Tuesday, October 8, 2013

ചെലവിനു കൊടുക്കാതിരിക്കാന്‍ ജയിലില്‍ പോയാല്‍

ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കാന്‍ കോടതി വിധിച്ചാല്‍ "ചെലവിനു തരില്ല, ഞാന്‍ ജയിലില്‍ പൊക്കോളാം" എന്നു പറഞ്ഞാല്‍ മതിയോ? ജയില്‍വാസംകൊണ്ട് ചെലവു കൊടുക്കുന്നതില്‍നിന്ന് ഭര്‍ത്താവിന് ഒഴിവാകാനാകുമോ? ദീര്‍ഘകാലം ജീവനാംശം കുടിശ്ശികവരുത്തിയാല്‍ അത് ഒന്നിച്ച് ആവശ്യപ്പെടാമോ? ഈ ചോദ്യങ്ങള്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടു. ജയിലില്‍ പോയതുകൊണ്ട് ജീവനാംശം കൊടുക്കുന്നതില്‍നിന്ന് ഒഴിവാകില്ലെന്നും കുടിശ്ശിക മഴുവന്‍ ആവശ്യപ്പെടാമെന്നും സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. മുമ്പും പലവട്ടം ഇക്കാര്യം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കേസില്‍ ജീവനാംശ കുടിശ്ശിക നല്‍കുന്നതില്‍നിന്ന് ജയിലില്‍പോയ ഭര്‍ത്താവിനെ ഒഴിവാക്കുന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായി. ഈ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഇക്കാര്യം വീണ്ടും ഉറപ്പിച്ച് പറഞ്ഞത്.

2013 സെപ്തംബര്‍ 27നായിരുന്നു സുപ്രീം കോടതിവിധി. ക്രിമിനല്‍ നടപടിചട്ടത്തിലെ 125-ാം വകുപ്പുപ്രകാരമാണ് ജീവനാംശം നല്‍കേണ്ടത്. ജീവനാംശം കൊടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍ മതിയായ കാരണങ്ങളില്ലാതെ അതു കൊടുക്കാതിരുന്നാല്‍ എന്തുവേണമെന്ന് 125-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ പറയുന്നുണ്ട്. ഓരോ തവണ വീഴ്ചവരുത്തുമ്പോഴും പിഴ ഈടാക്കാന്‍ വാറന്റ് അയക്കാം. ഓരോ തവണയും ഒരുമാസംവരെയോ തുക നല്‍കുന്നതുവരെയോ തടവുശിക്ഷയും വിധിക്കാം. തമിഴ്നാട്ടില്‍നിന്ന് തങ്കവേലുവിന്റെ ഭാര്യയും മകനുമാണ് സുപ്രീം കോടതിയിലെത്തിയത്. 1998ലാണ് തങ്കവേലു ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കണമെന്ന് കോടതി വിധിച്ചത്. പ്രതിമാസം 300 രൂപവീതം കണക്കാക്കി ഇരുവര്‍ക്കും 1993 മുതലുള്ള തുക നല്‍കാനായിരുന്നു വിധി. തങ്കവേലു പണം കൊടുത്തില്ല. ഭാര്യ വീണ്ടും കോടതിയില്‍ പോയി. വിധി മാനിക്കാത്ത തങ്കവേലുവിന് കോടതി ജയില്‍ശിക്ഷ വിധിച്ചു. വീണ്ടും തങ്കവേലു പണം കൊടുത്തില്ല.

2002ല്‍ അതുവരെയുള്ള ജീവനാംശം ചോദിച്ച് ഭാര്യയും മകനും വീണ്ടും കോടതിയിലെത്തി. കോടതി ആ തുകയും കൊടുക്കാന്‍ വിധിച്ചു. ഈ വിധിക്കെതിരെ തങ്കവേലു ഹൈക്കോടതിയിലെത്തി. ഹൈക്കോടതി 2002നു തൊട്ടുമുമ്പുള്ള ഒരുകൊല്ലത്തെ ജീവനാംശം മാത്രം നല്‍കിയാല്‍ മതിയെന്നു വിധിച്ചു. അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള ഒരുവര്‍ഷത്തെ കുടിശ്ശിക മാത്രമേ ചോദിക്കാനാകൂ എന്ന് നിയമത്തിലുണ്ടെന്നും അതിനേ അര്‍ഹതയുള്ളൂ എന്നുമാണ് ഹൈക്കോടതി ഇതിനു കണ്ടെത്തിയ ന്യായം. ഈ വിധിക്കെതിരെയാണ് തങ്കവേലുവിന്റെ ഭാര്യ പൂങ്കാടി സുപ്രീം കോടതിയില്‍ എത്തിയത്. ഹൈക്കോടതി തെറ്റായാണ് നിയമവ്യാഖ്യാനം നടത്തിയതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിലെ ഒരുവര്‍ഷ കാലാവധിവ്യവസ്ഥ ഇത്തരത്തില്‍ ജീവനാംശ കുടിശ്ശിക നിഷേധിക്കാനല്ല. ചെലവിനു കിട്ടാത്ത ഒരാള്‍ അത് കിട്ടാനായി ഒരുവര്‍ഷത്തിനകം കോടതിയില്‍ പോകാതിരുന്നാലാണ് ഈ വ്യവസ്ഥ ബാധകമാകുക.

ഈ കേസില്‍ അവര്‍ നേരത്തെത്തന്നെ പരാതിയുമായി കോടതിയില്‍ എത്തിയതാണ്. പണം നല്‍കാത്തതിന് ജയിലില്‍ പോയി എന്നതുകൊണ്ട് പണം കൊടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല. പണം കൊടുക്കണമെന്ന് നിയമം പറയുന്നു. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കാമെന്നും പറയുന്നു. ഇതിനര്‍ഥം പണം കൊടുക്കാതെ ജയിലില്‍ പോയാല്‍ ബാധ്യത തീര്‍ന്നു എന്നല്ല. പണം കൊടുക്കാത്തതിന് ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് പണം കൊടുക്കണമെന്ന നിയമപരമായ ബാധ്യതയില്‍നിന്ന് ഒഴിയാനാവില്ല. ജയിലില്‍ അയക്കുമെന്ന് നിയമം പറയുന്നത് പണം ഈടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്. അല്ലാതെ പണം നല്‍കുന്നതിനു പകരം എന്ന നിലയിലല്ല. 2002ല്‍ ജീവനാംശം തേടി പൂങ്കാടി കോടതിയിലെത്തിയത് മുമ്പു നല്‍കിയ കേസിന്റെ തുടര്‍ച്ച എന്ന നിലയിലാണ്. പണം നല്‍കുന്നതില്‍ വീണ്ടും വീണ്ടും വീഴ്ചവരുത്തിയതിനാലാണ് ഇതു വേണ്ടിവന്നത്. അതുകൊണ്ട് 1993 മുതലുള്ള കുടിശ്ശികയ്ക്ക് പൂങ്കാടിക്കും മകനും അര്‍ഹതയുണ്ട്. ഈ തുക ആറുമാസത്തിനകം തങ്കവേലു നല്‍കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. സെപ്തംബറിലെ തുക ഒക്ടോബര്‍ ഏഴിനകം കൊടുക്കുകയും വേണം. തുടര്‍ന്നുള്ള മാസങ്ങളിലും ഏഴാം തീയതിക്കകം കൊടുക്കണം. ഇതു പാലിച്ചില്ലെങ്കില്‍ വാറന്റ് അയച്ച് തങ്കവേലുവിനെ കസ്റ്റഡിയിലെടുത്ത് ജയില്‍ശിക്ഷ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി. ജ. സുധാംശുജ്യോതി മുഖോപാധ്യായ, ജ. രഞ്ജന്‍ ഗോഗോയി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

*
അഡ്വ. കെ ആര്‍ ദീപ

No comments: