സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിനുനേരെ ചെളിവാരിയെറിയുന്നവര്‍ കുഞ്ചന്‍നമ്പ്യാരെ മുന്‍കാലപ്രാബല്യത്തോടെ ശിക്ഷിക്കേണ്ടിവരും. നമ്പ്യാരുടെ വിമര്‍ശത്തിന്റെയും പരിഹാസത്തിന്റെയും നാലയലത്തെത്തുന്നതല്ല, സെല്ലുലോയിഡിന്റെ രചയിതാവ് ഉയര്‍ത്തിയ വിമര്‍ശം. സമുന്നതരായ രാഷ്ട്രീയനേതാക്കളും പ്രസ്ഥാനങ്ങളും നിശിതമായ വിമര്‍ശത്തിനും പരിഹാസത്തിനും പാത്രമാകുന്നത് കേരളത്തില്‍ ആദ്യമല്ല. അടിയന്തരാവസ്ഥയുടെ ഭീകരത പശ്ചാത്തലമാക്കി വന്ന എത്രയോ ചലച്ചിത്രങ്ങളില്‍ കെ കരുണാകരന്‍ ചില കോണ്‍ഗ്രസുകാര്‍ക്കു സ്വീകാര്യമല്ലാത്ത വിധത്തില്‍ അവതരിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നായകരെയും വികൃതമായി ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളുടെ പരമ്പരതന്നെ ചൂണ്ടിക്കാണിക്കാനാകും. ജീവിച്ചിരിക്കുന്ന നേതാക്കളെ കഥാപാത്രങ്ങളാക്കി എടുത്ത സിനിമകള്‍ നിരവധി വന്നു- സാദൃശ്യം തോന്നുന്നുവെങ്കില്‍ യാദൃച്ഛികമാണ് എന്ന മുഖവാക്യത്തോടെ. കലാസൃഷ്ടികളിലും സാഹിത്യരചനകളിലും സാമൂഹ്യവിമര്‍ശം പാടുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ചുറ്റും നടക്കുന്നതു കാണാതെയും അവയോട് പ്രതികരിക്കാതെയും ദന്തഗോപുരങ്ങളില്‍ വാഴുന്നവരുടേതല്ല കലയുടെയും സാഹിത്യത്തിന്റെയും കുത്തകാധികാരം. ഇന്ന് ആരുടെ പേരുപറഞ്ഞാണോ വിവാദവും പ്രതിഷേധവും അക്രമസമരവും വരുന്നത്, ആ കെ കരുണാകരനെ പേരെടുത്തുപറഞ്ഞ് ആക്ഷേപതുല്യമായ വിമര്‍ശമുന്നയിച്ചവര്‍ക്കുപോലും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഇതുപോലെ ദുരനുഭവമുണ്ടായിക്കാണില്ല.
സെല്ലുലോയ്ഡ് വ്യത്യസ്തത പുലര്‍ത്തുന്ന ചലച്ചിത്രമാണ്. അതിന് മികച്ച ചിത്രമെന്ന പുരസ്കാരം നല്‍കിയത് കേരള സര്‍ക്കാരാണ്. മലയാള സിനിമയുടെ പിതാവ് എന്ന വിശേഷണത്തിനു സര്‍വഥാ യോഗ്യനായ പ്രതിഭയുടെ ജീവിതകഥയാണത്. ജെ സി ഡാനിയല്‍ എന്ന ആ ചലച്ചിത്രകാരന്‍ നേരിട്ട അവഗണനയുടെയും അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളുടെയും ചിത്രീകരണത്തിനിടെ, അതിന് കാരണക്കാരായവരെ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ടിവരുന്നു. ആ സൂചനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാര പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പ് "സെല്ലുലോയ്ഡി"നെതിരെ ചിലകേന്ദ്രങ്ങള്‍ ആക്രമണമഴിച്ചുവിടുന്നത്. ചലച്ചിത്രത്തെയും അതിലെ പ്രതിപാദ്യങ്ങളെയും വിമര്‍ശിക്കുന്നതില്‍ ആരും തെറ്റുകാണില്ല. ഇവിടെ വിമര്‍ശമല്ല അസഹിഷ്ണുതയോടെയുള്ള ആക്രോശങ്ങളാണുണ്ടാകുന്നത്.
ഏറ്റവുമൊടുവില്‍, കേരളത്തിന്റെ സാംസ്കാരികമന്ത്രി കെ സി ജോസഫാണ് രംഗത്തുവന്നത്. വിമര്‍ശനവിഷയമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും സംവിധായകന്‍ മാപ്പുപറയുകയും വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. അദ്ദേഹം സിനിമ കണ്ടിട്ടില്ല; കേട്ടുകേള്‍വി വച്ചാണ് ആവശ്യമുന്നയിക്കുന്നത്. മന്ത്രിസഭയിലെ മറ്റു രണ്ടുപേര്‍ ഈ അഭിപ്രായത്തിലല്ല. ഒരാള്‍ പറഞ്ഞത്, ഇത് ഡോക്യുമെന്ററിയല്ല എന്നാണ്. ""ആവിഷ്കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഇതിനെ ആശയപരമായാണ് നേരിടേണ്ടത്. അസഹിഷ്ണുത പ്രശ്നത്തെ വലുതാക്കുകയേയുള്ളൂ"" എന്നാണ് മറ്റൊരു മന്ത്രിയുടെ വാക്കുകള്‍. സ്വന്തം സഹപ്രവര്‍ത്തകര്‍ കാണിച്ച വിവേകമല്ല, സംസ്കാരശൂന്യമായ പ്രതികരണമാണ് സാംസ്കാരികമന്ത്രിയില്‍നിന്നുണ്ടായത് എന്നത് ഖേദകരമാണ്. സിനിമ കാണാതെ, അതിനെ അധിക്ഷേപിക്കാന്‍ ഈ മന്ത്രി കാണിച്ച മൗഢ്യം അക്ഷന്തവ്യവുമാണ്. താനടങ്ങുന്ന സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ച ചലച്ചിത്രസൃഷ്ടിക്കെതിരെയാണ് തന്റെ ആക്രോശം എന്ന് തിരിച്ചറിയാനുള്ള ശേഷിപോലുമില്ലാത്ത ഒരാളാണ് മന്ത്രിപദവിയിലിരിക്കുന്നത് എന്ന അറിവ്, കേരളീയരെ ലജ്ജിപ്പിക്കേണ്ടതാണ്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ അതിന്റെ ധ്വംസകരാകരുത്. സാംസ്കാരികമന്ത്രി സാംസ്കാരിക ഫാസിസ്റ്റിനെപ്പോലെ പെരുമാറരുത്. തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം. സര്‍ഗസൃഷ്ടിയെ അതിന്റെ അര്‍ഥത്തില്‍ കാണാന്‍ കഴിയാത്തത് ഫാസിസ്റ്റ് രീതിയാണ് എന്നതു തിരിച്ചറിയപ്പെടണം.
*
ദേശാഭിമാനി മുഖപ്രസംഗം 26 ഫെബ്രുവരി 2013

No comments:
Post a Comment