Sunday, February 17, 2013

കുര്യന്‍ രാജിവെച്ച് വിചാരണ നേരിടണം

പുത്തന്‍ ഉദാരവല്‍ക്കരണ വീക്ഷണത്തിന്‍കീഴില്‍ ആഗോളവല്‍കൃതമായിക്കൊണ്ടിരിക്കുന്ന മുതലാളിത്തത്തിെന്‍റ തേര്‍വാഴ്ചയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനമുള്ളവരും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണെങ്കില്‍, തങ്ങളുടെ സ്വാധീനമുപയോഗിച്ച് കേസുകള്‍ അട്ടിമറിയ്ക്കാന്‍ അവര്‍ ശ്രമിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്മാരെ അവര്‍ സ്വാധീനിക്കുമെന്നും അതിനാല്‍ കേസന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വകവും ആക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള വനിതാ സംഘടനകള്‍ ഊന്നിപ്പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

അധികാരസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് സ്ത്രീപീഡനം നടത്തുന്നവര്‍ക്ക്, അതേ കുറ്റം ചെയ്ത സാധാരണക്കാരായ പ്രതികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന, കര്‍ക്കശമായ ശിക്ഷ നല്‍കണമെന്നും അതോടൊപ്പം വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റകൃത്യത്തിനു പിന്നിലുള്ള വര്‍ഗപരമായ വീക്ഷണത്തെ അവഗണിയ്ക്കരുതെന്നും ഇടതുപക്ഷ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിലയിരുത്തലിനെ എല്ലാ വിധത്തിലും സാധൂകരിക്കുന്നതാണ്, സൂര്യനെല്ലിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും ഇപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ, കേന്ദ്ര ഭരണകക്ഷിയുടെ ഉന്നതനേതാവായ പി ജെ കുര്യനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളും വിവാദങ്ങളും. ഈ കേസില്‍ കുര്യനുള്ള ക്രൂരമായ പങ്കിനെക്കുറിച്ച്, ഇരയായ പെണ്‍കുട്ടി കഴിഞ്ഞ 17 കൊല്ലമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും, കുര്യനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി, സംരക്ഷിയ്ക്കുവാനാണ്, സര്‍ക്കാരും അന്വേഷണ സംഘങ്ങളും പ്രോസിക്യൂഷനും സുപ്രീംകോടതിയും നീതിന്യായ സംവിധാനവും അടക്കമുള്ള ഭരണയന്ത്രമാകെ ശ്രമിച്ചുവന്നത് എന്നത്, ഏറ്റവും വേദനാജനകമായ വസ്തുതയാണ്. ബലാല്‍സംഗത്തിന്നിരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുത്ത് കേസെടുക്കണമെന്ന് സുപ്രീംകോടതി പല കേസുകളിലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നിട്ടും കേന്ദ്രമന്ത്രി കുര്യനെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള വ്യഗ്രതയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത്. സംഭവസ്ഥലത്ത് പ്രതി ഉണ്ടായിരുന്നില്ല എന്നതിനുള്ള തെളിവ് (അലിബി) ഉണ്ടാക്കേണ്ട ആവശ്യവും ചുമതലയും പ്രതിയുടെ വക്കീലിന്നായിരിക്കെ, പ്രതിഭാഗം വക്കീലിെന്‍റ ഈ കടമയാണ് അന്വേഷണ സംഘത്തലവനായ സിബി മാത്യൂസ് നിറവേറ്റാന്‍ വ്യഗ്രത കാണിച്ചത്. മറ്റ് സന്ദര്‍ഭങ്ങളില്‍ നിഷ്പക്ഷനും നീതിമാനും ആണെന്ന് പേരുകേട്ട ഈ ഉദ്യോഗസ്ഥന്‍, സൂര്യനെല്ലിക്കേസില്‍ മറ്റ് 39 പ്രതികളുടെ കാര്യത്തിലും ഇരയായ പെണ്‍കുട്ടിയുടെ വാക്ക് വിശ്വസിക്കുകയും കുര്യെന്‍റ കാര്യം വന്നപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാന്‍ വിസമ്മതിച്ച്, കുര്യന്‍ കൊണ്ടുവന്ന സാക്ഷികളെ വിശ്വാസത്തിലെടുക്കുകയും ചെയ്തത്, അന്നത്തെ കേന്ദ്രമന്ത്രിയ്ക്കും ഭരണകക്ഷിയ്ക്കും ചെലുത്താന്‍ കഴിയുമായിരുന്ന സ്വാധീനത്തിന് തെളിവാണ്. (അവരുടെ കള്ളസ്സാക്ഷികളുടെ മൊഴികള്‍ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്).

അതേ സ്വാധീനത്തിെന്‍റ തെളിവാണ്, കുര്യന്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന്നെതിരെ പുനരന്വേഷണം ഇല്ലെന്നും ഉള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിെന്‍റയും പ്രഖ്യാപനങ്ങളില്‍ കാണുന്നത്. പ്രശ്നത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആ ഉപദേശം ലഭിക്കുന്നതിനു മുമ്പുതന്നെ ഇങ്ങനെ പ്രഖ്യാപിച്ചത്, വരാനിരിക്കുന്ന നിയമോപദേശത്തെപ്പോലും സ്വാധീനിയ്ക്കും എന്നും വ്യക്തമാണല്ലോ. ഇപ്പോള്‍ സുപ്രീംകോടതി അസാധുവാക്കിയതും "വിചിത്ര"മെന്ന് അപലപിയ്ക്കപ്പെട്ടതുമായ ഹൈക്കോടതിയുടെ വിധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഡിസ്ചാര്‍ജ് പെറ്റീഷന്‍ വഴി കേസില്‍നിന്ന് ഊരിപ്പോന്ന കുര്യന്‍, നിരപരാധിയാണെന്ന് സുപ്രീംകോടതിയടക്കമുള്ള എല്ലാ കോടതികളും വിധിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. കുര്യനെ സൂര്യനെല്ലിക്കേസില്‍ ഒരു കോടതിയും വിചാരണ ചെയ്തിട്ടുമില്ല, കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടുമില്ല, വെറുതെ വിട്ടിട്ടുമില്ല എന്നിരിയ്ക്കെ, മുഖ്യമന്ത്രിയുടെ ഈ കള്ളവാദവും കുര്യനെ രക്ഷപ്പെടുത്തുന്നതിനാണെന്ന് വ്യക്തം. സാങ്കേതിക കാരണം പറഞ്ഞ് കുര്യെന്‍റ ഡിസ്ചാര്‍ജ് പെറ്റീഷന്‍ അനുവദിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ, അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍, ആ പെറ്റീഷന്‍ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ ചോദിച്ച ചോദ്യം, നീതിമാനായ സോളമനെപ്പോലും തോല്‍പ്പിക്കുന്നതാണ്; ഇരയായ പെണ്‍കുട്ടിയെ വിധിന്യായത്തിലൂടെ കടിച്ചുകീറുകയും അവഹേളിയ്ക്കുകയും ചെയ്ത ഹൈക്കോടതിയുടെ ക്രൂരമായ പരാമര്‍ശങ്ങളെപ്പോലും തോല്‍പ്പിക്കുന്നതാണ് - ഈ കേസില്‍ സര്‍ക്കാരിനെന്തു കാര്യം, ഇരയായ പെണ്‍കുട്ടിയല്ലേ പെറ്റീഷനുമായി വരേണ്ടത് എന്നായിരുന്നു അദ്ദേഹത്തിെന്‍റ ചോദ്യം. ദുരിതക്കയത്തില്‍ ആശയറ്റ് വീണു കിടക്കുന്ന ഇരയായ പെണ്‍കുട്ടിയോട് ഒരിറ്റ് സഹതാപംപോലും കാണിയ്ക്കാതെ, പ്രതിയെ കേസില്‍നിന്ന് ആദരപൂര്‍വം ഒഴിവാക്കിക്കൊടുത്ത ആ സുപ്രീംകോടതി വിധി, ""ജനം പറയുന്നപോലെ ഭരിയ്ക്കാനാവില്ല, ജനം പറയുന്നപോലെ കേസെടുക്കാനാവില്ല"" എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രഖ്യാപനത്തിെന്‍റ മറ്റൊരു രൂപമാണ്. കേരളത്തില്‍ ഹൈക്കോടതിയിന്‍കീഴില്‍ രൂപീകരിയ്ക്കപ്പെട്ട, സ്ത്രീ പീഡനക്കേസുകള്‍ വിചാരണ ചെയ്യുന്നതിനായുള്ള പ്രത്യേക കോടതി, ബലാല്‍സംഗത്തിന്നിരയായ സ്ത്രീയുടെ (പെണ്‍കുട്ടിയുടെ) മൊഴി വിശ്വാസത്തിലെടുത്ത് കേസ് എടുക്കണം എന്ന് അനുശാസിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റിന്റെ ഓര്‍ഡിനന്‍സില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചതിെന്‍റ തൊട്ടടുത്ത ദിവസം പുറപ്പെടുവിച്ച ഒരു വിധി ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ് - കീഴ്ക്കോടതി പത്തുവര്‍ഷത്തെ തടവിനു വിധിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ളതാണ് ആ വിധി.

ഇരയുടെയും ഇരയുടെ അമ്മയുടെയും മാത്രം മൊഴി വിശ്വസിച്ചുകൊണ്ട് തീര്‍പ്പുകല്‍പിക്കാനാവില്ലത്രേ! സാങ്കേതികത്വം അവിടെയും പ്രതിക്ക് അനുകൂലമായിത്തീരുന്നു. പ്രതി വെറും സാധാരണക്കാരനായിരുന്നിട്ടുപോലും ഇതാണ് സ്ഥിതിയെങ്കില്‍, സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ബലാല്‍സംഗക്കേസുകളില്‍ പ്രതികളാകുമ്പോള്‍, എത്ര കര്‍ശനമായ നിയമങ്ങളുണ്ടെങ്കിലും, അവയെല്ലാം പ്രതികള്‍ക്കുമുന്നില്‍ തല കുനിയ്ക്കുമെന്നും ഭരണയന്ത്രം മുഴുവന്‍ പ്രതിയോട് ചേര്‍ന്നു നില്‍ക്കുമെന്നും ഊഹിയ്ക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ബലാല്‍സംഗക്കേസുകളില്‍ കുര്യനെപോലെയുള്ള പ്രതികള്‍ രക്ഷപ്പെടാതിരിയ്ക്കണമെങ്കില്‍ ജനാധിപത്യ സമൂഹം നിരന്തരമായ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയേ പറ്റൂ; നിരന്തരമായ സമരം നടത്തിയേ പറ്റൂ. ഇപ്പോള്‍ കുര്യനെ രക്ഷിയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരടക്കം ഭരണയന്ത്രമാകെ പ്രവര്‍ത്തിക്കുന്നതിന് എതിരായി ഉയര്‍ന്നുവരുന്ന സമരങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ഇത്രയൊക്കെയായിട്ടും കുര്യന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതും പരിഹാസ്യമാണ്.

*
ചിന്ത മുഖപ്രസംഗം

No comments: