Friday, February 15, 2013

ഫ്‌ളെക്‌സ് നേതാവിനൊപ്പം അല്‍പനേരം

കോണ്‍ഗ്രസ് പുനസംഘടനയ്ക്കു ശേഷം പാതകളുടെ ഇരുവശങ്ങളിലും ചിത്രങ്ങളാണ്. വെളുവെളുത്ത വേഷം. അതിലും വെളുക്കെയുള്ള ചിരി. വെറുതെയങ്ങനെ നോക്കി നില്‍ക്കാന്‍ തോന്നും.  അത്ര ഐശ്വര്യമുള്ള മുഖങ്ങളാണ്.

ഞങ്ങളുടെ നാട്ടില്‍  ഏറ്റവും കൂടുതല്‍ ഫ്‌ളെക്‌സുകള്‍ കെ ആര്‍ കൃഷ്ണദാസിന്റേതാണ്. കുണ്ടനിടവഴികളില്‍പ്പോലും അദ്ദേഹത്തിന് ആരാധകരുണ്ട്. കൈകൂപ്പി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രങ്ങള്‍. കുറച്ചു കൂടി വലിയ ഫ്‌ളെക്‌സുമുണ്ട്. അതില്‍ ഇടത്തെ കൈകൊണ്ട് മുണ്ടിന്‍തുമ്പ് പാതി ഉയര്‍ത്തിപ്പിടിച്ചും വലത്തെ കൈ ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചും നില്‍ക്കുകയാണ് കൃഷ്ണദാസ്.  'സമരം നിലയ്ക്കുന്നില്ല' എന്ന് മലയാളത്തിലും 'THE FIGHT NEVER ENDS' എന്ന് ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്.   

കൃഷ്ണദാസ് യുവജനത്തിന്റേയും വയോജനത്തിന്റേയും ആരാധന ഒരുപോലെ പിടിച്ചു പറ്റിയതിന്റെ രഹസ്യം അറിയണമെന്ന് മോഹം തോന്നി.   

കൃഷ്ണദാസിന്റെ വീട്ടിലെത്തിയപ്പോള്‍ സന്ധ്യയാവാറായിരുന്നു. ഭാഗ്യം. അദ്ദേഹം വീട്ടുമുറ്റത്തു തന്നെയുണ്ട്. കൈകൂപ്പിയാണ് നില്‍പ്പ്. ഒരുവേള അതും ഫ്‌ളെക്‌സാണോ എന്ന് എനിക്ക് ഒരു സ്ഥലജലഭ്രമമുണ്ടായി. 

''എന്നും പുതിയ പുതിയ ആരാധകര്‍ വരുന്നു,'' പരിഭ്രമം കൊണ്ട് നാലുപാടും നോക്കിയപ്പോള്‍ കൃഷ്ണദാസ് തന്നെ എന്റെ അരികിലെത്തി. ''ഇപ്പോള്‍ അതിന് ഒരു കണക്കുമില്ലാതായിട്ടുണ്ട്. ഇതാ, എന്റെ മുറ്റത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ നിമിഷം വരെ. എല്ലാവരും വീട്ടില്‍പ്പോവൂ എന്ന് കെഞ്ചുകയായിരുന്നു ഞാന്‍.''

നേതാവ് കെഞ്ചിയതു നന്നായി. എനിക്ക് സൗകര്യംപോലെ സംസാരിക്കാമല്ലോ. ഞാന്‍ ചുറ്റും നിരീക്ഷിച്ചു. ആരാധകരില്ലെങ്കിലും മുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.  നിറയെ ഫ്‌ളെക്‌സുകളാണ്. താല്‍ക്കാലികമായി ഉണ്ടാക്കിയതെന്നു തോന്നിപ്പിക്കുന്ന തകരഷെഡ്ഡില്‍ അവ അട്ടിയട്ടിയായി ഇട്ടിരിക്കുന്നു. ഫ്രെയിമുകള്‍ക്കു വേണ്ടിയുള്ള ട്രില്ലീസുകള്‍, അരികില്‍ത്തന്നെ ഒരു വീഞ്ഞപ്പെട്ടി നിറയെ മുള്ളാണികള്‍. ചുറ്റിക, ഉളി, അറക്കവാള്‍ തുടങ്ങി പലതരം ആയുധങ്ങള്‍  നിലത്തു കിടക്കുന്നുണ്ട്.

''ഇന്നത്തെ പണി തീര്‍ന്നു,'' ഞാന്‍ പണിപ്പുരയിലേയ്ക്കു നോക്കുന്നതു കണ്ട് കൃഷ്ണദാസ് പറഞ്ഞു. ''ഞാന്‍ പറഞ്ഞില്ലേ ആരാധകര്‍ ഇപ്പോള്‍ പോയതേയുള്ളു.  വൈകുന്നേരം ആറുമണിക്കു ശേഷം പണിയരുത് എന്ന് ഞാന്‍ കണിശമായി പറഞ്ഞിട്ടുണ്ട് അവരോട്. അദ്ധ്വാനത്തിനും ഒരതിരു വേണ്ടേ? തൊഴിലാളിക്ഷേമത്തിലാണ് അല്ലെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍.''

അദ്ദേഹം എന്നെ അകത്തേയ്ക്ക് ആനയിച്ചു. അകത്തും കൃഷ്ണദാസിന്റെ ഫ്‌ളെക്‌സുകള്‍ കുത്തിയും ചാരിയും വെച്ചിട്ടുണ്ട്. ചുമരില്‍ പൂര്‍ണകായചിത്രം.

''ഒന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്,'' ഞാന്‍ ചുറ്റും നോക്കുന്നതു കണ്ട് കൃഷ്ണദാസ് പറഞ്ഞു. ''പക്ഷേ ആരാധകര്‍ സമ്മതിക്കുന്നില്ല. എന്തു ചെയ്യാം! എല്ലാം സഹിക്കുക തന്നെ.''

''അങ്ങയുടെ ചിത്രം ഇല്ലാത്ത ഒരു തെരുവു പോലുമില്ല ഇന്ന് കേരളത്തില്‍,'' ഞാന്‍ പറഞ്ഞു. ''ഈ ആരാധനയുടെ രഹസ്യം അറിയാനാണ് ഞാന്‍ വന്നത്.''

''തീര്‍ച്ചയായും,'' കൃഷ്ണദാസ് മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ചിരുന്ന ഫ്‌ളെക്‌സ് എടുത്തു നിവര്‍ത്തി. ''എനിക്കതു മനസ്സിലാവുന്നുണ്ട്. ഒരു തരത്തില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്തരത്തിലാണ് ഞാന്‍ അവരെ സേവിക്കുന്നത്. സേവനം, അതുമാത്രമാണ് എന്റെ ലക്ഷ്യം.''

''ഒരു രാഷ്ട്രീയനേതാവിന് സ്വന്തം ജീവിതവും ജീവനുമൊക്കെ ജനങ്ങള്‍ കഴിഞ്ഞേയുള്ളു.''  ''നിങ്ങള്‍ പറഞ്ഞതു ശരിയാണ്,'' വലിയ ഒരു ഫ്രെയിം നിലത്ത് പരത്തിവെച്ച് കൃഷ്ണദാസ് പറഞ്ഞു. ''പക്ഷേ എല്ലാ നേതാക്കന്മാരും എന്നേപ്പോലെയാവണമെന്നില്ല. ഉദാഹരണത്തിന് ദേവദേവന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്തൊക്കെയോ ഗൂഢലക്ഷ്യം വെച്ചുള്ളതാണ്.''

''അതു ശരിയാവാം,'' ഞാന്‍ പറഞ്ഞു. ''പക്ഷേ ദേവദേവന്റെ ചിത്രങ്ങളുമുണ്ടല്ലോ നാട്ടില്‍ നിറയെ.''

''ഉവ്വുവ്വ്,'' ചെറിയ ഒരു പെട്ടിയില്‍നിന്ന് കുറച്ച് മുള്ളാണി കയ്യിലെടുത്ത് കൃഷ്ണദാസ് പറഞ്ഞു. ''എല്ലാം ദേവദേവന്‍ സ്വയം സ്ഥാപിക്കുന്നതല്ലേ. കേട്ടിടത്തോളം മൂന്നു ലക്ഷം ചെലവാക്കിക്കഴിഞ്ഞിരിക്കുന്നു.''

''സ്വയം പണമിറക്കി സ്വന്തം ചിത്രം സ്ഥാപിക്കുകയോ!''

''നൂറ്റമ്പത്തിരണ്ട് സെക്രട്ടറിമാരെയാണല്ലോ നിയമിച്ചിരിക്കുന്നത്,'' മുള്ളാണി സശ്രദ്ധം പട്ടികയിലേയ്ക്ക് അടിച്ചു കയറ്റിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു. ''അതിലൊരാള്‍ ഞാനാവുമെന്ന് ദേവദേവന്‍ പ്രതീക്ഷിച്ചിരുന്നില്ല.'' ''അതെന്താണങ്ങനെ? അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നില്ലേ അത്?''

''തീര്‍ച്ചയായിട്ടും. പക്ഷേ ദേവദേവന് അതു മനസിലാവണ്ടേ? എന്റെ ആരാധകര്‍ സ്ഥാപിക്കുന്ന ഫ്‌ളെക്‌സുകള്‍ കണ്ട് അദ്ദേഹം അസ്വസ്ഥനായി.''

''പക്ഷേ താങ്കള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ല എന്ന കാര്യം അദ്ദേഹം മനസിലാക്കേണ്ടതല്ലേ?''

''നിങ്ങളെങ്കിലും അതു മനസിലാക്കിയതില്‍ എനിക്കു സന്തോഷമുണ്ട്,'' ചിത്രം ഉറപ്പിച്ചു കഴിഞ്ഞ ഫ്രെയിം എടുത്ത് അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ''തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുക, എമ്മല്ലേയാവുക, മന്ത്രിയാവുക. ഇത്തരം ലക്ഷ്യങ്ങളൊന്നും എനിക്കില്ല. ജനങ്ങളെ സേവിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ.''

''താങ്കള്‍ ഫ്‌ളെക്‌സ് ആണോ ഉദ്ദേശിച്ചത്?''

''അല്ല. അത് എന്റെ ആരാധകര്‍ ചെയ്യുന്നതാണല്ലോ. എനിക്ക് അവരുടെ മേല്‍ ഒരു നിയന്ത്രണവുമില്ല. കോസ്റ്റല്‍ ഏരിയ മുഴുവന്‍ കവര്‍ ചെയ്തു കഴിഞ്ഞു എന്നാണ് അവര്‍ എന്നെ അറിയിച്ചിട്ടുള്ളത്.''

''ദേവദേവന്‍ കോസ്റ്റല്‍ ഏരിയ കവര്‍ ചെയ്തിട്ടില്ലെന്നുണ്ടോ?''

''ഇല്ല,'' ബാക്കി വന്ന ഫ്‌ളെക്‌സുകള്‍ ചുരുട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ ഒരു പക്ഷേ വിശ്വസിച്ചുവെന്നു വരില്ല. മിനിയാന്നു രാത്രി ഞാന്‍ കോസ്റ്റല്‍ ഏരിയയിലൂടെ പോവുമ്പോള്‍ ഒരു എലക്ട്രിക് പോസ്റ്റില്‍നിന്ന് എന്തോ ശബ്ദം കേട്ട് തല ഉയര്‍ത്തിനോക്കി. കണ്ടതെന്താണെന്നോ?  ദേവദേവന്‍ തന്റെ ഫ്‌ളെക്‌സ് സ്വയം കെട്ടാനുള്ള ശ്രമത്തിലാണ്. ഒരു രാഷ്ട്രീയനേതാവ് ഇത്രത്തോളം അധഃപതിക്കാമോ?''

''തീര്‍ച്ചയായും പാടില്ല.'' ഞാന്‍ പറഞ്ഞു.''പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗതികേടുണ്ടായത്?''

''കൂലി കൊടുക്കില്ല ശരിക്ക്,'' പണി തീര്‍ന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ എണ്ണമെടുത്തുകൊണ്ട് കൃഷ്ണദാസ് തുടര്‍ന്നു. ''അധ്വാനിക്കുന്നവര്‍ക്ക് കൃത്യമായ വേതനം കൊടുക്കണം.  ഞാനൊന്നു ചോദിക്കട്ടെ-''

''വേണ്ട. താങ്കള്‍ക്ക് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പക്ഷത്താണെന്ന് മുമ്പേ പറഞ്ഞുവല്ലോ. ഒരു സംശയം കൂടിയുണ്ട്. സമരം നിലയ്ക്കുന്നില്ല എന്ന ഒരു വാചകം താങ്കളുടെ ഫ്‌ളെക്‌സുകളിലുണ്ടല്ലോ. അതുകൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?'' 

''അതില്‍ സംശയിക്കാനെന്താണുള്ളത്?'' ഫ്‌ളെക്‌സുകള്‍ കയര്‍ കൊണ്ട് കെട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ''അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടിയുള്ള സമരം തന്നെ. അതിന് അധികാരം വേണമെന്നില്ല. അധികാരം എനിക്കൊരു പ്രശ്‌നവുമല്ല.''

''അധികാരരാഷ്ട്രീയത്തിലേയ്ക്കില്ല എന്ന താങ്കളുടെ തീരുമാനം വളരെ സങ്കടകരമാണ്,'' തൊണ്ട ഇടറാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. ''താങ്കളേപ്പോലുള്ളവരാണ് അധികാരസ്ഥാനങ്ങളില്‍ എത്തേണ്ടത്.''

''നേരം വൈകി,'' ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സിറ്റൗട്ടിലേയ്ക്ക് കൊണ്ടു വെയ്ക്കുന്നതിനിടയില്‍ അദ്ദേഹം തുടര്‍ന്നു. ''നമുക്ക് ഈ സംഭാഷണം അവസാനിപ്പിക്കാം. എനിക്ക് ഒന്നു പുറത്തുപോവേണ്ടതുണ്ട്.''

*
അഷ്ടമൂര്‍ത്തി ജനയുഗം

No comments: