Sunday, February 24, 2013

സെല്ലുലോയ്ഡ് വൈകിപ്പോയ ദക്ഷിണ

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളസിനിമയെ തന്റെ പ്രതിഭാ സ്പര്‍ശംകൊണ്ട് സമ്പന്നമാക്കുന്ന ചലചിത്രകാരനാണ് കമല്‍. 1981ല്‍ "ത്രാസം" എന്ന ചിത്രത്തിലൂടെ തുടങ്ങിയ ചലച്ചിത്രയാത്ര സെല്ലുലോയ്ഡില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കലാകാരന്‍ പിന്നിട്ടത് നല്ല സിനിമയുടെ ചരിത്രപഥങ്ങള്‍കൂടിയാണ്. നിരവധി സംസ്ഥാന- ദേശീയ പുരസ്കാരങ്ങള്‍ ഈ യാത്രയില്‍ കമലിന് ഊര്‍ജം പകര്‍ന്നു. ഇന്ത്യന്‍ സിനിമ 100 വര്‍ഷവും മലയാളസിനിമ 85 വര്‍ഷവും പൂര്‍ത്തിയാക്കിയ വേളയില്‍ മലയാള സിനിമയ്ക്കും അതിന്റെ പിതാവ് ജെ സി ഡാനിയേലിനും കമല്‍ സമര്‍പ്പിക്കുന്ന ദക്ഷിണയാണ് സെല്ലുലോയ്ഡ് എന്ന ചിത്രം. ചരിത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി ഒരുക്കിയ ഈ ചിത്രത്തിന്റെ കെട്ടുറപ്പുള്ള തിരക്കഥ എഴുതിയതും കമല്‍തന്നെ. തന്റെ സിനിമകളില്‍ എന്നും സംഗീതത്തിന് പ്രാധാന്യം നല്‍കിയ കമല്‍ സെല്ലുലോയ്ഡില്‍ ഒരുക്കിയ പാട്ടുകള്‍ ഇതിനകം മലയാളികള്‍ നെഞ്ചേറ്റി. പഴമയുടെ ചൂടും ചൂരും ഗൃഹാതുരതയുടെ ഈണവും കൊണ്ട് ചിത്രത്തിലെ പാട്ടുകള്‍ വേറിട്ടു നില്‍ക്കുന്നു. അഭ്രപാളിയില്‍ ഭാവഗീതമെഴുതുന്ന കമല്‍ ഇത്തവണ, ജാതീയതയുടെ ഇരയായി സിനിമയില്‍നിന്നും സ്വന്തം നാട്ടില്‍നിന്നും പലായനം ചെയ്യേണ്ടി വന്ന ജെ സി ഡാനിയേല്‍ എന്ന മനുഷ്യന്റെ വികാരതീക്ഷ്ണമായ കഥ ഹൃദയ സ്പര്‍ശിയായി പറഞ്ഞുതരുന്നു. മികച്ച ചിത്രത്തിനും നടനുമുള്ളതടക്കം ഏഴ് സംസ്ഥാനഅവാര്‍ഡുകള്‍ നേടിയ സെല്ലുലോയ്ഡിന്റെ വിശേഷങ്ങള്‍ കമല്‍ പങ്കുവയ്ക്കുന്നു

? സെല്ലുലോയ്ഡ് എന്ന സിനിമയുടെ തുടക്കത്തെക്കുറിച്ച് പറയാമോ.

നാലുവര്‍ഷമായി ഈ സിനിമയുടെ കഥ മനസ്സില്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍, പ്രോഡ്യൂസറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കമേഴ്സ്യല്‍ പടംചെയ്യാന്‍ ഒരുപാടുപേര്‍ സമീപിച്ചിരുന്നെങ്കിലും ഡാനിയലിന്റെ കഥ പറയുമ്പോഴേക്കും പലരും മുഖം ചുളിക്കും. ഒടുവില്‍ ഞാന്‍തന്നെ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് എന്റെ നാട്ടുകാരന്‍കൂടിയായ ഉബൈദും കൂടെച്ചേര്‍ന്നത്. പടത്തിന്റെ തുടക്കത്തില്‍തന്നെ എത്ര പണം വേണമെങ്കിലും തരാമെന്ന് അദ്ദേഹം പറഞ്ഞു. അത് വലിയ ആശ്വാസമായി. പിന്നെ സാറ്റലൈറ്റ് റൈറ്റിനോടും ഞാന്‍ വലിയ നന്ദി പറയുന്നു. സാറ്റലൈറ്റ് റൈറ്റ് കിട്ടുമെന്ന ഒറ്റക്കാരണത്താല്‍ നിരവധി മോശം പടം ഇറങ്ങുന്നു എന്നത് ഞാന്‍ കാണാതിരിക്കുന്നില്ല.

പൃഥ്വിരാജ്, ശ്രീനിവാസന്‍ എന്നിവരെല്ലാം പ്രതിഫലം കുറച്ചാണ് വാങ്ങിയത്. ടെക്നീഷ്യന്മാരും ഇത്തരത്തില്‍ സഹായിച്ചു. മറ്റൊരു പ്രൊഡ്യൂസര്‍ക്കുവേണ്ടി പടംചെയ്യുമ്പോഴുള്ള സമ്മര്‍ദമൊന്നുമുണ്ടായില്ല.

? എങ്ങനെയാണ് ജെ സി ഡാനിയലില്‍ എത്തിയത്. എന്തൊക്കെ തയ്യാറെടുപ്പുകളാണ് പടത്തിനുവേണ്ടി ചെയ്തത്.

വിനു എബ്രഹാമിന്റെ "നഷ്ടനായിക" എന്ന നോവലാണ് ഒരു സിനിമയുടെ സാധ്യത എനിക്ക് കാണിച്ചുതന്നത്. ആ നോവലില്‍ ജെ സി ഡാനിയലിന്റെ ഇളയമകന്‍ ഹാരിസ് ഡാനിയല്‍ ഫിലിം ചുരുളുകള്‍ കത്തിക്കുന്നതൊക്കെ വിവരിക്കുന്ന ഒരധ്യായമുണ്ട്. ആ വിഷ്വല്‍ എന്റെ മനസ്സില്‍ വല്ലാതെ മുറിവേല്‍പ്പിച്ചു. ആ നിമിഷംമുതല്‍ ഞാന്‍ സിനിമയുടെ സാധ്യതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. നോവല്‍ റോസിയെക്കുറിച്ചായിരുന്നെങ്കിലും എന്നെ വല്ലാതെ സ്പര്‍ശിച്ചത് ഡാനിയല്‍ എന്ന സംവിധായകന്റെ ജീവിതമാണ്. ചേലങ്ങാട് ഗോപാലകൃഷ്ണന്റെ "ജെ സി ഡാനിയലിന്റെ ജീവിതകഥ" എന്ന പുസ്തകം ഡാനിയലിനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ തന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, മണര്‍കാട് മാത്യു, ഹാരിസ് ഡാനിയല്‍, ചേലങ്ങാടിന്റെ മകന്‍ സാജു ചേലങ്ങാട്് എന്നിവരും വിലപ്പെട്ട നിരവധി കാര്യങ്ങള്‍ പറഞ്ഞുതന്നു. മണര്‍കാട് മാത്യു ഡാനിയലിനെ കണ്ടിട്ടുണ്ട്. വിഗതകുമാരന്റെ ഫിലിം ചുരുളുകള്‍ ആറുവയസ്സുള്ളപ്പോള്‍ കളിക്കാനെടുത്തതും കത്തിച്ചതും സത്യംതന്നെയാണോ എന്നറിയാനാണ് ഹാരിസ് ഡാനിയലിനെ ബന്ധപ്പെട്ടത്. സത്യത്തില്‍ ഈ സിനിമയുടെ പിറവിക്കുപിന്നിലെ സിനിമാറ്റിക് തോട്ട് ആ സംഭവമാണ്.

? ചരിത്രസിനിമയാണെങ്കിലും സിനിമാറ്റിക്കാക്കാനുള്ള ചില പൊടിക്കൈകള്‍ ചിത്രത്തിലുണ്ട്. അത് അനിവാര്യവുമാണ്. എത്രത്തോളം ഫിക്ഷന്‍ സിനിമയിലുണ്ട്.

ഒരു ഡോക്യുമെന്ററി ആയിപ്പോകാതിരിക്കാന്‍ ചിത്രത്തില്‍ ഫിക്ഷന്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ജെ സി ഡാനിയല്‍ എന്ന സംവിധായകനോടും ജീവിതത്തോടും കൂറുപുലര്‍ത്തിക്കൊണ്ടുമാത്രമാണ് ഫിക്ഷന്‍ ഉപയോഗിച്ചത്. ഡാനിയല്‍ ഫാല്‍ക്കെയെ കണ്ട കാര്യം എടുക്കാം. 1928ല്‍ ഡാനിയല്‍ ബോംബെയില്‍ ഹിന്ദുസ്ഥാന്‍ ഫിലിം കമ്പനിയില്‍ പോയിട്ടുണ്ടെന്ന് പറയുന്നു. അക്കാലത്ത് ഫാല്‍ക്കെ "പരശുറാം" എന്ന സിനിമയായിരുന്നു എടുത്തത്. ഡാനിയല്‍ ഫാല്‍ക്കെയെ കണ്ടിട്ടുണ്ടാകാം, ഷൂട്ടിങ് കണ്ടിട്ടുണ്ടാകാം എന്നൊക്കെ സങ്കല്‍പ്പിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തി. സംവിധായകന്‍ നടരാജമുതലിയാരെ മദ്രാസിലെ സ്റ്റുഡിയോയില്‍ പോയി കണ്ട രംഗത്തിലും ഫിക്ഷന്‍ ചേര്‍ത്തിട്ടുണ്ട്. വിഗതകുമാരന്റെ സിനോപ്സിസില്‍ നായിക റോസിയില്‍ ഭ്രമം കാണിച്ചിരുന്ന ഒരാളുണ്ടായിരുന്നു എന്ന് കാണുന്നുണ്ട്. സെല്ലുലോയ്ഡില്‍ ഇയാളെ കഥകളിക്കാരനായ ഒരു ശൃംഗാരലോലുപനാക്കി ഞാന്‍ മാറ്റി.

? ക്യാമറ പ്രവര്‍ത്തിപ്പിച്ചതും അഭിനയിച്ചതും ജെ സി ഡാനിയലാണെന്ന് ചേലങ്ങാട് പറയുന്നു. സെല്ലുലോയ്ഡില്‍ പക്ഷേ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത് മറ്റൊരാളാണ്.

അഭിനയിക്കുന്ന ആള്‍ക്കുതന്നെ ക്യാമറ ചലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അന്ന് ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ കൈകൊണ്ട് ഒരു ലിവര്‍ തിരിക്കണമായിരുന്നു. "സ്പീഡ്" എന്നാണ് ഇതിന് പറയുക. രണ്ടുംകൂടി ഒരാള്‍തന്നെ ചെയ്യാന്‍ ഒരു സാധ്യതയുമില്ല.

? താങ്കളുടെ മാസ്റ്റര്‍പീസ് വര്‍ക്കായി സെല്ലുലോയ്ഡിനെ വിലയിരുത്താമോ.

ഒരു സംവിധായകനെന്ന നിലയില്‍ എക്കാലവും സിനിമയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ട്. നിര്‍മാതാവിനുവേണ്ടി, പ്രേക്ഷകനുവേണ്ടി. അല്ലെങ്കില്‍ എനിക്കുതന്നെ സംഭവിച്ച ചില അബദ്ധങ്ങള്‍ കാരണം പിന്നീട് തിരിഞ്ഞുനോക്കി ദുഃഖിച്ചിട്ടുണ്ട്. എന്നാല്‍, സെല്ലുലോയ്ഡ് ഒരു ഇച്ഛാഭംഗവും എനിക്ക് തന്നിട്ടില്ല. ഞാന്‍ ചെയ്തതില്‍ "കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍" എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. എന്നാല്‍, ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടിവരാത്ത സിനിമ എന്നനിലയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സെല്ലുലോയ്ഡാണ്. മാസ്റ്റര്‍പീസ് എന്ന വാക്ക് പ്രയോഗിച്ച് തേഞ്ഞുപോയതിനാല്‍ ആ വാക്ക് പ്രയോഗിക്കേണ്ട.

? ജെ സി ഡാനിയലിന്റെ ജീവിതകഥയില്‍ ഡാനിയലിനെ മലയാളസിനിമയുടെ പിതാവാക്കാതിരിക്കാന്‍ ശ്രമിച്ചവരായി കെ കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും ചേലങ്ങാട് വിലയിരുത്തുന്നു. സിനിമയിലും പേരു പറയാതെ ഈ സൂചന നല്‍കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നോ.

ചരിത്രത്തോട് നീതിപുലര്‍ത്തുകമാത്രമാണ് ഞാന്‍ ചെയ്തത്. സിനിമയില്‍ ആരുടെയും പേര് മനഃപൂര്‍വം ഞാന്‍ ഉപയോഗിച്ചിട്ടില്ല. 1970ല്‍ മലയാളസിനിമ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി അച്ചുതമേനോന്‍ തീരുമാനിച്ചിരുന്നതായി ചേലങ്ങാട് പറയുന്നു. അദ്ദേഹം അതില്‍ അംഗമായിരുന്നു. മലയാറ്റൂരായിരുന്നു ചെയര്‍മാന്‍. നിശബ്ദസിനിമയായതിനാല്‍ വിഗതകുമാരനെ സിനിമയുടെ കണക്കില്‍പ്പെടുത്താന്‍ കഴിയുകയില്ലെന്ന് മലയാറ്റൂര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 1938ല്‍ നിര്‍മിച്ച ബാലനോടുകൂടിയാണ് മലയാളസിനിമ ജനിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മന്ത്രിയായിരുന്നപ്പോള്‍ കരുണാകരനും ഡാനിയലിനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

? മലയാളസിനിമയിലെ ജാതീയതയുടെ ഇരകളാണ് ജെ സി ഡാനിയലും ആദ്യത്തെ നായിക പി കെ റോസിയും. 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ സിനിമയില്‍ വര്‍ഗീയതയും ജാതീയതയും എത്രത്തോളം രൂഢമൂലമാണ്.

സിനിമയുടെ അകത്ത് പലരുടെയും ഉള്ളില്‍ ശക്തമായ വര്‍ഗീയതയുണ്ട്. എന്നാല്‍, ഇത്രയധികം ബാഹ്യ ഇടപെടലുകള്‍ സിനിമയില്‍ വരുന്നത് ഇപ്പോഴാണ്. ഇടക്കാലത്ത് ഈ പ്രവണത അല്‍പ്പം കുറഞ്ഞിരുന്നു. വിഗതകുമാരന്‍ എതിര്‍പ്പ് നേരിട്ടത് അന്നത്തെ സാമൂഹികവ്യവസ്ഥയുടെ ഭാഗമായാണ്. സിനിമ എന്ന മാധ്യമത്തെക്കുറിച്ചുപോലും അന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ അങ്ങനെയല്ലല്ലോ.

? സിനിമയിലെ നായിക വിഗതകുമാരന്‍ കണ്ടതായാണ് നഷ്ടനായിക എന്ന നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചേലങ്ങാട് ഇതിനെക്കുറിച്ച് വ്യക്തത തരുന്നുമില്ല. താങ്കളുടെ നായികയ്ക്ക് തിയറ്ററിന്റെ അകത്ത് പ്രവേശിക്കാന്‍പോലും പറ്റുന്നില്ല. ഈ തീരുമാനത്തിനുപിന്നില്‍.

നഷ്ടനായിക എന്ന നോവലില്‍നിന്ന് ഞാന്‍ വ്യതിചലിക്കുന്നത് ഇവിടെയാണ്. അയിത്തം നിലനിന്ന ഒരു സമൂഹത്തില്‍ ഉന്നതകുലജാതര്‍ക്കൊപ്പം ഒരേതിയറ്ററില്‍ റോസി ഇരുന്നുവെങ്കില്‍ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകേണ്ടതില്ലല്ലോ. അതുകൊണ്ടാണ് റോസിക്ക് തിയറ്ററിനുള്ളിലേക്ക് കയറാന്‍പോലും കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് ഞാന്‍ സമര്‍ഥിക്കാന്‍ കാരണം.

? സിനിമയില്‍ വയലാറിനെ കാണിക്കുന്നതും "മതങ്ങള്‍ മനുഷ്യനെ സൃഷ്ടിച്ചു" എന്ന ഗാനം കേള്‍പ്പിക്കുന്നതുമൊക്കെ പുതിയ തലമുറ വന്‍ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. ഇങ്ങനെയൊരു രംഗം ആവിഷ്കരിക്കാനുള്ള കാരണം.

വയലാറും ചേലങ്ങാടും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു. തീര്‍ച്ചയായും ചേലങ്ങാട്ടിന്റെ എല്ലാ ശ്രമങ്ങള്‍ക്കും വയലാര്‍ പിന്തുണ നല്‍കിയിട്ടുണ്ടാകും. അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ഓര്‍മപ്പെടുത്തല്‍കൂടിയാണല്ലോ "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു" എന്ന പാട്ട്.

? താങ്കളുടെ സിനിമകളില്‍ പാട്ടുകള്‍ക്കെന്നും വലിയ പ്രാധാന്യം നല്‍കാറുണ്ട്. ചരിത്രം പ്രമേയമാകുന്ന പല സിനിമകളിലും പാട്ടുകള്‍ അധികപ്പറ്റാകാറാണ് പതിവ്. എന്നാല്‍, സെല്ലുലോയ്ഡിന്റെ പാകപ്പെടുത്തലില്‍ പാട്ടുകള്‍ക്ക് നല്ല പങ്കുണ്ട്. എന്തുതോന്നുന്നു.

പാട്ടുകള്‍ വേണമെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. റോസി സിനിമയില്‍ എത്തുന്നതിന്റെ വിശദാംശങ്ങളും സിനിമയുടെ കഥാഗതിയും ഒരു പാട്ടിലൂടെ കാണിക്കേണ്ടത് ഒതുക്കത്തോടെ കഥ പറയാന്‍ ആവശ്യമായും വന്നു. അടൂര്‍ സാറിന്റെ അടുത്ത് സ്ക്രിപ്റ്റ് ചര്‍ച്ചയ്ക്ക് പോകുന്നതിനുമുമ്പേ രണ്ടു പാട്ടും തയ്യാറായിരുന്നു. ഞാനിറങ്ങുന്നതിനുമുമ്പ് അദ്ദേഹം ചോദിച്ചു: കമലേ, ഈ സിനിമയിലും പാട്ടുണ്ടോ. ഞാന്‍ ഒരുനിമിഷം ഒന്നും പറയാതെ നിന്നു. ""പാട്ട് ചേര്‍ക്കുന്നതാണ് കമലിന്റെ ഒരേയൊരു കുഴപ്പം"" അദ്ദേഹം പറഞ്ഞു. അടൂര്‍ പറഞ്ഞതിനെക്കുറിച്ച് ഞാന്‍ കുറെ ആലോചിച്ചു. ഒടുവില്‍ സംഗീതത്തില്‍നിന്ന് മാറിനില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് പാട്ട് വേണമെന്ന് തീരുമാനിക്കുകയായിരുന്നു.

*
ഷംസുദീന്‍ കുട്ടോത്ത്

ഫിലിം കത്തിച്ചതില്‍ ഇന്നും ദുഃഖം

അപ്പന്‍ മരിക്കുന്നതിന് മൂന്നുവര്‍ഷംമുമ്പാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി കണ്ടത്. കോയമ്പത്തൂരില്‍ എല്‍ഐസി ഓഫീസറായിരുന്നു ഞാന്‍. പലപ്പോഴും സ്ഥലംമാറ്റവും തിരക്കും കാരണം അഗസ്തീശ്വരത്ത് പോയി അദ്ദേഹത്തെ കാണാന്‍ സമയം കിട്ടിയിരുന്നില്ല. എല്ലാമാസവും അപ്പന്റെ പേരില്‍ ഞാന്‍ പണം അയച്ചിരുന്നു. അദ്ദേഹത്തിന് മക്കളില്‍ കൂടുതല്‍ ഇഷ്ടം എന്നോടാണെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ കുസൃതിയായിരുന്നെങ്കിലും നന്നായി പഠിക്കുമായിരുന്നു. മക്കളില്‍ എന്നെമാത്രം ഒരിക്കലും അടിച്ചിരുന്നില്ല. എനിക്ക് എന്നും വിസ്മയമായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികള്‍ നാടകം കാണുന്നത് വിലക്കിയിരുന്ന കാലത്ത് അപ്പന് പത്ത് വയസ്സുള്ളപ്പോള്‍ കുടുംബ ബാര്‍ബര്‍കൂടിയായ സുഹൃത്തിനൊപ്പം രാത്രി വീട്ടില്‍ അറിയാതെ നാടകം കാണാന്‍ പോയത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കളരിപ്പയറ്റ്, ഫുട്ബോള്‍ തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു. മാടുവണ്ടിയില്‍ നാലും അഞ്ചും പേരെ കയറ്റി അപ്പന്‍ മലര്‍ന്നുകിടന്ന് നെഞ്ചിലൂടെ വണ്ടി കയറ്റുമായിരുന്നു. തടിക്കച്ചോടവും നടത്തിയിട്ടുണ്ട്. അപ്പന്റെ സിനിമാഭ്രാന്ത് ഞങ്ങളുടെ കുടുംബത്തെ ശരിക്കും തകര്‍ത്തു. അതുകൊണ്ടാകാം സിനിമയോട് വലിയ ദേഷ്യമായിരുന്നു എനിക്ക്. ഏഴുവയസ്സുവരെ കാറിലാണ് ഞാന്‍ സ്കൂളില്‍ പോയിരുന്നത്. പിന്നീട് നടന്നും. ഇതൊക്കെ മക്കളായ ഞങ്ങളുടെ മനസ്സില്‍ ഏറെ വേദനയുണ്ടാക്കി.

അപ്പന്റേത് പ്രണയവിവാഹമായിരുന്നു എന്നത് ഇന്നും പലര്‍ക്കും അറിഞ്ഞുകൂടാ. വിദ്യാഭ്യാസകാലത്ത് അദ്ദേഹം താമസിച്ചിരുന്നത് പാളയത്തെ വില്‍സ് ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലിനടുത്തുള്ള പുസ്തകക്കടയില്‍വച്ച് യാദൃച്ഛികമായാണ് അദ്ദേഹം പിന്നീട് ഞങ്ങളുടെ അമ്മയായ ജാനറ്റിനെ കണ്ടത്. അന്നദ്ദേഹത്തിന് 19 വയസ്സും ജാനറ്റിന് 13 വയസ്സുമായിരുന്നു. അഞ്ചുവര്‍ഷം പ്രണയിച്ച്, 1924ല്‍ തിരുവനന്തപുരം എംഎം ചര്‍ച്ചില്‍വച്ചായിരുന്നു വിവാഹം.

വിഗതകുമാരന്റെ അവസാനത്തെ തുണ്ടുഫിലിമും ഞാനാണ് നശിപ്പിച്ചത്. ഈ എഴുപത്തിരണ്ടാമത്തെ വയസ്സിലും അതോര്‍ത്ത് ഞാന്‍ ദുഃഖിക്കാറുണ്ട്. വട്ട ടിന്നിലായിരുന്നു ഫിലിം സൂക്ഷിച്ചിരുന്നത്. ഫിലിം ചുരുട്ടി വാളാക്കിയും ബാഗുണ്ടാക്കിയുമായിരുന്നു പ്രധാന കളി. മലയാളത്തിലെ ആദ്യത്തെ ബാലതാരം എന്റെ മൂത്ത ജ്യേഷ്ഠനായ സുന്ദരന്‍ ഡാനിയലാണ്. ചേട്ടനെന്നെ അടിക്കുക പതിവായിരുന്നു. അവനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവന്‍ അഭിനയിച്ച ഭാഗങ്ങള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചു. വയലറ്റ് നിറത്തില്‍ ഫിലിം റോളുകള്‍ കത്തുന്നത് കാണാന്‍ നല്ല രസമായിരുന്നു.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 ഫെബ്രുവരി 2013

1 comment:

maharshi said...

ഒരിക്കലും പുസ്തകങ്ങള്‍ വായിക്കാന്‍ മിനക്കെടാത്ത മുരളീധരനും ,പത്മജയും സെല്ലുലോയ്ഡ്‌ എന്ന സിനിമക്ക്
എതിരെ രംഗത്ത് വന്നിരിക്കുന്നു.ഇതില്‍ പ്രിത് സ്നേഹം ഇല്ല.നായര്‍ വിവാദം ഒന്നുകൂടെ ഉയര്‍ത്താന്‍ പറ്റുമോ എന്നാണ് ഇവരുടെ വിചാരം.