Saturday, October 5, 2013

മുസ്ലിംലീഗ് മന്ത്രി ചെയ്യരുതാത്തത് ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനുവേണ്ടി പ്രചാരവേല നടത്താന്‍ കേരള മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി മഞ്ഞളാംകുഴി അലി 1000 യൂത്ത്ലീഗ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ച് പ്രതിമാസം 4000 രൂപ അലവന്‍സ് നല്‍കി നിയമിച്ചത് കേട്ടുകേള്‍വിപോലുമില്ലാത്ത നഗ്നമായ സ്വജനപക്ഷപാതവും അഴിമതിയുമാണ്. 3000 പേരെക്കൂടി ഇതേ രീതിയില്‍ നിയമിക്കാന്‍ തീരുമാനമുള്ളതായും അറിയുന്നു. ന്യൂനപക്ഷ മതവിഭാഗത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും അവരുടെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനും ഉതകുന്ന ഏത് ആനുകൂല്യം അനുവദിക്കുന്നതിനും ഞങ്ങള്‍ എതിരല്ല. അത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമില്ല. മൂവായിരമോ നാലായിരമോ മുസ്ലിം ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നതിലും ഞങ്ങള്‍ക്ക് താല്‍പ്പര്യമേ ഉള്ളൂ. എന്നാല്‍, നിയമനം നേരായ വഴിക്കായിരിക്കണം. നിയമവും ചട്ടവും മറികടന്ന് തന്നിഷ്ടപ്രകാരം സ്വന്തക്കാര്‍ക്ക് പക്ഷപാതപരമായി എന്തെങ്കിലും ജോലി നല്‍കുന്നത് അനുകൂലിക്കാനാവില്ല. മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ പലതും ഇക്കാര്യത്തില്‍ മൗനം അവലംബിച്ചതായി കാണുന്നു. വെള്ളിയാഴ്ചദിവസങ്ങളില്‍ മുസ്ലിംപള്ളികളില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത് ഈ പ്രചാരവേല സംഘടിപ്പിക്കാനാണ് തീരുമാനം. കൂടാതെ കോളനികളിലും മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും വീടുകള്‍ കയറിയിറങ്ങി പ്രചാരവേല നടത്താനുമാണ് ഈ യുവാക്കളെ പ്രയോജനപ്പെടുത്തുന്നത്. മുസ്ലിം ജനവിഭാഗത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ചെയ്യുന്ന കാര്യങ്ങള്‍ വിവരിച്ച് ബോധ്യപ്പെടുത്തലാണുപോലും ഇവരുടെ ചുമതല. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം വഴിമാറി ദുര്‍വിനിയോഗം ചെയ്യാനാണ് ന്യൂനപക്ഷ മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഈ പദ്ധതിയും നിയമനവും മന്ത്രിസഭയുടെ അറിവോടെയല്ലെന്നാണ് കാണുന്നത്. പദ്ധതിയുടെ ക്യാബിനറ്റ് നോട്ട് മന്ത്രിസഭയില്‍ വന്നപ്പോള്‍ ഘടകകക്ഷികള്‍ മൗനം പാലിച്ചു. ചില കോണ്‍ഗ്രസുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. യുഡിഎഫ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാതെ പദ്ധതി അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണവര്‍ സ്വീകരിച്ചത്. ക്യാബിനറ്റ് തീരുമാനം ഇല്ലാതെതന്നെ 1000 പേരെ നിയമിച്ചുകഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിയമനത്തിനുള്ള യോഗ്യത നിര്‍ണയിച്ച് പരസ്യപ്പെടുത്തി അപേക്ഷ ക്ഷണിച്ചതായി അറിവില്ല. അതായത്, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് നിയമനം എന്നര്‍ഥം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മറ്റ് ഘടകകക്ഷികളെ കൂടാതെ ഒറ്റയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫിന്റെ വിജയത്തിനാണ് മുന്‍കൂട്ടി കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി പ്രചാരവേല ആരംഭിച്ചതെന്നാണ് അവരുടെ ന്യായീകരണം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സരിത സൗരോര്‍ജ തട്ടിപ്പും മറ്റ് ചില നടപടികളും ലീഗണികളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. തട്ടിപ്പും വെട്ടിപ്പും പരസ്യമായതില്‍ അവര്‍ക്ക് പ്രയാസമുണ്ട്. സൗരോര്‍ജ തട്ടിപ്പ് യുഡിഎഫിന് ചീത്തപ്പേര് വരുത്തിവച്ചു എന്നാണവര്‍ കരുതുന്നത്. ലീഗണികളില്‍ ഉരുണ്ടുകൂടിയ അമര്‍ഷം കുറയ്ക്കാന്‍ ഒറ്റയ്ക്കുള്ള പ്രചാരവേല പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. വിവാഹപ്രായം തുടങ്ങിയ ചില വിഷയങ്ങള്‍ സാമുദായികവികാരം വളര്‍ത്തിയെടുക്കാനും, മുസ്ലിം ഏകീകരണം സാധിതപ്രായമാക്കാനും പ്രയോജനപ്പെടുമെന്നവര്‍ കാണുന്നു. എന്‍ഡിഎഫ് തീവ്രവാദികളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കാനും ലീഗ് സന്നദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ബോംബു ഫാക്ടറി ആരംഭിച്ചു. ബോംബു നിര്‍മാണത്തിനിടെ അഞ്ച് ലീഗ് യുവാക്കള്‍ മരിക്കാനിടയായി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബോംബു നിര്‍മാണത്തിനിടെ ഏതാനും പേര്‍ക്ക് പരിക്കേറ്റു. അവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പറയുന്നത്. ഒരു ഭാഗത്ത് ലീഗ് നേതൃത്വം മുസ്ലിം ഏകീകരണം പറയുമ്പോള്‍ മറുഭാഗത്ത്, ആര്‍എസ്എസ്- ബിജെപി സംഘം അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. നരേന്ദ്രമോഡി രണ്ടുതവണ തുടരത്തുടരെ കേരളം സന്ദര്‍ശിച്ചത് വ്യക്തമായ അജന്‍ഡയോടെയാണ്. ബിജെപിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ഹിന്ദുവര്‍ഗീയത വളര്‍ത്താനുമാണ് അവരുടെ ശ്രമം.

ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് വര്‍ഗീയമായ അണിചേരലിന് അരങ്ങൊരുക്കാനാണ് ഇരുകൂട്ടരുടെയും ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമുദായിക-വര്‍ഗീയ വികാരം ആളിക്കത്തിച്ച് മുതലെടുക്കാനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്ന പ്രചാരവേല ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് സങ്കല്‍പ്പിക്കുന്നു. തീവ്രവാദികളുടെ പ്രവര്‍ത്തനവും ലീഗിന്റെ വിലപേശലും വഴിവിട്ട പോക്കും ഹിന്ദു ഏകീകരണത്തിന് സഹായിക്കുമെന്ന് ബിജെപി കാണുന്നു. ഇത്തരം നീക്കങ്ങളെയാകെ ചെറുത്തുതോല്‍പ്പിച്ച് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് കേരളത്തെ സ്നേഹിക്കുന്നവര്‍ക്കുമുന്നിലുള്ള അടിയന്തരകടമ. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധരാണെന്നതിന് അനുഭവം സാക്ഷിയാണ്.

മലപ്പുറം ജില്ല അനുവദിച്ചത് ഇ എം എസ് മന്ത്രിസഭയുടെ കാലത്താണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാന്‍ മുന്‍കൈ എടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് ഏതെങ്കിലും തരത്തില്‍ മമത കുറഞ്ഞ പാര്‍ടിയല്ല സിപിഐ എമ്മും ഇടതുപക്ഷവും. അത് പല തവണ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നാണ് ഇടതുപക്ഷത്തിനെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും മന്ത്രി മഞ്ഞളാംകുഴി അലിയുടെയും പ്രവര്‍ത്തനം നേരായ മാര്‍ഗത്തിലാണെങ്കില്‍ ഇടതുപക്ഷം പിന്തുണ നല്‍കുമായിരുന്നു. എന്നാല്‍, അതീവ രഹസ്യമായി സര്‍ക്കാര്‍ പണം സ്വന്തക്കാര്‍ക്കുവേണ്ടി ചെലവഴിക്കുന്ന വഴിവിട്ട മാര്‍ഗം അഴിമതിയും തികഞ്ഞ സ്വജനപക്ഷപാതവുംമാത്രമാണ്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. നിയമനങ്ങള്‍ സുതാര്യവും നിയമപ്രകാരമുള്ളതുമാകണം. വഴിവിട്ട മാര്‍ഗങ്ങള്‍ ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് നടപ്പാക്കുന്നത് തുറന്നുകാട്ടി പൊതുജനങ്ങളെ ശരിയായ രീതിയില്‍ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 05 ഒക്ടോബര്‍ 2013

No comments: