Thursday, February 21, 2013

'നല്ല' സ്‌കൂളായാലുള്ള കുഴപ്പം

കഴിഞ്ഞ ദിവസം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയോടു ചോദിക്കാനിടയായി, 'മോളുടെ ക്ലാസില്‍ എത്ര കുട്ടികളുണ്ട്?'

'ഇപ്പൊ 62 പേരുണ്ട്. പക്ഷേ, താമസിയാതെ കുറയുംന്നാ ടീച്ചര്‍ പറഞ്ഞെ. ഇപ്പൊ 36 ഡിവിഷനുണ്ട്, ഇനി ഒരു ഡിവിഷന്‍ കൂടി വരാന്‍ പോണൂത്രേ.' അതു ശരി. ശരാശരി 62 കുട്ടികള്‍ വീതം 36 ഡിവിഷനുള്ള ഒരു സ്‌കൂളില്‍ ഒരു ഡിവിഷന്‍ കൂടി വന്നാല്‍, ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ കുറയും? എട്ടാം ക്ലാസുകാരിയോടു ചോദിക്കാന്‍ പറ്റിയ ചോദ്യമാണ് !

സാമാന്യം നല്ല സ്‌കൂള്‍ എന്ന് പേരെടുത്ത സ്‌കൂളുകളുടെ പ്രശ്‌നമാണിത്. പല പൊതുവിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണക്കുറവു മൂലം ഡിവിഷന്‍ ഫാളും പോസ്റ്റ് നഷ്ടപ്പെടലും പ്രശ്‌നമായിരിക്കുമ്പോഴും 'നല്ല' സ്‌കൂള്‍ എന്ന്  പേരുവീണ വിദ്യാലയങ്ങളില്‍ കുട്ടികളുടെ തിരക്കാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൂടുന്നു. ക്ലാസ്സുകളില്‍ തിരക്കുകൊണ്ട് കുട്ടികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടുകയാണ്. ക്ലാസ്സില്‍ കുട്ടികളുടെ എണ്ണം കൂടിയാല്‍ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠിപ്പിക്കല്‍ ഒട്ടും ശരിയാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കില്ല. പഠന പ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും കൊണ്ട് ചെയ്യിക്കാനോ അവര്‍ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കാനോ ടീച്ചര്‍ക്ക് സാധിക്കില്ല. സമഗ്രവും തുടര്‍ച്ചയായതുമായ മൂല്യനിര്‍ണയത്തിനും ക്ലാസ്സിന്റെ വലുപ്പം പ്രശ്‌നമാണ്. ഇതൊക്കെക്കൊണ്ടാണ് വിദ്യാഭ്യാസ അവകാശനിയമത്തില്‍ ക്ലാസ് വലുപ്പം താഴ്ന്ന ക്ലാസില്‍ 30 ഉം ഉയര്‍ന്ന ക്ലാസ്സുകളില്‍ 35 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വന്നു കഴിഞ്ഞു. എന്നിട്ടും ഇതാണ് സ്ഥിതി.

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഉറപ്പുനല്‍കുന്നത് എല്ലാകുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം കൂടിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, അഞ്ചുവയസായ എല്ലാ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക്, ഇനി ഗുണമേന്മയാണ്  നമ്മുടെ വെല്ലുവിളി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്റെ കാര്യത്തില്‍ ഏറെയൊന്നും അഭിമാനിക്കാനില്ലാത്ത അവസ്ഥയാണ് നമുക്കെന്നാണ് ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത്.  ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രഥം എന്ന സന്നദ്ധ സംഘടന എല്ലാ വര്‍ഷവും നടത്തുന്ന പഠനം കാണിക്കുന്നത്  വായനാശേഷിയുടെ കാര്യത്തില്‍ കേരളത്തിലെ കുട്ടികള്‍ കഴിഞ്ഞ വര്‍ഷം പിന്നോട്ടുപോയി എന്നാണ്. ഗണിതത്തിന്റെ കാര്യത്തിലും നാം ഏറെയൊന്നും മെച്ചമല്ല. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ + നേടിയവര്‍ക്കുപോലും അതതു വിഷയങ്ങളില്‍ അവഗാഹം കാണുന്നില്ല എന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നു.

'ആള്‍ പ്രൊമോഷന്‍' വന്നതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് കരുതുന്ന അധ്യാപകര്‍ ഏറെയുണ്ട്. ഒരര്‍ഥത്തില്‍ അവര്‍ പറയുന്നത് ശരിയാണ്. നിലവാരം പോരാത്തവരെയൊക്കെ തോല്‍പ്പിച്ചു മാറ്റിയാല്‍, ജയിച്ചവരുടെ നിലവാരം ഉയര്‍ന്നതാണ് എന്ന് നമുക്ക് അഭിമാനിക്കാം. പക്ഷെ തോറ്റവരെ എന്തുചെയ്യും? അവര്‍ ജയിക്കുംവരെ പരീക്ഷ എഴുതിക്കൊണ്ടേ ഇരിക്കട്ടെ, അല്ലെങ്കില്‍ കുറേത്തവണ തോറ്റുകഴിയുമ്പോള്‍ നാണം കെട്ട് പണി മതിയാക്കി പോകും! അതായിരുന്നുവല്ലോ അടുത്തകാലം വരെ നമ്മുടെ രീതി. തോല്‍ക്കുന്നത്  'അവരുടെ' കുട്ടികള്‍ ആണല്ലോ! തോല്‍ക്കുന്നത് 'നമ്മുടെ' കുട്ടികള്‍ ആണെങ്കിലോ? അപ്പോള്‍ മാത്രമേ അവര്‍ തോറ്റത് നേരാംവണ്ണം പഠിപ്പിക്കാത്തതുകൊണ്ടാണെന്നോ, സ്‌കൂളില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നോ, ക്ലാസ് ശരിക്ക് നടക്കാത്തതുകൊണ്ടാണെന്നോ ഒക്കെ നമ്മള്‍ ചിന്തിച്ചു തുടങ്ങൂ.

ഏതായാലും കുറേപ്പേരെ തോല്‍പ്പിച്ചു അരിച്ചു മാറ്റി ബാക്കിയുള്ളവരുടെ നിലവാരം രക്ഷിക്കുക എന്നത്  വിദ്യാഭ്യാസത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാട് ആണെന്നാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ചിന്താഗതി. കുട്ടികള്‍ എന്തുകൊണ്ട് തോല്‍ക്കുന്നു എന്ന് പഠിച്ച്, തോല്‍വി ഒഴിവാക്കാനുള്ള മാര്‍ഗങ്ങളാണല്ലോ നാം അന്വേഷിക്കേണ്ടത്. അങ്ങനെയാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഗുണമേന്മ സംരക്ഷിക്കാനായി ചില കാര്യങ്ങള്‍ എടുത്തുപറഞ്ഞിരിക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനം നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുക എന്നത് തന്നെയാണ്. ആ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ചവ തന്നെയാണ്. എന്നാല്‍ എയിഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ അധ്യാപകനിയമനത്തെ പറ്റി ധാരാളം ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നു. അധ്യാപക നിയമനത്തിന് ഇനി ഒരു പുതിയ യോഗ്യതാ പരീക്ഷകൂടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. എന്നിരുന്നാലും നിയമനത്തിലെ കോഴപ്പിരിവ് പാടേ അവസാനിപ്പിച്ചാല്‍ മാത്രമേ ആ രംഗം സംശുദ്ധമാകൂ. കാശുകൊടുത്ത് നിയമനം നേടേണ്ടിവന്ന ഒരു അധ്യാപകന്‍/അധ്യാപിക എങ്ങനെയാണ് കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുക?

വിദ്യാഭ്യാസയോഗ്യത പോലെ തന്നെ പ്രധാനമാണ് തുടര്‍പരിശീലനവും. ഇക്കാര്യത്തിലും കേരളത്തിലെ പൊതുവിദ്യാഭ്യാസ വ്യവസ്ഥ ഏറെ മെച്ചമാണ്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും ആസൂത്രിതമായ ഒരു അധ്യാപക പരിശീലന പദ്ധതി ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴതില്‍ ഒരുപാട് വെള്ളം ചേര്‍ത്തു എന്നും അതൊരു വഴിപാട് ആയിപ്പോയിരിക്കുന്നു എന്നും ആക്ഷേപം ഉണ്ട്. എങ്കിലും, യാതൊരുവിധ അധ്യാപക പരിശീലനവും കൂടാതെയാണ് സി ബി എസ്  ഇ സ്‌കൂളുകളില്‍ പുതിയ ബോധനരീതിയും മൂല്യനിര്‍ണയരീതിയും നടപ്പാക്കിയത് എന്നോര്‍ക്കണം. അത് എങ്ങനെയായാലും, പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വൈദഗ്ധ്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കത്തക്കവിധത്തില്‍ കാര്യക്ഷമമായ പരിശീലനം തുടര്‍ച്ചയായി നല്‍കിയേ തീരൂ.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു അനുപേക്ഷണീയമായ മറ്റൊരു ഘടകം സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളാണ്. ഇപ്പോള്‍ എല്ലാ സ്‌കൂളിലും കമ്പ്യൂട്ടര്‍ ലഭ്യമാക്കാനും സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ടാക്കാനും സര്‍ക്കാരും പി റ്റി ഏകളും മത്സരിച്ചു ശ്രമിക്കുകയാണല്ലോ. അത് നല്ലതുതന്നെ. പക്ഷെ, ഇപ്പോഴും കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കുടിവെള്ളവും കക്കൂസും ഉണ്ട് എന്ന് ഹൈക്കോടതി മുന്‍പാകെ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയാണുള്ളത് എന്നത് ലജ്ജാകരമല്ലേ? കക്കൂസും മൂത്രപ്പുരയും പേരിന്   ഉണ്ടായാല്‍ മാത്രം പോരല്ലോ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആ സൗകര്യങ്ങള്‍ ഉണ്ടായാലല്ലേ പ്രയോജനമുള്ളൂ. അത് എത്ര സ്‌കൂളുകളില്‍ ഉണ്ട്? അതില്‍ പി റ്റി ഏകള്‍ പോലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് കഷ്ടം തന്നെ. അതുപോലെ തന്നെയാണ് ലൈബ്രറികളുടെ കാര്യവും. ലൈബ്രറി  ഉണ്ടായാല്‍ മാത്രം പോരാ, കുട്ടികള്‍ക്ക് പതിവായി പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും  അവരുടെ വായനാശീലം വേണ്ടവിധത്തില്‍ പോഷിപ്പിക്കുകയും വേണം.

മറ്റൊരു പ്രധാന ഘടകം പ്രവൃത്തിദിവസങ്ങളുടെ എണ്ണമാണ്. 220 പ്രവൃത്തി ദിവസങ്ങള്‍ വേണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതനുസരിച്ചാണ് ദേശീയ കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ പഠനപദ്ധതിയും വേണ്ടവിധത്തില്‍   കൈകാര്യം ചെയ്യണമെങ്കില്‍ അത്രയൊക്കെ സമയം വേണ്ടിവരും. 'സമയമില്ല' എന്നതാണ് ആത്മാര്‍ഥതയുള്ള അധ്യാപകരുടെ സ്ഥിരം പരാതി. സമയം തികയാത്തത് പ്രവൃത്തി ദിവസങ്ങള്‍ പല കാരണങ്ങളാലും നഷ്ടപ്പെടുന്നതുകൊണ്ടും കൂടിയാണ്. അത് യാതൊരു കാരണവശാലും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 'ദേശീയ കരിക്കുലം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ പഠിത്തം ശരിയാകാത്തത്, അതുകൊണ്ട് എല്ലാ സ്‌കൂളിലും എകീകൃത കരിക്കുലം കൊണ്ടുവരണം' എന്ന് ഇപ്പോള്‍ പലരും പറയുന്നുണ്ട്. പക്ഷേ യഥാര്‍ഥ പ്രശ്‌നം, ഏതു കരിക്കുലം ആയാലും അത് കൈകാര്യം ചെയ്യാന്‍ നിര്‍ദിഷ്ടമായ സമയം വേണം എന്നതാണ്. ഇതിന്റെ പ്രാധാന്യം അധ്യാപകരും സര്‍ക്കാരും മനസ്സിലാക്കിയേ പറ്റൂ.   

ഒരുപക്ഷെ ഇതിനെക്കാളൊക്കെ പ്രധാനമാണ് ക്ലാസ് വലുപ്പം. നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ രീതി അനുസരിച്ചുള്ള ബോധനം ശരിയായി നടക്കണമെങ്കില്‍ ക്ലാസ്സില്‍ 30 -35 കുട്ടികളില്‍ കൂടുതല്‍ പാടില്ല. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. കുട്ടികളുടെ എണ്ണം കൂടിയാല്‍ പ്രവര്‍ത്തനാധിഷ്ഠിത ബോധനമൊക്കെ വെറും പ്രഹസനം ആയി മാറും. പരീക്ഷണങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതിനു പകരം ടീച്ചര്‍ തന്നെ ചെയ്‌തെന്നു വരും. അതും, മുന്‍പില്‍ ഇരിക്കുന്ന കുട്ടികള്‍ മാത്രമേ കാണൂ. 'പഠിക്കുന്നവരും' അല്ലാത്തവരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കും. ക്ലാസ് ഒരു പക്ഷെ പഴയതിനേക്കാള്‍ മോശമായ സ്ഥിതിയിലേക്ക് പോകും. എന്തെന്നാല്‍ പഴയരീതിയില്‍ കുട്ടികള്‍ വീട്ടില്‍ ചെന്നാല്‍ അച്ഛനമ്മമാര്‍ നോട്ടു വായിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു, ഇപ്പോള്‍ നോട്ടു ഇല്ലാത്തതുകൊണ്ട് ക്ലാസില്‍ എന്ത് നടക്കുന്നു എന്ന് അവര്‍ക്കും അറിയില്ല. ആകപ്പാടെ നോക്കിയാല്‍, പുതിയരീതി വിജയിക്കണമെങ്കില്‍ ക്ലാസ് വലുപ്പം വിദ്യാഭ്യാസനിയമത്തില്‍ പറയുമ്പോലെ കുറയ്ക്കാതെ നിവൃത്തിയില്ല. എന്തുകൊണ്ട് അത് നടക്കുന്നില്ല? അതിനുവേണ്ടിവരുന്ന അധിക ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും എന്നാണല്ലോ ധാരണ. പിന്നെ എന്താണ് തടസ്സം?
ഏതെങ്കിലും രക്ഷാകര്‍ത്താക്കളോ സംഘടനകളോ കോടതിയില്‍ പോയി വിധി സമ്പാദിച്ചാല്‍ മാത്രമേ സംഗതികള്‍ നീങ്ങൂ എന്നാണോ? പക്ഷെ, ഒരു കോടതിവിധി കൊണ്ടും നടപ്പിലാക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്: കുട്ടികളെ സ്‌നേഹിക്കുന്ന അധ്യാപകര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ 'നല്ല' സ്‌കൂളുകള്‍ ഉണ്ടാകൂ. 'ഹരിതവിദ്യാലയ'ത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായ ഒരു കാര്യം അതാണ്. കമ്പ്യൂട്ടറിനെക്കാളും ഭൗതിക സൗകര്യങ്ങളെക്കാളും ഏറെ പ്രധാനം കുട്ടികളെ സ്‌നേഹിക്കുന്ന അധ്യാപകര്‍ ആണ്. അധ്യാപക തെരഞ്ഞെടുപ്പില്‍ ആ ഘടകം എങ്ങനെ കൊണ്ടുവരാന്‍ കഴിയും?

*
ആര്‍ വി ജി മേനോന്‍ ജനയുഗം 20 ഫെബ്രുവരി 2013

No comments: