Sunday, February 10, 2013

കുടിവെള്ള വിതരണത്തിന് ഒരു കമ്പനി!!

കേരളത്തില്‍ കുടിവെള്ള വിതരണത്തിന് ഒരു കമ്പനി രൂപീകരിക്കാന്‍ അധികാരത്തിലിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രൂപീകരിക്കപ്പെടാന്‍ പോകുന്ന കമ്പനി സ്വകാര്യ-പൊതുമേഖലാ സംയുക്തസംരംഭമായിരിക്കുമെന്നും അതിന്റെ 59 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്കായിരിക്കുമെന്നതാണ് പുറത്തുവന്ന വാര്‍ത്ത. സംയുക്തസംരംഭമാണെന്നു പറഞ്ഞാലും അതൊരു സ്വകാര്യകമ്പനിയുടെ ഫലമാണു പ്രായോഗികമായി ചെയ്യാന്‍ പോകുന്നത്. കമ്പനി സ്വകാര്യമോ സംയുക്തമോ എന്നതിനപ്പുറം അപകടകരവും ദീര്‍ഘസ്ഥായിയുമായുള്ള പ്രത്യാഘാതങ്ങളുളവാക്കാന്‍ പോരുന്ന ഒന്നാണ് യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം.

നമ്മുടെ സംസ്ഥാനത്ത് ജലവിഭവവകുപ്പിന്റെ കീഴിലുള്ള കേരളവാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം പ്രധാനമായും സര്‍ക്കാര്‍തലത്തില്‍ നിര്‍വഹിച്ചുപോരുന്നത്. സര്‍ക്കാര്‍ വകുപ്പിന്റെ എല്ലാ ദൗര്‍ബല്യങ്ങളും വാട്ടര്‍ അതോറിറ്റിക്കുണ്ട്. ജനങ്ങളുടെ മനസ്സില്‍ അതിനെതിരായ വികാരവും വിമര്‍ശനങ്ങളും ഉണ്ടാകാം. ഇതുമുതലെടുത്തുകൊണ്ട് സ്വകാര്യവല്‍ക്കരണ കച്ചവടരാഷ്ട്രീയം നടപ്പിലാക്കാനാണു യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെച്ചപ്പെട്ട രീതിയില്‍ കുടിവെള്ള വിതരണം നിര്‍വഹിക്കാനൊരു കമ്പനി എന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുമെന്നും അതിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കാണാതിരിക്കുമെന്നും സര്‍ക്കാര്‍ വിചാരിക്കുന്നു.

കുടിവെള്ളവിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്ന പരീക്ഷണം ഇതാദ്യമല്ല. ലോകത്ത് പല രാജ്യങ്ങളിലും പ്രദേശങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ട ഇനമാണത്. അതിന്റെ തിക്തഫലങ്ങള്‍ നേരിട്ടനുഭവിച്ചറിഞ്ഞ ജനങ്ങള്‍ പരസ്യമായ പോരാട്ടത്തിനിറങ്ങിയതും ലോകം കണ്ടതാണ്. കുടിവെള്ള വിതരണത്തിന് നിയോഗിക്കപ്പെട്ട കമ്പനി നിശ്ചയിച്ച വിലയ്ക്ക് വെള്ളം വാങ്ങാന്‍ നിവൃത്തിയില്ലാതെ വന്ന ജനങ്ങള്‍ സമരരംഗത്തിറങ്ങുകയും അവരുടെ കലാപത്തില്‍ ഒരു രക്തസാക്ഷിയുണ്ടാവുകയും ചെയ്തത് കൊച്ചാബാംബയിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളിവിയയിലെ  ഒരു പ്രവിശ്യയാണ് കൊച്ചാബാംബ. അവിടുത്തെ കുടിവെള്ളവിതരണം 1999 ല്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ബെക്‌ടെല്‍ എന്ന അമേരിക്കന്‍ കമ്പനി മറ്റു ചില കമ്പനികളുമായി ചേര്‍ന്ന് രൂപം കൊടുത്ത പ്രാദേശികനാമമുള്ള, അഗുവാസ്‌ദെല്‍തുനാരി എന്ന കമ്പനിയാണ് (വാള്‍മാര്‍ട്ട് ഭാരതിയെ ഓര്‍ക്കുക) 12500 കോടി രൂപയ്ക്ക് 40 വര്‍ഷകാലാവധിയില്‍ ആ കരാര്‍ ഏറ്റെടുത്തത്. കുടിവെള്ളം വമ്പിച്ച വില നല്‍കേണ്ട വസ്തുവാകാന്‍ ഒത്തിരിനാള്‍ വേണ്ടി വന്നില്ല. തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനം നല്‍കിയാലും ഒരു ബക്കറ്റ് വെള്ളം കിട്ടാത്ത അവസ്ഥയെത്തി. അനുഭവത്തിന്റെയടിസ്ഥാനത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. സ്വകാര്യകമ്പനിയെ പുറത്താക്കുന്നതില്‍ വിജയിച്ച ആ കുടിവെള്ള കലാപത്തില്‍ പൊലീസ് വെടിയേറ്റ് ഒരു യുവാവ് രക്തസാക്ഷിയായി.

ലോകബാങ്കിന്റെയും അമേരിക്കയുടെയും വിനീത ഏജന്റന്മാരായ സോണിയാ-മന്‍മോഹന്‍ പ്രഭൃതികളുടെ വിശ്വസ്ത അനുയായി അജിത്‌ജോഗി ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്‍ഡ്യയില്‍ നദി വില്‍പ്പന ആരംഭിച്ചത്. ആ സംസ്ഥാനത്തു കൂടി ഒഴുകുന്ന ശിവനാഥ് നദിയുടെ 35 കിലോമീറ്റര്‍ നീളം വരുന്ന ഭാഗം ഒരു വ്യവസായിക്കു വിറ്റു. ആ പരിധിക്കുള്ളില്‍ പതിവുപോലെ വലവീശാനും മറ്റുജീവനാവശ്യങ്ങള്‍ക്കുമായി ഇറങ്ങിയവരെ വ്യവസായിയുടെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ആക്രമിക്കുക പതിവായി. കച്ചവടം അവസാനിപ്പിക്കാന്‍ വമ്പിച്ച ചെറുത്തു നില്‍പ്പ് ആവശ്യമായി വന്നു. ഇത് മറ്റൊരു ചരിത്രപാഠം.

ജലവിഭവസമൃദ്ധമായ നാടാണു കേരളം. ഇവിടുത്തെ ഭൂമിയും ജലവും വനവും ആധുനിക മുതലാളിത്തത്തിന്റെ കച്ചവടരാഷ്ട്രീയക്കാരുടെ മനമിളക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി: 2003 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട 'ജിം' മാമാങ്കം ഓര്‍ക്കുക. അന്ന് ''വികസനത്തിന്റെ അവസാനവണ്ടി''യുമായി വന്ന മുഖ്യമന്ത്രി ആന്റണിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും നിരത്തിവച്ച ചരക്കുകളില്‍ പെരിയാറ്റിലെയും മലമ്പുഴ അണക്കെട്ടിലെയും വെള്ളവും ഉണ്ടായിരുന്നു. അതിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭവും മറക്കാറായിട്ടില്ല.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായിരുന്ന റ്റി എം ജേക്കബ് നടത്തിയ ചില നീക്കങ്ങളും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ സ്വകാര്യകിണറുകള്‍ക്കും കുളങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനും ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാനും നടത്തിയ നീക്കമാണ് ഒന്ന്. സംസ്ഥാനത്തെ ജലവിതരണരംഗത്തെ സൗജന്യപൊതുടാപ്പുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ത്തലാക്കാനുമുള്ള നീക്കമാണു മറ്റൊന്ന്. അന്നവ നടക്കാതെ പോയി. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കൈവിട്ടുപോയ നഷ്ടമെല്ലാം നികത്താന്‍ കഴിയുന്ന കുടിവെള്ള കമ്പനിയുമായാണ് യു ഡി എഫ് ഇപ്പോള്‍ വരുന്നത്.

ഈ കമ്പനി നിലവില്‍ വന്നാല്‍ ഇപ്പോള്‍ ജന്മാവകാശമായി ജനങ്ങള്‍ അനുഭവിച്ചു പോരുന്ന എല്ലാ ജലസ്രോതസുകളും അവര്‍ക്ക് അന്യമാകും. കുടിവെള്ളം കിട്ടാക്കനിയാകും. വേണമെങ്കില്‍ തീ വില നല്‍കേണ്ടി വരും. പ്രകൃതി കനിഞ്ഞു നല്‍കുന്ന മഴ വെള്ളം പോലും നമുക്കന്യമാകും. മനുഷ്യന്റെ ജീവനും ജീവനവും നിലനിര്‍ത്തുന്ന പണമുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടും.
കുടിവെള്ളം വിതരണം ചെയ്യേണ്ട കമ്പനിയുമായി (കേരളാ ഡ്രിങ്കിങ്ങ് വാട്ടര്‍ കോര്‍പ്പറേഷന്‍ ) സര്‍ക്കാരിന് അല്ലെങ്കില്‍ ബന്ധപ്പെട്ട പ്രദേശത്തെ സ്വയംഭരണസ്ഥാപനത്തിന് കുടിവെള്ളവിതരണത്തിന് ഒരു ഔദ്യോഗികകരാറിലേര്‍പ്പടേണ്ടിവരും. സംസ്ഥാനം മൊത്തത്തില്‍ വ്യവസ്ഥാപിതമാക്കപ്പെടുകയാണോ പ്രാദേശികമായിരിക്കുമോ കരാര്‍ എന്നതു വ്യക്തമായിട്ടില്ല. പ്രാദേശികമാകാനാണു സാദ്ധ്യത. ബന്ധപ്പെട്ട പ്രദേശത്തെ കുടിവെള്ളവിതരണത്തെ സംബന്ധിക്കുന്ന ഒരു എസ്റ്റിമേറ്റു തയാറാക്കേണ്ടിവരും. അതു തയാറാക്കുന്നതിനുവേണ്ടി വരുന്ന ചെലവ് അതതു വിതരണപ്രദേശത്തെ അധികാരികള്‍ നല്‍കേണ്ടിവരും. ഇതില്‍ സര്‍ക്കാര്‍ സഹായവുമായി മുന്നോട്ടുവരുന്നില്ലെങ്കില്‍ പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും വല്ലാതെ വിഷമിക്കും. സര്‍ക്കാര്‍ സഹായിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. കരാറില്‍ ഏറ്റവും പ്രധാനമായി വരുന്നത് വിതരണം ചെയ്യാനാവശ്യമായ ജലത്തിന്റെ സ്രോതസാണ്. വെള്ളമില്ലാതെ വിതരണം നടക്കില്ലല്ലോ. അപ്പോള്‍ വിതരണ മേഖലയിലെ, പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ ജലസ്രോതസുകള്‍ - പുഴ, തടാകം, കുളം, കിണര്‍, ഭൂഗര്‍ഭജലം - വിതരണക്കമ്പനിക്ക് സ്വാഭാവികമായും അധീനപ്പെടുത്തേണ്ടിവരും. വിതരണം വ്യവസ്ഥാപിതമായി ആരംഭിച്ചു കഴിഞ്ഞാല്‍ വെള്ളത്തിന്റെ വില നിശ്ചയിക്കേണ്ടിവരും. വില നിശ്ചയിക്കാനുള്ള അവകാശം കമ്പനിക്കായിരിക്കും. സര്‍ക്കാര്‍ ഈ സേവനമേഖലയില്‍ നിന്നു ഫലത്തില്‍ പിന്‍വാങ്ങുകയാണെന്നോര്‍ക്കണം. മാത്രവുമല്ല, എല്ലാത്തരം സബ്‌സിഡികളും വന്‍കിടക്കാര്‍ക്കൊഴികെ നിര്‍ത്തലാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ കീഴിലാണു നാം ജീവിക്കുന്നതു തന്നെ. 'ഞങ്ങള്‍ വെള്ളം തരാം, പണം തരൂ.' എന്ന കമ്പനി നയം നടപ്പിലാക്കുമ്പോള്‍ സാധാരണജനങ്ങളാണു വലയാന്‍ പോകുന്നത്. അവരുടെ കൈവശമുണ്ടായിരുന്ന ജലസ്രോതസും പോയി വെള്ളത്തിന്റെ നിശ്ചിതവില നല്‍കാനുള്ള ശേഷിയുമില്ല എന്ന സ്ഥിതിയില്‍ അവര്‍ എത്തിച്ചേരാന്‍ കാലം ഏറെ വേണ്ടിവരില്ല. തുടക്കത്തില്‍ എല്ലാം സാവധാനമായേക്കാം എന്നുമാത്രം.

ഒരു ഘട്ടമെത്തുമ്പോഴായിരിക്കും വിതരണക്കമ്പനി മഴക്കൊയ്ത്ത് (റയിന്‍ഹാര്‍വെസ്റ്റ്) എന്ന ആവശ്യം മുന്നോട്ടു വയ്ക്കുക. നിശ്ചിത വിതരണമേഖലയുടെ പരിധിയ്ക്കകത്തു പെയ്യുന്ന മഴവെള്ളം  നേരിട്ട് സംഭരിക്കുന്നതിനാണു റയിന്‍ഹാര്‍വെസ്റ്റ് അഥവാ മഴക്കൊയ്ത്ത് എന്നു പറയുന്നത്. അതിനുവേണ്ടി പല ന്യായവാദങ്ങളും നിരത്താന്‍ കമ്പനി തയാറാകും - സ്രോതസുകളിലെ ജല ലഭ്യതക്കുറവ്, ഉപഭോഗവര്‍ദ്ധന, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് അങ്ങനെ പലതും.

സ്വകാര്യവല്‍ക്കരണ നിലപാടുകളുള്ള യു ഡി എഫ് ഗവണ്‍മെന്റില്‍ നിന്നും കമ്പനിയ്ക്കനുകൂലമായ കരാറുമാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. ഏതുതലത്തിലായാലും അത്തരം കരാറുകള്‍ സൃഷ്ടിക്കപ്പെടാനായിരിക്കും അവര്‍ വഴിയൊരുക്കുക. അല്ലാതെ ജനപക്ഷവ്യവസ്ഥകള്‍ പ്രതീക്ഷിക്കാനേ സാദ്ധ്യമല്ല. ഒരിക്കല്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ ഏതു തലത്തിലുമുള്ള അധികാരികള്‍ക്കും അതില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ വരും. കോടതിയെ സമീപിച്ചാല്‍ പോലും കരാര്‍ വ്യവസ്ഥകളുയര്‍ത്തിപ്പിടിച്ച് കമ്പനിയെ സാധൂകരിയ്ക്കാനാണിട. ഫലത്തില്‍ കേരളം ഒരു വലിയ വിഷമവൃത്തത്തിലാകും.

കുടിവെള്ളകമ്പനി രൂപീകരണം വരുമ്പോള്‍ ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നവും ചിന്തിക്കേണ്ടതുണ്ട്. ആഗോളീകരണനയങ്ങളുടെ ഉല്‍പ്പന്നമായ ഈ കമ്പനി വരുന്നതോടെ അവരും പ്രതിസന്ധിയിലാകും.

വാട്ടര്‍ അതോറിറ്റിയെ കാലാനുസൃതമായി പുഷ്ടിപ്പെടുത്താനും ഗ്രാമീണജലവിതരണപദ്ധതികളടക്കം ദീര്‍ഘവീക്ഷണത്തോടെ കേരളത്തിന്റെ കുടിവെള്ളവിതരണം പ്ലാന്‍ ചെയ്തു ശക്തിപ്പെടുത്താനും തുനിയുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനാവശ്യമായ ഫണ്ട് ന്യായമായും കണ്ടെത്താനും സര്‍ക്കാര്‍ ശ്രമിക്കണം. അതിനുപകരം വില്‍പ്പനക്കണ്ണോടെ ഒരു കമ്പനി രൂപീകരിക്കുകയല്ല ചെയ്യേണ്ടത്.

യു ഡി എഫ് സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍ വച്ച് ഏറ്റവും മാരകമാണു ഈ കുടിവെള്ളം മുട്ടിക്കല്‍ പരിപാടി. യു പി എ, യു ഡി എഫ് ഗവണ്‍മെന്റുകള്‍ തുടര്‍ന്നുപോരുന്ന വികലമായ വില്‍പനനയങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ഈ കമ്പനി (കേരളാ ഡ്രിങ്കിങ്ങ് വാട്ടര്‍ കോര്‍പ്പറേഷന്‍) രൂപീകരണ സംരംഭത്തില്‍ നിന്നും പിന്തിരിയേണ്ടതുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ അതിശക്തമായ പോരാട്ടം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

 *
കെ എം ചന്ദ്രശര്‍മ്മ ജനയുഗം 08 ഫെബ്രുവരി 2013

No comments: