Tuesday, February 19, 2013

സഹകരണപ്രസ്ഥാനത്തിന് വിലങ്ങിടുമ്പോള്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ജില്ലാസഹകരണ ബാങ്കുകളുടെ ഭരണം പിടിക്കാന്‍ ആസൂത്രിതമായ അട്ടിമറിനീക്കം തുടങ്ങി. ഇതിനായി, സഹകരണ നിയമത്തിലെ 2, 18, 28 വകുപ്പുകള്‍ ഭേദഗതിചെയ്തുള്ള ഓര്‍ഡിനന്‍സിന് 2012 ഫെബ്രുവരിയില്‍ അംഗീകാരം നല്‍കി. അടുത്ത ദിവസം ഗവര്‍ണറെക്കൊണ്ട് ഒപ്പുവയ്പിച്ച് ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുത്തി. ജില്ലാസഹകരണ ബാങ്ക് ഭരണസമിതിയില്‍ ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുംമാത്രം വോട്ടവകാശം നല്‍കിയാല്‍ മതിയെന്ന 2008ലെ സഹകരണനിയമം റദ്ദുചെയ്താണ് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതോടെ കടലാസ് സംഘങ്ങളും ലിക്വിഡേറ്റ് ചെയ്ത സംഘങ്ങളും രജിസ്ട്രേഷന്‍ റദ്ദാക്കിയ സംഘങ്ങളും അടക്കമുള്ള പതിനായിരത്തിലേറെ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചും, അഡ്മിനിസ്ട്രേറ്റര്‍മാരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വോട്ടിലൂടെ അധികാരം പിടിച്ചെടുക്കാനുമാണ് അരങ്ങൊരുക്കിയത്. 2012 ജനുവരി 15ന് പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേഗഗതിയിലെ "സഹകരണ സംഘങ്ങള്‍ അഞ്ചുവര്‍ഷക്കാലാവധി പൂര്‍ത്തീകരിക്കാതെ പിരിച്ചുവിടരുത്"" എന്ന മുഖ്യവ്യവസ്ഥയുടെ ലംഘനമാണ് ഇവിടെ നടന്നത്.

ജില്ലയിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളുടെയും അപ്പക്സ് സംഘമാണ് ജില്ലാ സഹകരണ ബാങ്കെന്നും അതിനാല്‍ സഹകരണമേഖലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് നിയമം ഭേദഗതി ചെയ്തതെന്നുമുള്ള ന്യായത്തിന്റെ അടിസ്ഥാനമെന്താണ്? ഓരോ മേഖലയിലുമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് അവരുടേതായ ഫെഡറല്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ സംഘങ്ങള്‍ക്ക് സംസ്ഥാനതല ഫെഡറേഷനും കൈത്തറി സംഘങ്ങള്‍ക്ക് ഹാന്റെക്സും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് മത്സ്യഫെഡുമെല്ലാം ഉദാഹരണങ്ങള്‍. ഈ യാഥാര്‍ഥ്യം മറച്ചുവച്ച് കടലാസ് സംഘങ്ങള്‍ക്കും ലിക്വിഡേറ്റ് ചെയ്ത സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കിയത് അധികാരം പിടിച്ചെടുക്കാന്‍ മാത്രമാണ്.

ഓര്‍ഡിനന്‍സിലൂടെ ജില്ലാബാങ്കുകളുടെ അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് 2012 ഡിസംബര്‍ ഏഴിനും ഒമ്പതിനും ജനറല്‍ബോഡികള്‍ വിളിച്ചുചേര്‍ത്തു. കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ബൈലോഭേദഗതി ഭൂരിഭാഗം ജനറല്‍ബോഡികളും തള്ളുകയാണുണ്ടായത്. എന്നാല്‍, ഡിസംബര്‍ 11ന് സഹകരണ രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്ത ബാങ്ക് ജനറല്‍ മാനേജര്‍മാരുടെയും ജോയിന്റ് രജിസ്ട്രാര്‍മാരുടെയും യോഗത്തില്‍ ബൈലോഭേദഗതികള്‍ അംഗീകരിച്ച് ഒരിക്കല്‍ക്കൂടി ചട്ടലംഘനം നടത്തി. ബൈലോ ഭേദഗതികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതിനുമുമ്പ് സംസ്ഥാന സഹകരണയൂണിയന്റെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും അംഗീകാരം വാങ്ങണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. തുടര്‍ന്ന് കടലാസ് സംഘങ്ങള്‍ക്കെല്ലാം വോട്ടവകാശം നല്‍കി സഹകരണ തെരഞ്ഞെടുപ്പു കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 10നും 11നും തെരഞ്ഞെടുപ്പ് പ്രഹസനം അരങ്ങേറുകയുമാണുണ്ടായത്. ജനാധിപത്യ സമ്പ്രദായത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് തെരഞ്ഞെടുപ്പുവേളയില്‍ നടന്നത്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ചശേഷം 350 സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചു. ഒരു ഉദ്യോഗസ്ഥന് അഞ്ചും ആറും സംഘങ്ങളുടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കിയ സാഹചര്യവും ഉണ്ടായി. ഈ ഘട്ടത്തിലാണ് വോട്ടേഴ്സ് ലിസ്റ്റില്‍ സംഘങ്ങളുടെ പേരുമാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെന്നും വോട്ട് ചെയ്യാനെത്തുന്ന പ്രതിനിധിയുടെ പേരുകൂടി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി അത് അംഗീകരിച്ചതും. എന്നാല്‍, ഇതനുസരിച്ച് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ ലിസ്റ്റിന്റെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാനോ അഡ്മിനിസ്ട്രേറ്റര്‍മാര്‍ തയ്യാറായില്ല. ഇതിന്റെ ഫലമായാണ് പല ജില്ലകളിലും ശക്തമായ പ്രതിഷേധം അരങ്ങേറിയത്. സഹകരണമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ കശാപ്പിനെതിരെ ഫെബ്രുവരി ഒമ്പതിന് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും നിയമസഭയെ ശക്തമായ പ്രക്ഷോഭവേദിയാക്കി മാറ്റുകയുംചെയ്തു. കാസര്‍കോട്ട് 20 വര്‍ഷമായി പൂട്ടിയിടപ്പെട്ട സംഘങ്ങള്‍ക്കടക്കം വോട്ടവകാശം നല്‍കിയിട്ടും അധികാരം പിടിക്കാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ സ്വന്തം മുന്നണിയിലെ ജനതാദളിനെ തള്ളി ബിജെപിക്ക് നാലു സീറ്റ് നല്‍കി അധികാരം പങ്കിട്ടു. ബിജെപിയുടെ സഹകരണരംഗത്തെ സംഘടനയായ സഹകരണ ഭാരതിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കരുണാകരന്‍ നമ്പ്യാരും ബിജെപി- ആര്‍എസ്എസ് നേതാവായ മൂളിയാര്‍ ഐത്തപ്പയും യുഡിഎഫിന്റെ സ്ഥാനാര്‍ഥികളായി. കണ്ണൂരില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ 203 സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി. വോട്ടര്‍പട്ടിക ആവശ്യപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അത് നല്‍കിയില്ലെന്നുമാത്രമല്ല, തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരായ ജനറല്‍മാനേജരും ജോയിന്റ് രജിസ്ട്രാറും രണ്ടുദിവസം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അജ്ഞാത വാസത്തിലുമായിരുന്നു. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും പ്രശ്നത്തിലിടപെടാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയ്യാറായില്ല. കോഴിക്കോട് ആദ്യം പ്രസിദ്ധീകരിച്ചത് 427 പേരുടെ വോട്ടര്‍പട്ടികയായിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ 167 സംഘങ്ങളെക്കൂടി ചേര്‍ത്ത് 593 പേരുടെ പട്ടിക തയ്യാറാക്കി. ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട സംഘങ്ങളൊന്നും നാട്ടിലെവിടെയും പ്രവര്‍ത്തിക്കുന്നവയോ സ്വന്തമായി ഓഫീസോ രജിസ്റ്ററോ ഉള്ളവയല്ല. സഹകരണമേഖലയില്‍ രാജ്യത്തിന് മാതൃകയായ ബാങ്കാണ് എറണാകുളം ജില്ലാ സഹകരണബാങ്ക്. 3000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്ത് രണ്ടാംസ്ഥാനമാണ് എറണാകുളം ജില്ലാ ബാങ്കിനുള്ളത്. കോര്‍ബാങ്കിങ് നടപ്പാക്കി നൂതനസാങ്കേതിക വിദ്യകളെല്ലാം സ്വാംശീകരിച്ചു പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ബാങ്ക് പിടിച്ചെടുക്കാന്‍ അവസാന നിമിഷം 66 സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ക്രെഡിറ്റ് സഹകരണസംഘങ്ങളെമാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തിയപ്പോഴെല്ലാം എല്‍ഡിഎഫ് വിജയിച്ച കൊല്ലത്ത് കയര്‍, കൈത്തറി, മത്സ്യത്തൊഴിലാളി സംഘങ്ങളെയും ലിക്വിഡേറ്റ് ചെയ്ത സംഘങ്ങളെയുമടക്കം ഉള്‍പ്പെടുത്തിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

ജില്ലാ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സി രാജന്‍ ടൂറിസം സംഘത്തിന്റെ പ്രതിനിധിയായി വോട്ടര്‍പട്ടികയില്‍ സ്ഥാനംനേടിയത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമാണ്. പത്തനംതിട്ടയില്‍ മുന്നൂറിലധികം കടലാസ് സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് ഭരണം പിടിച്ചെടുത്തത്. തൃശൂരില്‍ ഓര്‍ഡിനന്‍സിലൂടെ 723 സംഘങ്ങളെയും അവസാനഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ വച്ച് 19 സംഘങ്ങളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വലിയ ക്രമക്കേടുകള്‍ കാണിക്കാന്‍ യുഡിഎഫിന് കഴിയാതിരുന്നത്. അതുകൊണ്ട് പാലക്കാട് എല്‍ഡിഎഫ്് ഉജ്വല വിജയം നേടുകയുംചെയ്തു. ജില്ലാബാങ്കുകളില്‍ അംഗത്വം നേടിയ കടലാസ് സംഘങ്ങളുടെയും ലിക്വിഡേറ്റ് ചെയ്യപ്പെട്ട സംഘങ്ങളുടെയും തട്ടിപ്പുസംഘങ്ങളുടെയും ഓഫീസും മേല്‍വിലാസവുമെല്ലാം കൃത്രിമ രേഖകളിലൂടെ തയ്യാറാക്കിയതാണ്. ഇതില്‍ പല സംഘങ്ങളുടെയും പ്രതിനിധികള്‍ ജില്ലാബാങ്ക് ഭരണസമിതിയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇത്തരക്കാരും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് യഥേഷ്ടം വായ്പ എടുക്കുകയും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം ജില്ലാബാങ്കുകളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുകയുംചെയ്ത മുന്‍കാല അനുഭവങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. റിസര്‍വ് ബാങ്കും നബാര്‍ഡും ചേര്‍ന്ന് കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യമാണ് നിലവിലുള്ളത്.

പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് കര്‍ശനമാക്കി. ആര്‍ബിഐ ലൈസന്‍സുള്ള ബാങ്കുകളെ ബാങ്കിങ് ഇതര പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുകയില്ല. നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍, ഓഡിറ്റോറിയങ്ങള്‍, നാളികേര സംഭരണം, തൊഴില്‍ സംരംഭം തുടങ്ങി നിരവധി സേവനമേഖലകളില്‍നിന്ന് പ്രാഥമിക സംഘങ്ങള്‍ക്ക് ഒഴിയേണ്ടിവരും. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതോടെ സഹകരണ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി ബാധകമാകും. കേരളത്തിലെ സഹകരണമേഖലയെ ഉടച്ചുവാര്‍ത്ത് സഹകരണമേഖലയിലെ ജനാധിപത്യ കശാപ്പിന് ആക്കം കൂട്ടുന്നതിനുള്ള നിയമം ഫെബ്രുവരി 13ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കാകെ മാതൃകയായതും സംസ്ഥാനത്തിന്റെ വികസനത്തിന് സമഗ്രമായ സംഭാവന നല്‍കിയതുമായ ജനാധിപത്യ പ്രസ്ഥാനമാണ്.

ജനങ്ങള്‍ ഓഹരികളെടുത്തും നിത്യനിദാന ചെലവുകളില്‍നിന്ന് മിച്ചംപിടിച്ച നാണയത്തുട്ടുകള്‍ നിക്ഷേപിച്ചും വളര്‍ത്തി വലുതാക്കിയ മഹാപ്രസ്ഥാനമാണിത്. നെല്ലും നാളികേരവും വാഴയും അടയ്ക്കയും കപ്പയും ഏലവും ഇഞ്ചിയും റബറുമടക്കമുള്ള ഭക്ഷ്യ-നാണ്യവിളകള്‍ കൃഷിചെയ്യാന്‍ വായ്പയെടുക്കുന്നതും മിച്ചവും ലാഭവും നിക്ഷേപിക്കുന്നതും നാട്ടിന്‍പുറത്തെ സഹകരണബാങ്കുകളിലാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും പണം ആവശ്യം വരുമ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കുന്നത് സഹകരണ ബാങ്കുകളാണ്.

കേരളത്തിലെ സഹകരണമേഖലയെ ശക്തമായ ജനാധിപത്യ പ്രസ്ഥാനമാക്കി വളര്‍ത്തിയ സഹകാരികളെയും 70,000 കോടി രൂപയുടെ ക്രയവിക്രയം നടക്കുന്ന ഭദ്രമായ സാമ്പത്തിക അടിത്തറയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന നിക്ഷേപകരെയും ജീവനക്കാരെയും അവഗണിച്ച് യഥേഷ്ടം കൈയിട്ടുവാരി ധൂര്‍ത്തടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ജനാധിപത്യ ധ്വംസനവും നിയമഭേദഗതികളും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കേരളത്തിന്റെ സാമൂഹ്യവികാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഇഴപാകുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് സ്വകാര്യ ബാങ്കുകളെയും ബ്ലേഡുമാഫിയകളെയും സംരക്ഷിക്കുന്നതിനും സാധാരണ ജനങ്ങളെ കടക്കെണിയില്‍ തള്ളിയിടാനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സഹകരണമേഖലയുടെ ആരാച്ചാരാവുകയാണ്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി

No comments: