Wednesday, February 20, 2013

വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്ന സ്ത്രീസമൂഹം

സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാടൊട്ടുക്ക് ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, ഇരയെ നിന്ദ്യമായ പരാമര്‍ശങ്ങള്‍കൊണ്ട് ഭരണകൂടവും നീതിന്യായവ്യവസ്ഥയും ഒരുപോലെ അവഹേളിക്കുന്നതാണ് നാം കാണുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ സ്ത്രീവിരുദ്ധ മുന്നണി സത്യത്തെ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി നടത്തിവരുന്ന കുല്‍സിത ശ്രമങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇരയും, ഒപ്പം ഇരയെ വേട്ടയാടിയവരില്‍ പ്രമുഖരും ഒന്നടങ്കം പറയുന്നു, കുര്യന്‍ ഇതില്‍ പങ്കാളിയാണെന്ന്. സമ്പത്തും അധികാരവുമുള്ളവര്‍ക്ക് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്നതാണ് യുഡിഎഫിെന്‍റ നയം എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് സൂര്യനെല്ലി കേസ്. പണവും സ്വാധീനവുമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും അതിനുവേണ്ടി തെളിവുതേടാനും നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തുള്ളവര്‍ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ചില ശ്രമങ്ങളുടെ ബഹിര്‍സ്ഫുരണമാണ് ജസ്റ്റിസ് ബസന്തിന്റെ സംഭാഷണത്തില്‍ നാം കണ്ടത്. ഇരയെ ബാലവേശ്യയെന്നും കള്ളിയെന്നും മുദ്രകുത്തി താന്‍ തയ്യാറാക്കിയ ഹൈക്കോടതിവിധി, തന്നെ സംബന്ധിച്ച് ധാര്‍മ്മികമാണെന്നും ലോകം മുഴുവന്‍ കരഞ്ഞാലും അതുതന്നെ ബാധിക്കില്ലെന്നും ധാര്‍ഷ്ട്യത്തോടെ പറഞ്ഞ സ്ത്രീ സമൂഹത്തെയാകമാനം ആ "മാന്യന്‍" അപമാനിച്ചിരിക്കുന്നു.

സൂര്യനെല്ലിക്കേസിലെ പ്രതികള്‍ ചെയ്ത ഹീനകൃത്യത്തോളം തന്നെ നീചവും രാഷ്ട്രപതി ഒപ്പുവെച്ച പുതിയ ഓര്‍ഡിനന്‍സനുസരിച്ച് കേസെടുക്കത്തക്കവിധത്തിലുള്ള പരാമര്‍ശങ്ങളുമാണ് ജസ്റ്റിസ് ബസന്ത് നടത്തിയതുമാണ്. ഒരാള്‍ ചെയ്ത ഹീനപ്രവൃത്തി, അയാളുടെ പദവികൊണ്ട് മാത്രം ഇല്ലാതാക്കപ്പെടുകയോ ന്യായീകരിക്കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. എന്നാല്‍, പി ജെ കുര്യന്റെ കാര്യത്തില്‍ അതിനായുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 17 വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. തന്നെ പീഡിപ്പിച്ച 42 പേരില്‍ 40 പേരെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. അവരെ കുറിച്ചൊക്കെയുള്ള പെണ്‍കുട്ടിയുടെ വിശദീകരണങ്ങള്‍ ശരിയായിരുന്നുവെന്ന് തിരിച്ചറിയല്‍ പരേഡിലൂടെ തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. ഇവിടെയാണ് കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജെന്‍റ വെളിപ്പെടുത്തലുകള്‍ പ്രസക്തമാകുന്നത്. കുര്യന്റെ, ദുരൂഹമെന്നു പറയപ്പെടുന്ന ആ മണിക്കൂറുകള്‍ക്കിടയിലാണ് കുര്യന്‍ തന്നോടൊപ്പം കാറില്‍ കുമിളിയില്‍ വന്നതെന്ന് ധര്‍മരാജന്‍ പറയുന്നു. അടികൊണ്ട് പതം വന്നപ്പോള്‍ എല്ലാരുടെയും പേരുകള്‍ പറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ കുര്യന്റെ പേരും പറഞ്ഞിരുന്നതാണ്. എന്നാല്‍, കുര്യന്റെ പേര് പുറത്ത് പറയരുതെന്നാണ് സിബി മാത്യൂസ് പറഞ്ഞതെന്നും ധര്‍മരാജന്‍ പറയുന്നു.

ഇതേ രീതിയില്‍ തന്നെ ""വലിയ ഒരാളാണ്. അതുകൊണ്ട് അദ്ദേഹത്തെ തിരിച്ചറിയല്‍ പരേഡിനുകൊണ്ടുവരാന്‍ പറ്റില്ല"" എന്ന് സിബി മാത്യൂസ് പറഞ്ഞതായി ഒരഭിമുഖത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞു. കുര്യനെ ഒഴിച്ച് മറ്റുള്ളവരെയെല്ലാം തിരിച്ചറിയല്‍ പരേഡിനും വിചാരണയ്ക്കും വിധേയരാക്കി. കുര്യനുവേണ്ടി മാത്രം സിബി മാത്യൂസ് മുന്‍കൈയെടുത്ത് അലിബി തെളിവുകള്‍ ശേഖരിച്ചു. ഇതെല്ലാം സാധ്യമായത് കുര്യന്റെ അധികാരവും പദവിയും ഒന്നുകൊണ്ടു മാത്രമാണ്. പതിനേഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതൊക്കെ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് സിബി മാത്യൂസ് ഒരഭിമുഖത്തിനിടെ ചോദിക്കുകയുണ്ടായി. കോണ്‍ഗ്രസും അതുതന്നെ ചോദിക്കുന്നു. 17 വര്‍ഷം മുമ്പത്തെ അവസ്ഥയല്ല ഇന്നുള്ളത്. ഇന്ന് സുപ്രീംകോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയിരിക്കുന്നു. അന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടി വന്നവര്‍, ഇന്ന് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

അന്നമ്മ ഇടിക്കുളയുടെ സ്വാഭാവികമായ പുതിയ വെളിപ്പെടുത്തലുകള്‍, കുമിളി ഗസ്റ്റ് ഹൗസ് പരിസരത്തുവെച്ച് കുര്യനെ കണ്ടവരുടെ വെളിപ്പെടുത്തലുകള്‍ എന്നിവയും പുറത്തുവന്നിരിക്കുന്നു. അന്നത്തെ സാക്ഷിമൊഴികളില്‍ പി ജെ കുര്യനെ സംബന്ധിച്ചത് ഒഴിച്ചുള്ള ഇരയുടെ മറ്റു മൊഴികളെല്ലാം കണക്കിലെടുക്കപ്പെട്ടു. ഇരയ്ക്കുവേണ്ടിയാണോ പി ജെ കുര്യനെ സംരക്ഷിക്കാന്‍ വേണ്ടിയാണോ സിബി മാത്യൂസ് അന്വേഷണം നടത്തിയത് എന്ന സംശയത്തെ അടിവരയിടുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ, സമയത്തിന്റെയും ദൂരത്തിന്റെയും മാനദണ്ഡമനുസരിച്ച് ഉണ്ടാക്കിയെടുത്ത അലിബി തെളിവുകള്‍ ദുര്‍ബലമായിരിക്കുന്നു. അതിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നത് കെ എസ് രാജെന്‍റ വെളിപ്പെടുത്തലാണ്. കുര്യനെ താന്‍ 5 മണിക്ക് കണ്ടിരുന്നുവെന്ന് പറഞ്ഞിരുന്ന സാക്ഷിമൊഴിയെ സിബി മാത്യൂസ് 7 മണി എന്നു രേഖപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. പെണ്‍കുട്ടി പീരുമേട് കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലെ സാക്ഷികള്‍ 8 പേരുണ്ട്. അവരുടെ മൊഴികളൊന്നും ഹൈക്കോടതി കണക്കിലെടുത്തില്ല. ഗസ്റ്റ് ഹൗസില്‍ കുര്യനെത്തുന്നത് നേരില്‍ കണ്ടവരും, മുന്‍കൂട്ടി അറിഞ്ഞവരുമുണ്ട് ഇതില്‍. സമയവും സാഹചര്യവും വെച്ചു നോക്കുമ്പോള്‍ ഇവരുടെ മൊഴികള്‍ യുക്തിക്ക് നിരക്കുന്ന തെളിവുകളാണ്. പ്രത്യേകിച്ചും 5 മണിക്കുശേഷമുള്ള കുര്യന്റെ പൊലീസ് എസ്കോര്‍ട്ടില്ലാതെയുള്ള യാത്ര കണക്കിലെടുക്കുമ്പോള്‍. ഈ സാക്ഷിമൊഴികളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സാമുദായിക - രാഷ്ട്രീയ നേതാക്കളുടെ മൊഴികള്‍ മാത്രം മുഖവിലയ്ക്കെടുത്ത്, അന്വേഷണ ഉദ്യോഗസ്ഥര്‍ അലിബി തെളിവുകളുണ്ടാക്കിയത്. ഈ തെളിവിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി കുര്യനെ പ്രതി ചേര്‍ക്കാതിരുന്നത്. മറ്റു പ്രതികള്‍ ചെയ്ത അതേ കുറ്റമാരോപിക്കപ്പെട്ടിട്ടും ഒരു ഘട്ടത്തിലും കുര്യന്‍ അന്വേഷണത്തിനു വിധേയനാവുകയോ കോടതിയില്‍ വിചാരണ നേരിടുകയോ ചെയ്തിട്ടില്ല. കുര്യനുവേണ്ടി രംഗത്തെത്തിയ അലിബി സാക്ഷികളും കോടതിയില്‍ വിസ്തരിക്കപ്പെടുകയുണ്ടായില്ല. മറ്റു പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി അടിസ്ഥാനമാക്കി കുര്യനെതിരെയുള്ള അന്വേഷണം തുടരേണ്ടതില്ലെന്ന് 2007ല്‍ കോടതി വിധിക്കുകയാണുണ്ടായത്. അതുകൊണ്ട്, സുപ്രീംകോടതി, ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് വിധിച്ചതോടെ കുര്യനെതിരെയുള്ള പരാതിയിന്മേല്‍ (ഇപ്പോഴും പെണ്‍കുട്ടി അതില്‍ ഉറച്ചുനില്‍ക്കുന്നു) പുനരന്വേഷണ സാധ്യത തെളിയുന്നു. മാത്രമല്ല, ഇത്തരം കേസുകളില്‍ ഇരയുടെ മൊഴി സ്ഥിരീകരിക്കാന്‍ മറ്റ് തെളിവുകള്‍ തേടേണ്ടതില്ലെന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായവും പ്രസക്തമായി വരുന്നു. ഹൈക്കോടതി വിധി റദ്ദു ചെയ്യപ്പെട്ട സാഹചര്യത്തില്‍, കുര്യനെതിരെ ഇപ്പോഴും ഇരയുടെ മൊഴി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍നിന്നും വിചാരണയില്‍നിന്നും കുര്യനെ എന്തിന് മാറ്റി നിര്‍ത്തണം?

കുര്യന്റെ പങ്കിനെപ്പറ്റി പുനരന്വേഷണം വേണ്ട എന്നാണ് സര്‍ക്കാരിന് ഇപ്പോള്‍ നിയമോപദേശം കിട്ടിയിരിക്കുന്നതത്രെ! ആ നിയമോപദേശം നല്‍കിയതാകട്ടെ കെപിസിസി എക്സിക്യൂട്ടീവ് അംഗവും. കോണ്‍ഗ്രസ് ഹൈക്കമാന്‍റും കെപിസിസിയും കുര്യനെ രക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായ ഡിജിപിയില്‍നിന്ന് മറിച്ചൊരു നിയമോപദേശം ലഭിക്കില്ലല്ലോ. ഇരയുടെ മൊഴിയ്ക്കായിരിക്കണം പ്രാധാന്യം കല്‍പിക്കേണ്ടത് എന്ന പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള വ്യവസ്ഥയെ അട്ടിമറിക്കുകയാണ് ഈ പുതിയ നിയമോപദേശത്തിലൂടെ ഡിജിപി ചെയ്തിരിക്കുന്നത്.
അതോടൊപ്പം, പുതിയ വെളിപ്പെടുത്തലുകളില്ലെന്നും ഇര പഴയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണെന്നുമുള്ള നീചമായ, തരംതാണ ന്യായങ്ങള്‍ ഇനി അന്വേഷണമില്ല എന്നതിനു നിദാനമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരത്തുന്നു. എന്നാല്‍, സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ച ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു; 30 വര്‍ഷംമുമ്പ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ച കേസ് - ഒരു പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മൊഴിയായി എടുത്ത് - വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് എം എം മണിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറയാക്കിയത്, സതീഷ് ചന്ദ്രന്റെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു തുടരന്വേഷണം നടത്താം എന്ന നിയമോപദേശമാണ്. അതേ നിയമോപദേശം, മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന ഇരയെ പരിഗണിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടുണ്ടാകുന്നില്ല? കെണിയില്‍ പെടുത്തി, സെക്സ്റാക്കറ്റിനു വില്‍ക്കപ്പെട്ട്, 42ലേറെ പുരുഷന്‍മാരുടെ മൃഗീയ പീഡനങ്ങള്‍ക്കിരയായ, നിരാലംബയായ, ഇതു തന്റെ മൊഴിമാത്രമല്ല, പച്ചയായ അനുഭവമാണെന്ന് ജനങ്ങളോട് പറഞ്ഞപേക്ഷിക്കുന്ന, ഇവള്‍ക്കും ഈ നിയമമൊക്കെ ബാധകമല്ലേ? കോണ്‍ഗ്രസ്സിന്റെ വനിതാ നേതാക്കളെ പോലുമുപയോഗിച്ച് നെറികെട്ട ന്യായീകരണങ്ങള്‍ സര്‍ക്കാരിനുവേണ്ടി നിരത്തപ്പെടുന്നു. ഇതില്‍നിന്നെല്ലാം വെളിവാകുന്നത് കോണ്‍ഗ്രസ് ഒരിക്കലും നീതിയുടെ പക്ഷത്തായിരുന്നില്ല എന്നാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ പറയുന്നതുപോലെ ഭരിക്കാനാവില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി അവഹേളിച്ചത് ജനാധിപത്യത്തെയാണ്; ഇരയായ പെണ്‍കുട്ടിയുള്‍പ്പെടുന്ന സ്ത്രീ സമൂഹത്തെയാകമാനമാണ്. അതിനെതിരെ ഉയരുന്ന ചോദ്യങ്ങളെപ്പോലും കോണ്‍ഗ്രസ് നേതാക്കള്‍ പുച്ഛിച്ച് തള്ളുന്നു. അതുകൊണ്ടായിരുന്നല്ലോ പി ജെ കുര്യനെ സംബന്ധിച്ച ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായി, നികൃഷ്ടമായ ശരീര - ശാരീര ഭാഷകൊണ്ട് വയലാര്‍ രവി പ്രതികരിച്ചത്. ഇതുതന്നെയാണ് കോണ്‍ഗ്രസ്സിന്റെ സ്ത്രീ സമൂഹത്തോടുള്ള ആത്യന്തികമായ കാഴ്ചപ്പാടും.

അലിയാത്ത ഐസ്ക്രീം കേസ്

സൂര്യനെല്ലി കേസ് എങ്ങനെ അട്ടിമറിക്കപ്പെട്ടുവോ അതുപോലെ, അല്ലെങ്കില്‍ അതിലും നീചവും ജുഗുപ്സാവഹവുമായ രീതിയിലാണ് ഐസ്ക്രീം കേസ് അട്ടിമറിക്കപ്പെട്ടത്. സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്, അന്വേഷണ ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്തെങ്കില്‍ ഈ കേസില്‍ ഇരകളെത്തന്നെ വിലയ്ക്കെടുക്കുകയായിരുന്നു. സൂര്യനെല്ലി കേസിെന്‍റ പുതിയ പശ്ചാത്തലത്തില്‍ എല്ലാം തുറന്ന് പറയണമെന്ന് ഇരയാക്കപ്പെട്ടവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് അവര്‍ പറയുന്നു. ദരിദ്ര കുടുംബങ്ങളിലെ ആ പെണ്‍കുട്ടികളുടെ ദാരിദ്ര്യം മുതലെടുത്താണ് സെക്സ് റാക്കറ്റിലേക്കടുപ്പിച്ചത്. ആ ദാരിദ്ര്യവും യുഡിഎഫിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദവുമാണ് അവരെക്കൊണ്ട് മൊഴിമാറ്റി പറയിപ്പിച്ചത്. 1997ലാണ് ഐസ്ക്രീം കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഒന്നാം പ്രതിയായ ശ്രീദേവി, കുഞ്ഞാലിക്കുട്ടിയുടെ അടുത്ത് മൂന്നുതവണ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൗഫ് പണം നല്‍കിയതുകൊണ്ടാണ് മൊഴിമാറ്റി പറഞ്ഞതെന്നും റജീന പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഓരോ തവണ മൊഴി മാറ്റിയപ്പോഴും ഒടുവില്‍ എത്തുന്നത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുള്ള വിവരണങ്ങളിലാണ് - ഒരു അലിബി തെളിവിനും മാറ്റാന്‍ കഴിയാത്ത വിവരണങ്ങള്‍. വനിതാ കമ്മീഷനു നല്‍കിയ മൊഴിയിലും കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന പറഞ്ഞിരുന്നു. എന്നാല്‍, പൊലീസ് കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണോ കേസിലെ മറ്റുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടത്, ആ തെളിവുകളൊന്നും തന്നെ കുഞ്ഞാലിക്കുട്ടിക്ക് ബാധകമാക്കിയില്ല; കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായി നടന്ന ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു അത്. ആദ്യം പറഞ്ഞ മൊഴി പിന്നീട് റജീന മാറ്റിപ്പറഞ്ഞത്, ഏഴുവര്‍ഷത്തിനുശേഷം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എല്ലാ തെളിവുകളും കുഞ്ഞാലിക്കുട്ടിക്കെതിരായിരുന്നു. കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി ഇപ്പോഴും പ്രതിയാക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഐസ്ക്രീം കേസ് അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചുള്ള റൗഫിെന്‍റ വെളിപ്പെടുത്തലിെന്‍റ അടിസ്ഥാനത്തിലുള്ള പുതിയ കേസും യുഡിഎഫ് അട്ടിമറിച്ചിരിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

സൂര്യനെല്ലി കേസിലും ഐസ്ക്രീം കേസിലും സത്യത്തിന് മുറിവേറ്റത് അതിലുള്‍പ്പെട്ടവര്‍ അധികാരത്തിന്റെ ഉന്നതപദവിയിലുള്ളവരാണെന്നതുകൊണ്ടാണ്. കോണ്‍ഗ്രസ്സിന്റെ ശക്തനായ ഒരു നേതാവും മുസ്ലീംലീഗിന്റെ അത്യുന്നതനായ നേതാവും കുറ്റാരോപിതരായിട്ടും കോണ്‍ഗ്രസും യുഡിഎഫും ഒരിക്കല്‍പോലും സത്യസന്ധവും നീതിനിഷ്ഠവുമായ ഒരന്വേഷണത്തിനും മുതിര്‍ന്നില്ല. മറിച്ച് ഇരകളെ അപകീര്‍ത്തിപ്പെടുത്തി, നീതിന്യായ വ്യവസ്ഥയെ തന്നെ സ്വാധീനിച്ച്, ഇപ്പോഴും അവരെ ഉന്നതപദവികളിലിരുത്തി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ഇരയുടെ മാനത്തേക്കാള്‍ വലുതാണോ വേട്ടക്കാരെന്‍റ സ്ഥാനം എന്നും ചോദിക്കേണ്ടിവരുന്നു.

പ്രമാദമായ ചാരക്കേസുപോലെ, നിരപരാധികളെ കുറ്റവാളികളാക്കുകയും സൂര്യനെല്ലിയും ഐസ്ക്രീമുംപോലെ കുറ്റവാളികളെ രക്ഷിക്കുകയും ചെയ്യുന്ന നീതിയില്ലാത്ത നീതിന്യായ വ്യവസ്ഥയെ സൃഷ്ടിച്ചെടുക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ രീതി. അതിന് സിബി മാത്യൂസിനെപോലെ "അന്വേഷണപാടവം" പ്രകടിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരെ അധികാരമുപയോഗിച്ച് കോണ്‍ഗ്രസ്സിന്റെ ചട്ടുകങ്ങളാക്കി മാറ്റുകയാണ്. ആത്യന്തികമായും ഇവിടെ ഇരകള്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്; സ്ത്രീ സമൂഹമാണ് അപമാനിക്കപ്പെടുന്നത്.

*
കെ ആര്‍ മായ ചിന്ത 21 ഫെബ്രുവരി 2013

No comments: