Sunday, February 10, 2013

ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനമായി കുറഞ്ഞെന്ന കണക്ക് കടുത്ത ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. 5.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രവചനം. അന്തര്‍ദേശീയ നാണയനിധിയാകട്ടെ, 5.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണ്ടു. എന്നാല്‍, യഥാര്‍ഥ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത് 2012-13 സാമ്പത്തികവര്‍ഷം സാമ്പത്തികവളര്‍ച്ചനിരക്ക് 5 ശതമാനമായി ചുരുങ്ങുമെന്നാണ്. മുന്‍ വര്‍ഷം 6.2 ശതമാനമായിരുന്നു. ദശാബ്ദത്തിലെ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചയാണ് ഈ വര്‍ഷം കൈവരിക്കാന്‍ കഴിയുന്നത്.

2012 നവംബറില്‍ വ്യാവസായികവളര്‍ച്ച 0.1 ശതമാനമായി കുറഞ്ഞു. അതോടൊപ്പം വ്യാപാരക്കമ്മിയും വര്‍ധിച്ചു. കയറ്റുമതിയില്‍ 12.2 ശതമാനം കുറവാണുണ്ടായത്. പൊതുവെ രാജ്യം അഭിമുഖീകരിക്കുന്നത് ഗൗരവമായ സാമ്പത്തികത്തകര്‍ച്ചയാണ്. ഇതിനൊരു മറുഭാഗമുണ്ട്. വന്‍കിടക്കാരുടെ വരുമാനത്തെയോ ലാഭത്തെയോ ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള 50 സ്ഥാപനങ്ങള്‍ അറ്റാദായത്തില്‍ 12.2 ശതമാനം വര്‍ധന കൈവരിച്ചു. രാജ്യമാകെ തകര്‍ച്ച നേരിടുമ്പോഴും വന്‍കിടക്കാരായ ചുരുക്കം ധനികര്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള സാഹചര്യമാണ് നിലവില്‍. സാമ്പത്തികത്തകര്‍ച്ചയുടെ ഭാരം ഭൂരിപക്ഷംവരുന്ന തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരുടെ ചുമലിലാണ് കെട്ടിവയ്ക്കുന്നത്. സാമ്പത്തികത്തകര്‍ച്ചയുടെ പേരിലാണ് സബ്സിഡി പൂര്‍ണമായി വെട്ടിച്ചുരുക്കുന്നത്. അതുമൂലം വില കുതിച്ചുയരുന്നു. തീവണ്ടിയാത്രക്കൂലി രണ്ടുമാസത്തിനകം രണ്ടാംതവണ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജനജീവിതത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് യാത്രക്കൂലി വര്‍ധന.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞതോടെ ഡീസലിന് പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കാന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍ മുന്‍കൂട്ടി തീരുമാനമെടുത്തു. വ്യാവസായികമേഖലയിലെ മാന്ദ്യം കാര്‍ഷികമേഖലയിലും കാണുന്നു. വിലനിയന്ത്രണം ഉപേക്ഷിച്ചതോടെ, രാസവളങ്ങളുടെ വില രണ്ടും മൂന്നും ഇരട്ടി വര്‍ധിച്ചു. വൈദ്യുതിക്ഷാമവും വൈദ്യുതി ചാര്‍ജിലുള്ള ക്രമാതീതമായ വര്‍ധനയും വ്യവസായമേഖലയിലെ മാന്ദ്യം വര്‍ധിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. ഉദാരവല്‍ക്കരണനയം നടപ്പാക്കിയതുമൂലം ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കാനുള്ള ആലോചനയല്ല നടക്കുന്നത്. ആ നയം കൂടുതല്‍ വേഗത്തില്‍ നടപ്പാക്കണമെന്നാണ് സാമ്പത്തികവിദഗ്ധരെന്നു പറയുന്ന കടുത്ത വലതുപക്ഷ ചിന്താഗതിക്കാര്‍ ഉപദേശിക്കുന്നത്. അനുഭവത്തില്‍നിന്ന് ഒന്നും പഠിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തികനയം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. അതില്‍നിന്ന് വ്യത്യസ്തമായ ഒരഭിപ്രായം ഘടകകക്ഷികള്‍ക്കില്ല. പ്രാദേശിക പാര്‍ടികള്‍ പലതും ഉദാരവല്‍ക്കരണനയത്തിന് പ്രോത്സാഹനം നല്‍കുന്നവരാണ്. പ്രതിപക്ഷകക്ഷിയായ ബിജെപിയാകട്ടെ, ഈ നയം നടപ്പാക്കുന്നതില്‍ മുന്‍നിരയിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിനെതിരെ തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും സംഘടിതസമരം വളര്‍ന്നുവന്നേ മതിയാകൂ.

ഈ മാസം 20, 21 തീയതികളില്‍ നടക്കുന്ന സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ 48 മണിക്കൂര്‍ പണിമുടക്ക് പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചുള്ള വിപുലമായ ഐക്യമാണ് തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവന്നിരിക്കുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും ഈ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറായി രംഗത്തുവന്നത് തികച്ചും സ്വാഗതാര്‍ഹമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 09 ഫെബ്രുവരി 2013

No comments: