Sunday, October 6, 2013

ദേശീയ രാഷ്ട്രീയവും മുസ്ലിം ജനവിഭാഗവും

 ഭാഗം:1: മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും 

 ഭാഗം:2 മലബാര്‍ കലാപവും സ്മാരകങ്ങളും

സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ബാബറി മസ്ജിദ് തകര്‍ത്ത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കടയ്ക്കല്‍ അവര്‍ കത്തിവച്ചു. \"\"മതേതര പാര്‍ടിയെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസിന് സംഘപരിവാറിന്റെ അത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. എന്തുനടപടിക്കും ഇടതുപക്ഷം ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചിട്ടും സംഘപരിവാറിനെ തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

വര്‍ഗീയ ആക്രമണങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പലപ്പോഴും ഭരണകൂടത്തിന് പോരായ്മ സംഭവിക്കുന്നു. ന്യൂനപക്ഷങ്ങളിലെ ഒരു ചെറുവിഭാഗത്തെ ഭീകരവാദത്തിലേക്ക് നയിക്കുന്നതിന് ഇതും സാഹചര്യമൊരുക്കുന്നു. ഭീകരവാദം ഏതെങ്കിലും ഒരു മതത്തില്‍നിന്നുമാത്രം രൂപപ്പെടുന്ന ഒന്നല്ല. മലേഗാവ്, ഗോവ, മക്കാമസ്ജിദ് തുടങ്ങിയ ഇടങ്ങളില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ സ്ഫോടനങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയശക്തിയെ അധികാരത്തില്‍ കൊണ്ടുവരിക എന്നത് പ്രധാനമാണെന്ന് കാണാനാകണം. വിദേശനയത്തില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പക്ഷപാതിത്വത്തെയും അവര്‍ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയത്തെയുമാണ് ബിജെപിയും കോണ്‍ഗ്രസും പ്രതിനിധാനം ചെയ്യുന്നത്.

വര്‍ത്തമാനസ്ഥിതി

ഇന്ത്യയിലെ മറ്റു മേഖലകളിലേതിനേക്കാള്‍ ഏറെ മുമ്പന്തിയില്‍ എത്താന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ആകെ എണ്ണം ജനസംഖ്യയുടെ പകുതിയോളം വരുന്നുണ്ട്. മതപരമായ വിവേചനമോ അടിച്ചമര്‍ത്തലുകളോ മറ്റു സംസ്ഥാനങ്ങളിലെപോലെ ഇവിടെ അനുഭവപ്പെടുന്നില്ല.

മുസ്ലിംസമുദായത്തില്‍നിന്ന് ഗണ്യമായൊരു ധനികവിഭാഗം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവരുടെ കൈയിലാണ് സമുദായ നേതൃത്വം. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ഈ സമുദായ പ്രമാണിമാരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. അധികാര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാമുദായപിന്തുണ ഇവര്‍ പ്രയോജനപ്പെടുത്തുന്നു. അധികാരം പങ്കിടുന്നതിന് ബിജെപിയുമായിവരെ കൂട്ടുകൂടാന്‍ ഈ സമുദായപ്രമാണിമാര്‍ക്ക് മടിയില്ല. മുസ്ലിമിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന മുസ്ലിംലീഗ് സ്വീകരിക്കുന്ന സമീപനം ഇത്തരം സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

ഈ സമ്പന്നവിഭാഗത്തെയും ഇവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ലീഗിനെയും ചൂണ്ടിക്കാണിച്ച് വര്‍ഗീയ അജന്‍ഡ പ്രചരിപ്പിക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിലൂടെ മുസ്ലിം ജനവിഭാഗത്തിനെതിരെ വികാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു.

വര്‍ഗീയതകളുമായി സന്ധി

വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് വലതുപക്ഷത്തിന്റെ രാഷ്ട്രീയനയങ്ങള്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേരിടാന്‍ ജാതിമതശക്തികളെ കൂട്ടുപിടിക്കാന്‍ അവര്‍ തയ്യാറായി. അത്തരം ശക്തികള്‍ വലതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ തുടങ്ങി. ബേപ്പൂര്‍-വടകര മോഡല്‍ സംഖ്യം ബിജെപിയുമായിപ്പോലും കൂട്ടുകെട്ടുണ്ടാക്കുമെന്ന് തെളിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ടും ഇത്തരത്തിലുള്ളതാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ വര്‍ഗീയകലാപങ്ങള്‍ ഉണ്ടാകാറില്ല. യുഡിഎഫിന്റെ ഭരണകാലത്ത് അതല്ല സ്ഥിതി. മതത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഫലമാണിത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം.

മലബാറിലെ മുസ്ലിങ്ങളുടെ ചരിത്രത്തില്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കുക എന്ന അജന്‍ഡകാണാനാകില്ല. എല്ലാ ജനവിഭാഗത്തോടുമൊപ്പം ജീവിക്കുക എന്നതാണ് അവര്‍ പൊതുവില്‍ സ്വീകരിച്ച രീതി. അതിനെ തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയ അജന്‍ഡകളുമായി മുന്നോട്ടുപോകുകയാണ് മുസ്ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീയശക്തികള്‍. ഇത് പൊതുധാരയില്‍നിന്ന് മുസ്ലിംവിഭാഗത്തെ ഒറ്റപ്പെടുത്തുകയും ഭൂരിപക്ഷ വര്‍ഗീയശക്തികള്‍ വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. എല്ലാ വര്‍ഗീയ ശക്തികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണ് ലക്ഷ്യംവയ്ക്കുന്നത് എന്നും കാണാം. അതായത്, അടിസ്ഥാനജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ തകര്‍ക്കുകയാണ് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത ചെയ്യുന്നത്.

സാമൂഹ്യജീവിതം കൂടുതല്‍ സൗഹാര്‍ദപരമാകണം

ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയശക്തികളുടെ അജന്‍ഡ ചെറുക്കണമെങ്കില്‍ പൊതുമണ്ഡലങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടലുണ്ടാകണം. അതില്‍ പ്രധാനമാണ് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തല്‍. വിശ്വാസികളും അല്ലാത്തവരുമായ കുട്ടികള്‍ ഒന്നായിച്ചേരുന്ന ഇത്തരം സ്ഥാപനങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ അടിത്തറയായി വര്‍ത്തിക്കും. അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും ജാതി-മത ശക്തികള്‍ നടത്തുന്നതും ഓരോ വിഭാഗത്തിന്റെയും കുട്ടികള്‍മാത്രം പഠിക്കുന്നതുമാണ്. ഇത് വിദ്യാര്‍ഥികളുടെ മനസ്സില്‍ മതേതര അടിത്തറ രൂപപ്പെടുത്തുന്നതിന് തടസ്സമാകുന്ന അനുഭവങ്ങളുണ്ട്. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സമൂഹത്തില്‍ അതിനനുസൃതമായതും ആധുനിക കാലഘട്ടത്തിന് അനുയോജ്യമായതുമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍ കഴിയണം. സമുദായത്തിലെ ജനങ്ങളെ കൂടുതല്‍ പിന്നോട്ട് നയിക്കുന്ന നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാനും കഴിയേണ്ടതുണ്ട്. വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഇപ്പോള്‍ സ്വീകരിച്ച പിന്തിരിപ്പന്‍ നയസമീപനങ്ങള്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ജീവിതത്തെ പിന്നോട്ട് നയിക്കുന്നതിനേ ഇടയാക്കൂ. ഇത്തരം രീതികള്‍ക്കെതിരെ നില്‍ക്കാനാകണം.

ഉത്സവ-ആഘോഷങ്ങളിലും ജീവിതത്തിലെ സവിശേഷ അവസരങ്ങളിലുമെല്ലാം വിവിധ മതവിശ്വാസികള്‍ പരസ്പരം ഇടപെടുന്ന ശൈലി വികസിപ്പിക്കേണ്ടതുണ്ട്. വിവാഹം, മരണം തുടങ്ങിയ അവസരങ്ങളില്‍ ഇത് ശ്രദ്ധിക്കണം. ഓരോ മതത്തിനകത്തും വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതില്‍ മതവിശ്വാസികള്‍ മുന്‍കൈ എടുക്കണം. ഗാന്ധിജിയും മൗലാനാ അബ്ദുള്‍ കലാം ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികള്‍ മുന്നോട്ടുവച്ച മാതൃക പ്രചരിപ്പിക്കപ്പെടണം. മതത്തിനകത്ത് രൂപപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുന്നവിധം ഇടപെടാന്‍ പുരോഗമനവാദികള്‍ക്ക് കഴിയണം.

ഏത് മതവിശ്വാസിയായാലും ജീവല്‍പ്രശ്നങ്ങള്‍ ഒന്നാണ്. അവ ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ പൊതുവായ പ്രശ്നങ്ങളില്‍ ഐക്യം ഉണ്ടാവുകയുള്ളൂ. അത്തരം ഐക്യനിരയാണ് മതനിരപേക്ഷ സമൂഹത്തിന് അത്യന്താപേക്ഷിതം. സിപിഐ എം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. വര്‍ഗപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സാമൂഹ്യ അവശതകള്‍ പരിഹരിക്കുന്നതിന് ഇടപെട്ടുമാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍, ഇ എം എസ് മുന്നോട്ടുവച്ച രീതിയാണ് പാര്‍ടിയുടേത്.

ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പ്രത്യേകമായി കാണുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ പട്ടികജാതി-വര്‍ഗം, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, പിന്നോക്കവിഭാഗങ്ങള്‍, മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍- ഇവരെല്ലാം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവയെ സവിശേഷമായി കാണാനാകണം. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ സവിശേഷമായി കൈകാര്യം ചെയ്യുന്നതിന് പാര്‍ടി എന്നും ശ്രദ്ധിച്ചിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ഇടപെടലുകള്‍

ന്യൂനപക്ഷ ജനവിഭാഗത്തിന്റെ പ്രയാസങ്ങള്‍ ഏറ്റെടുത്ത് തുടര്‍ച്ചയായി ഇടപെട്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് 1957ലെ സര്‍ക്കാരാണ്. കുടിയാന്മാരായിരുന്ന മുസ്ലിംജനവിഭാഗത്തിന് ഭൂപരിഷ്കരണത്തിന്റെ ഫലമായി ഭൂമി ലഭിച്ചു, സാമ്പത്തികനില മെച്ചപ്പെട്ടു. അതിനായി ഇടപെട്ടത് ഇടതുപക്ഷ സര്‍ക്കാരാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സഹായകമായവിധത്തില്‍ മലപ്പുറം ജില്ല രൂപീകരിച്ചതും മലപ്പുറത്തുതന്നെ ഒരു സര്‍വകലാശാല രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും 1967ലെ സര്‍ക്കാരാണ്. പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യപരിപാലനവും ശക്തിപ്പെടുത്താനുള്ള ഇടപെടലുകള്‍ മുസ്ലിംജനവിഭാഗത്തിന് ഗുണപരമായ നേട്ടങ്ങള്‍ സംഭാവനചെയ്തു. ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് രൂപീകരിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി ഇന്ത്യയില്‍ പൊതുവിലുള്ള ന്യൂനപക്ഷ പിന്നോക്കാവസ്ഥ വിശദീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിശോധിച്ച് നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

ഏത് മതത്തിലും ഏത് ജാതിയിലുംപെട്ടവരായാലും അതിലൊന്നും വിശ്വസിക്കാത്തവരായാലും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള സിപിഐ എമ്മിന്റെ പ്രവര്‍ത്തനം, ജാതിയുടെയും മതത്തിന്റെയും പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്മാരുടെ ഇടപെടലുകളെ തകര്‍ക്കുന്നതാണ്. പാര്‍ടിയുടെ പ്രവര്‍ത്തനംതന്നെ മതേതരത്വത്തിന്റെ നെടുംതൂണായിതീരുന്നു. മതനിരപേക്ഷ സമൂഹം രൂപീകരിക്കപ്പെടാന്‍ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്രാപിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ വളര്‍ച്ച ന്യൂനപക്ഷവിഭാഗങ്ങളുടെകൂടി സംരക്ഷണത്തിന് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതനിരപേക്ഷ സമൂഹമെന്നത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. അത്തരമൊരു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനു പകരം മുസ്ലിംജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് മാറ്റിയെടുക്കാനാണ് വര്‍ഗീയ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത്. അവരുടെ അജന്‍ഡകളെ ചെറുക്കാന്‍ കഴിയണം. ഇത്തരം ശക്തികളുമായി സന്ധിചെയ്യുന്ന നിലപാടാണ് മുസ്ലിം ലീഗിന്റേത്. സമുദായത്തിലെ സമ്പന്നരുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്നതിനുള്ള ഇവരുടെ ഇടപെടല്‍ പാവപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും തിരിച്ചറിയണം.








പിണറായി വിജയന്‍

No comments: