''ഈ ലോകം സുന്ദരമാണ്. സുന്ദരമായ ഈ ലോകത്തെ ഞാന്‍ തീര്‍ച്ചയായും സ്‌നേഹിക്കുന്നു. പക്ഷെ എന്റെ ജോലിയും കടമകളും എനിക്ക് പ്രധാനപ്പെട്ടതാണ്. അവ എനിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്........ഇവര്‍ എന്നെ ഇല്ലാതാക്കും. അതുതീര്‍ച്ചയാണ്. പക്ഷെ നമ്മുടെ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ല''
സ്വന്തം ജീവന്‍ അപകടപ്പെടുത്താന്‍പോലും തയ്യാറാകുംവിധം ആപത്കരമായി ജീവിക്കുന്ന ചിലരുണ്ട്. ഏറെ ദൂരെയല്ലാതെ കാത്തിരിക്കുന്ന മരണത്തിലേക്ക് അറിഞ്ഞുകൊണ്ട് ചെറുചിരിയോടെ ഉന്നതശീര്‍ഷരായി നടന്നുപോകുന്നവര്‍. ക്രിസ്തുവും ഗാന്ധിജിയും എബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുമൊക്കെ ആ ജനുസില്‍പ്പെട്ടവരാണ്. നാടിന്റെ വിമോചനവും സഹജീവികളുടെ ഉന്നതിയും സ്വപ്‌നം കാണുന്നവര്‍ക്ക് സമാധാനത്തോടെ കട്ടിലില്‍ കിടന്നുമരിക്കാന്‍ കഴിയുന്നതെങ്ങനെ? കുരിശും വെടിയുണ്ടയും കൊലക്കത്തിയുമൊന്നും അവരെ തങ്ങളുടെ കര്‍മകാണ്ഡങ്ങളില്‍ തടയാന്‍ പോന്നവയല്ല. പുരസ്‌കാരങ്ങളോ തിരസ്‌കാരമോ അവരെ നിലതെറ്റിക്കാനും പര്യാപ്തമല്ല. സഹജീവികളോടുള്ള സ്‌നേഹത്തിനുവേണ്ടി രക്തംചിന്തേണ്ടിവന്നാല്‍ അതൊരു ബഹുമതിയായി കാണുന്നവര്‍.
ഖനി തൊഴിലാളികളുടെ വിമോചകന്‍ രക്തംചിന്തി മരിച്ചിട്ട് സെപ്തംബര്‍ 28ന് ഇരുപത്തിരണ്ട് വര്‍ഷം. കാലത്തിന്റെ മുഖത്തേക്ക് തെറിച്ചുവീണ രക്തത്തുള്ളികള്‍. തൊഴിലാളികളുടെ ഇടനെഞ്ചിലേക്ക് ഒഴുകിയിറങ്ങിയ ഉഷ്ണപ്രവാഹം. കനലുകളെരിയുന്നത് അവരുടെ നെഞ്ചിലാണ്. അവര്‍ക്കുവേണ്ടിയാണല്ലോ അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ശങ്കര്‍ ഗുഹാ നിയോഗി. ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന്റെ സ്ഥാപകനേതാവ്. 1991 സെപ്തംബര്‍ 28ന്റെ പ്രഭാതം കാണാനുള്ള ഭാഗ്യം നിയോഗിക്കുണ്ടായില്ല. ആ കൊച്ചുവെളുപ്പാന്‍കാലത്ത് ഒരു ചെറുവാല്യക്കാരന്‍ പായിച്ച വെടിയുണ്ടകള്‍ ആ ശരീരത്തെ കീറിപ്പറിച്ചല്ലോ. ആറു വെടിയുണ്ടകള്‍. സാമൂഹ്യനീതിക്കുവേണ്ടി നിലകൊണ്ടയാള്‍ക്ക് ലഭിച്ച പാരിതോഷികം. 1943 ഫെബ്രുവരി 14ന് ജനിച്ച ധീരേഷ് ഗുഹാ നിയോഗി എന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ ജീവിതം തൊഴിലാളികള്‍ക്കായി സമര്‍പ്പിതമായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ ശത്രുക്കളുടെ എണ്ണം തന്നെ തെളിവ്. അല്ലെങ്കില്‍ പിന്നെ മദ്യമാഫിയയും ഖനിമാഫിയയും ആ നിഷ്‌കളങ്കരക്തത്തിനായി കൊതികൊള്ളുമായിരുന്നോ?
ബംഗാളിലെ ജയ്പാല്‍ഗുഡിയില്‍ സാധാരണ നാട്ടിന്‍പുറത്തുകാരനായി ജനിച്ചുവളര്‍ന്ന നിയോഗി, ഛത്തിസ്ഗഢ് മൈന്‍സ് ശ്രമിക് സംഘത്തിന്റെ അനിഷേധ്യനേതാവായി മാറിയതിനുപിന്നില്‍ പോരാട്ടവീര്യം കെട്ടുപോകാത്ത മനസാണ്. അസം കാടുകളില്‍ ബാല്യം. വംഗനാട്ടില്‍ കൗമാരം. ജയ്പാല്‍ഗുഡിയില്‍ യൗവനം. തൊഴിലാളികളിലൊരാളായി രാപ്പകലുകള്‍. ഊണും ഉറക്കവുമൊക്കെ തൊഴിലാളികളോടൊത്ത്. അവരുടെ അഭ്യുന്നതി കിനാവുകണ്ടുകിടക്കവേ മരണം.... അതായിരുന്നു നിയോഗി അഥവാ അതായിരുന്നു അദ്ദേഹത്തിന്റെ പവിത്രമായ നിയോഗം. ഏതൊരാളുടെ വളര്‍ച്ചയ്ക്കുപിന്നിലും ഏതെങ്കിലുമൊരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പിന്‍ബലമുണ്ടാകുമെന്ന് പറയാറുണ്ട്. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷനായിരുന്നു നിയോഗിയുടെ നിലപാടുതറ. എഐഎസ്എഫാണ് അദ്ദേഹത്തെ നേതൃഗുണങ്ങള്‍ തികഞ്ഞ തൊഴിലാളി സംഘാടകനാക്കിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനം കൊളുത്തിയ അഗ്നിജ്വാല ശങ്കര്‍ ഗുഹാ നിയോഗിയായി ആളിപ്പടരുകയായിരുന്നു.
അന്തഃസംഘര്‍ഷങ്ങളുടെ രാപ്പകലുകളിലെന്നോ പീഡിതരോടുള്ള കറകളഞ്ഞസ്‌നേഹം നിയോഗിയെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. പിന്നെയൊരു അവധൂതനെക്കണക്ക് അലച്ചിലുകളുടെ പകലിരവുകള്‍. ഉന്മാദിയെപ്പോലെ നാടുനീളെ ചുറ്റിത്തിരിയലുകളുടെ പരമ്പര. ആദിവാസികളുടെ, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ടവരുടെ, സ്ത്രീകളുടെയൊക്കെ ക്ഷേമം അദ്ദേഹം സ്വപ്‌നംകണ്ടു. അതിനായി ജീവിതം തീറെഴുതിനല്‍കി. ആദിവാസികളുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ബസ്തറില്‍, രാജ്‌നന്ദ്ഗാവില്‍, ബിലാസ്പൂരില്‍, ദുര്‍ഗില്‍, റായ്ഗഡില്‍, റായ്പൂരില്‍, സര്‍ഗുഞ്ജന്‍ഗാവില്‍.... എല്ലായിടത്തും നിയോഗി ഓടിനടന്നു. 1964-65 കാലത്ത് ബ്ലാസ്റ്റ് ഫര്‍ണസ് ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിയോഗി, തൊഴിലാളികളുടെ എക്കാലത്തെയും വിശ്വസ്തനായ നേതാവായിരുന്നു. അപകടമുഖത്തേക്ക് അണികളെ എറിഞ്ഞുകൊടുത്ത് തടി കഴിച്ചലാക്കുന്ന നേതാക്കളുള്ള നാട്ടില്‍ അദ്ദേഹം അണികള്‍ക്കുവേണ്ടി വെടിയുണ്ടകള്‍ക്കുനേരെ വിരിമാറുകാട്ടി അവരുടെ മുന്നില്‍ നടന്നു. അങ്ങനെയാണ് നിയോഗി വ്യത്യസ്തനാകുന്നത്. അതുതന്നെയാണ് കാലം അദ്ദേഹത്തെ ഏല്‍പ്പിച്ച പവിത്രമായ നിയോഗവും. ദാനിതോല ഖനനമേഖലയിലെ നിയോഗിയുടെ ഇടപെടലുകള്‍ ചരിത്രസാക്ഷ്യമാണ്. ഭിലായ് സ്റ്റീല്‍ പ്ലാന്റിന്റെ ഭാഗമായിരുന്നു അവിടം. തൊഴിലാളികളുടെ നൂറുകണക്കിന് കൂടാരങ്ങള്‍ എവിടെയും. അവിടെനിന്ന് തൊഴിലാളി ദമ്പതികളുടെ മകളായ ആശയെ ജീവിതസഖിയാക്കുമ്പോഴും നിയോഗിയുടെ ഉള്ളിലെരിഞ്ഞത് സമത്വസുന്ദര നവലോകമെന്ന സ്വപ്‌നമായിരുന്നു. ആശയാകട്ടെ അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്ക് കരുത്തായി കൂടെനിന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട ഇടനാഴികളിലൊന്നില്‍ നിയോഗി ജയിലില്‍ അടയ്ക്കപ്പെട്ടു. 1975ല്‍ മിസ നിയമപ്രകാരമായിരുന്നു അത്. 1977ല്‍ അദ്ദേഹം സ്വതന്ത്രനായി. വര്‍ദ്ധിതവീര്യത്തോടെ ജയിലില്‍ നിന്ന് പുറത്തുവന്ന നിയോഗി, ദില്ലി രാജ്ഹാരയിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് എന്ന സംഘടനയ്ക്ക് വിത്തുപാകി. ആ ചെറുവിത്ത് പിന്നീട് വളര്‍ന്ന് പടര്‍ന്നുപന്തലിച്ച് ലക്ഷോപലക്ഷം തൊഴിലാളികള്‍ക്ക് ചേക്കേറാന്‍ പാകത്തിനുള്ള വടവൃക്ഷമായത് മറ്റൊരു ചരിത്രം. ന്യായമായ വേതനവും മികച്ച തൊഴില്‍ സാഹചര്യങ്ങളും നേടിയെടുക്കാന്‍ അവരുടെ സംഘശക്തികൊണ്ട് സാധിച്ചു. വെറുമൊരു തൊഴിലാളി നേതാവായിരുന്നില്ല നിയോഗി. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസനത്തിനെതിരെ, മദ്യത്തിനെതിരെ, മാഫിയകള്‍ക്കെതിരെ ആ ശബ്ദം ഉയര്‍ന്നുകൊണ്ടേയിരുന്നു. തൊഴിലാളികളുടെ സാമൂഹ്യവും ആരോഗ്യപരവും സാമ്പത്തികവുമായ സമഗ്രവളര്‍ച്ചയാണ് നിയോഗി ലക്ഷ്യമിട്ടത്. അതിനായി നിരവധി പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്തു. അതൊക്കെ അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇപ്പോഴും തുടരുന്നുമുണ്ട്. 1982ല്‍ 100 കിടക്കകളോടുകൂടി പാവപ്പെട്ടവര്‍ക്കായൊരു ആശുപത്രി സ്ഥാപിക്കാന്‍ സംഘിന് കഴിഞ്ഞു. അതാണ് പ്രസിദ്ധമായ ഷഹീദ് ആശുപത്രി. കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആശുപത്രിക്ക് കഴിയുന്നുണ്ട്. ഒരു പ്രൈമറി സ്‌കൂളും സംഘടന സ്ഥാപിച്ചിട്ടുണ്ട്. ഖനിത്തൊഴിലാളികളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന് ഛത്തീസ്ഗഢിന്റെ ഖനിമേഖലയില്‍ ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളികളില്‍ ഏറിയ പങ്കും തികഞ്ഞ മദ്യപന്മാരുമായിരുന്നു. തൊഴിലാളികളുടെ ആരോഗ്യവും കുടുംബഭദ്രതയും തകര്‍ക്കുന്ന ആ സാമൂഹ്യതിന്മയ്‌ക്കെതിരെ ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് വ്യാപകമായ പ്രക്ഷോഭം ആരംഭിച്ചു. മദ്യത്തിനെതിരെ സ്ത്രീകളെ അണിനിരത്തിക്കൊണ്ട് നടത്തിയ സമരം ഏറെ ശ്രദ്ധേയമായി. ഓരോ സമരവും വിജയിക്കുന്നതോടെ നിയോഗിയുടെ ശത്രുനിരയും വളര്‍ന്നുവന്നു.
സാമൂഹ്യനീതിക്കുവേണ്ടി നിരന്തരം ഉയരുന്ന ആ ശബ്ദത്തെ ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് ആ ശബ്ദം ആരെയാണോ അസ്വസ്ഥരാക്കിയത് അവര്‍ തീരുമാനിച്ചു. ഖനിമാഫിയകളും മദ്യരാജാക്കന്മാരും നിയോഗിയുടെ രക്തത്തിനായി നിരന്തരം ദാഹിച്ചിരുന്നു. അങ്ങനെയാണ് 1991 സെപ്തംബര്‍ 28ന്, ഗൂഢാലോചകരുടെ അച്ചാരം വാങ്ങിയെത്തിയ ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തെ തോക്കിനിരയാക്കിയത്. അയാള്‍ക്കുവേണ്ടികൂടിയാണ് നിയോഗി സ്വപ്‌നങ്ങള്‍ കണ്ടത്. തലേന്ന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ്‌വരെ അദ്ദേഹം വായിച്ചിരുന്ന പുസ്തകം ആ മാറോടുചേര്‍ന്ന് കിടന്നിരുന്നു- ലെനിന്റെ 'തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും വിപ്ലവവും'. ആറുവെടിയുണ്ടകളാണ് ആ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. നിയോഗിയോട്, അദ്ദേഹം ഉയര്‍ത്തിയ ആശയങ്ങളോട് നേര്‍ക്കുനേര്‍ നിന്ന് പൊരുതാനുള്ള കരുത്തില്ലാതിരുന്ന ഭീരുക്കള്‍ അദ്ദേഹത്തെ ഉറക്കത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. നിയോഗിയുടെ വേര്‍പാടില്‍ നാടാകെ നിശ്ചലമായി. കണ്ണീരണിയാത്തവരുണ്ടായിരുന്നില്ല, അവിടെ. രണ്ടുലക്ഷത്തില്‍ അധികം വരുന്ന ഖനി തൊഴിലാളികള്‍ പണിമുടക്കി തങ്ങളുടെ പ്രിയനേതാവിന് യാത്രാമൊഴി നല്‍കാനെത്തിയിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ലക്ഷക്കണക്കിനുപേരാണ,് ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയുടെ അരുണ-ഹരിത പതാകയില്‍ പൊതിഞ്ഞ നിയോഗിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ അണിനിരന്നത്. ഛത്തീസ്ഗഢിലെ വ്യവസായ മേഖലയും ഖനിമേഖലയും സ്തംഭിച്ചു. ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന്റെ കരുത്തുറ്റ പാറയില്‍ ചവിട്ടിനിന്നുകൊണ്ട് തൊഴിലാളികള്‍ തങ്ങളുടെ പ്രിയസഖാവിന് വിടനല്‍കി. നിയമം നിയമത്തിന്റെ വഴിക്കുപോയി. കൊലയാളികള്‍ അവരുടെ വഴിക്കും. നിയോഗിയുടെ വാക്കുകള്‍ ദൂരെയെവിടെ നിന്നോ മുഴങ്ങിക്കൊണ്ടിരിക്കുന്നു: 'അവര്‍ എന്നെ ഇല്ലാതാക്കും. പക്ഷെ നമ്മുടെ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല'. ആ വാക്കുകള്‍ അമരമാണ്. നിയോഗിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.
ഒരു നിയോഗി ഇല്ലാതാകുമ്പോള്‍ ആയിരം നിയോഗിമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കാലം ഏല്‍പ്പിച്ച നിയോഗവുമായി ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് മുന്നേറുകയാണ്. പാരിസ്ഥിതിക വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട്, തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്, സാമൂഹ്യ-സാമ്പത്തിക-ആരോഗ്യരംഗങ്ങളില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ട്, സമത്വസുന്ദരനവലോക നിര്‍മിതിക്കായി തോളോടുതോള്‍ ചേര്‍ന്നുകൊണ്ട്........
ആപത്കരമായി ജീവിക്കാന്‍ തീരുമാനിച്ചിട്ടുള്ളവര്‍ക്ക് നിയോഗിയുടെ ജീവിതം ഒരു നല്ല പാഠപുസ്തകമാണ്. സത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്കായി കാരാഗൃഹങ്ങളും കൊലമരങ്ങളും നിറതോക്കുകളും കാത്തിരിപ്പുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ചെറുചിരിയോടെ നേരിടുന്നവര്‍ക്കൊക്കെ ആ പാഠപുസ്തകത്തെ നെഞ്ചോടുചേര്‍ക്കാം.
പരിസ്ഥിതിക്കുവേണ്ടി, പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി, തൊഴിലാളിവര്‍ഗത്തിന്റെ വിമോചനത്തിനുവേണ്ടി സാഹസികമായി ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കൊക്കെ ആ പാഠങ്ങള്‍ ഉരുവിട്ടു പഠിക്കാം. അത് തീര്‍ച്ചയായും ധീരന്മാര്‍ക്കുള്ളതാണ്; ഭീരുക്കള്‍ക്കല്ല. ലാല്‍സലാം സഖാവെ.
*
സിജോ പൊറത്തൂര്‍ കടപ്പാട്: ജനയുഗം ദിനപത്രം
No comments:
Post a Comment