Monday, February 18, 2013

കുര്യന്‍ ഇനിയും തുടരരുത്

സൂര്യനെല്ലി പീഡനക്കേസ് കക്ഷിരാഷ്ട്രീയ പരിഗണനവച്ച് വിലയിരുത്തേണ്ട ഒന്നല്ല. ഒരു പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത വേളയില്‍ ചതിയില്‍പെടുത്തി കൊണ്ടുപോയി നാല്‍പ്പതിലധികംപേരുടെ കാമാര്‍ത്തിക്കിരയാക്കിയ കേസാണത്. ആ സംഭവം പുറത്തുവന്ന് ഏതാനും നാളുകള്‍ക്കകം പെണ്‍കുട്ടി പി ജെ കുര്യനുനേരെ വിരല്‍ചൂണ്ടിയതാണ്. കുര്യനുമായി ആ കുട്ടിക്കോ കുടുംബത്തിനോ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതല്ല. മുന്‍വൈരാഗ്യത്തിനോ ആസൂത്രിതമായ അപമാനപ്പെടുത്തലിനോ കാരണങ്ങള്‍ ഒന്നുമില്ല. തന്നെ അതിക്രൂരമായി പീഡിപ്പിച്ചയാളിന്റെ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞു എന്നതാണ് സമൂഹത്തിനുമുന്നിലുള്ള വിവരം. ഇപ്പോഴും ആ മുഖം മാധ്യമങ്ങളില്‍ കാണുമ്പോള്‍ പെണ്‍കുട്ടി അസ്വസ്ഥയാകുന്നു. ഒരു പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചയാളെന്ന് പതിനേഴുകൊല്ലമായി പറഞ്ഞുകൊണ്ടേയിരിക്കുന്ന പി ജെ കുര്യന്‍ സമൂഹത്തിനുമുന്നിലും നിയമത്തിനുമുന്നിലും സംശയത്തിന്റെ നിഴലില്‍തന്നെയാണ്. ഇത്തരം ഒരവസ്ഥ വരുമ്പോള്‍, നീതിന്യായ വ്യവസ്ഥയ്ക്ക് കീഴടങ്ങുക എന്നതുമാത്രമാണ് കരണീയമായ മാര്‍ഗം. ഇവിടെ, നിയമത്തെ കുര്യന്റെ വഴിക്ക് വലിച്ചുകൊണ്ടുപോകുന്ന "രക്ഷാ"പ്രവര്‍ത്തനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്താകെ, സ്ത്രീപീഡനത്തിനെതിരെ ജനകീയ പ്രതികരണമുയരുമ്പോള്‍, രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഉന്നതനും രാജ്യസഭയുടെ ഉപാധ്യക്ഷനുമായ കുര്യനെ രക്ഷിക്കാന്‍ നിയമത്തെയും നീതിപീഠത്തെയും പീഡിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

സ്വന്തം കക്ഷിനേതാവിനെ ന്യായീകരിക്കാന്‍, സൂര്യനെല്ലി പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. കണ്ണൂരില്‍നിന്നുള്ള പാര്‍ലമെന്റംഗം കെ സുധാകരന്‍, അന്യരാജ്യത്തുചെന്ന്, ആ പെണ്‍കുട്ടിയെ വ്യഭിചാരിണിയെന്ന് വിളിക്കുന്നു. "പെണ്‍കുട്ടിയുടെ ജീവചരിത്രം എല്ലാവര്‍ക്കും അറിയാം. വ്യഭിചാരത്തിന് പണവും പാരിതോഷികവും വാങ്ങിയശേഷം ചാനലുകള്‍ക്ക് മുമ്പില്‍ എല്ലാം വിളിച്ചുപറയുകയാണ്. ഓടിപ്പോകാന്‍ അവസരമുണ്ടായിട്ടും പീഡനത്തിനിരയായ നാട്ടില്‍ത്തന്നെ ജീവിച്ചു" എന്നാണ് സുധാകരന്‍, ഒമാനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് തടയാനുള്ള നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ആ ഘട്ടത്തിലാണ്, അതിക്രൂരമായ പീഡനക്കേസിലെ ഇര കുറ്റവാളിയെന്ന് വിളിച്ചുപറയുന്ന ഒരാള്‍, രാജ്യസഭയുടെ ഉപാധ്യക്ഷസ്ഥാനത്ത് തുടരുന്നത്. എങ്ങനെ ഈ നിയമനിര്‍മാണത്തോട് സഭയ്ക്ക് നീതിപുലര്‍ത്താനാകും? ലോക്സഭാംഗമായ സുധാകരന്റെ നിലപാട് ഇതെങ്കില്‍ ഭരണകക്ഷിക്ക് സ്ത്രീപീഡകര്‍ക്കെതിരെ എന്ത് നിലപാടെടുക്കാനാവും? മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി ഇതേ പ്രശ്നത്തില്‍ തെറ്റായി പെരുമാറിയതിന് പരസ്യമായി മാപ്പുപറയേണ്ടി വന്നത് ആരും മറന്നതല്ല. കോണ്‍ഗ്രസിന്റെ സമീപനമാണ് സുധാകരനിലൂടെ പുറത്തുവന്നതെങ്കില്‍ അത് അപകടകരമാണ്.

ബലാത്സംഗക്കാര്‍ക്ക് സംരക്ഷണവും അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് അവഹേളനവും എന്ന കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാ. കുര്യനെതിരെ പുതിയ തെളിവുകള്‍ വന്നിട്ടുണ്ട്. പതിനേഴുകൊല്ലമായി പെണ്‍കുട്ടി ആവര്‍ത്തിക്കുന്ന പേരുമാണത്. അതെല്ലാം നീതിപീഠത്തിനുമുന്നില്‍നിന്ന് മറച്ചുവച്ച് കുര്യനെ രക്ഷിക്കാനുള്ള ശ്രമം ഏറെക്കുറെ പരസ്യമായാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാജ്യം ഭരിക്കുന്ന കക്ഷിക്ക് എങ്ങനെ ഇതിലേറെ തരംതാഴാനാവും? ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന ബോധമുണ്ടെങ്കില്‍, കുര്യന്‍ സ്വയം ഒഴിഞ്ഞ് കേസിനെ അതിന്റെ വഴിക്ക് വിടുമായിരുന്നു. അങ്ങനെ സംഭവിക്കാത്ത സ്ഥിതിക്ക്, കുര്യനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അതോടൊപ്പം, ആ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന സുധാകരനെപ്പോലുള്ള സംസ്കാരശൂന്യരായ നേതാക്കള്‍ക്ക് മൂക്കുകയറിടാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചേ തീരൂ.

സ്ത്രീകളെ ലൈംഗികോപകരണമായി മാത്രം കാണുന്ന മാനസികാവസ്ഥയുള്ള സുധാകരനെപ്പോലുള്ള മനോരോഗികളുടെ പാര്‍ടിയായി ഗാന്ധിജിയുടെ കോണ്‍ഗ്രസ് മാറി. എന്തും വിളിച്ചുപറയുന്ന ഇത്തരക്കാരെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതതന്നെയാണ് നഷ്ടപ്പെടുന്നത് എന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണം. ഇന്ന് കുര്യനെ സംരക്ഷിക്കാന്‍ കെട്ടി ഉയര്‍ത്തിയ ഭരണദുരുപയോഗത്തിന്റെ വേലിക്കെട്ട് പൊട്ടിച്ചെറിയുകതന്നെ വേണം. അതാണ് ജനങ്ങളുടെ താല്‍പ്പര്യം. അതു മനസിലാക്കി ഇടപെടാനുള്ള വൈമുഖ്യം ജനരോഷത്തെ കൂടുതല്‍ തിളപ്പിക്കുകയേ ഉള്ളൂ. പേക്കോലങ്ങളെ രംഗത്തിറക്കിയും സ്ത്രീത്വത്തെ അപമാനിച്ചും നിയമത്തെയും ജനാധിപത്യമൂല്യങ്ങളെയും ചവിട്ടിയരച്ചും ഈ കേസിനെ "രാഷ്ട്രീയ"മായി നേരിടുന്നതിന്റെ സാംഗത്യം കോണ്‍ഗ്രസ് ചിന്തിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 18 ഫെബ്രുവരി 2013

No comments: