Tuesday, October 8, 2013

ദുരിതക്കടലില്‍ മത്സ്യത്തൊഴിലാളികള്‍

കേരളത്തില്‍ മൂന്നുലക്ഷത്തോളം മത്സ്യത്തൊഴിലാളികളും അവരെ ആശ്രയിച്ചുകഴിയുന്ന 10 ലക്ഷത്തിലധികം കുടുംബാംഗങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മൂന്നുശതമാനം മത്സ്യസമ്പത്തില്‍ നിന്നാണ്. രാജ്യത്തെ മത്സ്യോല്‍പ്പന്ന കയറ്റുമതിയില്‍ 20 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കോടിക്കണക്കിനു രൂപ രാജ്യത്തിന് നേടിക്കൊടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ്. കേരളത്തില്‍ ആദിവാസികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ കഴിയുന്നതും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളിഗ്രാമങ്ങള്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളും വികസനരഹിത മേഖലകളുമായി ഇന്നും തുടരുന്നു.

മത്സ്യത്തൊഴിലാളികളെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്നത് കടബാധ്യതയാണ്. സാമൂഹ്യാവസ്ഥയും ജീവിതസാഹചര്യങ്ങളുമാണ് അവരെ കടക്കാരാക്കിയത്. മത്സ്യത്തൊഴിലാളികള്‍ അധികവും സ്വന്തമായി തൊഴില്‍ ഉപകരണങ്ങള്‍ ഇല്ലാത്തവരും ബോട്ടുകളിലും വള്ളങ്ങളിലും കൂലിവേല ചെയ്യുന്നവരുമാണ്. ഈ പശ്ചാത്തലത്തിലാണ് 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിമയം പാസാക്കി നടപ്പിലാക്കിയത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍, വീടുവയ്ക്കാന്‍, ചികിത്സയ്ക്ക്, കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വാങ്ങിയ കടങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് നിയമത്തില്‍ വ്യവസ്ഥചെയ്തത്. അഞ്ച് അംഗങ്ങളുള്ള കമീഷനെയാണ് നിയമിച്ചത്. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി. 48,335 മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ കടമെടുത്ത് കുടിശ്ശികയായ 115.03 കോടി രൂപ മത്സ്യഫെഡിനു വേണ്ടി ദേശീയ സഹകരണ വികസന കോര്‍പറേഷന് (എന്‍സിഡിസി) കേരള സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുണ്ടായി. 9891 മത്സ്യത്തൊഴിലാളികള്‍ വീട് വയ്ക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പു വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ മത്സ്യഫെഡില്‍ സൂക്ഷിച്ചിരുന്ന പ്രമാണങ്ങള്‍ അവര്‍ക്ക് തിരികെ ലഭിച്ചു.

സ്ത്രീ ശാക്തീകരണത്തിന് മത്സ്യഫെഡ് സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. മൈക്രോ ഫിനാന്‍സ്, പലിശരഹിത വായ്പ തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. 10332 സ്വയംസഹായ ഗ്രൂപ്പുകളായിരുന്നു അന്നുണ്ടായിരുന്നത്. സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ വകയില്‍ 14 കോടി രൂപയുടെ കടം ഉണ്ടായിരുന്നു. ആ തുക കമീഷന്‍ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നല്‍കി. ഭൂപണയ ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, ഹൗസിങ് സഹകരണ സംഘങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ സ്ഥാപനങ്ങളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ വായ്പ എടുത്ത് കടംവരുത്തിയ 241 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ബാങ്ക് പലിശയ്ക്ക് 20 കോടി രൂപയും നല്‍കി. ഇതില്‍ സഹകരണ ബാങ്കിന്റേതല്ലാത്ത മുഴുവന്‍ കടങ്ങളും ഒഴിവാക്കപ്പെട്ടു. സഹകരണ ബാങ്കുകള്‍ക്ക് ആദ്യ ഗഡുവായി 100 കോടി രൂപ നല്‍കി. ബാക്കി 141 കോടി രൂപ 2012 സാമ്പത്തിക വര്‍ഷാരംഭത്തില്‍ നല്‍കാമെന്ന് സമ്മതിച്ചു. ഇങ്ങനെ 402 കോടി രൂപയാണ് മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, 2012 ല്‍ 141 കോടി രൂപ നല്‍കാന്‍ ബാധ്യതപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ ഒരു പൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ബജറ്റിലും മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് പണമില്ല. ദേശസാല്‍കൃത ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കേണ്ട കടാശ്വാസത്തിന്റെ കാര്യം അവരുമായി ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടില്ല. അപ്പക്സ് സഹകരണ സ്ഥാപനങ്ങളാണ് പലിശയും പിഴപ്പലിശയും ഒഴിവാക്കേണ്ടതെന്ന നിര്‍ദേശവും നല്‍കുന്നില്ല. അതുകാരണം പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ ലഭിച്ച തുകപോലും മത്സ്യത്തൊഴിലാളികള്‍ക്ക് കടത്തില്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. കടാശ്വാസ കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകര്‍ക്ക് കടാശ്വാസ ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കാത്തതിനാല്‍ അവര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ജപ്തിനോട്ടീസ് ലഭിച്ച മൂന്ന് മത്സ്യത്തൊഴിലാളികള്‍ വൈപ്പിന്‍കരയിലും ആലപ്പുഴയിലും കാസര്‍കോട്ടും ആത്മഹത്യചെയ്തു. അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന മണ്ണെണ്ണ രണ്ടു ദിവസത്തേക്കുമാത്രമേ തികയൂ. ബാക്കി കരിച്ചന്തയില്‍നിന്ന് ഭാരിച്ച വിലയ്ക്ക്് വാങ്ങേണ്ടി വരുന്നു. മണ്ണെണ്ണയ്ക്ക് അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് അസാധ്യവുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 20 രൂപ സബ്സിഡിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ ആവിഷ്കരിച്ച പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണ എത്രയെന്ന് അറിയിച്ചാല്‍ നല്‍കാമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് സമ്മതിച്ചതാണ്. പക്ഷേ, ഇതുവരെ ഫലം കണ്ടില്ല. ഡീസലിന് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി വില വര്‍ധിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂടിയ വിലകൊടുത്ത് ഡീസല്‍ വാങ്ങി മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് നമ്മുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ ഡീസലിന് 75 ശതമാനംവരെ സബ്സിഡി അനുവദിച്ച ഇന്ത്യാ സര്‍ക്കാര്‍ തദ്ദേശീയരായ മത്സ്യബന്ധനയാനങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ഉള്‍നാടന്‍ ജലാശയങ്ങള്‍ കൈയേറുന്നതിനും നികത്തുന്നതിനും മീന്‍വളര്‍ത്താനും റിസോര്‍ട്ട് നിര്‍മിക്കാനും ഉദ്യോഗസ്ഥരുടെ അനുമതിയുണ്ട്. ദേശീയ ജലപാതയ്ക്കുവേണ്ടി കായലില്‍ ആഴം കൂടുമ്പോള്‍ അതിനായി നീക്കംചെയ്യുന്ന മണ്ണ് കായലില്‍ത്തന്നെ നിക്ഷേപിക്കാന്‍ പാടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത് പണിയിടങ്ങള്‍ കുറയാതിരിക്കാനാണ്. ഉള്‍നാടന്‍ ജലാശയങ്ങളുടെ വിസ്തൃതി കുറയുകയെന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പണിയിടങ്ങള്‍ കുറയുക എന്നാണര്‍ഥം. പണിയിടങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന മത്സ്യത്തിന്റെ അളവ് കുറയും. അങ്ങനെ വരുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയും. അതുകൊണ്ടാണ് കായല്‍ കൈയേറ്റം ശക്തമായി തടയണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ജലമലിനീകരണവും മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

നിയമം ലംഘിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്ത് സ്വീകരിക്കുന്നത്. കടലാക്രമണം കാരണം തീരദേശത്ത് ഭൂമിയും വീടും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍, ആ നഷ്ടത്തിന് ഒരു ആശ്വാസവും സഹായവും അധികാരികളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. കടലാക്രമണം പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനം കേന്ദ്രസര്‍ക്കാരിന്റെ കൃഷിവകുപ്പിനു കീഴിലാണ്. കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നഷ്ടം പ്രകൃതിദുരന്തത്തിന്റെ പരിധിയില്‍ വരുമ്പോള്‍ മത്സ്യമേഖലയിലെ നഷ്ടം ഉള്‍പ്പെടുത്തുന്നില്ല. കടല്‍സുരക്ഷ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. 2012 ഫെബ്രുവരി 15ന് കടലില്‍വച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ബോട്ടില്‍ കപ്പലിടിച്ച് അഞ്ച് തൊഴിലാളികള്‍ കൊലചെയ്യപ്പെട്ടു. ഈ രണ്ട് സംഭവങ്ങളും മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കാനാണ്് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചത്. കേരളത്തിന്റെ തീരത്ത് ദിവസം മൂവായിരത്തോളം കപ്പലുകള്‍ കടന്നുപോകുന്നതായാണ് കണക്ക്. തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന സ്ഥലത്തു കൂടിയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ നേവി, സംസ്ഥാന സര്‍ക്കാരിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവ സംയുക്തമായി കടലില്‍ പ്രവര്‍ത്തിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ കഴിയും. അവര്‍ അതിന് പരിശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണക്കാരാണ്. തുച്ഛവരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റം വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മാത്രമല്ല, മണ്ണെണ്ണ, ഡീസല്‍, ഔട്ട്ബോര്‍ഡ് മോട്ടോര്‍, ഇന്‍ബോര്‍ഡ് മോട്ടോര്‍, റോപ്പ്, വല തുടങ്ങിയവയുടെ വിലയും ഗണ്യമായി വര്‍ധിപ്പിക്കുകയാണ്. ഇത്തരം ദുരിതങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സമരരംഗത്തിറങ്ങുന്നത്.

*
അഡ്വ. വി വി ശശീന്ദ്രന്‍ (കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റാണ് ലേഖകന്‍)

No comments: