Wednesday, October 9, 2013

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സഹകരണ പ്രസ്ഥാനം

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം തൊട്ടേയുളള പാരമ്പര്യം കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് അവകാശപ്പെടാനുണ്ട്. കേരളത്തിന്റെ വികസനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം ഇവയ്ക്കുണ്ട്. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ കൊള്ളപ്പലിശക്കാര്‍ നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു. ഈ കാലത്തിന് അന്ത്യം കുറിച്ച് പാവപ്പെട്ടവര്‍ക്ക് മിതമായ പലിശനിരക്കില്‍ പണം ലഭിക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്കരിച്ചത് സഹകരണപ്രസ്ഥാനമാണ്. ഇതിന്റെ ഫലമായി സ്വയം തൊഴില്‍ കണ്ടെത്തുകയും ജീവിത പ്രശ്നങ്ങള്‍ പലതും പരിഹരിക്കുകയും ചെയ്ത അനേകം പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അനുദിനം വളര്‍ന്നു വികസിച്ച ഈ പ്രസ്ഥാനം കേരളത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. കാര്‍ഷികമേഖലയേയും പരമ്പരാഗത വ്യവസായ മേഖലയേയും ശക്തിപ്പെടുത്തുന്നതിന് ഈ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. പൊതുവിതരണ സമ്പ്രദായത്തിലും വിദ്യാഭ്യാസരംഗത്തും ഉള്‍പ്പെടെ ഇടപെട്ടുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ജനകീയ ബദല്‍ രൂപപ്പെടുത്തിക്കൊണ്ട് ഇവ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരികയാണ്. സഹകരണപ്രസ്ഥാനം കടന്നുവരാത്ത മേഖലകള്‍ കേരളത്തില്‍ ഇല്ല എന്ന് പറയുന്നതായിരിക്കും ശരി.
 
ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു


ആഗോളവല്‍ക്കരണനയങ്ങള്‍ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന നയങ്ങള്‍ മറ്റെല്ലാ മേഖലയിലും എന്നപോലെ സഹകരണമേഖലകയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ധനമൂലധനത്തിന്റെ കടന്നുവരവിനും കൊളളയ്ക്കും തടസമായി വര്‍ത്തിക്കുന്ന എല്ലാ ഘടകങ്ങളേയും പിഴുതുമാറ്റുക എന്നതാണല്ലോ ആഗോളവല്‍ക്കരണ നയസമീപനത്തിന്റെ ഒരു പ്രത്യേകത. അത് കൃത്യമായി നടപ്പിലാക്കപ്പെടുമ്പോള്‍ ജനകീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ ഓരോന്നായി തകരുകയാണ്. ധനമൂലധനത്തിന്റെ കടന്നുവരവിനെ ചെറുക്കുന്ന പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും. ഈ രണ്ട് മേഖലകളും നാടിന്റെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ സംഘടിപ്പിക്കുന്നവയാണ്. അതുകൊണ്ടാണ് പൊതുമേഖലയ്ക്ക് നല്‍കിയ ഊന്നല്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതുണ്ട് എന്ന സമീപനം നെഹ്രുവിന്റെ കാലത്ത് സ്വീകരിക്കപ്പെട്ടത്. 1990 വരെ സഹകരണമേഖലയ്ക്ക് സഹായം എത്തിക്കുന്നതിനും കാര്യക്ഷമമായി സര്‍ക്കാര്‍ പിന്തുണ ഉറപ്പ് വരുത്തുന്നതിനുമുളള നടപടികളായിരുന്നു നടന്നു വന്നിരുന്നത്. റോയല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ആള്‍ ഇന്ത്യാ റൂറല്‍ ക്രെഡിറ്റ് തുടങ്ങിയ കമ്മിറ്റി റിപ്പോര്‍ട്ടുകളും അനന്തരനടപടികളും വളരെ പ്രാധാന്യമുളളവയായിരുന്നു.

എന്നാല്‍ ആഗോളവല്‍ക്കരണനയം മുന്നോട്ടു വെക്കപ്പെട്ടതോടെ ധനമേഖലയിലെ പൊതുമേഖലാ ബാങ്കിങ് സമ്പ്രദായത്തെ പൊളിച്ചടുക്കുന്നതിനും സഹകരണപ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്നതിനും ഉള്ള നയങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഇന്ത്യയിലെ ബാങ്കിങ് മേഖലയെ ആഗോളവല്‍ക്കരണശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തുന്നതിന് ഉതകുന്ന നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് പോലുളളവ ഇതിന് ഉദാഹരണമാണ്. ഇതിന്റെ ശുപാര്‍ശകള്‍ ബാങ്കിങ് മേഖലയിലെ ജനപക്ഷ നിലപാടുകളെ തകര്‍ത്ത് സ്വകാര്യവൈദേശിക കുത്തകകള്‍ക്ക് സഹായകമായ നിലപാട് ഒരുക്കുന്നതാണ്. ഇത്തരത്തിലുളള നയസമീപനങ്ങളെ കോണ്‍ഗ്രസും ബി.ജെ.പിയും അനുകൂലിക്കുന്ന നിലയാണ് ഉളളത്. പൊതുമേഖല ഉള്‍പ്പെടെയുളളവയെ തകര്‍ത്തെറിഞ്ഞ് അവയെ പങ്കിട്ട് ലാഭം സ്വരൂപിക്കുക എന്ന ഇന്ത്യനും വൈദേശികവുമായ കുത്തകകളുടെ താല്‍പര്യമാണ് ഇത്തരം നയത്തിന് പിന്നിലുളളത്. കമ്മിറ്റികളുടെ ശുപാര്‍ശകളുടെ പൊതുസ്വഭാവം ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമുളള കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളിലെല്ലാം സഹകരണമേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഒഴിവാക്കുന്നതിനുളള നില്‍ദേശങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. ഈ മേഖലയിലെ സംസ്ഥാന സര്‍ക്കാരുകളുടേയും രജിസ്ട്രാറുടേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ മേല്‍നോട്ട നിയന്ത്രണ ചട്ടക്കൂടുകള്‍ കുറ്റമറ്റതാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍ബാങ്ക് ഓഫ് ഇന്ത്യയുടേയും നിയന്ത്രണങ്ങള്‍ ബാധകമാക്കാനുളള കര്‍മപദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടതാണ് 1990 കളിലെ ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ടും 1999 ലെ കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും.

ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട്

ബ്രഹ്മപ്രകാശ് കമ്മിറ്റി ഒരു മാതൃകാ നിയമം തന്നെ നിര്‍മ്മിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമോ നിയന്ത്രണമോ ഇല്ലാത്തതും സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഇല്ലാത്തതുമായ നിലപാടാണ് അത് സ്വീകരിച്ചത്. കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സഹകരണവായ്പാ മേഖലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. മാത്രമല്ല പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്നും ലംഘിച്ചാല്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യണമെന്നുള്ള നയം മുന്നോട്ട് വെക്കുകയുണ്ടായി. തുടര്‍ന്നുവന്ന വൈ.കെ പാട്ടീല്‍ കമ്മിറ്റി, വ്യാസ് കമ്മിറ്റി, വൈദ്യനാഥന്‍ കമ്മിറ്റി, രഘുറാം രാജന്‍ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ എല്ലാം തന്നെ മുന്‍ കമ്മിറ്റികളുടെ ചുവട് പിടിച്ചു കൊണ്ടുളള നയങ്ങള്‍ തന്നെയാണ് മുന്നോട്ട് വെച്ചത്.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ഈ റിപ്പോര്‍ട്ട് സഹകരണപ്രസ്ഥാനത്തിന് എത്രത്തോളം അപകടകരമാണ് എന്നതിന്റെ തെളിവാണ് യു.ഡി.എഫ് സര്‍ക്കാരിന് പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയാതിരുന്നതിലൂടെ വ്യക്തമാകുന്നത്. 2005-06 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഈ നയം തിരുത്താന്‍ ചിദംബരത്തിനോട് 2005 ല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഈ ആവശ്യം ശക്തമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണമന്ത്രി വഴി ക്യാബിനറ്റില്‍ ഇക്കാര്യം വെയ്ക്കുന്നതിന് പ്രണബ് മുഖര്‍ജി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഉറപ്പുകള്‍ കടലാസില്‍ കിടന്നതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

മ. ഏത് ബാങ്കില്‍ നിക്ഷേപം നടത്തുവാനും വായ്പ നല്‍കാനും സംഘങ്ങള്‍ക്ക് ഇത് സ്വാതന്ത്ര്യം നല്‍കുന്നു.
യ. ബാങ്ക് എന്ന പദം റിസര്‍വ് ബാങ്ക് ലൈസന്‍സ് ഇല്ലാത്ത വായ്പാസംഘങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു മറ്റൊരു നിര്‍ദേശം.
ര. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നിര്‍ബന്ധിതമാക്കണം എന്ന നിയമവും ഇത് മുന്നോട്ട് വെക്കുന്നുണ്ട്.
റ. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായാല്‍ സംസ്ഥാനഗവണ്‍മെന്റിന് സഹകരണബാങ്കിന് മേല്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാകും.
ല. സഹകരണ ബാങ്കുകളുടെ പരിധിക്ക് പ്രസക്തിയില്ലാതാകുന്നതോടെ ഏത് ബാങ്കിനും എവിടെ നിന്നും ഡെപ്പോസിറ്റ് വാങ്ങാം. എവിടേയും ലോണ്‍ കൊടുക്കാം എന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഇത് യഥാര്‍ത്ഥത്തില്‍ സഹകരണമേഖലയില്‍ അനാവശ്യ മല്‍സരങ്ങള്‍ക്കും അരാജകത്വത്തിനും മറ്റും ഇടവരുത്തുകയും ചെയ്യും.

ഇത്തരം ശുപാര്‍ശകള്‍ നിലനില്‍ക്കുന്നത് കൊണ്ടായിരുന്നു വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ സഹകരണമേഖലയില്‍ നിന്നും ഈ മേഖലയെ സംബന്ധിച്ച് ഗൗരവമായി ചിന്തിക്കുന്നവരില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നത്.

സഹകരണ മേഖലയില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന രോഷം കാരണം വൈദ്യനാഥന്‍ പാക്കേജ് കേരളത്തില്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞില്ല. രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദേശിച്ചു. നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍നോട്ട നിയന്ത്രണം റിസര്‍വ് ബാങ്കിന് ആയിരിക്കണമെന്നും സഹകരണബാങ്കുകളേയും വാണിജ്യ ബാങ്കുകളെ പോലെ തന്നെ കണക്കാക്കണമെന്നും രജിസ്ട്രാറുടേയും സംസ്ഥാന സര്‍ക്കാറിന്റേയും നിയന്ത്രണങ്ങള്‍ ക്രമേണ ഇല്ലാതാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. മേല്‍ വിവരിച്ച വിവിധ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ പല സംസ്ഥാനങ്ങളും അവരുടെ സഹകരണമേഖലയ്ക്ക് ആപത്ത് ഉണ്ടാക്കും എന്നതിനാല്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. സാമ്പത്തിക സഹായം മുന്നോട്ട് വെച്ചുകൊണ്ട് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി നിയമങ്ങള്‍ പൊളിച്ച് മാറ്റാന്‍ ശ്രമം നടത്തിയ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുളളവ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ല. നടപ്പിലാക്കിയ സംസ്ഥാനങ്ങളാവട്ടെ അതിന്റെ ഫലമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നിലയുണ്ടായി. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആകെ തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് 2013 ജനുവരിയില്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കപ്പെട്ട പ്രകാശ്ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട്. അതിലെ എടുത്ത് പറയേണ്ട മൂന്ന് നിര്‍ദേശങ്ങളാണ്

(1) പ്രൈമറി സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെയോ സംസ്ഥാന സഹകരണബാങ്കുകളുടെയോ ഏജന്റന്മാരായി (ബിസിനസ് കറസ്പോണ്ടന്റ്) മാറണം.
(2) പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ഭരണ സമിതിയെ പിരിച്ചുവിടാനും അതിലെ ഏത് ഡയറക്ടറേയും നീക്കം ചെയ്യാനുമുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കണം
(3) സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരം സഹകരണ രജിസ്ട്രാറില്‍ നിന്നും റിസര്‍വ് ബാങ്കിന് കൈമാറണം.

പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിലെ പല പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും റിസര്‍വ് ബാങ്കും നബാര്‍ഡും നടപ്പാക്കിത്തുടങ്ങി കഴിഞ്ഞു എന്നാണ് കാണുന്നത്. ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ജൂലൈ 22ന് നബാര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും സ്വതന്ത്രമായി നടത്താന്‍ കഴിയില്ല. അവയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ജില്ലാ സഹകരണ ബാങ്കിന്റെയോ സംസ്ഥാനസഹകരണ ബാങ്കിന്റെയോ ഏജന്റ് എന്ന നിലയ്ക്കുമാത്രമേ നിര്‍വഹിക്കാന്‍ കഴിയൂ. അവയുടെ എല്ലാ ആസ്തിബാദ്ധ്യതകളും ജില്ലാ ബാങ്കിലേക്കോ സംസ്ഥാന സഹകരണ ബാങ്കിലേക്കോ മാറ്റണം. പ്രാഥമിക സംഘങ്ങളിലെ വായ്പക്കാരായ അംഗങ്ങള്‍ അതത് ജില്ലാബാങ്കിലോ സംസ്ഥാന ബാങ്കിലോ അംഗത്വമെടുക്കണം.

നബാര്‍ഡിന്റെ നിര്‍ദേശം അനേകം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരത്തിലുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ അധികാരം ഉണ്ടോ എന്നതു തന്നെ ഒരു വിഷയമാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ കാര്‍ഷികവായ്പാ സംഘങ്ങളും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും നബാര്‍ഡ് നിര്‍ദേശം ഹൈക്കോടതി തടയുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സഹകരണ സംഘങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയാകെ ചോദ്യം ചെയ്യുന്നതാണ് ഈ നിര്‍ദേശം. സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും ജീവത്തായതും അസ്ഥിവാരമായി പ്രവര്‍ത്തിക്കുന്നതുമായ തലമാണ് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍. അവയെ നിര്‍ജ്ജീവമാക്കുന്നത് സഹകരണ മേഖലയെയാകെ തകര്‍ക്കുന്നതിന് തുല്യമാണ്. ഭരണഘടനാ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ഭരണഘടനയുടെ 111 -ാം ഭേദഗതി നിയമവും ബാങ്കിംഗ് ഭേദഗതി നിയമവും കേരളത്തിന്റെ സഹകരണ മേഖലയില്‍ തങ്ങളുടെ നയങ്ങള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുന്നതിന് പശ്ചാത്തലമൊരുക്കാനുളളതാണ്.

സഹകരണ മേഖലയുടെ തകര്‍ച്ച ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍

കേരളത്തിന്റെ സഹകരണമേഖല ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് മാത്രമല്ല മികച്ച ഒരു തൊഴില്‍ദാതാവ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നതാണ്. ഈ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ നിക്ഷേപം ഇല്ലാതെ ബാങ്കിങ് ബിസിനസ് തകരുകയും ശമ്പളം നല്‍കാന്‍ ആവാത്ത നില ഉണ്ടാവുകയും ചെയ്യും. എഴുപതിനായിരത്തിലധികം കോടിരൂപയുടെ ഡെപ്പോസിറ്റും മൂന്നരക്കോടി സഹകരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെ വിശ്വാസവും അറുപതിനായിരത്തിലേറെ ജീവനക്കാരുടെ ജീവിതവുമാണ് ഇതുവഴി തകരുക. കേരളത്തിലെ സഹകരണമേഖലയില്‍ ഏകദേശം 70,000 കോടി രൂപയോളം നിക്ഷേപമായി കിടക്കുന്നുണ്ട്. ഈ തുകയെ സ്വകാര്യബാങ്കിങ് സ്ഥാപനങ്ങളിലേക്കും പുത്തന്‍ തലമുറ ബാങ്കുകളിലേക്കും കൊണ്ടുപോകുന്നതിനുളള താല്‍പര്യവും ഇത്തരം നിയമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നാം കാണണം. സഹകരണപ്രസ്ഥാനങ്ങള്‍ തകര്‍ന്നാല്‍ മുന്‍കാലത്ത് ഉണ്ടായിരുന്നതുപോലെ കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ചും ഗ്രാമീണ മേഖലയെ ഹുണ്ടികക്കാരുടെ മുന്നില്‍ എറിഞ്ഞുകൊടുക്കുകയായിരിക്കും സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോവുക എന്നതും പ്രധാനമായി കാണേണ്ടതുണ്ട്.

അതുപോലെ തന്നെ ജനങ്ങള്‍ക്ക് നേരിട്ട് ഉപകാരം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവാത്ത സ്ഥിതിയെ സംബന്ധിച്ചും വ്യക്തമാക്കി കൊടുക്കാന്‍ സാധിക്കണം. കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ അനിവാര്യമാണ് ഇത്തരം നിയമ സംവിധാനങ്ങളെ തിരുത്തുന്നതിന് പൊരുതുന്നതിനോടൊപ്പം സഹകരണ സ്ഥാപനങ്ങളെ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പിച്ച് വളര്‍ത്തുന്നതിനും ആധുനികമായ സമ്പ്രദായങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടു പോവുക എന്നതും പ്രധാനമാണ്. അതിന് ഉതകുന്ന ചില പരിഷ്കാരങ്ങള്‍ അടിയന്തിരമായി ഈ മേഖലയില്‍ കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം കൂടുതല്‍ നേടിയെടുക്കുന്നതിനും ആഗോളവല്‍ക്കരണനയത്തിന്റെ ദുരിതത്തില്‍ നിന്ന് ജനതയെ രക്ഷപ്പെടുത്തുന്നതിനും ഉളള ക്രിയാത്മകമായ നടപടികളും ഇതോടൊപ്പം നടപ്പിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുളള ദേശീയ തലത്തിലുളള ഒരു തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ഈ ഘട്ടത്തിലാണ് നിര്‍മാണരംഗത്ത് ഇതിനകം തന്നെ ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി, നമ്മുടെ നാടിന്റെ യഥാര്‍ത്ഥ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നനിലയിലുളള സംരംഭങ്ങളുമായി ആധുനികമായ സമ്പ്രദായങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് ബദല്‍ കാഴ്ചപ്പാട് മുന്നോട്ടു വച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഈ സംരംഭത്തെ എല്ലാവരും പിന്‍തുണയ്ക്കുന്നുണ്ട്. സഹകരണ മേഖലയ്ക്കാകെ മാതൃകാപരവും മൂല്യവത്തുമായ സംഭാവനകള്‍ ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ തുടര്‍ന്നും ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

*
കോടിയേരി ബാലകൃഷ്ണന്‍ ചിന്ത വാരിക 11 ഒക്ടോബര്‍ 2013

No comments: