Friday, February 22, 2013

ദേശീയ പണിമുടക്ക് കാണാതെപോയ വസ്തുതകള്‍

പത്ത് പ്രധാന ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പതിനൊന്ന് അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്രവിജയമായി. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി തൊഴിലാളികളുടെ പോരാട്ടങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യയില്‍ നടന്ന പണിമുടക്ക് തൊഴിലാളി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കായി മാറി.

2012 ഫെബ്രുവരി 28-ാം തീയതി ഇതേ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ 11 കോടിയോളം തൊഴിലാളികള്‍ പങ്കെടുക്കുകയുണ്ടായി. ആ പണിമുടക്കത്തിനു മുന്‍പും അതിനുശേഷവും പാര്‍ലമെന്റ് മാര്‍ച്ചും നിയമനിഷേധമുള്‍പ്പെടെയുള്ള നിരവധിയായ സംയുക്ത പ്രക്ഷോഭങ്ങളും ട്രേഡ് യൂണിയനുകള്‍ നടത്തുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിച്ച ഗവണ്‍മെന്റ് ഉന്നയിക്കപ്പെട്ട മുദ്രാവാക്യങ്ങളെ സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാനോ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ശ്രമിക്കുകയുണ്ടായില്ല.

കേന്ദ്ര തൊഴില്‍കാര്യമന്ത്രി മല്ലികാര്‍ജുന്‍ഭാര്‍ഗെ ഈ മാസം 14-ാം തീയതിയാണ് ദേശീയ നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയത്. പണിമുടക്കം പിന്‍വലിക്കണമെന്ന അഭ്യര്‍ഥന പുറപ്പെടുവിക്കയല്ലാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയിലെ മുന്‍നിരക്കാരായ നാല് മന്ത്രിമാരെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. അതനുസരിച്ച് ഈ മാസം 18-ാം തീയതി പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണിയുടെ വസതിയില്‍ ചര്‍ച്ച നടന്നു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികള്‍ അതില്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ അസാന്നിധ്യം പ്രശ്‌നപരിഹാരത്തിനുള്ള ഗവണ്‍മെന്റിന്റെ ആത്മാര്‍ഥതയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി.

സാഹചര്യങ്ങള്‍ ഇതായിരിക്കെ ദേശീയ പണിമുടക്കവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒരു പ്രസ്താവന തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റേതായി ഇന്നലെ മാധ്യമങ്ങളില്‍ പ്രതൃക്ഷപ്പെടുകയുണ്ടായി. അതിന്റെ പ്രഥമ വാചകത്തില്‍ സൂചിപ്പിക്കുന്നത് ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലാണ് എന്നാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് കഴിഞ്ഞ ട്രേഡ് യൂണിയന്‍ വെരിഫിക്കേഷനില്‍ കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ച 11 കേന്ദ്ര ട്രേഡ് യൂണിയനുകളേ ഇന്ത്യയില്‍ ഉള്ളൂ. ഇവയെക്കൂടാതെ ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഡിഫന്‍സ് മേഖലയിലെ സ്വതന്ത്രഫെഡറേഷനുകളും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും സംസ്ഥാനതല ട്രേഡ് യൂണിയന്‍ സംഘടനകളും ഒരു കേന്ദ്ര സംഘടനയുമായി അഫിലിയേറ്റ് ചെയ്യാത്ത 3000 ല്‍ അധികം സ്വതന്ത്ര യൂണിയനുകളും പങ്കെടുത്ത സമരം എങ്ങനെയാണ് ഒരു വിഭാഗം തൊഴിലാളികളുടെ പണിമുടക്കാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ ഒരു തൊഴിലാളി കൂട്ടായ്മ വളര്‍ന്ന് വന്നത് എന്ന സത്യം അവഗണിക്കുന്നത് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്ന നയങ്ങളുടെ ഭാഗമായിതന്നെയാണ്.

തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഡിമാന്റ് എല്ലാം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്നവയാണ് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ദീര്‍ഘകാലമായി പരിഗണിക്കുന്നു എന്നു പരയുന്ന ആവശ്യങ്ങളുടെ മേല്‍ തീരുമാനമുണ്ടാകുന്നില്ല എന്നതാണ് തൊഴിലാളി സംഘടനകളുടെ പരാതി. തൊഴില്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവന ഇന്ത്യയിലെ പൊതു സ്വകാര്യമേഖലകളില്‍ സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി നഷ്ടപ്പെട്ടത് 11 ലക്ഷം പേരുടെ തൊഴിലാണെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നു.

ഉന്നയിച്ചിട്ടുള്ള പത്ത് ആവശ്യങ്ങള്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകളില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ ഉന്നയിച്ചതാണ് എന്ന് അദ്ദേഹം സമ്മതിച്ചതിന് നന്ദി. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സുകളില്‍ ഉന്നയിച്ച് തീരുമാനമെടുത്ത വിഷയങ്ങളില്‍ നടപടിയുണ്ടായില്ല എന്ന കാര്യം അദ്ദേഹത്തിനും അറിവുള്ളതാണ്.

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകളോട് തൊഴിലാളിയൂണിയനുകള്‍ക്ക് യോജിപ്പില്ലാത്തതുകൊണ്ടാണ് ഇവ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ട ഉത്തരവാദിത്വം തൊഴില്‍ മന്ത്രാലയത്തിനാണ്. കണ്‍കറന്റ് ലിസ്റ്റ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന് പകരം തന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണം എന്ന ആവശ്യത്തെ പരിഹസിക്കുന്നതിനു പകരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പരിശോധിക്കാന്‍ സമയം കണ്ടെത്തുകയല്ലേ നല്ലത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലാണ് എന്നു പറയുന്ന മന്ത്രി ഇന്ത്യയില്‍ത്തന്നെയല്ലേ ജീവിക്കുന്നത്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഈ ഇനത്തില്‍ 40000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മന്ത്രി വിസ്മരിച്ച് കാണാന്‍ ഇടയില്ലല്ലോ.

അഞ്ച് മാസം മുമ്പ് നോട്ടീസ് നല്‍കിയ സമരം മൂലം 26000 കോടി രൂപയുടെ നഷ്ടമാണ് ദേശീയ സമ്പദ്ഘടനയ്ക്കുണ്ടായതെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ എത്രയോ കോടികള്‍ ശമ്പളം നഷ്ടപ്പെടുത്തിയാണ് തൊഴിലെടുക്കുന്നവര്‍ ഈ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതെന്ന് കാണാതെ പോകരുത്. ഈ നഷ്ടങ്ങളുടെ ഉത്തരവാദികള്‍ സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളികളുടെ പരാതികള്‍ അവഗണിച്ച സര്‍ക്കാര്‍ തന്നെയാണ്. ഈ 48 മണിക്കൂര്‍ പണിമുടക്കത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പരിശോധനകള്‍ക്കും തെറ്റു തിരുത്തല്‍ നടപടികള്‍ക്കും ഗവണ്‍മെന്റ് തയാറായാല്‍ രാജ്യതാല്പര്യം സംരക്ഷിക്കാന്‍ അതാകും നല്ലത്.

*
കാനം രാജേന്ദ്രന്‍ ജനയുഗം

No comments: