Tuesday, February 26, 2013

കേരളമില്ലാത്ത റെയില്‍വേ ബജറ്റ്

അക്ഷരാര്‍ഥത്തില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റ്. കേരളത്തെ ഇത്രയേറെ മാറ്റിനിര്‍ത്തിയ മറ്റൊരു ബജറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കേരളത്തിനു സ്ഥാനമില്ലെന്ന് ഭംഗ്യന്തരേണ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍ ബജറ്റിലൂടെ.

പുതിയ ലൈനുകളില്ല, പുതിയ സര്‍വേയില്ല, ഗേജ് മാറ്റമില്ല, വൈദ്യുതീകരണമില്ല, കാര്യമായ പാതയിരട്ടിപ്പിക്കലില്ല, സമയബന്ധിതമായ ഗേജ്മാറ്റമില്ല, പുതിയ ഏതെങ്കിലും റെയില്‍വേ വ്യവസായ പദ്ധതിയുമില്ല. ബജറ്റ് പ്രസംഗത്തില്‍ ഇതിന്റെയൊന്നും പരാമര്‍ശമേയില്ല. അനുബന്ധരേഖകളില്‍ ഒന്നുരണ്ട് പരാമര്‍ശങ്ങളുണ്ട്. പക്ഷേ, അതിനുപോലും നീക്കിവച്ചത് പൂര്‍ത്തിയാക്കാനാകാത്തവിധം ടോക്കണ്‍ തുക മാത്രം. പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള കേവലപരാമര്‍ശം ഒഴിവാക്കിയാല്‍ ബജറ്റില്‍ കേരളമേയില്ല. കോച്ച് ഫാക്ടറി പൂര്‍ത്തിയാക്കാന്‍ പര്യാപ്തമായ തോതില്‍ പണം അനുവദിക്കുകയല്ല മറിച്ച്, ചെറിയ തുക നീക്കിവച്ചിട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യും എന്ന വെറുമൊരു പരാമര്‍ശം ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. എന്താണ് ചര്‍ച്ചചെയ്യുക എന്നത് വ്യക്തം. ഒന്നുകില്‍ സംസ്ഥാനം ഫണ്ട് കണ്ടെത്തിക്കൊള്ളണം. അതല്ലെങ്കില്‍, സ്വകാര്യ പങ്കാളിത്തത്തില്‍ ഇത് നടപ്പാക്കണം. പാലക്കാട് ഫാക്ടറിക്കൊപ്പംതന്നെ പ്രഖ്യാപിക്കപ്പെട്ട സോണിയ ഗാന്ധിയുടെ മണ്ഡലത്തിലെ ഫാക്ടറി പൂര്‍ത്തിയായി; അവിടെനിന്ന് കോച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലും കേരളത്തിന്റെ കാര്യത്തില്‍ "ചര്‍ച്ച"യായിട്ടേയുള്ളൂ.

റെയില്‍വേ ബജറ്റ് പാസാക്കുംമുമ്പ് കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളുമായി സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാനുള്ള ഏര്‍പ്പാടുണ്ടാക്കണം. ബജറ്റ് പാസാകാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോ. ലോക്സഭയില്‍ നടക്കുന്ന ബജറ്റ്ചര്‍ച്ചയ്ക്ക് റെയില്‍വേ മന്ത്രി മറുപടി പറയുന്നതിനുമുമ്പ് കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം. അര്‍ഹതപ്പെട്ടത് നേടിയെടുത്തേ പറ്റൂ. മുന്‍ ബജറ്റുകളില്‍ പരാമര്‍ശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പര്യാപ്തമായ തുകപോലും നീക്കിവച്ചിട്ടില്ല എന്നത് ഓര്‍ക്കേണ്ട കാര്യമാണ്. കേരളത്തിന്റെ റെയില്‍വേ വികസനീക്കം സ്തംഭിപ്പിക്കുന്ന ബജറ്റാണിത്. മാപ്പര്‍ഹിക്കാത്ത അതിക്രൂരമായ അവഗണനയാണ് കേരളം നേരിട്ടിട്ടുള്ളത്. ഇത് അനുവദിച്ചുകൊടുക്കാനാകില്ല. യാത്രക്കൂലി കൂട്ടുന്നില്ല എന്ന മന്ത്രിയുടെ വാദം കാപട്യമാണ്. മൂന്നാഴ്ച മുമ്പാണ് 12,000 കോടി രൂപയുടെ അധിക യാത്രക്കൂലിഭാരം ജനങ്ങളുടെമേല്‍ ഇവര്‍ അടിച്ചേല്‍പ്പിച്ചത്. ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിറക്കി യാത്രക്കൂലി കൂട്ടിയിട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ യാത്രക്കൂലി കൂട്ടിയിട്ടില്ല എന്നുപറയുന്നത് വഞ്ചനയാണ്. എന്നുമാത്രമല്ല, ഈ ബജറ്റില്‍ത്തന്നെ റിസര്‍വേഷന്‍- തല്‍കാല്‍- ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ കൂട്ടിയിട്ടുണ്ട്. ഇത് യാത്രക്കാരന്റെമേല്‍ 5000 കോടിയോളം രൂപയുടെ അധികഭാരം കെട്ടിവയ്ക്കുന്നതാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ യാത്രക്കാരന്റെമേലുള്ള ഭാരം വീണ്ടും വര്‍ധിപ്പിച്ചു എന്നതാണ് സത്യം. ചരക്കുകൂലി ഡീസല്‍ വിലയ്ക്കനുസരിച്ച് കൂട്ടും എന്ന പ്രഖ്യാപനത്തിലൂടെ ആഴ്ചതോറും ചരക്കുകൂലി കൂട്ടാനുള്ള പഴുതുണ്ടാക്കുകകൂടിയാണ് ഈ ബജറ്റിലൂടെ.

റെയില്‍വേ താരിഫ് റെഗുലേഷന്‍ അതോറിറ്റി ഇതിനുവേണ്ടിയുള്ളതാണ്. ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യയിലെ മറ്റ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥലങ്ങള്‍ എടുത്തുപറഞ്ഞ് പല പദ്ധതികളും പ്രഖ്യാപിച്ച മന്ത്രി കേരളത്തിന്റെ ഒരു സ്ഥലത്തെയോ ഒരു നിര്‍ദിഷ്ട പദ്ധതിയെയോ പരാമര്‍ശിക്കുകപോലും ചെയ്തില്ല. റായ്ബറേലിയെയും അമേതിയെയും ആവര്‍ത്തിച്ച് പരാമര്‍ശിച്ചുകൊണ്ടിരുന്ന മന്ത്രിക്ക് കേരളത്തിന്റെ ഒരു സ്ഥലത്തെയും പരാമര്‍ശിക്കണമെന്നു തോന്നിയില്ല. യാത്രക്കൂലി, ചരക്കുകൂലി എന്നിവയിലൂടെ ഇന്ത്യന്‍ റെയില്‍വേ ഖജനാവിന് ഏറ്റവുമധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളീയരെപ്പോലെ ദൂരസ്ഥലങ്ങളില്‍ പോയി ജോലിയെടുക്കുന്നവര്‍ മറ്റെവിടെയുമില്ല. അവശ്യ, നിത്യോപയോഗ സാധനങ്ങള്‍പോലും വിദൂരസ്ഥലങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സംസ്ഥാനവും വേറെയില്ല. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ ഇറക്കുമതിചെയ്യേണ്ട ഉപഭോക്തൃസംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ യാത്രക്കൂലി, ചരക്കുകൂലി എന്നിവകൊണ്ട് ഏറ്റവും കൂടുതല്‍ ആഘാതമേല്‍ക്കുന്നത് കേരളത്തിനും കേരളീയനുമാണ്. ഇങ്ങനെ റെയില്‍വേയെ സഹായിക്കുന്ന കേരളത്തെ റെയില്‍വേമന്ത്രി ശിക്ഷിക്കുന്നു.

മുമ്പ് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ക്കുപോലും നാമമാത്രവിഹിതം മാത്രമേ നീക്കിവച്ചിട്ടുള്ളൂ എന്നതിനാല്‍ മുമ്പോട്ടുപോകില്ല. കേരളം ആസ്ഥാനമായുള്ള റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കല്‍, പുതിയ സര്‍വേ തുടങ്ങി കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളൊക്കെ നിരാകരിക്കപ്പെട്ടു. ഈ അവഗണനയ്ക്ക് മൂന്ന് കൂട്ടര്‍ ഉത്തരവാദികളാണ്. ആദ്യത്തേത് കോണ്‍ഗ്രസും അത് നയിക്കുന്ന യുപിഎയും തന്നെ. രണ്ടാമത്തേത് യുപിഎ മന്ത്രിസഭയില്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്ന കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍. മൂന്നാമത്തേത് അവധാനതയോടെ പദ്ധതിനിര്‍ദേശങ്ങള്‍ തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനു മുമ്പുതന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ.

സംസ്ഥാനഭരണം വരുത്തിയ വീഴ്ചയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് മന്ത്രി ആര്യാടന്‍ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചത്. കേരളത്തിന്റെ താല്‍പ്പര്യങ്ങളെല്ലാം ബലികഴിക്കുകയാണ് യുഡിഎഫ്- യുപിഎ മന്ത്രിസഭകള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വകാര്യപങ്കാളിത്തം, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിവ ഇല്ലാതെ റെയില്‍വേ പദ്ധതികള്‍ ഏറ്റെടുക്കില്ല എന്ന ബജറ്റ് പരാമര്‍ശം ഉദാരവല്‍ക്കരണനയങ്ങളുടെ സ്ഥിരീകരണമാണ്. ഇതിലെ ആപത്ത് ഞങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. നൂറോളം പുതിയ തീവണ്ടികള്‍ അനുവദിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ. അതല്ലെങ്കില്‍, ഒന്നോ രണ്ടോ സര്‍വീസ് നീട്ടല്‍. ഇതിലൊതുങ്ങേണ്ടിവന്നു കേരളത്തിന്.

*
പിണറായി വിജയന്‍

No comments: