരിലാണെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. "മനോരമ"യുടെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കോട്ടയം ആപ്പീസിലിരുന്ന് കഥമെനയുന്നതിനു പകരം ഇതിനെല്ലാം പുറകേ പോയിരുന്നെങ്കില്‍ നല്ല ഒന്നാന്തരം കുഞ്ഞൂഞ്ഞു കഥകള്‍ (ചാക്കോച്ചെന്‍റ ഭാവനയില്‍ മെനയുന്നതല്ല, നല്ല അസല് സാധനങ്ങള്‍ തന്നെ) കിട്ടുമായിരുന്നു. പക്ഷേ, അതിനു തുനിഞ്ഞാല്‍ സ്വന്തം കുഞ്ഞൂഞ്ഞിന് നാണക്കേട് സഹിച്ചാണേലും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാവില്ലല്ലോ! തങ്ങള്‍ താങ്ങിയാല്‍ താഴെ വീഴാതെ കുഞ്ഞൂഞ്ഞിനിരിക്കാനാകുമെന്ന മിഥ്യാധാരണയാണെന്ന് തോന്നുന്നു "മനോരമ"യ്ക്ക്. തനി, ഉത്തരം താങ്ങിപ്പല്ലി തന്നെ!

വാല്‍ക്കഷ്ണം ""അമൃതപുരിയില്‍ നടക്കുന്നത് നവഭാരതത്തിന്റെ ശിലാസ്ഥാപനം: നരേന്ദ്രമോഡി"". അപ്പോള്‍, ഗുജറാത്ത് വികസനത്തിന്റെ ആരംഭബിന്ദു അല്ലെന്ന് മോഡി തന്നെ പറയാന്‍ തുടങ്ങി. അമ്മേ, മഹാമായേ! പ്രധാനമന്ത്രിക്കസേരയില്‍ ചെന്നുപറ്റാന്‍ എന്തെല്ലാം ഇനിയും പറയണമാവോ!

*
ഗൗരി ചിന്ത വാരിക 11 ഒക്ടോബര്‍ 2013

No comments: