Monday, February 25, 2013

ഭാഷയുടെ മരണം

ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മരണം സംഭവിക്കുന്ന ഒന്നായി ഭാഷ മാറുകയാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ സേതു ഈ പ്രശ്നം ഗൗരവമായി ഉന്നയിക്കുകയുണ്ടായി. ഈ കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം ചിന്ത പബ്ലിഷേഴ്സ് "കാഴ്ചവട്ടം" എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ പ്രകാശനം കൊച്ചിയില്‍ നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഭാഷാശാസ്ത്രജ്ഞന്മാര്‍ ഗൗരവമായി പരിശോധിക്കേണ്ട പ്രശ്നമാണിതെങ്കിലും അത് അവരുടെ പരിധിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. വൈവിധ്യം നിറഞ്ഞ ലോകത്തിന്റെ തനതു നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നമാണത്. അത് സംസ്കാരത്തിന്റെയും ചരിത്രത്തിന്റേയും പ്രശ്നമാണ്. അതുകൊണ്ടുതന്നെ വിവിധ മണ്ഡലങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

സേതു ഇന്ത്യന്‍ ഭാഷകളുടെ മരണത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്. അതിന്റെ വേഗത കുറയ്ക്കുന്നതിനും വീണ്ടെടുക്കലിനുമായി അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍ബിടി കുറേയേറെ കാര്യങ്ങള്‍ ചെയ്യുന്നു. ഇന്ത്യന്‍ സിനിമയും ഇതില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സുവീരന്റെ സിനിമ ബ്യാരി ഭാഷയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. ഇത്തരം സിനിമകള്‍ക്ക് ലഭിക്കുന്ന അംഗീകാരം ഭാഷയുടെ നിലനില്‍പ്പിനുള്ള പരിസരം രൂപപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് എത്രയധികം ഭാഷകളാണുള്ളത്. ലിപിയുള്ളതും ഇല്ലാത്തതുമായ ഭാഷകള്‍. ഒരു ഭാഷയില്‍ തന്നെ നിരവധി വകഭേദങ്ങളും കാണാന്‍ കഴിയും. കേരളത്തിന്റെ തന്നെ ഓരോ കോണിലും വ്യത്യസ്തമായ ഭാഷാപ്രയോഗരീതികള്‍ കാണാന്‍ കഴിയും.

അച്ചടി മാധ്യമങ്ങള്‍ ഭാഷാപ്രയോഗങ്ങളെ ഏകീകരിച്ചു. അവര്‍ അവരുടെ എളുപ്പത്തിനായി എല്ലാ പ്രദേശത്തും ഉപയോഗിക്കാവുന്ന വാക്കുകള്‍ പൊതുവായി സ്വീകരിച്ചു. പതുക്കെപ്പതുക്കെ ആ വാക്കുകള്‍ പുതിയ തലമുറയുടെ പ്രയോഗത്തില്‍ സജീവമായി. അതോടെ വൈവിധ്യം കുറയാന്‍ തുടങ്ങി. എന്നാല്‍, ഭാഷയുടെ മരണം അതില്‍ ഒതുങ്ങുന്നതല്ല. ലോകത്ത് ഭാഷകളില്‍ 21 ശതമാനം മരണം സംഭവിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ നല്ലൊരു പങ്കും ഗോത്രഭാഷകളാണ്. അതിന്റെ വേഗം കൂടുതലാണ്. 1970 നും 2005നുമിടയില്‍ ഈ തകര്‍ച്ചയുടെ വേഗം കൂടി. അതില്‍ ഏറ്റവും കൂടുതല്‍ സംഭാവന അമേരിക്കയില്‍ തന്നെയാണ്. അമേരിക്കയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷകളില്‍ 65 ശതമാനവും ഇന്ന് നിലനില്‍ക്കുന്നില്ല. അമേരിക്കയുടെ ജനകീയ ചരിത്രമെഴുതിയ ഹാരോള്‍ഡ് സിന്‍ എങ്ങനെയാണ് ഗോത്രവംശജരെ കൊന്നൊടുക്കി ഒരു രാജ്യം സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. സംസാരിക്കേണ്ട ജനത കൊന്നൊടുക്കപ്പെട്ടാല്‍ പിന്നെ ഭാഷക്ക് എന്തു പ്രസക്തി. അവിടെ അവശേഷിക്കുന്ന തദ്ദേശീയ ജനതയുടെ ഉന്മൂലനവും അതിനുശേഷം നടന്നിരിക്കുന്നു. പിന്നെ പിന്നെ ആ സംസ്കാരവും ഇല്ലാതാക്കി.

പസഫിക് മേഖലകളില്‍ 30 ശതമാനവും ആഫ്രിക്കയില്‍ 20 ശതമാനവും ഭാഷകള്‍ ഈ കാലയളവില്‍ ഇല്ലാതായെന്നാണ് പറയുന്നത്. സമീപകാലത്ത് ഈ മേഖലയിലെ ഗവേഷകര്‍ പുതിയ ഒരു സൂചകം വികസിപ്പിക്കുകയുണ്ടായി. ഐഎല്‍ഡിയെന്ന ഇന്‍ഡക്സ് ഓഫ് ലിംഗ്വിസ്റ്റിക് ഡൈവേര്‍സിറ്റി ഈ മേഖലയിലെ പുതിയ പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അവരുടെ കണക്കുപ്രകാരം എല്ലാ ഭാഷകള്‍ക്കും മരണം സംഭവിക്കുന്നുണ്ട്. 1970 നും 1988നുമിടയില്‍ ഈ സൂചകം ഒന്നില്‍നിന്നും 0.94 ലേക്ക് പതിച്ചു. അതിനുശേഷം 2005 വരെയുള്ള കണക്കില്‍ അത് വീണ്ടും 0.80 ലേക്ക് വീണു. ഇതേ കാലയളവില്‍തന്നെ ഗോത്രഭാഷകളുടെ സൂചകം ഒന്നില്‍നിന്നും 0.94 ലേക്കും 2005ല്‍ അത് 0.79 ആയി. ഈ കാലയളവില്‍ ആധിപത്യമുള്ള 16 ഭാഷകള്‍ സംസാരിക്കുന്നവരുടെ ശതമാനം 45ല്‍നിന്നും 55 ആയി വര്‍ധിച്ചു. ഈ പ്രവണത നിലയ്ക്കുന്നില്ല. ലോകത്തെ അവശേഷിക്കുന്ന ഭാഷകളിലും പകുതിയോളം 2500 പേരില്‍ മാത്രം സംസാരിക്കുന്ന ഭാഷകളാണെന്നും പറയുന്നു.

ആന്‍ഡമാനില്‍ മീന്‍പിടിച്ച് ജീവിക്കുന്ന ഗോത്രസമൂഹമായ ഇറിയന്‍ ജര്‍ വിഭാഗം സംസാരിക്കുന്ന ബര്‍മസോ ഭാഷ ഇപ്പോള്‍ 250 പേര്‍ മാത്രമാണ് സംസാരിക്കുന്നത്. അതുപോലെ ലഡാക്കിലെ ആദിമവിഭാഗത്തിലെ 2500 പേരില്‍ താഴെ മാത്രം സംസാരിക്കുന്ന ഭാഷയാണ് ബ്രാക്സക്ത്. ഇങ്ങനെ ഇന്ത്യയില്‍ തന്നെ എത്രയെത്ര ഭാഷകളാണ് പതുക്കെപ്പതുക്കെ ഇല്ലാതാകുന്നത്. അവശേഷിക്കുന്ന പ്രാദേശിക ഭാഷകളും പ്രതിസന്ധിയിലാണ്. ഇംഗ്ലീഷിന്റെ ആധിപത്യം ഇന്ത്യന്‍ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ ചൈനയില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥിതി. സേതു ചൂണ്ടിക്കാട്ടിയതുപോലെ ഉപയോഗിച്ച് സമ്പന്നതയോടെ പുതിയ തലമുറക്ക് കൈമാറുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. അതില്ലാതാകുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയുടെ ഭാഗമായിക്കൊണ്ടല്ല. ആധുനിക മൂലധനം അഭിരുചികളുടെ ആഗോളവല്‍ക്കരണം കൂടി നടത്തുന്നുണ്ട്. സംസ്കാരം പ്രധാനപ്പെട്ട വ്യവസായമായി മാറുന്നു. സാംസ്കാരിക വ്യവസായം അമൂര്‍ത്തമായ പ്രതീകങ്ങളിലൂടെ പൊതുവിപണി പിടിച്ചെടുക്കുകയാണ്. അതിന് അതിന്റെ കമ്പോളത്തിനു പറ്റിയ ഭാഷ മതി. മറ്റു കാര്യങ്ങളില്‍ ഒരുപക്ഷേ വിപണിയുടെ വളര്‍ച്ചക്കായി അത് വൈവിധ്യത്തെ പ്രോത്സാഹിപ്പിച്ചെന്നുവരും. എന്നാല്‍, ഇക്കാര്യത്തില്‍ സമീപനം വ്യത്യസ്തമാണ്. ഈ ഒഴുക്ക് ഭാഷകളുടെ നിലനില്‍പ്പിനെ ഇല്ലാതാക്കിയിരിക്കുന്നു.

ഇപ്പോള്‍ ചില ഒറ്റപ്പെട്ടശ്രമങ്ങള്‍ ഭാഷയുടെ സംരക്ഷണത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. കംപ്യൂട്ടറിനെ അതിനായി ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ഭാഷകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, അതിലെ സാധ്യതകളെ പല തരത്തിലും ഉപയോഗിച്ച് ചിലര്‍ തങ്ങളുടെ നാടിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നു. എന്നാല്‍, ആഗോളവിപണിക്കായുള്ള ഭാഷ നിര്‍മിക്കുന്നവരുടെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഇതെല്ലാം എത്രമാത്രം പിടിച്ചുനില്‍ക്കുമെന്ന് പറയാറായിട്ടില്ല. ആഗോളവല്‍ക്കരണം സാമ്പത്തിക മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നയൊന്നാണ് എന്ന മട്ടിലാണ് പലരും സമീപിക്കുന്നത്. അതിന്റെ ഇന്നത്തെ പ്രാമുഖ്യമണ്ഡലമായി സംസ്കാരം മാറുകയാണ്. സാംസ്കാരിക വ്യവസായത്തില്‍ എല്ലാം ചരക്കുകള്‍ മാത്രമാണ്. ഇതിനെ മറികടക്കുന്നതിനായി പുതിയ രൂപങ്ങളെ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

*
പി രാജീവ്

No comments: