Wednesday, October 9, 2013

കാലിത്തീറ്റ കുംഭകോണത്തിന്റെ ഉള്ളറകള്‍

ലാലുപ്രസാദ് യാദവും ബിഹാറിലെ മൃഗസംരക്ഷണ വകുപ്പുമായി ഒരു ജൈവ ബന്ധമുണ്ട്. പട്നയിലെ ബിഎന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ലാലു താമസിച്ചത് ബിഹാര്‍ വെറ്റിനറി കോളേജിലെ പ്യൂണായിരുന്ന സഹോദരന്റെ ക്വാര്‍ടേഴ്സിലായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അതേ വെറ്റിനറി കോളേജിലെ ക്ലാര്‍ക്കായും ലാലു ജോലി നോക്കി. 1990 ല്‍ രാംസുന്ദര്‍ദാസിനെ തഴഞ്ഞ് അന്നത്തെ പ്രധാനമന്ത്രി വിപി സിങ് ലാലുവിനെ മുഖ്യമന്ത്രിയാക്കുന്നതുവരെ ഈ വെറ്റിനറി കോളേജ് ഹോസ്റ്റലിലായിരുന്നു ലാലുവിന്റെ താമസം. എരുമയെ കറന്നും അവയെ പരിപാലിച്ചുമുള്ള കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ബിഹാര്‍ ജനതയുടെ മനസ്സ് കീഴടക്കാന്‍ ലാലുവിന് കഴിഞ്ഞത്.

ഗോപാല്‍ ഗഞ്ച് ജില്ലയിലെ ഫുല്‍വാരിയയില്‍ പാല്‍കച്ചവടം നടത്തി ജീവിക്കുന്ന കുന്ദന്‍ റായിയുടെയും മര്‍ച്ചിയാ ദേവിയുടെയും ആറുമക്കളില്‍ രണ്ടാമനായിരുന്നു ലാലു. 1977 ല്‍ ചപ്രയില്‍ നിന്നും 29 ാമത്തെ വയസ്സില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിച്ച് പാവപ്പെട്ടവരുടെ പ്രതീകമായി മാറിയ ലാലുവിന്റെ പടിയിറക്കത്തിനും കാരണം കന്നുകാലികളുമായി ബന്ധപ്പെട്ട അഴിമതിയാണെന്നത് വിരോധാഭാസം. ചപ്രയുടെ പുതിയ പേരായ സരന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെയാണ് ലാലുവിന്റെ പടിയിറക്കവും. കാലിത്തീറ്റക്കേസില്‍ അഞ്ചു വര്‍ഷം തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് റാഞ്ചിയിലെ സിബിഐ കോടതി ഇപ്പോള്‍ ലാലുവിനെ ശിക്ഷിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കന്നുകാലി കുംഭകോണമാണ് ലാലുവിന് 1997 ല്‍ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുത്തിയത്. കന്നുകാലിത്തീറ്റ കുംഭകോണത്തിന്റെ തുടക്കം ലാലുവിന്റെ കാലത്തൊന്നുമായിരുന്നില്ല. അതിന് കോണ്‍ഗ്രസ് സര്‍ക്കാരിനോളം വേരുകളുണ്ടായിരുന്നു. വ്യാജരേഖകളും മറ്റും തയ്യാറാക്കി സര്‍ക്കാര്‍ പണം വര്‍ഷങ്ങളായി കൊള്ളയടിച്ച കാലിത്തീറ്റ മാഫിയയ്ക്ക് കൂട്ടുനിന്നതിന്റെ പരിണിതഫലമാണ് ലാലു ഇന്ന് അനുഭവിക്കുന്നത്.

എണ്‍പതുകളില്‍ ബീഹാര്‍ ഭഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളും തുടര്‍ന്ന് അധികാരത്തിലെത്തിയ ലാലു സര്‍ക്കാരും മാഫിയയ്ക്ക് കൂട്ടുനിന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ശൃംഖലയാണ് കോടികളുടെ ഈ അഴിമതിക്ക് പിന്നിലുണ്ടായിരുന്നത്. ബീഹാര്‍ ട്രഷറിയും വകുപ്പുകളും പ്രതിമാസം സമര്‍പ്പിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതില്‍ പതിവായി വീഴ്ചവരുത്തുന്നത്. 1985 ല്‍ അന്നത്തെ സിഎജി ടി എന്‍ ചതുര്‍വേദി(പിന്നീട്ഇദ്ദേഹം ബിജെപിയുടെ രാജ്യസഭാംഗമായി) ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് പുറത്താകാന്‍ വഴിയൊരുങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര്‍ സിങ്ങിനെ സിഎജി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബീഹാറിലെ പണമിടപാടുകള്‍ സിഎജി സൂഷ്മമായി നിരീക്ഷിച്ചുതുടങ്ങി. 1992 ല്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഇന്‍സ്പെക്ടറായ ബി ബി ദ്വിവേദി കാലിത്തീറ്റ കുംഭകോണം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികം വൈകാതെ ദ്വിവേദി സസ്പെന്‍ഷനിലായി. പിന്നീട് കേസില്‍ നിര്‍ണായക സാക്ഷിയായത് ഈ ദ്വിവേദിയാണ്. 1992-93 കാലയളവ് മുതല്‍ 1995-96 കാലയളവ് വരെയുള്ള സിഎജി റിപ്പോര്‍ട്ടുകളില്‍ കാലിത്തീറ്റ കുംഭകോണം ഇടംപിടിച്ചു. 1995 ല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെയാണ് ഇത് രാഷ്ട്രീയവിവാദമായി ഉയര്‍ന്നത്. 1996 ജനുവരിയില്‍ വെസ്റ്റ് സിങ്ഭും ജില്ലയിലെ ഡെപ്യൂട്ടി കമീഷണര്‍ അമിത് ഖരെ(നിലവില്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തിലെ ജോയഇന്റ് സെക്രട്ടറി) ഛായിബാസ പട്ടണത്തിലെ മൃഗസംരക്ഷണ വകുപ്പില്‍ റെയ്ഡ് നടത്തുകയും ഞെട്ടിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി കാലിത്തീറ്റയും മറ്റ് ഉപകരണങ്ങളും സംഭരിച്ചുവെന്ന് അവകാശപ്പെട്ടുള്ള വ്യാജരേഖകളാണ് പിടിച്ചെടുത്തത്. കുംഭകോണം അന്വേഷിക്കാന്‍ സമിതിയെ വെയ്ക്കാന്‍ ലാലു നിര്‍ബന്ധിതനായി. എന്നാല്‍ ഈ അന്വേഷണം അട്ടിമറിക്കാന്‍ ലാലു കരുനീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തിനിടയിലാണ് ബിഹാര്‍ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുന്നത്. പിന്നീട് സുപ്രിംകോടതിയും അന്വേഷണം നിരീക്ഷിച്ചു.

1996 ഏപ്രില്‍ 27 ന് സിബിഐ പ്രാഥമിക കുറ്റപത്രം നല്‍കി. 1997 മെയ് 10 നാണ് സിബിഐ ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ എആര്‍ കിദ്വായിയോട് ആവശ്യപ്പെട്ടത്. അന്ന് പ്രധാനമന്ത്രിയായ ഐ കെ ഗുജ്റാളിന്റെ സമ്മതം ലഭിച്ചതോടെ ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഇതിന്റെ പേരിലാണ് ജനതാദളിനെ പിളര്‍ത്തി ലാലു രാഷ്ട്രീയ ജനതാദളിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിയായി ഭാര്യ റാബ്രി ദേവിയെ ലാലു നിയമിക്കുകയും ചെയ്തു. എതായാലും ലാലുവും മറ്റ് 55 പേരും കുറ്റക്കാരാണെന്ന് സിബിഐ കുറ്റപത്രം നല്‍കി. ലാലു ജയിലിലുമായി. മൂന്ന് ഘട്ടങ്ങളിലായി അഞ്ച് മാസം ലാലു ജയില്‍വാസമനുഭവിച്ചു. ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും ജഹാനാബാദില്‍ നിന്നുള്ള ജെഡിയു എംപി ജഗദീഷ് ശര്‍മ്മയെയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ലാലുവിനും ജഗദീഷ് ശര്‍മ്മയ്ക്കും ലോക്സഭാംഗത്വം നഷ്ടമാകും. ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന എംപിമാരുടെ എണ്ണം ഇതോടെ മൂന്നായി ഉയരും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രത്യേക ക്ഷണിതാവും രാജ്യസഭാംഗവുമായ റഷീദ് മസൂദിനെ അഴിമതി കേസില്‍ കുറ്റക്കാരനായി പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ 56 പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ ഏഴ് പേര്‍ മരിച്ചു. സ്വാതന്ത്ര്യസമരസേനാനിയും മുഗസംരക്ഷണ മന്ത്രിയുമായ ഭോലാറാം തൂഫാനിയും ഹരീഷ് ഖണ്ഡേല്‍വാലും ആത്മഹത്യ ചെയ്തു. മുന്‍ കേന്ദ്ര മന്ത്രി ചന്ദ്രദേവ് പ്രസാദ് വര്‍മയും മരിച്ചവരില്‍ ഉള്‍പ്പെടും. ജാര്‍ഖണ്ഡിലെ സിങ്ങ്ഭൂം ജില്ലയിലെ ചായിബാസ ട്രഷറിയില്‍ നിന്നും 37.7 കോടി രൂപ പിന്‍വലിച്ച കേസിലായിരുന്നു ലാലുവിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. അതേ കേസിലാണ് ഇപ്പോള്‍ റാഞ്ചിയിലെ സിബിഐ കോടതി ലാലുവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുള്ളത്. ഇതോടെ 29-ാം വയസ്സില്‍ എംപിയായ ലാലുപ്രസാദിന്റെ ലോകസഭാംഗത്വവും നഷ്ടമാവുകയാണ്. ക്രിമിനല്‍ കേസുകളില്‍ കുറഞ്ഞത് രണ്ടുവര്‍ഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയാണ് ലാലുവിനും മറ്റും വിനയാകുന്നത്. കോടതി ഉത്തരവ് മറികടക്കുന്നതിന് കേന്ദ്ര മന്ത്രിസഭഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഒപ്പിട്ടിട്ടില്ല. പ്രതിപക്ഷവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയും ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നതോടെ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ അത് പിന്‍വലിച്ചു. മഹാരാജ്ഗഞ്ച് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയുവിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഗംഭീരവിജയം നേടി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ആര്‍ജെഡിക്ക് ലാലുവിനെതിരായ കോടതിവിധി കനത്ത തിരിച്ചടിയായി. ജെഡിയു- ബിജെപി സഖ്യം പൊളിഞ്ഞതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് ആര്‍ജെഡി പ്രതീക്ഷിച്ചിരുന്നു. നേതാവ് ജയിലിലായതോടെ അങ്കലാപ്പിലായ ആര്‍ജെഡി നേതാക്കള്‍ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. സ്വന്തം അണികളും നേതാക്കളും ജെഡിയുവിലേക്കും ബിജെപിയിലേക്കും പോകാതെ തടയുകയാണ് ആജെഡി നേതൃത്വത്തിനു മുമ്പിലുള്ള വെല്ലുവിളി. രഘുവംശപ്രസാദ്, പ്രഭുനാഥ്സിങ് തുടങ്ങിയ രജപുത്ര നേതാക്കള്‍ ആര്‍ജെഡിക്കുണ്ടെങ്കിലും ലാലുവില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ജെഡിക്ക് വിഷമമാണ്. കാലിത്തീറ്റ കേസില്‍ നേരത്തെ ലാലു ജയിലില്‍ പോയപ്പോള്‍ ഭാര്യ റാബ്രി ദേവിയാണ് പാര്‍ടിയെ നയിച്ചത്. അത് ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. ഇളയ മകന്‍ തേജസ്വിനിയും നേതൃത്വത്തിലുണ്ടാകും. സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ലാലുവിന് കഴിയും. അപ്പീല്‍ അനുവദിച്ചാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ മാത്രമാണ് ആര്‍ജെഡിയുടെ പ്രതീക്ഷ. ലാലു ജയിലിലായതോടെ ഏറ്റവും വിഷമ സന്ധിയിലായത് കോണ്‍ഗ്രസാണ്. രാഹുല്‍ ബ്രിഗേഡിന്റെ തീരുമാന പ്രകാരം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലായി കോണ്‍ഗ്രസ് ലാലുവുമായി സഖ്യത്തിലായിരുന്നില്ല. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ലാലു നില മെച്ചപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ലാലുവുമായി സഖ്യം സ്ഥാപിക്കാനുള്ള അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയായിരുന്നു.

സോണിയാഗാന്ധിയെ വിദേശിയെന്ന് ബിജെപിയും മറ്റും ആക്ഷേപിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ലാലുവിനെ കോണ്‍ഗ്രസിന് പെട്ടെന്ന് തള്ളിപ്പറയാന്‍ കഴിയുമായിരുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ റെയില്‍വെ മന്ത്രിയുമായിരുന്നു ലാലു. മാത്രമല്ല ദുര്‍ബലനായ ലാലുവില്‍ നിന്ന് മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനുമായി കൂട്ടുപിടിച്ചാല്‍ കൂടുതല്‍ തകര്‍ച്ച നേരിടുമോ എന്ന ഭീതിയും കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പേരില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ജെഡിയു നേതാവ് നിതീഷ് കുമാറുമായി കൈകോര്‍ക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് ആരായുന്നുണ്ട്. അത്തരമൊരു സഖ്യം താല്‍ക്കാലിക വിജയം നല്‍കുമെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ സീറ്റുകള്‍ കുറവേ ലഭിക്കൂ. മാത്രമല്ല കോണ്‍ഗ്രസിന്റെ സഹായത്തോടെ കൂടുതല്‍ സീറ്റ് നേടുന്ന നിതീഷ് തെരഞ്ഞെടുപ്പിന് ശേഷം മറ്റ് സാധ്യതകള്‍ തേടുമോ എന്ന ഭയവും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്.

ലാലുവിന്റെ സാന്നിധ്യം ബിഹാര്‍ രാഷ്ട്രീയത്തില്‍ തീര്‍ക്കുന്ന ശൂന്യത വലുതായിരിക്കും. എന്നാല്‍ ജയിലില്‍ പോകുന്നതുകൊണ്ട് മാത്രം ലാലുവെന്ന രാഷ്ട്രീയ നേതാവിനെ എഴുതിത്തള്ളാനും കഴിയില്ല. യാദവ വോട്ട് ബാങ്ക് ഇപ്പോഴും ലാലുവിനൊപ്പമുണ്ട്. അദ്വാനിയുടെ രഥയാത്ര സമസ്തപ്പൂരില്‍ വെച്ച് 1990 ല്‍ തടഞ്ഞതുമുതല്‍ മുസ്ലീങ്ങളുടെ പിന്തുണ തേടിയ ലാലുവിനെ അവര്‍ പൂര്‍ണമായും കയ്യൊഴിഞ്ഞിട്ടുമില്ല. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നേരിട്ട ലാലുവിന് ഇത് തകര്‍ച്ചയുടെ കാലമാണെന്ന് പറയാമെങ്കിലും ആ യുഗം അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രിയും സഹപാഠിയുമായ നിതീഷ് കുമാര്‍ പോലും ലാലുവിനെതിരെയുള്ള കോടതി വിധിയെക്കുറിച്ച് നിയമം അതിന്റെ വഴിക്ക് പോകുന്നു എന്നുമാത്രമാണ് പ്രതികരിച്ചത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക

No comments: