Sunday, February 17, 2013

എന്‍ എസ് ഒരു ചിരസ്മരണ

സഖാവ് എന്‍എസ് ഒരു സാധാരണ മനുഷ്യനായിരുന്നു. പക്ഷേ,ഒരു അസാധാരണ കമ്യൂണിസ്റ്റ് നേതാവും. ഉത്തമനായ ഈ കമ്യൂണിസ്റ്റ് വേര്‍പിരിഞ്ഞിട്ട് ഇന്ന് 28 വര്‍ഷമാകുന്നു. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്ന ഈ വേള, ജനകീയ ബദല്‍രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ സിപിഐ എം ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയജാഥ വിജയമാക്കാനുള്ള മുന്നൊരുക്കം നടത്തുന്ന അവസരം കൂടിയാണ്.

സ്വന്തം വിശ്വാസത്തെ സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ വിപ്ലവകാരിയായിരുന്നു സഖാവ്. കമ്യൂണിസ്റ്റ് സംഘടനാപ്രവര്‍ത്തനമധ്യേ 1985 ഫെബ്രുവരി 17ന് വാഹനാപകടംസഖാവിെന്‍റ ജീവിതം കവരുകയായിരുന്നു.

"തരിക്കില്ല മനം തെല്ലും,
പിന്‍മാറില്ലരണഭൂമിയില്‍, മരിക്കും ഞാന്‍ നിനക്കായ്"

എന്നത് പട്ടിണിപ്പാവങ്ങള്‍ക്കായി പോരാടുന്നവരുടെ പ്രതിജ്ഞയാണ്. ആപ്രതിജ്ഞ മരണംവരെ മുറുകെപ്പിടിച്ച വിപ്ലവകാരികളില്‍ ഒരാളാണ് എന്‍ എസ്. ഒരു കേവുവള്ളക്കാരെന്‍റ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ചഎന്‍ ശ്രീധരന്‍ എങ്ങനെ പാര്‍ടിയുംനാട്ടുകാരും സ്നേഹത്തോടെ അംഗീകരിച്ച എന്‍എസായി വളര്‍ന്നുവെന്നത് പഠിക്കേണ്ടജീവിതപാഠമാണ്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അച്ഛെന്‍റ കെട്ടുവള്ളത്തില്‍ സഹായിയായി. ആ യാത്രയ്ക്കിടയില്‍ കമ്യൂണിസ്റ്റുകാരുമായുണ്ടായ പരിചയത്തിലൂടെ ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിക്കുന്ന സംഘാടകനായി. "ദിവാന്‍ഭരണം തുലയട്ടെ" എന്ന ബോര്‍ഡ് സ്വന്തംനാടായ വള്ളിക്കാവില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുരംഗത്ത് സജീവമായത്. ബോര്‍ഡ് വച്ചതിനെ തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ്വേട്ട ശക്തിപ്പെട്ടപ്പോള്‍ ദീര്‍ഘകാലം ഒളിവിലായി. ഒളിവുജീവിതത്തിനിടയിലെ സഖാവിെന്‍റ പ്രവര്‍ത്തനത്തിലൂടെ നാവികത്തൊഴിലാളിസംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ്പാര്‍ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിന് നിര്‍ണായകസംഭാവന നല്‍കി.

ഇങ്ങനെ സ്കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാഭ്യാസംഉപേക്ഷിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും ഉത്തരവാദഭരണ പ്രക്ഷോഭത്തിലും തുടര്‍ന്ന്കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുമെത്തിയ ആ സഖാവ് അധികാരസ്ഥാനങ്ങളിലൊന്നുംഅവരോധിതനായില്ലെങ്കിലും അതിനേക്കാളുപരിയായ അംഗീകാരവും മതിപ്പും നാടും പ്രസ്ഥാനവും അദ്ദേഹത്തിനു നല്‍കി. അഞ്ചുപതിറ്റാണ്ടോളം നീണ്ട ത്യാഗപൂര്‍ണമായ പൊതുജീവിതം നയിച്ചതുകൊണ്ടാണ് അത് നേടിയത്. യാതനാപൂര്‍ണമായ ജയില്‍വാസത്തിന്റെയും ഒളിവുജീവിതത്തിന്റെയും എണ്ണമറ്റ കൊടുംമര്‍ദനങ്ങളുടെയും അനുഭവവും ഉറച്ച അച്ചടക്കബോധമുള്ള കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തനവുമാണ് അതില്‍ ഉള്‍ച്ചേര്‍ന്നത്. എന്‍ എസിന്റെ അടക്കമുള്ള വിപ്ലവകാരികളുടെ ചരിത്രം മനസ്സിലാക്കിയാല്‍ സാമൂഹ്യനീതിക്കും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം നല്‍കിയ മഹത്തായ സംഭാവന നിഷേധിക്കാനാകാതെവരും. കമ്യൂണിസ്റ്റുകാര്‍ നടത്തിയ സമരവും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ നടപടികളും സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് കമ്യൂണിസ്റ്റ്വിരുദ്ധ തിമിരം ബാധിക്കാത്ത ആരും സമ്മതിക്കുന്നതാണ്.

ഈ മാറ്റത്തിനുപിന്നില്‍ കമ്യൂണിസ്റ്റുകാരുടെ ചോരയും ജീവനും ത്യാഗവുമുണ്ട്. എന്തു ബുദ്ധിമുട്ടു നേരിട്ടാലും ഒളിവില്‍ കഴിയുക, പിടികൊടുക്കാതിരിക്കുക എന്ന നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് കമ്യൂണിസ്റ്റ്പാര്‍ടിയുടെ നിരോധിതകാലഘട്ടത്തില്‍ 1948-49ല്‍ ഒളിവില്‍കഴിഞ്ഞ സഖാവിന് സദാ പുകയുന്ന അടുപ്പുള്ള തട്ടിന്‍പുറത്ത് 18 മണിക്കൂര്‍ ശ്വാസംമുട്ടി കഴിയേണ്ടിവന്നിട്ടുണ്ട്. അന്ന് കായംകുളത്തെ പാര്‍ടി ഡിവിഷന്‍ കമ്മിറ്റിയുടെ ചുമതലക്കാരനായിരുന്നു. ഈ ഘട്ടത്തിലായിരുന്നു ശൂരനാട് കലാപം. ശൂരനാട്ടെ തെന്നല ജന്മികുടുംബം കാളയ്ക്കുപകരം കര്‍ഷകത്തൊഴിലാളികളെ നുകത്തില്‍ കെട്ടി നിലം ഉഴുതു. അത്തരം ക്രൂരതകള്‍ക്കെതിരായ സടകുടഞ്ഞെഴുന്നേല്‍ക്കലായിരുന്നു ശൂരനാട് കലാപം. പണിയെടുക്കുന്നവരുടെ ജീവിതനിലവാരവും കുടുംബാവസ്ഥയും മൃഗതുല്യമായിരുന്നു. അവരുടെ കുടിലില്‍ കയറിച്ചെന്ന് ജന്മിമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ബാഹുബലവും ആയുധബലവും കാണിക്കാമായിരുന്നു. പെണ്‍കിടാങ്ങളെ മാനഭംഗപ്പെടുത്താമായിരുന്നു. ആ അവസ്ഥയ്ക്ക് മാറ്റംവരുത്തി അന്തസ്സോടെ തലയുയര്‍ത്തി ജീവിക്കാനും അഭിമാനബോധമുള്ളവരാകാനും കഴിഞ്ഞത് ശൂരനാട് അടക്കം കമ്യൂണിസ്റ്റുകാര്‍ നേതൃത്വംനല്‍കിയ പോരാട്ടങ്ങളിലൂടെയാണ്. സമരവും പ്രക്ഷോഭവുംകൊണ്ട് ഒരു ഗുണവുമില്ലെന്ന തെറ്റായ ചിന്ത നാട്ടില്‍പരത്താന്‍ ഉല്‍സാഹപൂര്‍വമായ പിന്തിരിപ്പന്‍ പ്രവര്‍ത്തനം സജീവമായ ഘട്ടമാണിത്. സിപിഎമ്മിന്റെ നേതൃത്വത്തിലോ പിന്തുണയോടെയോ നടക്കുന്ന സമരങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിത പരിശ്രമം മുമ്പെന്നത്തേക്കാളും തീവ്രവുമാണ്. ഇതിന്റെ ഭാഗമായാണ് സിപിഐ എം നേതൃത്വത്തില്‍ നടന്ന അടുപ്പുകൂട്ടി സമരത്തെപ്പോലും ചില ഭരണവര്‍ഗശക്തികള്‍ തള്ളിപ്പറഞ്ഞത്. പക്ഷെ, ഇത്തരം സമരങ്ങളുടെകൂടി ഫലമായാണ് സബ്സിഡി സിലിണ്ടര്‍ ഒമ്പതായി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സമീപസമയത്തെ ഭൂസംരക്ഷണസമരവും പങ്കാളിത്തപെന്‍ഷനെതിരായ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രക്ഷോഭവും ചരിത്രത്തെ മുന്നോട്ടുനയിക്കുന്നവയാണ്.

മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വേരോട്ടത്തിന് അതുല്യസംഭാവനനല്‍കിയ ആദ്യകാല സംഘാടകരില്‍പ്രമുഖനായിരുന്നു എന്‍ എസ്. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും ഒരുഘട്ടത്തില്‍ ആക്ടിങ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ആലപ്പുഴ ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് 1969 അവസാനം കൊല്ലത്തെ പാര്‍ടിയുടെ ചുമതലയ്ക്ക് നിയോഗിക്കപ്പെട്ടത്. എന്‍ എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനം കൊല്ലം ജില്ലയില്‍ കെട്ടുറപ്പുള്ള സംഘടനയ്ക്ക് അടിസ്ഥാനമിടുകയും വിപുലമായ ബഹുജനപ്രസ്ഥാനം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. പല പരീക്ഷണഘട്ടങ്ങളെയും നേരിട്ട് പ്രസ്ഥാനത്തെ നയിക്കുകയും ജനസേവനം നടത്തുകയുംചെയ്തു. പാര്‍ടിനയവും പ്രവര്‍ത്തനവും കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രദ്ധിച്ചു. സ്വയംചെയ്യുന്ന ജോലികൊണ്ടുമാത്രം പ്രസ്ഥാനം വിപുലമാകില്ല. മറ്റുള്ളവരെക്കൊണ്ട് ജോലിചെയ്യിക്കുകകൂടി വേണം. ഈ മൗലികമായ സംഘടനാതത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു. പാര്‍ടി സഖാവ്വരുത്തുന്ന തെറ്റ് ചെറുതാകട്ടെ, വലുതാകട്ടെ,അത് തിരുത്തിക്കാനുള്ളഉത്തരവാദിത്തമുള്ളതാണ് കമ്യൂണിസ്റ്റ്പാര്‍ടി.അങ്ങനെ തിരുത്തി നേര്‍വഴിക്ക് നയിക്കാന്‍ശ്രമിച്ച് പരാജയപ്പെട്ടാലാണ് ശിക്ഷാനടപടി. അതാണ് കമ്യൂണിസ്റ്റ്പാര്‍ടിയുടെഅന്തഃസത്ത. ഇതുള്‍ക്കൊണ്ട് പ്രയോഗത്തില്‍ വരുത്താന്‍ ശ്രദ്ധാലുവായിരുന്നഎന്‍ എസിെന്‍റ പ്രവര്‍ത്തനരീതി മാതൃകാപരമാണ്. ഒരു വാക്കാകട്ടെ, ഒരുപ്രവൃത്തിയാകട്ടെ- അതിനുമുമ്പ് ഏതൊരുകമ്യൂണിസ്റ്റും ആലോചിക്കേണ്ട കാര്യംഇതുവഴി തെന്‍റ പാര്‍ടിക്ക് ഗുണമോ ദോഷമോ എന്ന ആലോചനയാകണമെന്ന് എന്‍എസ് പലപ്പോഴുംഓര്‍മിപ്പിച്ചിരുന്നു.

ആശയപരമായകാര്യങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവം കാട്ടിയിരുന്നില്ല. അത് ഏവരുംസ്വീകരിക്കേണ്ട കമ്യൂണിസ്റ്റ് ഗുണമാണ്.അതുകൊണ്ടാണ് റിവിഷനിസത്തിനുംസെക്ടേറിയനിസത്തിനും എതിരായസമരത്തില്‍ അടിയുറച്ച നിലപാട് സഖാവ്സ്വീകരിച്ചത്. ആശയപരമായ രംഗത്ത് ദൃഢതകാട്ടുമ്പോള്‍തന്നെ പാര്‍ടിക്കുള്ളില്‍ വിഭാഗീയതവളര്‍ത്തുന്നതിനെ ശക്തമായി എതിര്‍ത്തു.

ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനും എതിരായ ജനരോക്ഷം ശക്തമാകുകയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഒറ്റപ്പെടുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രക്ഷിക്കാന്‍ സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും ക്ഷീണിപ്പിക്കാന്‍ മുതലാളിത്ത മാധ്യമങ്ങളുടെ സഹായത്തോടെ ദുഷ്പ്രചാരണങ്ങള്‍ ഒരുപാട് കെട്ടഴിച്ചുവിടുന്നുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാനാവില്ല. രാഷ്ട്രീയകാര്യങ്ങളില്‍ തീര്‍ച്ച മൂര്‍ച്ചയുള്ള നയം പാര്‍ടിക്കുണ്ട്. അതില്‍ പാര്‍ടിക്കുള്ളില്‍ പൊതുയോജിപ്പാണ്. സംഘടനാകാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും തീരുമാനം എടുക്കാന്‍ ശേഷിയുള്ളതാണ് സിപിഐ എം. അതുകൊണ്ടുതന്നെ ഈ പാര്‍ടി സംഘടനപരമായോ രാഷ്ട്രീയമായോ ഒരു പ്രതിസന്ധിയിലുമല്ല.

ഇന്ന് പാര്‍ടിയുടെ ബഹുജനസ്വാധീനം എന്‍ എസിന്റെ കാലത്തേക്കാള്‍ വളര്‍ന്നിട്ടുണ്ട്. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍,സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാന്‍ പാര്‍ടിക്കും നേതൃത്വത്തിനും എല്‍ഡിഎഫിനുമെതിരെ അപവാദപ്രചാരണങ്ങള്‍ കൊണ്ടുപിടിച്ച് നടത്തുകയാണ്. ഈ ഘട്ടത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എന്ന നിലയില്‍ സ. എന്‍ എസ് ഏറ്റെടുത്ത അവസാനാളുകളിലെ മുഖ്യചുമതലകളിലൊന്ന് പത്രസാഹിത്യപ്രചാരണമായിരുന്നുവെന്നത് സ്മരിക്കണം. കമ്യൂണിസ്റ്റുകാര്‍ സ്വന്തം മാധ്യമപ്രസിദ്ധീകരണങ്ങളെ എങ്ങനെ കരുത്തുറ്റതാക്കണമെന്നതിന് ദേശാഭിമാനിയുടെ പ്രചാരണം വിപുലമാക്കിയ ക്യാമ്പയിന് നേതൃത്വം നല്‍കി ബോധ്യമാക്കിയ എന്‍ എസിന്റെ ശൈലി എക്കാലവും മാതൃകയാണ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിലൊന്നായി ദേശാഭിമാനി മാറിയിട്ടുണ്ട്. ആറുലക്ഷത്തോളം വരിക്കാരുള്ള പത്രമായെങ്കിലും ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഒന്നാമത്തെ പത്രമാക്കി ദേശാഭിമാനിയെ മാറ്റേണ്ടതുണ്ട്. അച്ചടിമാധ്യമരംഗത്ത് മാത്രമല്ല, ദൃശൃമാധ്യമരംഗത്തും ജനപക്ഷബദല്‍ ശക്തിപ്പെടുത്തണം. സിപിഐ എമ്മിനും അതിെന്‍റ നേതാക്കള്‍ക്കുമെതിരെ നെറികേടും അപവാദവും പ്രചരിപ്പിക്കുകയെന്നത് എല്ലാക്കാലത്തും കമ്യൂണിസ്റ്റ്വിരുദ്ധ കേന്ദ്രങ്ങള്‍ ചെയ്തുവരുന്നതാണ്. ഇ എം എസിനെയും എ കെ ജിയെയും നായനാരെയുമൊന്നും ഇക്കൂട്ടര്‍ വെറുതെവിട്ടിട്ടില്ല. ഈ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമഹിസ്റ്റീരിയയെ എതിരിടുന്നതിന് കമ്യൂണിസ്റ്റുകാര്‍ ഒരേമനസ്സോടെ മുന്നോട്ടുപോകണം. ഇവിടെയാണ് നമ്മുടെ പാര്‍ടിയുടെ കരുത്ത്. ആ കരുത്തിനെ വളര്‍ത്താനും കമ്യൂണിസ്റ്റ്- ജനപക്ഷമാധ്യമത്തെ ശക്തിപ്പെടുത്താനും എന്‍ എസ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഈ പ്രവര്‍ത്തനപാത കൂടുതല്‍ ശക്തമാക്കണമെന്നാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. സഖാവ് എന്‍ എസിെന്‍റ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.

*
പിണറായി വിജയന്‍

No comments: