Tuesday, February 12, 2013

സംവത്സരങ്ങള്‍ താണ്ടി എ ഐ ബി ഇ എ സമ്മേളനം വീണ്ടും കേരളത്തില്‍

അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷം ആ മഹാസമ്മേളനം തിരുവനന്തപരുത്തുനിന്നും കൊച്ചിയിലെത്തിച്ചേരുമ്പോള്‍ ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ശക്തികേന്ദ്രമായ എ ഐബി ഇ എ രാജ്യത്തെ സാമൂഹ്യ നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നു നിസ്സംശയം കാണാന്‍ കഴിയും. യാദൃശ്ചികമാണെങ്കില്‍പോലും 1964 ല്‍ സമ്മേളനം തിരുവനന്തപുരത്ത് നടന്നതും ഫെബ്രുവരി ഒമ്പതിനാണ്. ഇന്ത്യയുടെ ബാങ്കിംഗ് വ്യവസായം എന്നു പറയുന്നത് രാജ്യ സമ്പദ്ഘടനയുടെ നെടുംതൂണാണ്. ആ അസ്തിത്വത്തിന് സംഭവിക്കുന്ന ഏതൊരു കേടും പോരായ്മകളും രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകിടം മറിക്കും.  ജീവനക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും മാത്രം സംരക്ഷിക്കുന്നതിനായി സ്വാര്‍ഥ താല്‍പര്യങ്ങള്‍മാത്രം കൈമുതലാക്കിയ ഒരു സംസ്‌ക്കാരമല്ല എ ഐ ബി ഇ എക്കുള്ളത്. വ്യവസായത്തിന്റെ ആരോഗ്യവും വളര്‍ച്ചയും സാകൂതം വീക്ഷിക്കുകയും മുതലാളിമാര്‍ അവയ്ക്ക് ക്ഷതമേല്‍പ്പിക്കുന്ന സമയങ്ങളിലെല്ലാം ശക്തമായ ഇടപെടലുകള്‍ നടത്തി തങ്ങളുടെ ഉപ്പും ചോറും സംരക്ഷിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ഒരു സംസ്‌കൃതിയാണ് ഇക്കാലമത്രയും എ ഐ ബി ഇ എ പിന്‍തുടര്‍ന്നുപോന്നത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സാമ്പത്തിക മാന്ദ്യസമയത്ത് യൂറോപ്പ്-അമേരിക്കന്‍ സമ്പദ്ഘടന ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ ആഗോള തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിന് കഴിഞ്ഞതും. അമേരിക്കയില്‍ 325 ബാങ്കുകളും യൂറോപ്പിലെ മൂന്ന് ബാങ്കുകളും തകര്‍ന്നപ്പോഴും മറ്റ് ആഫ്രിക്കന്‍, പാനമേരിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും തകര്‍ച്ചയുടെ ഭീതിയിലായിരുന്നപ്പോഴും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അവയൊന്നുമൊരു ഭീഷണിയാകാതെ ശക്തമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കില്‍ അതിന് എ ഐ ബി ഇ എ എന്ന മഹാപ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്.

വേദ കാലഘട്ടം മുതല്‍ രാജ്യത്ത് ബാങ്കിംഗ് നിലനിന്നിരുന്നു എന്ന് കണക്കാക്കാവുന്നതാണ്. നാട്ടുരാജാക്കന്മാര്‍ കച്ചവടത്തിന് സഹായകരമായി ഇറക്കിയ നാണയ തുട്ടുകളാണ് ഒരു പക്ഷേ ബാങ്കിംഗിന് രാജ്യത്ത് തുടക്കമിട്ടതെന്നും കാണാം. അക്കാലത്തെ നാട്ടുപ്രമാണിമാരും ഉന്നതകുല ജാതരുമായ ഒരു വിഭാഗത്തിന്റെ കയ്യില്‍മാത്രം ഒതുങ്ങിനിന്ന കച്ചവടം വിപുലീകരിക്കുന്നതിന് ഈടായി ഇത്തരം നാണയങ്ങളും ചരക്കു വിനിമയത്തിനു പകരമായി മറ്റ് ചരക്കുകളും സ്വീകരിച്ചിരുന്നു. നാണയങ്ങള്‍ മടക്കി നല്‍കുമ്പോള്‍ കച്ചവടത്തില്‍ ലഭ്യമായ ലാഭത്തിന്റെ ഒരു ചെറുവിഹിതം മടക്കി നല്‍കുക പതിവായിരുന്നു. അത് ഭാവിയില്‍ പലിശ നല്‍കുന്ന നിക്ഷേപമായും പലിശ ഈടാക്കുന്ന വായ്പയായും രൂപാന്തരപ്പെടുകയുണ്ടായി. അതിനെ ബാങ്കിംഗ് വ്യവസായത്തിന്റെ  ഉല്‍പത്തി എന്ന് വേണമെങ്കില്‍ ചരിത്രത്തില്‍ അവകാശപ്പെടാവുന്നതാണ്. എന്നിരുന്നാലും ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായം നാമിന്നു കാണുന്ന രീതിയില്‍ രൂപാന്തരപ്പെടുന്നത് 19-ാം നൂറ്റാണ്ടിലാണ്. വേദ കാലഘട്ടത്തില്‍ കണ്ടിരുന്ന അതേ തത്വങ്ങള്‍ തന്നെയാണ് പില്‍ക്കാലത്തും ഇതിനായി സ്വീകരിച്ചിരുന്നതെങ്കിലും 19-20 നൂറ്റാണ്ടുകളില്‍ ഈ വ്യവസായം സ്വകാര്യ കുത്തക മുതലാളിമാരുടെ കൈകളില്‍ അമ്മാനമാടിയിരുന്ന ഒന്നാണ്. നിഷ്ഠൂരമായ ചൂഷണത്തിനു സ്വാഭാവികമായും വിധേയമായ തൊഴിലാളികളായിരുന്നു അന്ന് ഈ മേഖലയില്‍ പണിയെടുത്തിരുന്നത്.

1917 ലെ മഹത്തായ റഷ്യന്‍ വിപ്ലവം പകര്‍ന്നു നല്‍കിയ ആവേശവും വിശ്വാസവും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തിലും മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. 1918-20 കാലഘട്ടം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തിന്റെ നാഴിക കല്ലുകളാണ്. ജീവിതം ദുസ്സഹമായ ഒന്നേകാല്‍ ലക്ഷം ടെക്സ്റ്റയില്‍ മില്‍ തൊഴിലാളികള്‍ ബോംബെയില്‍ നടത്തിയ ഐതിഹാസിക സമരം മറ്റ് മേഖലകളില്‍ ചൂഷണത്തിനു വിധേയരായ തൊഴിലാളികളുടെ ചിന്തക്കു തീപകര്‍ന്നു. ജാതിയോ, മതമോ, പ്രാദേശിക ചിന്തകളോ അന്നത്തെ തൊഴിലാളി വര്‍ഗത്തിനു മുന്നില്‍ വിഷയമേ ആയിരുന്നില്ല. അത്തരം വികലമായ ചിന്തകള്‍ അവരുടെ മനസ്സിനെ ഒട്ടുമേ തീണ്ടിയിരുന്നില്ല.

പ്രതിഷേധജ്വാല പടര്‍ന്ന് 1920 ആയപ്പോഴേയ്ക്കും രാജ്യത്തെ പതിനഞ്ച് ലക്ഷം തൊഴിലാളികള്‍ പോര്‍മുഖത്തെത്തിക്കഴിഞ്ഞിരുന്നു. അക്കാലത്തും അസംഘടിതരായിരുന്ന രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ സഹനത്തിന്റെയും അടിമത്വത്തിന്റെയും ചെപ്പില്‍ നിസ്സഹായരായി ഒതുങ്ങിക്കൂടി. എങ്കിലും അവരുടെ മനസ്സ് അസ്വസ്ഥമായിരുന്നു. മധ്യവര്‍ഗ്ഗ  വിഭാഗം തൊഴിലാളികളായി കണ്ടിരുന്ന ബാങ്ക് ജീവനക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനോ അവരെ സംഘടിപ്പിക്കുന്നതിനോ ആരും മുന്നോട്ടു വന്നിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ജീവിതം ഏറെ ദുഷ്‌ക്കരവുമായിരുന്നു. 1920 ല്‍ ഐതിഹാസിക സമരങ്ങളുടെപോര്‍മുഖത്തുനിന്നും തൊഴിലാളികള്‍ അവരുടെ മഹാപ്രസ്ഥാനമായ എ ഐ ടി യു സി രൂപീകരിച്ചെങ്കിലും രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ആ വേലിക്കും പുറത്തായിരുന്നു. മധ്യവര്‍ഗ തൊഴിലാളികളായ അവരുടെ പരിദേവനങ്ങള്‍ക്ക് പരിഹാരം എന്നത് വിദൂരസ്വപ്‌നമായി തന്നെ നിലകൊണ്ടു. ചെറുതും വലുതുമായ നിരവധി ബാങ്കുകള്‍ക്ക് അന്നത്തെ ജന്മിമാര്‍ രൂപംനല്‍കി അവരുടെ ആശ്രിതരെയും അടിയാന്മാരെയും കുടിയിരുത്തി. ഒരു തരത്തിലുള്ള പരാതികളും ഉന്നയിക്കാന്‍ സാധ്യമായിരുന്ന സാഹചര്യമായിരുന്നില്ല അന്ന് ബാങ്കുകളില്‍ ഉണ്ടായിരുന്നത്. പരാതി ഉന്നയിക്കുന്നവരും ജീവനക്കാരുടെ പ്രതിഷേധത്തെ സഹായിക്കാന്‍ തയ്യാറാകുന്നവരുമായ സഹജീവനക്കാര്‍ക്കെതിരെ മൃഗീയമായ ശിക്ഷാനടപടികള്‍ മാനേജ്‌മെന്റ് കൈകൊണ്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് ബാങ്ക് ജീവനക്കാരെ സംഘടിപ്പിക്കുന്നതിന് സഹജീവനക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയത്. രാജ്യത്തെമ്പാടുമുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനാ രീതി പഠിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഏകീകൃത സ്വഭാവം മനസ്സിലാക്കാന്‍ കഴിയും. കേരളം മുതല്‍ കാശ്മീര്‍വരെയുള്ള ഒരുപിടി നേതാക്കള്‍ സ്വീകരിച്ച നിസ്വാര്‍ഥവും ത്യാഗോജ്ജ്വലവുമായ പ്രവര്‍ത്തനവും ഇച്ഛാശക്തിയും കാഴ്ചപ്പാടും കൊണ്ടുമാത്രമാണ് കൊടുംചൂഷണവിധേയരായ ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് എ ഐ ബി ഇ എ 1946 ഏപ്രില്‍ 20 ന് കല്‍ക്കത്തയിലെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഹാളില്‍ ജന്മം കൊണ്ടത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സി നിയോഗിയും ജനറല്‍ സെക്രട്ടറി രമേഷ്ചന്ദ്ര ചക്രവര്‍ത്തിയും ചേര്‍ന്ന് എ ഐ ബി ഇ എയുടെ മുന്നോട്ടുള്ള സംഭവബഹുലമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കല്‍ക്കത്തയില്‍വെച്ച് നടന്ന ബാങ്ക് ജീവനക്കാരുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തില്‍ ചെലവായത് 2123 രൂപ 12 അണ എന്നത് ഏറെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. 1946 ല്‍ നിന്നും 2013 ലെത്തുമ്പോള്‍ നാണയപ്പെരുപ്പം മൂലം രൂപയ്ക്ക് വന്ന മൂല്യതകര്‍ച്ച എത്ര ഭീമമാണെന്ന് കാണാന്‍ കഴിയും. എ ഐ ബി ഇ എയുടെ ജീവാത്മായിരുന്ന സ: പ്രഭാത്കര്‍ ഇതിനെ വളരെ രസകരമായി വര്‍ണിക്കാറുണ്ട്. ''പോക്കറ്റില്‍ കാശും വലിയ സഞ്ചിയുമായി ചന്തയില്‍ പൊയ്‌ക്കൊണ്ടിരുന്ന ആളുകള്‍ ഇപ്പോള്‍ സഞ്ചിയില്‍ പണം കൊണ്ടുപോകുകയും പോക്കറ്റില്‍ സാധനങ്ങളുമായി മടങ്ങുന്ന അവസ്ഥയാണുള്ളത്''

രാജ്യത്തെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ക്ക് അക്കാലത്ത് ഒരു നിശ്ചിത ശമ്പള ഘടനയോ കൃത്യമായ സേവന വ്യവസ്ഥകളോ ഇല്ലായിരുന്നു. ഓരോ ബാങ്കിന്റെയും മുതലാളിമാര്‍ നിശ്ചയിക്കുന്നതായിരുന്ന അന്നത്തെ സേവന-വേതന വ്യവസ്ഥകള്‍. വളരെ ദുര്‍ഘടമായ ജീവിത സാഹചര്യം നേരിടേണ്ടിവന്ന ജീവനക്കാര്‍ക്ക് ഏക ആശ്രയം എ ഐ ബി ഇ എ മാത്രം.

''ട്രിബ്യൂണലുകളില്‍ നിന്നും ഉഭയകക്ഷി കരാറുകളിലേയ്ക്ക്''   

ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളമായി 75 രൂപയും സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്ക് 40 രൂപയുമായി നിശ്ചയിക്കണമെന്ന ആവശ്യവുമായി എ ഐ ബി ഇ എ രംഗത്തുവന്നു. പ്രതിദിനം 32 രൂപ വരുമാനമുള്ള ഏതൊരു ഇന്ത്യക്കാരനും ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കണ്ടുപിടിത്തം വിരോധാഭാസമായി നില്‍ക്കുന്നു എന്നത് തല്‍ക്കാലം നമുക്ക് മറക്കാം. സമരങ്ങളുടെയും സംഘട്ടനങ്ങളുടെയും വേലിയേറ്റം അവിടെ നിന്നാരംഭിച്ചു. 46 ദിവസം നീണ്ടുനിന്ന ഇംപീരിയല്‍ ബാങ്കിലെ സമരം എ ഐ ബി ഇ എ യുടെ സമരചരിത്രത്തിന് നാന്ദികുറിച്ചു. ഇതേ കാലയളവില്‍ തന്നെ ബോംബെയില്‍ 36 ദിവസം നീണ്ടുനിന്ന നാഷ്ണല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ സമരവും. അന്ന് രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വിഭാഗം ജീവനക്കാര്‍ നീണ്ടുനില്‍ക്കുന്ന ഒരു സമരമുഖത്തായിരുന്നു. അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എ ഐ ബി ഇ എ യുടെ നേതൃത്വത്തില്‍ പണിമുടക്കു നടന്നു. രാജ്യത്തെ 30 ബാങ്കുകളിലെ ജീവനക്കാരുടെ ശക്തമായ സമരത്തിനുപരിഹാരം കാണുന്നതിനായി എച്ച് ഡി ദിവാതിയ ട്രിബ്യൂണലിനു രൂപം നല്‍കി.

1946 സെപ്തംബര്‍ 15 ന് സര്‍ക്കാര്‍ ഗസറ്റില്‍ ജീവനക്കാരുടെ ശമ്പളം 65 രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള ജസ്റ്റിസ് ദിവാതിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ ബാങ്ക് ജീവനക്കാരുടെ ആദ്യ സേവന-വേതന ഉടമ്പടി രൂപംകൊണ്ടു. എങ്കില്‍പ്പോലും രാജ്യത്തിന്റെ നാനാഭാഗത്തും പ്രശ്‌നങ്ങള്‍ ബാക്കി നിന്നു. അവ നെരിപ്പോടുപോലെ അങ്ങിങ്ങായി നീറിപ്പുകയുന്നുണ്ടായിരുന്നു. അപകട സ്ഥിതി മനസ്സിലാക്കിയ മുതലാളിമാര്‍ സര്‍ക്കാറുമായി ചേര്‍ന്നുകൊണ്ട് ട്രിബ്യൂണലുകളിലൂടെ വിഷയം ശീതികരിക്കുവാന്‍ ശ്രമിച്ചു. നിരവധി ട്രിബ്യൂണലുകളാണ് അക്കാലത്ത് രൂപം പ്രാപിച്ചത്. ഇംപീരിയല്‍ ബാങ്കിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആര്‍ ഗുപ്താ ട്രിബ്യൂണലിനു രൂപം നല്‍കിയപ്പോള്‍ ബോംബെയിലെ 30 ഓളം ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നതിന് ദിവാതിയാ ട്രിബ്യൂണല്‍ രൂപീകരിച്ചു.

അപ്പോള്‍ തന്നെ ഉത്തര്‍പ്രദേശിലെ ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ പഠിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിന് ബി ബി സിംഗ് കണ്‍സിലിയേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. എന്നാല്‍ ഭൂരിപക്ഷം ട്രിബ്യൂണലുകളുടെ വിധിയും ബാങ്ക് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പര്യാപ്തമായില്ല എന്നു മാത്രമല്ല രാജ്യമെമ്പാടുമുള്ള ജീവനക്കാരുടെ അസംതൃപ്തി വര്‍ധിക്കുകയും ചെയ്തു. ട്രിബ്യൂണല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വീണ്ടും സമരം ചെയ്യേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 1948 ല്‍ ബംഗാളിലെ സെന്‍ട്രല്‍ ബാങ്ക് ജീവനക്കാര്‍ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തൊമ്പതുദിവസം നീണ്ടുനിന്ന പണിമുടക്കു സമരമാണ് ബാങ്ക് ജീവനക്കാര്‍ക്ക് നടത്തേണ്ടിവന്നത്. നിരവധി സമരങ്ങളാണ് ആദ്യ കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ നാനാഭാഗത്തും പല ബാങ്കുകളിലായി പൊട്ടിപ്പുറപ്പെട്ടത്. കല്‍ക്കത്തയില്‍ സെന്‍ട്രല്‍ ബാങ്കിലും ഡല്‍ഹിയില്‍ ഭാരത് ബാങ്കിലും പഞ്ചായത്ത് നാഷ്ണല്‍ ബാങ്ക്, അലഹബാദ് ബാങ്ക്, കോമില ബാങ്കിംഗ് കോര്‍പ്പറേഷന്‍, ബോംബെയില്‍ ഇംപീരിയില്‍ ബാങ്ക് ഓഫ് ഇന്ത്യ കല്‍ക്കത്തയിലെ ലോയ്ഡ്‌സ് ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളില്‍ മാറിമാറി വന്ന സമരങ്ങള്‍ ജീവനക്കാരെ ഒരുമിപ്പിക്കുന്നതിനും സംഘടനകള്‍ ഇല്ലാതിരുന്നിടത്ത് സംഘടനകള്‍ രൂപപ്പെടുന്നതിനും സഹായകരമായി മാറി. ഡല്‍ഹിയിലെ ഭാരത് ബാങ്കില്‍ നിന്നും സ: എച്ച് എല്‍ പര്‍വാണ 1951 ലും കല്‍ക്കത്ത ലോയ്ഡ്‌സ് ബാങ്കില്‍ നിന്നും പിരിച്ചുവിടപ്പെട്ട സ: പ്രഭാത്ക്കര്‍ 1953 ലും എ എ ബി ഇ എയുടെ നേതൃത്വം ഏറ്റെടുത്തോടെ എ ഐ ബി ഇ എയുടെ സമര പ്രയാണങ്ങള്‍ക്ക് ദിശാബോധവും നിശ്ചയദാര്‍ഢ്യവും കൈവന്നു. 1948, 49,50,51 കാലങ്ങളിലെ നിരന്തര സമരങ്ങളും സംഘര്‍ഷങ്ങളും ഒറ്റപ്പെട്ട ട്രിബ്യൂണലുകളും വിധികളും ജീവനക്കാര്‍ ഉന്നയിച്ചുപോന്ന സ്ഥായിയായ ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ല എന്നുമാത്രമല്ല എരിതീയില്‍ എണ്ണ ഒഴിക്കുന്ന അനുഭവമാണ് അതുമൂലം ഉണ്ടായത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന സ്ഥിതിയില്‍ നിന്നും വേറിട്ട ഒന്നല്ലായിരുന്നു കൊച്ചുകേരളത്തിലേതും. ഏതുസമയത്തും പൊളിയാവുന്ന അവസ്ഥയില്‍ നിലകൊണ്ട 108 ചെറു ബാങ്കുകള്‍ ബംഗാളില്‍ ഉണ്ടായിരുന്നപ്പോള്‍ 152 ബാങ്കുകളായിരുന്നു കൊച്ചു കേരളത്തില്‍. അവയുടെ സംയോജനവും ജീവനക്കാരുടെ സംരക്ഷണവും സംഘടനയുടെമാത്രം വിഷയമായി അവശേഷിക്കുകയുണ്ടായി. അവയൊക്കെ വിജയകരമായി പര്യവസാനിപ്പിക്കുന്നതിന് കേരളം വഹിച്ച പങ്ക് എ ഐ ബി ഇ എ യുടെ ചരിത്രത്തിലെ സുവര്‍ണ ഏടുകളായി ഇന്നും നിലനില്‍ക്കുന്നു.

തുടര്‍ന്ന് ആദ്യത്തെ വ്യവസായ ട്രിബ്യൂണലായ സെന്‍ ട്രിബ്യൂണല്‍ രൂപീകരിക്കപ്പെട്ടു. രാജ്യത്തെ 82 ഷെഡ്യൂള്‍ ബാങ്കുകളും 88 ഇതര ബാങ്കുകളും ചേര്‍ന്ന് 170 ബാങ്കുകളാണ് സെന്‍ട്രിബ്യൂണലില്‍ പരിഗണിയിലുണ്ടായിരുന്നത്. ചൂഷണ വിധേയരായ ബാങ്ക് ജീവനക്കാരെ സംബന്ധിച്ചിടത്തോളം സെന്‍ അവാര്‍ഡ് ആശ്വാസകരമായിരുന്നെങ്കിലും ബാങ്ക് ഉടമകള്‍ സുപ്രിം കോടതിയെ സമീപിച്ച് അവാര്‍ഡ് ദുര്‍ബലപ്പെടുത്തി. ശക്തമായ സമരങ്ങളിലൂടെയാണ് ജീവനക്കാര്‍ പ്രതികരിച്ചത്. മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടെങ്കിലും 1951 ല്‍ സെന്‍അവാര്‍ഡിലെ ശമ്പള വര്‍ധനവും ക്ഷാമബത്തയും നല്‍കിക്കൊണ്ടുള്ളൊരു ഒത്തു തീര്‍പ്പിന് ബാങ്ക് ഉടമകള്‍ക്ക് വഴങ്ങേണ്ടി വന്നു. എന്നാല്‍ ബാങ്ക് ജീവനക്കാരുടെ സംഘടനാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു 1953 ല്‍ പുറത്തുവന്ന ശസ്ത്രീ ട്രിബ്യൂണല്‍ അവാര്‍ഡ്. ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറച്ചുകൊണ്ടുള്ള അവാര്‍ഡ്. അതിനെതിരെ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല സമരങ്ങളുടെ വേലിയേറ്റമായിരുന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്. നാട്ടുപ്രമാണിമാരുടെ ഉടമസ്ഥതയില്‍ മാത്രമായിരുന്ന ബാങ്കുകളില്‍ പലതും പൊളിയുന്നതോ പൊളിക്കുന്നതോ ആയ സാഹചര്യങ്ങളില്‍ പലര്‍ക്കും അവരുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയും നിലനിന്നിരുന്നു. ജോലിസ്ഥിരതയ്ക്കും ഏകീകരിച്ച ഒരു വേതന ഘടനയ്ക്കും സേവന വ്യവസ്ഥയ്ക്കുംവേണ്ടിയായിരുന്നു എ ഐ ബി ഇ എ യുടെ ഒരു വ്യാഴവട്ടക്കാല പോരാട്ടം കടന്നുപോയതെങ്കില്‍ 1963 മുതലുള്ള സംഭവ ബഹുലമായ പ്രയാണം ബാങ്കിംഗ് വ്യവസായത്തിന്റെ ശക്തമായ അടിത്തറയിലും ആരോഗ്യത്തിലും ഊന്നിയുള്ളതായിരുന്നു.

ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ട്രിബ്യൂണലുകളും അവയുടെ അശാസ്ത്രീയമായ തീരുമാനങ്ങളും കണ്ടുമടുത്ത ജീവനക്കാര്‍ 1962 ല്‍ കല്‍ക്കത്തയില്‍ കൂടിയ സമ്മേളനത്തില്‍ ശക്തമായ ഒരു തീരുമാനമെടുത്തു. ഇനി ഒരു ട്രിബ്യൂണല്‍ വേണ്ടേ വേണ്ട. അതൊരു വഴിത്തിരിവായിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കുമുള്ള വിത്ത് പാകിക്കൊണ്ടുള്ള ആദ്യസമ്മേളനം. അതിന്റെ ഫലമായുണ്ടായതാണ് കഴിഞ്ഞ ഒമ്പത് ഉഭയകക്ഷി ഉടമ്പടികള്‍.

എ ഐ ബി ഇ എ കൊടിക്കീഴില്‍ ബാങ്ക് ജീവനക്കാരുടെ ശാക്തീകരണം കണ്ട് വിരളിപൂണ്ട സര്‍ക്കാര്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന സെക്ഷന്‍ 36 എ ഡിയും 44 എ എ യും ബാങ്കിംഗ് നിയമം ഭേദഗതി ചെയ്തുകൊണ്ട് നടപ്പിലാക്കി. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള മൗലിക അവകാശങ്ങളെ ധ്വംസിക്കുന്ന നിയമത്തെ ശക്തമായ പ്രതിഷേധ സമരത്തിലൂടെ പ്രതിരോധിക്കാന്‍ എ ഐ ബി ഇ എക്ക് കഴിഞ്ഞപ്പോള്‍ സംഘടനയുടെ അടിത്തറ കൂടുതല്‍ വികസിക്കുകയും വിലപേശാനുള്ള ആര്‍ജവം വര്‍ധിക്കുകയും ചെയ്തത് സര്‍ക്കാരിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

1962 ല്‍ രാജ്യം ഞെട്ടലോടെ നേരിട്ട ചൈനീസ് അധിനിവേശത്തില്‍ രാജ്യത്തോടൊപ്പം ബാങ്ക് ജീവനക്കാര്‍ ശക്തരായി അണിനിരന്നു. രാജ്യത്തുടനീളം ജീവനക്കാര്‍ സമാഹരിച്ച് ഒമ്പത് ലക്ഷം രൂപ രാജ്യസുരക്ഷാ ഫണ്ടിലേയ്ക്ക് നല്‍കിയത് എ ഐ ബി ഇ എ ചരിത്രത്തിലെ രാജ്യ സ്‌നേഹത്തിന്റെ തിളക്കമാര്‍ന്ന ഒരധ്യായം എഴുതി ചേര്‍ത്തു.

''പൊതുമേഖലാ ബാങ്കുകളുടെ അസ്തിത്വം തകര്‍ക്കുന്ന പരിഷ്‌ക്കാരങ്ങള്‍''   

ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ അടിത്തറ ശക്തമാകണമെന്നും അവ പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാകണമെന്നുമുള്ള ആഴത്തിലുള്ള കാഴ്ചപ്പാടോടെയാണ് 1946 ല്‍ എ ഐ ബി ഇ എ എന്ന പ്രസ്ഥാനം ജന്മം കൊണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ബാങ്കുകളും ദേശവല്‍ക്കരിക്കുക എന്ന അടിസ്ഥാന മുദ്രാവാക്യം എ ഐ ബി ഇ എയുടെ മുഖ്യവിഷയമായിരുന്നതും. എങ്കിലും ചെറുതും വലുതുമായ എണ്ണമറ്റ ബാങ്കുകളെ സംയോജിപ്പിക്കുന്നതിലും ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിരവധി സമരങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുമ്പോള്‍ ഈ മുദ്രാവാക്യം അനുയോജ്യമായ അവസരത്തില്‍ ഉന്നയിക്കുന്നതിനായി താല്‍ക്കാലികമായി പിന്നിലേയ്ക്ക് മാറ്റിവയ്ക്കപ്പെട്ടുവെന്നുമാത്രം. 1963 ല്‍ വളരെ ശക്തമായി എല്ലാ ബാങ്കുകളും ദേശവല്‍ക്കരിക്കണമെന്നവാദം എ ഐ ബി എ ഉന്നയിച്ചു. 1964 ല്‍ തിരുവനന്തപുരത്തു നടന്ന എ ഐ ബി ഇ എ യുടെ പതിമൂന്നാമതു സമ്മേളനം ഈ ആവശ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് തീരുമാനമെടുത്തു. തുടര്‍ന്നു നടന്ന തീഷ്ണവും അചഞ്ചലവുമായ അവകാശ സമരങ്ങളുടെ ഫലമായി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 1969 ല്‍ 14 ബാങ്കുകളും 1981 ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിക്കുകയുണ്ടായി. ബാങ്ക് ജീവനക്കാര്‍ ഉന്നയിച്ച സാമ്പത്തിക സുരക്ഷയുടെ രാഷ്ട്രീയം നന്നായി മനസ്സിലാക്കിയ ഇന്ത്യകണ്ട ഏകപ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.

രാജ്യത്ത് ഇന്നും സ്വകാര്യ മേഖലയില്‍ ബാങ്കുകള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും ദേശസാല്‍ക്കരണം കൊണ്ട് വ്യവസായത്തിന് സമൂഹത്തിനു മുന്നില്‍ കൂടുതല്‍ വിശ്വാസ്യതയും സമൂഹത്തിന്റെ ഉന്നമനത്തിനായി ബാങ്ക് ഉല്‍പ്പന്നങ്ങളെ ഉപയോഗ പ്രദമാക്കുന്നതിനും സഹായിച്ചു. മാത്രമല്ല ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളെ സമൂഹം സ്വീകരിച്ചതിന്റെ അടയാളങ്ങളാണ് അവയുടെ അത്ഭുതകരമായ വളര്‍ച്ച. 64 ല്‍ നടന്ന തിരുവനന്തപുരം സമ്മേളനം എ ഐ ബി ഇ എയുടെ ചരിത്രത്തിലെ ഏടുകളില്‍ തിളക്കമാര്‍ന്ന ഒരധ്യായമായി മാറിയത് ബാങ്ക് ദേശസാല്‍ക്കരണം ശക്തമായി ഉന്നയിച്ചുകൊണ്ടെടുത്ത തീരുമാനം കൊണ്ടുമാത്രമല്ല, ട്രിബ്യൂണലുകളല്ല ഉഭയകക്ഷി ഉടമ്പടികളാണ് ആവശ്യം എന്ന മുദ്രാവാക്യം ശക്തമായി ഉയര്‍ത്തിയതിലൂടെയുമാണ്. സംഘടനയുടെ വളര്‍ച്ചയുടെ ഭാവി നിര്‍ണയിക്കുന്ന ശക്തമായ തീരുമാനങ്ങള്‍ എടുത്ത സമ്മേളനമായതുകൊണ്ടുതന്നെ എ ഐ ബി ഇ എയുടെ പതിമൂന്നാം സമ്മേളനം ബാങ്കിംഗ് വ്യവസായം നിലനില്‍ക്കുന്നിടത്തോളം മൂല്യാധിഷ്ഠിതമായി നിലകൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല 1964 എ ബി എ ഇ എയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വര്‍ഷമായിരുന്നു. 1946 മുതല്‍ തുടര്‍ന്ന അവഗണനയുടെയും അരാജകത്വത്തിന്റെയും മുതാളിമാരുടെ കുതന്ത്രങ്ങളുടെയും ഫലമായി ട്രിബ്യൂണലുകളിലൂടെ ജീവനക്കാരുടെ അവകാശ സമരങ്ങളെ ശീതീകരിക്കുന്ന നടപടികള്‍ക്ക് വിരാമമിട്ടുകൊണ്ട് ശക്തവും നിരന്തരവുമായ സമരങ്ങളിലൂടെ നേടിയ ആദ്യത്തെ ഉഭയകക്ഷി കരാര്‍ പലപല കരാറുകളായിട്ടാണെങ്കില്‍പോലും ഒപ്പിടുവാന്‍ സാധ്യമായതും 1964 ല്‍ തന്നെയാണ്. തുടര്‍ന്നിങ്ങോട്ടുള്ള കാലമത്രയും ഉഭയകക്ഷി കരാറുകളിലൂടെ മാത്രം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുമ്പോഴും ബാങ്കിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയും സമൂഹത്തില്‍ അവഗണിക്കപ്പെട്ട അടിസ്ഥാന വര്‍ഗത്തിനുവരെ ബാങ്കുകള്‍ പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ക്കു രൂപം നല്‍കുന്നതിനും അവയുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്തിക്കൊണ്ട് വ്യവസായത്തെ ചൂഷണ-മുക്തമാക്കുന്നതിനും എന്നും എ ഐ ബി ഇ എ നിലകൊണ്ടു.

1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ധനകാര്യമന്ത്രിയുമായിരുന്ന മന്‍മോഹന്‍സിംഗിന്റെ അമേരിക്കന്‍ പ്രീണന സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലും സാരമായ മാറ്റങ്ങള്‍ വന്നുഭവിച്ചു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചുവടുപിടിച്ച് ഇന്ത്യന്‍ ബാങ്കിംഗ് രംഗവും പതുക്കെപതുക്കെ സാമൂഹ്യബാധ്യതയില്‍ നിന്നും പിന്‍വാങ്ങി തുടങ്ങി. ദേശസാല്‍ക്കരണംകൊണ്ട് നാം വിഭാവനം ചെയ്ത ഗ്രാമീണ ദാരിദ്ര്യനിര്‍മ്മാര്‍ജനം, കാര്‍ഷികരംഗത്തെ വളര്‍ച്ച, ജലസേചനപദ്ധതി, കുടിവെള്ള പദ്ധതി, ഭൂപരിഷ്‌ക്കരണം നടപ്പിലാക്കല്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴിലില്ലായ്മ പരിഹരിക്കല്‍ സ്ത്രീസമത്വവും ശാക്തീകരണവും എല്ലാവര്‍ക്കും ഭവനം, ആരോഗ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണറോഡുകള്‍, വനവല്‍ക്കരണം തുടങ്ങി സമ്പന്നമായ ഒരു രാഷ്ട്ര നിര്‍മ്മാണം 1975 മുതല്‍ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയിലൂടെ ലക്ഷ്യമിടുകയും അവ രാഷ്ട്രീയ അഴിമതികളും അടിസ്ഥാനമായ കെടുകാര്യസ്ഥതയും ഒഴിച്ചു നിര്‍ത്തിയാല്‍ ഏറെ വിജയപ്രദമായിരുന്നു എന്നുകാണാന്‍ കഴിയും. ഇതുതന്നെയാണ് ദേശസാല്‍ക്കരിക്കപ്പെട്ട ഇരുപത് ബാങ്കുകളിലൂടെയും പൊതുമേഖലയില്‍ നിലനിന്നിരുന്ന എട്ട് സ്റ്റേറ്റ് ബാങ്കുകളിലൂടെയും രാജ്യവും ഏ ഐ ബി ഇ എ എന്ന സംഘടനയും ലക്ഷ്യമിട്ടിരുന്നത്. 1969 മുതല്‍ നാളിതുവരെയുള്ള ഇന്ത്യന്‍ ബാങ്കിംഗ് പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അക്ഷരാര്‍ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ബാങ്കുകള്‍ നിര്‍വഹിച്ച പങ്ക് നിര്‍ണായകമാണെന്നു കാണാന്‍ കഴിയും. എന്നാല്‍ 91 നുശേഷം കോര്‍പ്പറേറ്റ്‌വല്‍ക്കരണം വ്യവസായത്തെ കൊള്ളയടിക്കാന്‍ തുടങ്ങി എന്നത് പല കോര്‍പ്പറേറ്റുകളുടെയും കൃത്രിമമായ തകര്‍ച്ച വെളിവാക്കുന്നു. 1991 ല്‍ നടപ്പിലാക്കിത്തുടങ്ങിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഇവയെല്ലാം വഴിമാറിക്കൊടുത്തുകൊണ്ട് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഉദാരവല്‍ക്കരണത്തിലൂടെ തുറന്നുകൊടുത്ത ബാങ്കുകള്‍ തമ്മിലുള്ള മത്സരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള നയങ്ങളും ചട്ടങ്ങളും പര്യാപ്തമാണ് എന്ന് തീര്‍ത്തും പറഞ്ഞുകൂടാ. പല ബാങ്കുകളും നിലവിലുള്ള ചട്ടങ്ങളെയും നിയന്ത്രണങ്ങളെയും കുത്സിതമാര്‍ഗത്തിലൂടെ ചവിട്ടിപ്പിടിച്ചുകൊണ്ട് ലാഭം പെരുപ്പിച്ചു കാണിക്കുന്ന സമീപനം നിരന്തരമായി സ്വീകരിച്ചുവരുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകള്‍ സുതാര്യമല്ല. ബേസല്‍ നിയമങ്ങളും കോര്‍പ്പറേറ്റ് ഗവേണന്‍സ് തത്വങ്ങളും ഇന്ത്യന്‍ ബാങ്കിംഗിന് പര്യാപ്തമാണോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴും അവപോലും തട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് നമുക്കുചുറ്റും കാണാന്‍ കഴിയുന്നത്. ആദ്യകാലങ്ങളില്‍ വളരെ ഗോപ്യമായി നടന്നിരുന്ന ഈ പ്രക്രിയ ഇന്ന് പരസ്യമായ രഹസ്യമായി ഒട്ടുമിക്ക ബാങ്കുകളിലും നടന്നുവരുന്നു.

''ഹെല്‍ത്ത് ഓഫ് ബാങ്കിംഗ് ഇന്‍ഡസ്ട്രി'' എന്ന മുദ്രാവാക്യം എ ഐ ബി ഇ എ മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം അന്നു നിലനിന്നിരുന്ന ബാങ്കിംഗ് സമ്പത്ത് കൊള്ളയടിക്കല്‍ നയങ്ങളായിരുന്നു. ബാങ്കുകളിലെ ബാലന്‍സ്ഷീറ്റും അക്കൗണ്ടിംഗ് പുസ്തകങ്ങളും സുതാര്യമായ തുറന്ന പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ബാങ്ക് വായ്പകള്‍ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും വ്യവസായത്തില്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും നടപടികളില്‍ ഉന്നത മാനേജ്‌മെന്റിനുള്ള ഉത്തരവാദിത്വം ഉറപ്പിക്കണമെന്നും കാണിച്ച് നിരവധി നിര്‍ദേശങ്ങളോടെയാണ് ബാങ്കിംഗ് വ്യവസായത്തിന്റെ കാവല്‍ സംഘടനയായ എ ഐ ബി ഇ എ 1985 ല്‍ ഈ ആവശ്യം സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്നുനടന്ന പ്രക്ഷോപങ്ങളുടെ ഫലമായി ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയെങ്കിലും ഉദാരവല്‍ക്കരണ നയങ്ങള്‍ ഇവിടെനിന്ന് ഒരു പിന്നോക്കം പോക്കിന് ആക്കം കൂട്ടുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ബാങ്കിംഗ് പരിഷ്‌ക്കാര നിയമങ്ങള്‍ വരും വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച 50 കോടി നിക്ഷേപത്തില്‍ നിന്നും 84 ലക്ഷം കോടിരൂപയില്‍ എത്തുമ്പോള്‍ വായ്പ 74 ലക്ഷം കോടിയില്‍ എത്തി നില്‍ക്കുന്നു. ഈ ബാങ്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ഷികലാഭം 2012 ല്‍ 12 ലക്ഷം കോടിരൂപയാണ് എന്നു കാണാന്‍ കഴിയും. ഈ കൂറ്റന്‍ ലാഭം കൊള്ളയടിക്കപ്പെടുന്നതിനും വ്യവസായം യാതൊരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ഒരു പിടി വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പ്പര്യങ്ങള്‍ക്ക് കൈമാറുന്നതിനുമായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിംഗ് പരിഷ്‌ക്കരണ നിയമത്തില്‍ വ്യവസായത്തിന്റെ അടിവേരുമുറിക്കുന്ന അപകടകരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. 2013 ഫെബ്രുവരി 9 ന് ആരംഭിക്കുന്ന എ ഐ ബി ഇ എ യുടെ 27-ാം സമ്മേളനം 1964 ലേതുപോലെ നിര്‍ണായകമാകുന്നത് ഈ സാഹചര്യം കൊണ്ടുതന്നെയാണ്. 1964 ല്‍ വ്യവസായം ഒരുകൂട്ടം മുതലാളിമാരുടെ കയ്യില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലൂടെ ജനങ്ങളുടെ കൈകളിലെത്തിച്ച എ ഐ ബി ഇ എ നേരിടുന്ന കനത്തവെല്ലുവിളിയാണ് സമ്പന്നരായ ഒരുപിടി കുത്തക മുതലാളിമാരുടെയും വിദേശ നിക്ഷേപകരുടെയും കൈകളിലേക്കുള്ള ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ പണയപ്പെടുത്തല്‍. എപ്പോഴും ചരിത്രം തിരുത്തിക്കുറിച്ച പാഠവമുള്ള എ ഐ ബി ഇ എ വരുംകാല വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാകും 27-ാം സമ്മേളനം എന്ന് തീര്‍ച്ചയായും വിശ്വസിക്കാം.

*
വി പി രാധാകൃഷ്ണന്‍ നായര്‍

കടപ്പാട്: ജനയുഗം ദിനപത്രം

No comments: