Thursday, October 10, 2013

ഊരാളുങ്കല്‍ വിസ്മയം

തൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥര്‍ തൊഴിലാളികളാണ്. അതിന്റെ നടത്തിപ്പുകാരെ തീരുമാനിക്കുന്നതും അവര്‍തന്നെയായിരിക്കും. ലാഭം പരമാവധിയാക്കലല്ല തൊഴിലാളിസംഘത്തിന്റെ ലക്ഷ്യം. തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലിയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ട് സ്ഥാപനത്തിന്റെ വിപുലീകരണത്തിനാവശ്യമായ മിച്ചമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുതലാളിത്ത സ്ഥാപനങ്ങള്‍ ഇതിന്റെയെല്ലാം വിപരീതമാണ്. അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളല്ല. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. ഈ വ്യവസ്ഥയെ മാറ്റിക്കൊണ്ടല്ലാതെ സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. സഹകരണ സ്ഥാപനങ്ങളുടെ എണ്ണം പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാനാവും എന്നത് വ്യാമോഹം മാത്രമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ മുതലാളിത്ത സ്ഥാപനത്തിന്റെ ലക്ഷ്യത്തില്‍നിന്നും വ്യത്യസ്തമായ ഒന്നായതിനാല്‍ സഹകരണ സ്ഥാപനങ്ങള്‍ സ്വാഭാവികമായി മാത്രം രൂപംകൊള്ളുകയില്ല. പിന്തിരിഞ്ഞുനോക്കുമ്പോള്‍ മൂന്നുതരത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ രൂപംകൊള്ളുന്നതെന്ന് കാണുവാന്‍ കഴിയും.

1. ആദര്‍ശ പ്രചോദിതരായ നല്ല മനുഷ്യര്‍ വ്യത്യസ്ത സാമൂഹിക സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പലപ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. റോബര്‍ട്ട് ഓവനെപ്പോലുള്ളവര്‍ സോഷ്യലിസ്റ്റ് സാങ്കല്‍പിക ലോകത്തിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് സഹകരണ പ്രസ്ഥാനത്തെ കണ്ടത്. ഇതിനെ മാര്‍ക്സും എംഗത്സും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.

2. തൊഴിലാളികളുടെ സമരായുധമായി പലപ്പോഴും സഹകരണ സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ചയുടെകാലത്തും പണിമുടക്കുകാലത്തും സ്വയം പ്രതിരോധത്തിന്റെ മാര്‍ഗമായി സഹകരണ സ്ഥാപനങ്ങളെ തൊഴിലാളികള്‍ അഭയകേന്ദ്രങ്ങളാക്കയിട്ടുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചെയ്തത്.

മുകളില്‍പറഞ്ഞ രണ്ടുമാര്‍ഗങ്ങളിലൂടെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ സഹകരണ സംഘങ്ങളേറെയും രൂപംകൊണ്ടതെങ്കില്‍ ഇന്ത്യയില്‍ മഹാ ഭൂരിപക്ഷം വരുന്ന സഹകരണ സ്ഥാപനങ്ങളും രൂപംകൊണ്ടത് പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ്. പാവപ്പെട്ടവര്‍ക്ക് വായ്പ തരപ്പെടുത്തുവാനും പരമ്പരാഗത വ്യവസായങ്ങളെ പുനഃസംഘടിപ്പിക്കാനും കാര്‍ഷികോല്‍പന്ന വിപണനത്തിനും തുടങ്ങി വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചത്.

ആദ്യം പറഞ്ഞ രണ്ടു മാര്‍ഗങ്ങളും താഴെനിന്നുള്ള മുന്‍കൈ ആണെങ്കില്‍ മൂന്നാമത് പറഞ്ഞത് മുകളില്‍നിന്നുള്ള മുന്‍കൈയാണ്. താഴെനിന്നുള്ളതിനാണ് വിജയസാധ്യത കൂടുതല്‍. ഊരാളുങ്കല്‍ സംഘം ആദ്യം പറഞ്ഞ രണ്ടിന്റെയും ഒരു സംയുക്തരൂപമാണ്. അതുകൊണ്ടുതന്നെ അതിന് തനതായ സവിശേഷതകളുണ്ട്. ഉടമസ്ഥതയിലും മാനേജ്മെന്റിലും പണിസ്ഥലത്തുമുള്ള തൊഴിലാളികളുടെ സമ്പൂര്‍ണമായ പങ്കാളിത്തം വ്യവസായമേഖലയിലെ ജനാധിപത്യത്തിനുള്ള അത്യപൂര്‍വമായ ഉദാഹരണമായിരുന്നു. തൊഴിലാളികള്‍ക്കുമാത്രമേ സംഘത്തില്‍ അംഗത്വമെടുക്കാനാവൂ. തൊഴിലാളികള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ഡയറക്ടര്‍മാര്‍ക്ക് വിദഗ്ധ തൊഴിലാളിയുടെ കൂലിയേ ലഭിക്കൂ. മറ്റൊന്ന്, ഓരോ പ്രവൃത്തിസ്ഥലത്തെയും തൊഴിലാളികള്‍ ദിവസംതോറും നടന്ന പ്രവര്‍ത്തനം അവലോകനംചെയ്ത് പിറ്റേന്നുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നു. ഓരോ തൊഴിലാളിക്കും സംഘം അവരുടേതാണെന്ന് അനുഭവപ്പെടുന്നു.

അടുത്തത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സംഘം പിന്തുടരുന്ന തനത് രീതികള്‍ ഏറ്റവും ആധുനികമായ മാനേജ്മെന്റ് മേല്‍നോട്ട സംവിധാനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഓരോ നിര്‍മാണപ്രവൃത്തിക്കും പ്രത്യേക ലാഭനഷ്ടക്കണക്കും നിരീക്ഷണസംവിധാനവും ഉണ്ടായിരുന്നു. ഓരോ പ്രവൃത്തിദിവസത്തിന്റെയും അവസാനം ആ ദിവസത്തെ പണിയെക്കുറിച്ച് സംഘം ഡയറക്ടര്‍ബോര്‍ഡ് വിലയിരുത്തുന്നു. ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനും പണിസ്ഥലത്തിന്റെ ചുമതലയുണ്ടായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണമേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനാണിത്. 1925ല്‍ രൂപീകൃതമായ സംഘമാണെങ്കിലും ജനകീയാസൂത്രണ കാലഘട്ടത്തിലാണ് ഊരാളുങ്കല്‍ സംഘം സംസ്ഥാന വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങിയത്. ഊരാളുങ്കല്‍ സൊസൈറ്റി കേരളീയ നവോത്ഥാന മുന്നേറ്റത്തിന്റെ ഉത്പന്നമാണ്. 1925ല്‍ അത് സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്. സാമൂഹിക പരിഷ്കരണ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ജന്മിമാരും സവര്‍ണരും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച സാഹചര്യത്തിലാണ് വാഗ്ഭടാനന്ദനും സംഘവും ബദലുകള്‍ സൃഷ്ടിച്ചത്. കുട്ടികള്‍ക്ക് സ്കൂളും വായ്പയ്ക്ക് ഐക്യനാണയസംഘവും ജോലിക്ക് കൂലിവേലക്കാരുടെ പരസ്പരസഹായസംഘവും രൂപവത്കരിച്ചു. ഇതിലേറെ ആവേശവും സ്മരണകളും ആവാഹിക്കാന്‍ കഴിയുന്ന മറ്റേത് സംഘത്തെയാണ് കണ്ടെത്താനാവുക?

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത് സര്‍ക്കാറിന്റെ പൊതുമരാമത്തുപണികളിലെ കോണ്‍ട്രാക്ടര്‍ രാജും അഴിമതിക്കൂട്ടുകെട്ടും കുപ്രസിദ്ധമാണല്ലോ. ഇതിനെ മറികടക്കാനാണ് ഗുണഭോക്തൃകമ്മിറ്റികള്‍ക്ക് രൂപംനല്‍കിയത്. കോണ്‍ട്രാക്ടര്‍ നോമിനി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കമ്മിറ്റികളില്‍നിന്ന് വ്യത്യസ്തമായിരുന്നു അവ. പൊതുമരാമത്തിലെ അഴിമതി ഗണ്യമായി കുറയ്ക്കുന്നതിനും വലിയതോതില്‍ പ്രാദേശികവിഭവങ്ങള്‍ സമാഹരിക്കുന്നതിനും അന്നത്തെ ജനകീയകമ്മിറ്റികള്‍ക്ക് കഴിഞ്ഞെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിശദമായ അവലോകനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പരിചയക്കുറവും നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതും ഗുണഭോക്തൃകമ്മിറ്റികളുടെ പരിമിതികളായിരുന്നു. അതുമൂലം താരതമ്യേന ചെറിയപ്രവൃത്തികള്‍മാത്രമേ അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്കുതോറും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അക്കാലത്ത് ഇത്തരം നാനൂറോളം സംഘങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏതാണ്ട് പകുതിയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാക്കിയുള്ളവയില്‍ ഗണ്യമായ ഭാഗം കോണ്‍ട്രാക്ടര്‍മാരുടെ ബിനാമിസംഘങ്ങളും. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മാതൃകയെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എത്തിനിന്നത്. ആസൂത്രണബോര്‍ഡുമായി സഹകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സെസൈറ്റിയെക്കുറിച്ച് ഒഞ്ചിയം പഞ്ചായത്ത് ഒരു ശില്പശാല നടത്തി. നൂറിലേറെ പഞ്ചായത്തുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ മാതൃകയില്‍ ഒട്ടേറെ സൊസൈറ്റികള്‍ ഉണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിര്‍ത്തലാക്കിയതോടെ അവയില്‍ പലതും നാമാവശേഷമായി.

കാസര്‍കോട്ടെ ഉദയപുരത്തെയും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെയും പോലുള്ള സൊസൈറ്റികള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട് ഇന്നും തുടരുന്നു. ജനകീയാസൂത്രണത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ സംഘത്തിന്റെ വളര്‍ച്ച വിസ്മയകരമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം മുന്‍കൂര്‍ ഡെപ്പോസിറ്റുചെയ്ത് പ്രവൃത്തികള്‍ ഏല്‍പ്പിച്ചുകൊടുക്കാവുന്ന അക്രഡിറ്റേഷന്‍ ലഭിച്ചതോടെ നിര്‍മാണപ്രവൃത്തികളുടെ എണ്ണം പെരുകി. പ്രവര്‍ത്തനമൂലധനത്തിന്റെ പ്രശ്നവും പരിഹരിക്കപ്പെട്ടു. സംഘത്തിന്റെ ടേണോവര്‍ അഞ്ചുകോടിയില്‍നിന്ന് 200 കോടിയായി ഉയര്‍ന്നു. മൊത്തം ആസ്തികള്‍ അഞ്ചുകോടിയില്‍നിന്ന് 350 കോടിയായി. മൊത്തം നാലായിരം നിര്‍മാണപ്രവൃത്തികളാണ് സംഘം ഇതേവരെ പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ 350 കോടിയുടെ 130 നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധഘട്ടങ്ങളിലായുണ്ട്. ഒരു ഇടപാടുകാരന്‍പോലും ഇതുവരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ല. സ്വന്തമായി ക്വാറിയും ഹോളോബ്രിക്സ് യൂണിറ്റും സംഘത്തിനുള്ളത് മത്സരശേഷി വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണക്കമ്പനികള്‍ക്കുള്ള യന്ത്രസാമഗ്രികളെല്ലാം സംഘത്തിന്റെ കൈവശമുണ്ട്. 200 കോടിയുടെ വിറ്റുവരവ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2000 കോടിയായി ഉയര്‍ത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണസ്ഥാപനം എന്ന നിലയില്‍നിന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി വളരണം.

ഇത്ര വേഗത്തിലൊരു വളര്‍ച്ച ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത്തേത്, മലേഷ്യയിലെയും മറ്റും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ ഇന്ത്യന്‍ നിര്‍മാണമേഖലയിലേക്ക് കടന്ന് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വലിയ പ്രവൃത്തികള്‍ക്കും ആഗോളടെന്‍ഡറാണ്. ഈ ഭീമന്‍കമ്പനികളുടെ സബ് കോണ്‍ട്രാക്ടര്‍മാരായി ഒതുങ്ങിക്കൂടണോ അവരുമായി മത്സരിച്ച് മുന്നേറണോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. 14.5 ശതമാനം പലിശയ്ക്ക് സംഘം വായ്പയെടുക്കേണ്ടിവരുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ മൂന്നും നാലും ശതമാനം പലിശയ്ക്കാണ് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. അവര്‍ക്ക് സ്വന്തമായി ഡിസൈന്‍ കമ്പനികള്‍ പ്രത്യേകമുണ്ട്. പ്രീ ഫാബ്രിക്കേഷന്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കൈവശമുണ്ട്. വളര്‍ന്നുകൊണ്ടേ ഈ രംഗങ്ങളിലെല്ലാം മത്സരശേഷി ഉയര്‍ത്താനാവൂ. രണ്ടാമത്തേത്, പൊതുമരാമത്ത് പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റമാണ്. കേവലം കോണ്‍ട്രാക്ടര്‍മാരെയല്ല ഇന്ന് വന്‍കിട പ്രവൃത്തികള്‍ ആവശ്യപ്പെടുന്നത്. പ്രോജക്ടുകള്‍ സ്വന്തമായി ഡിസൈന്‍ചെയ്യുന്നതിനും പണം സമാഹരിക്കുന്നതിനും തുടര്‍പരിപാലനം നടത്തുന്നതിനുമൊക്കെ കെല്‍പ്പുള്ള സേവനദാതാക്കളെയാണ് സര്‍ക്കാരടക്കം ഇന്ന് അന്വേഷിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് 31 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭീമന്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സംരംഭത്തെ കാണേണ്ടത്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ മൊത്തം ചെലവ് 210 കോടി രൂപയാണ്. വായ്പയെടുക്കുന്നതിനും കെട്ടിടസൗകര്യങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനും മറ്റുമായി സംഘത്തിന്റെ ഉടമസ്ഥതയില്‍ ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കല്‍ സംഘം തന്നെയാണ് നിര്‍വഹിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ആദ്യത്തെ കെട്ടിടത്തിന് 45 കോടി രൂപയാണ് മതിപ്പുചെലവ്. വര്‍ഷാവസാനത്തോടെ ഐ.ടി. കമ്പനികള്‍ക്ക് കെട്ടിടം വാടകയ്ക്ക് ലഭ്യമാകും. 2000 പേര്‍ക്ക് ഇവിടെ പണി ലഭിക്കും. പാര്‍ക്ക് കമ്മീഷന്‍ചെയ്യുമ്പോള്‍ ഇത് 20,000മായി ഉയരും. അങ്ങനെ മലബാറിലെ ആദ്യത്തെ സൈബര്‍പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുകയാണ്. ഇവിടെ സംഘം വെറും കോണ്‍ട്രാക്ടറല്ല. കേരളത്തിന്റെ ഒരു മുന്‍ഗണനാ വികസന മേഖലയിലെ പ്രമുഖ സേവനദാതാവായി മാറുകയാണ്.

വന്‍കിട ആധുനിക നിര്‍മാണ സ്ഥാപനമായി വളരേണ്ടതിന്റെ യുക്തി അംഗീകരിക്കാന്‍ തയ്യാറാണ് പലരും. പക്ഷേ, വൈവിധ്യവത്കരണമെന്തിന് എന്നതാണ് ചോദ്യം. ഇത്രയേറെ കഴിവുതെളിയിച്ച മേഖലയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ശരി? ഇതിനുള്ള ഉത്തരം സംഘം പ്രസിഡന്റ് പാലേരി രമേശന്‍ സൈബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവേളയില്‍ വ്യക്തമാക്കി. സംഘത്തിലെ അംഗങ്ങളുടെ മക്കള്‍പോലും ഇന്ന് പരമ്പരാഗത നിര്‍മാണത്തൊഴിലുകള്‍ക്ക് സന്നദ്ധരല്ല. അവരെല്ലാം തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ഇതുമൂലം അംഗങ്ങളല്ലാത്തവരെ ജോലിക്ക് നിര്‍ത്തേണ്ടി വരുന്നു. ഇപ്പോള്‍ത്തന്നെ ഏതാണ്ട് 15 ശതമാനം തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മലയാളി തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാക്കുന്നുണ്ടെങ്കിലും സ്ഥിരജോലിക്കാരാവാനോ അംഗങ്ങളാകാനോ ഇവര്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ പുതിയ തലമുറയുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വൈവിധ്യവത്കരണം അനിവാര്യമാണ്. അല്ലാത്തപക്ഷം കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഒരുവന്‍കിട സ്ഥാപനമായി സംഘം അധഃപതിക്കും. ടൂറിസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് സംഘം സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് നടത്തുന്ന ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സോഫ്റ്റ്വേര്‍ കമ്പനിയില്‍ ഇപ്പോള്‍ 40ലേറെപ്പേര്‍ തൊഴിലെടുക്കുന്നു. ഈ പുതിയ മേഖലകളില്‍ എങ്ങനെ ഊരാളുങ്കല്‍ സംഘത്തിന്റെ പരമ്പരാഗതമായ പങ്കാളിത്തശൈലിയും ജനകീയ ഇടപെടല്‍ രീതികളും ഉള്‍ച്ചേര്‍ക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവരുന്നു.

അഴിമതി കൊടികുത്തി വാഴുന്ന നിര്‍മാണമേഖലയില്‍ ഊരാളുങ്കല്‍സംഘം ഒരു രജതരേഖയാണ്. കേരളത്തിന്റെ വികസനത്തില്‍ ജനകീയ ഇടപെടലുകളുടെ സാധ്യതകളിലേക്ക് ഈ സംഘം വിരല്‍ചൂണ്ടുന്നു. 25 ഏക്കര്‍ വിസ്തൃതിയുള്ള സൈബര്‍ പാര്‍ക്കിന് പ്രത്യേക സാമ്പത്തികമേഖല എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനവും ആരംഭിക്കാന്‍ പോകുന്നു. ആഗോളമാന്ദ്യത്തില്‍നിന്ന് ഐ.ടി. മേഖല കരകയറുമ്പോള്‍ അതില്‍ നിന്ന് നേട്ടംകൊയ്യാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കുണ്ടാകും. ഇതിന് തൊട്ടടുത്തുതന്നെയാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള സൈബര്‍ പാര്‍ക്കും. പക്ഷേ, ഇവിടെ ടെന്‍ഡര്‍പോലും വിളിച്ചിട്ടില്ല. ഇവിടെയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ പാഠങ്ങള്‍ പ്രസക്തമാകുന്നത്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 11 ഒക്ടോബര്‍ 2013

No comments: