മനുഷ്യരുടെ ഏറ്റവും വലിയ സ്വാര്‍ഥചിന്തയില്‍പ്പോലും പണ്ട്, ഭൂമിയെന്നാല്‍ കൃഷിചെയ്യാനും വീടുകെട്ടിപ്പാര്‍ക്കാനുമുള്ള ഇടം എന്നായിരുന്നു അര്‍ഥം. ഇന്ന് ഭൂമിയെന്നാല്‍, പ്രത്യേകിച്ച് കേരളത്തില്‍ മറിച്ചുവില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന, അഥവാ ലാഭം പ്രതീക്ഷിക്കാവുന്ന വിനിമയവസ്തു എന്നായിരിക്കുന്നു. ലോഹവും കടലാസുമൊക്കെ നാണയമായോ കറന്‍സിയായോ മാറ്റുമ്പോള്‍, നിര്‍മാണ വസ്തുവിന്റെ പ്രാഥമിക ഉപയോഗം ഇല്ലാതാകുന്നതുപോലെ ഭൂമിയും കേവലം വിനിമയമൂല്യത്തിന്റെ പേരില്‍മാത്രം അടയാളപ്പെടുന്ന മറ്റൊരുതരം കറന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജലസേചനസൗകര്യമുള്ള, കൂടുതല്‍ വളക്കൂറുള്ള, കൂടുതല്‍ തവണ കൃഷിയിറക്കാവുന്ന, കൂടുതല്‍ വിളവുലഭിക്കുന്ന ഭൂമിയാണ് വിലപിടിപ്പുള്ള ഭൂമി എന്ന പഴയ ധാരണയും മാറുന്നു. പകരം, പെട്ടെന്ന് മറിച്ചുവില്‍ക്കാവുന്നതാണ് ഏറ്റവും വിലപിടിപ്പുള്ള ഭൂമി എന്ന പുതിയ മൂല്യബോധം വേരുപിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന നെല്‍പ്പാടങ്ങളുടെയും ഞാറു നടുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ക്ക് ഗൃഹാതുരമായ സ്മരണകള്‍ക്കപ്പുറം മനുഷ്യവംശത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെടുത്താവുന്ന വലിയ അര്‍ഥതലങ്ങളുണ്ട്.
ഇന്ന് കേരളത്തിലെ ഭൂമിയെക്കുറിച്ച് പഠനം നടത്തുമ്പോള്‍, എല്ലാ ഭൂമിയും നീളവും വീതിയും മാത്രം പരിഗണിച്ച് ഒരുപോലെ കാണാന്‍ കഴിയുകയില്ല. ചതുരശ്ര അടിക്കണക്കിന് അളന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയും, ഒരേക്കര്‍ കൊടുത്താല്‍ അത്ര വില കിട്ടാത്ത ഭൂമിയും ഒരേ മാനദണ്ഡം ഉപയോഗിച്ച് അളന്ന് ഭൂപരിധിയുടെ അപ്പുറത്തും ഇപ്പുറത്തും എന്നു തിരിക്കുന്നതില്‍ അര്‍ഥമില്ല. നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി മുഴുവന്‍ സ്വന്തം പേരിലും ബിനാമിയായും കൈയടക്കിവച്ചവര്‍ നമ്മുടെ കണ്ണില്‍ ഇന്നും ജന്മിമാരായി അടയാളപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ജന്മിത്തത്തെക്കുറിച്ചുള്ള കാല്പനികസങ്കല്പനങ്ങളിലും സാഹിത്യരചനകളിലും ദൃശ്യവേദിയിലുമൊക്കെ ആ പഴയ നമ്പൂതിരിതന്നെ വീണ്ടും വേഷമിട്ടുവരുമ്പോള്‍, കേരളത്തിന്റെ മൊത്തം ഭൂമിക്കു വില നിശ്ചയിച്ചാല്‍ അതില്‍ നല്ലൊരംശം കൈയടക്കിയവര്‍ വളരെ മാന്യന്മാരായ രാഷ്ട്രീയനേതാക്കളും മതനേതാക്കളും ന്യൂനപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെയായി സസുഖം വിരാജിക്കുകയും ചെയ്യുന്നു! നഗരത്തിലെയും ഗ്രാമത്തിലെയും ഭൂപരിധിയെങ്കിലും മാറ്റിനിശ്ചയിക്കേണ്ട കാലം അതിക്രമിച്ചു എന്നര്‍ഥം.
ലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാട് എന്ന നിലയില്‍നിന്നും ജീവിതോപാധി എന്ന നിലയില്‍നിന്നുപോലും മാറി, കൃഷി- പ്രത്യേകിച്ച് നെല്‍ക്കൃഷി- സാമൂഹ്യസേവനം എന്ന നിലയില്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ് ഇന്നു കേരളത്തില്‍. അല്ലാത്തപക്ഷം നഷ്ടപ്പെടാന്‍പോകുന്നത് നെല്‍ക്കൃഷിമാത്രമല്ല, നമ്മുടെ ഉറവകളും ജലസ്രോതസ്സുകളും ജലലഭ്യതയും കൂടിയാണ്. അതുകൊണ്ട്, സാക്ഷരതാപ്രവര്‍ത്തനംപോലെയോ ഗ്രന്ഥശാലാ പ്രവര്‍ത്തനം പോലെയോ ഒക്കെ നാം നെല്‍ക്കൃഷിയിലേയ്ക്കു തിരിച്ചുപോകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ പോലെ സ്ഥിരം വരുമാനമുള്ളവര്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനുള്ള ഉപാധിയായി, സാമൂഹ്യസേവനവേദിയായി കാര്‍ഷികരംഗത്തെ സ്വീകരിക്കാവുന്നതാണ്. നൂറുകണക്കിന് യോഗകേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലും ചെന്ന് പണം മുടക്കി, ശ്വാസം ഉള്ളിലേയ്ക്കും പുറത്തേയ്ക്കും വിട്ട് നേടിയെടുക്കാന്‍ കഴിയുന്നതിലും എത്രയോ നല്ല അരോഗാവസ്ഥയായിരിക്കും കാര്‍ഷികരംഗത്തെ അധ്വാനം ശരീരത്തിനും മനസ്സിനും നല്‍കുന്നത്.
ഭൂമിയെപ്പോലെയോ ഒരുപടി കൂടുതലായോ മനുഷ്യരെ വ്യാമോഹിപ്പിക്കുന്നുണ്ട് സ്വര്‍ണം എന്ന മഞ്ഞലോഹവും. ഭൂമിയുടെ കാര്യത്തില്‍ പറഞ്ഞതുപോലെതന്നെ, ആഭരണം അണിയാനുള്ള ഭ്രമമല്ല, യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇത്രയേറെ ഉയരത്തില്‍ എത്താന്‍ കാരണം. ലഭ്യത കുറവുള്ള ലോഹം എന്ന നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അതിന്റെ വിനിമയമൂല്യംതന്നെയാണ് വിലക്കയറ്റത്തിനും വ്യാമോഹങ്ങള്‍ക്കും കാരണമാകുന്നത്. വിവാഹച്ചടങ്ങുകളിലും സാമൂഹ്യബന്ധങ്ങളിലും സ്വര്‍ണഭ്രമം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. വധുവിന് ഇത്ര പവന്‍ സ്വര്‍ണം വേണമെന്ന് കരാറുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളില്‍ മാത്രമല്ല, സ്ത്രീധനമില്ലെന്ന് കൊട്ടിഘോഷിച്ച്, വ്യക്തമായ ഒരു കരാറും ഇല്ലാതെ നടക്കുന്ന വിവാഹങ്ങളിലും സ്വര്‍ണത്തിന്റെ തൂക്കത്തെക്കുറിച്ചുള്ള അദൃശ്യമായ കരാര്‍ (Implied Contract) നിലനില്‍ക്കുന്നുണ്ട്. ചെറുക്കന്റെ പെങ്ങളെ കല്യാണം കഴിച്ചയച്ചപ്പോള്‍ നൂറു പവന്‍ കൊടുത്തിരുന്നു, ഏട്ടന്റെ ഭാര്യക്ക് നൂറ്റി അമ്പതു പവന്റെ ആഭരണങ്ങളുണ്ടായിരുന്നു, തൊട്ടടുത്ത വീട്ടിലെ കൂലിപ്പണിക്കുപോവുന്ന ചെറുക്കന് കിട്ടിയത് എഴുപത്തിയഞ്ചു പവനാണ്, ഇവനാണെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥനാണല്ലോ... എന്നിങ്ങനെ പോകുന്നു അദൃശ്യമായ വിലപേശലുകളും, അതു സൃഷ്ടിക്കുന്ന കരാറുകളും. ഇത്തരം വിലപേശലുകള്‍ കണ്ടില്ലെന്നു നടിച്ച് സ്വന്തം പെണ്‍മക്കളെ ഗ്യാസടുപ്പിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ഏത് അച്ഛനമ്മമാര്‍ക്കാണ് കഴിയുക? പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണെങ്കില്‍പ്പോലും പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലെത്തുമ്പോള്‍ സ്വര്‍ണക്കട തുറന്നുവച്ച പ്രതീതിയാണ് അനുഭവപ്പെടുക. ഇങ്ങനെയാണ് പെണ്‍കുട്ടികള്‍ വിവാഹവേദിയിലെത്തേണ്ടതെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ നൂറുകണക്കിന് സ്വര്‍ണക്കടകളും അവര്‍ക്ക് വക്കാലത്തുമായെത്തുന്ന ആയിരക്കണക്കിന് പരസ്യങ്ങളും, അവയില്‍ വെട്ടിത്തിളങ്ങിനില്‍ക്കുന്ന സ്വപ്നലോകത്തുള്ള നമ്മുടെ നായികാനായകന്മാരും.
പരസ്യത്തിലും കച്ചവടത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരു സ്വര്‍ണക്കടമുതലാളിയുടെ മകളുടെ കല്യാണരംഗമാണ് ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്.
നാട്ടുകാര്‍ക്കു മുഴുവന്‍ സ്വര്‍ണം വില്‍ക്കുന്ന വ്യവസായിയുടെ മകളുടെ വിവാഹം ഇങ്ങനെയായിരുന്നു. കേരളത്തിലെ മുഴുവന്‍ പെമ്പിള്ളേരും കാണട്ടെ... എന്നാണ് പോസ്റ്റ്. ഈ പോസ്റ്റില്‍ അങ്ങേയറ്റം വസ്തുതാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു നിരീക്ഷണമുണ്ട്. സ്ത്രീകള്‍ അഥവാ, പെണ്‍കുട്ടികള്‍, ആഭരണഭ്രമം ഉള്ളവരായതുകൊണ്ടാണ് ഇല്ലാത്ത പണംമുടക്കി അവര്‍ക്കുവേണ്ടി ഇത്രയേറെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും അണിയുന്നതും എന്നാണല്ലോ സന്ദേശത്തിന്റെ ധ്വനി. ഇതാണോ സത്യം? പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാനുള്ള ഭ്രമംകൊണ്ടല്ല, ഇങ്ങനെ സ്വര്‍ണക്കട കഴുത്തില്‍ത്തൂക്കി അവര്‍ വിവാഹപ്പന്തലിലെത്തുന്നത് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ട്, കേരളത്തിലെ പെമ്പിള്ളേരല്ല ഇതു കാണേണ്ടത്, ആമ്പിള്ളേരും അവരുടെ രക്ഷിതാക്കളുമാണ്.
ന്യൂ ജനറേഷന്‍ ഓക്സ് വാഗ്നര്‍ എന്നൊരു ചിത്രം ഫെയ്സ്ബുക്കില്‍ കണ്ടു. ഒറ്റക്കാള വലിക്കുന്ന ഒരു വണ്ടിയില്‍, കെഎസ്ആര്‍ടിസി ബസ്സ് കയറ്റിവച്ചിരിക്കുന്ന ചിത്രം. ഡീസലിന്റെ സബ്സിഡി എടുത്തുകളയാന്‍ തീരുമാനിച്ചതോടെ നൂറുകണക്കിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്തുകയറിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു ഈ പോസ്റ്റ്. ഓരോ മാസവും ഇഷ്ടമുള്ള തുക പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചുകൊള്ളാനാണല്ലോ കമ്പനികള്‍ക്ക് അധികാരം കൊടുത്തിരിക്കുന്നത്! ഉല്‍പ്പന്നത്തിന് വിലയിടാനും എത്ര ലാഭം എടുക്കണം എന്നു തീരുമാനിക്കാനുമുള്ള അധികാരവും ഉല്‍പ്പന്നത്തിന്റെ വിതരണത്തില്‍ കുത്തകാവകാശവും ഒരു കൂട്ടം കമ്പനികള്‍ക്ക് തീറുകൊടുക്കുന്ന സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്.
ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കാന്‍ രണ്ടു സംവിധാനങ്ങളാണ് സാധാരണയായി നിലവിലുള്ളത്. ഒന്ന്, ആസൂത്രണം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍, പൊതുസമൂഹത്തിനുവേണ്ടി, ഗവണ്മെന്റുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്ന രീതിയാണ്. സോഷ്യലിസ്റ്റു സമൂഹങ്ങളിലും സോഷ്യലിസത്തിലേക്കുള്ള പാതയിലാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സമൂഹങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ പല ഉല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചിരുന്നത് ഈ രീതിയിലാണ്. ഇന്ത്യയില്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകാവകാശത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തകാലം വരെ വിലനിശ്ചയിച്ചുപോരുന്നത് ഇങ്ങനെ, ഗവണ്മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ രീതിയില്‍, കമ്പോളംതന്നെയാണ് ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്നത്. അവിടെ പക്ഷേ, ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും അവകാശം ഏതെങ്കിലും ഒരു ഉല്‍പ്പാദകനോ, കുത്തകാവകാശമുള്ള ഒരു കൂട്ടത്തിനോ ആയിരിക്കുകയില്ല. വിവിധ ഉല്‍പ്പാദകരും വിതരണക്കാരും ഇടപെടുന്ന അങ്ങാടികളില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന ചോദനയുടെയും വിതരണത്തിന്റെയും അടിസ്ഥാനത്തിലാണ് അവിടെ വില തീരുമാനിക്കപ്പെടുക. ഏതെങ്കിലും ഒരു കൂട്ടര്‍ ക്രമാതീതമായി വില വര്‍ധിപ്പിച്ചാല്‍ ആളുകള്‍ക്ക് മറ്റു വിതരണക്കാരെ സമീപിക്കാനും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങാനും അവകാശമുണ്ട്. സ്വാഭാവികമായും വില കൂടിയ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് കുറയുകയും അതിന്റെ കച്ചവടവും ലാഭവും കുറയുകയും, വര്‍ധിപ്പിച്ച വില കുറയ്ക്കാന്‍ വിതരണക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പൂഴ്ത്തിവയ്പ്പും കൃത്രിമമായി വില വര്‍ധിപ്പിക്കലുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകാമെങ്കിലും സാമാന്യമായി പറഞ്ഞാല്‍ മത്സരം വിലയിലെ അക്രമമായ വര്‍ധനവിനെ പിടിച്ചുനിര്‍ത്തുന്ന സംവിധാനമാണ് പൊതുമാര്‍ക്കറ്റിന്റെ വിതരണരീതിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഈ രണ്ടു രീതിയില്‍നിന്നു വ്യത്യസ്തമായി, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കഴുത്തും ഒരുത്തനെത്തന്നെ ഏല്‍പ്പിക്കുന്ന രീതിയാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കാന്‍ അവലംബിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ പരീക്ഷാപ്പേപ്പര്‍ പരിശോധിച്ച് മാര്‍ക്കിടാനുള്ള അധികാരം ഇവര്‍ കുട്ടികളെ ഏല്‍പ്പിക്കും. അതുകൊണ്ട് എന്തായാലും എന്റെ വോട്ട് അടുത്തതവണ കോണ്‍ഗ്രസ്സിനുതന്നെ എന്നാണ് ഇതേക്കുറിച്ച് ഒരു വിരുതന്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത പോസ്റ്റ്! ഉല്‍പ്പാദനച്ചെലവും കൂലിച്ചെലവും അടക്കം എല്ലാ അര്‍ഥത്തിലും ജീവിതനിലവാരവും ജീവിതച്ചെലവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമാണല്ലോ അമേരിക്ക. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വപ്നഭൂമിയായിക്കാണുന്ന അമേരിക്കയില്‍ പെട്രോളിന് വില ലിറ്ററിന് ഒരു ഡോളറില്‍ താഴെ (ഇപ്പോള്‍ അന്‍പത്തിയഞ്ചുരൂപ) മാത്രം ആണത്രെ! അമേരിക്കയിലെ കുത്തക കോര്‍പറേറ്റുകള്‍ അവിടെ വില്‍ക്കുന്ന വിലയ്ക്കെങ്കിലും ഇന്ത്യക്കാര്‍ക്ക് പെട്രോളും ഡീസലും വില്‍ക്കാന്‍ ഇന്ത്യയിലെ പെട്രോള്‍ കമ്പനികള്‍ക്കു കഴിയാത്തതിന്റെ പിന്നിലെ സാമ്പത്തികശാസ്ത്രം എത്ര ആലോചിച്ചിട്ടും എങ്ങനെ ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അങ്ങനെ സാധാരണക്കാര്‍ക്കു പിടികിട്ടാത്ത എന്തൊക്കെ മറിമായങ്ങളിരിക്കുന്നു നമ്മുടെ ഭരണരംഗത്ത്....!! ഡീസല്‍വില വര്‍ധനവിനെതിരെ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള അറിയിപ്പും ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.
ഇറച്ചിക്കോഴികളില്‍ കുത്തിവെക്കുന്ന മാരകമായ ഹോര്‍മോണുകള്‍ മനുഷ്യശരീരത്തില്‍ പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന വസ്തുത ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവര്‍ത്തിച്ചു പറയുന്നതാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്ന നമ്മളോ, ആഹാരപദാര്‍ഥങ്ങളില്‍ മാരകമായ വിഷപദാര്‍ഥങ്ങള്‍ കലര്‍ത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട വകുപ്പുകളോ, സര്‍ക്കാരോ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തിയെന്നു തോന്നുന്നില്ല. ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രചരിച്ചുകണ്ടു. ഇറച്ചിക്കോഴികളിലെ ഈ മാരകമായ ഹോര്‍മോണുകള്‍ കുട്ടികളുടെ അമിതവളര്‍ച്ചയ്ക്കും പെട്ടെന്നുള്ള പ്രായപൂര്‍ത്തിയാകലിനും സന്താനോലോല്‍പ്പാദനശേഷി നശിക്കുന്നതിനുംവരെ കാരണമാകുന്നു എന്നു കാണിച്ചുകൊണ്ട് നിരവധി പഠനങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. എന്‍ഡോസള്‍ഫാനെപ്പോലെയോ അതിനേക്കാള്‍ മാരകമോ ആയ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ ഹോര്‍മോണുകളാണത്രെ, ഇറച്ചിക്കോഴികള്‍ പെട്ടെന്ന് വളരാനും തൂക്കംവെക്കാനുംവേണ്ടി കുത്തിവച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും ഭക്ഷ്യമാംസത്തില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1959 മുതല്‍ അമേരിക്കയിലും ആസ്ട്രേലിയയിലും ഭക്ഷണത്തിനുവേണ്ടി വളര്‍ത്തുന്ന ജീവികളിലെ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നിയമവിരുദ്ധമാണ്. 1995 നും 2000-ത്തിനും ഇടയില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 70 ശതമാനം പൗള്‍ട്രിഫാമുകളിലും റോക്സാഴ്സന്‍ എന്ന മരുന്ന് കുത്തിവച്ചിരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2004ല്‍ അമേരിക്കയില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്, ഈ മരുന്നു കുത്തിവെച്ച കോഴിയുടെ കരള്‍ ഭക്ഷിച്ച കുട്ടികളിലും മുതിര്‍ന്നവരിലും ഞരമ്പും ബുദ്ധിയും തകരാറിലാകാന്‍ തക്ക അളവില്‍, ആഴ്സനിക് അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ്. അമേരിക്കക്കാരില്‍ വര്‍ധിച്ചുവരുന്ന പൊണ്ണത്തടിയുടെ കാരണം മരുന്നും ഹോര്‍മോണും കുത്തിവെച്ച ഇറച്ചിക്കോഴികളുടെ ഉപയോഗമാണ് എന്ന് മറ്റൊരു പഠനം തെളിയിക്കുന്നു. പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷ്യന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച, ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തില്‍ നിരീക്ഷിക്കുന്നത്, ആധുനിക ബ്രോയ്ലര്‍ ചിക്കനില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എനര്‍ജിയില്‍ ഏറിയപങ്കും പ്രോട്ടീന്‍ എനര്‍ജിയല്ല, ഫാറ്റ് (കൊഴുപ്പ്) എനര്‍ജിയാണ് എന്ന വസ്തുതയാണ്. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങളുള്ള വികസിതരാജ്യങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ അത്തരം ഒരു നിര്‍ബന്ധങ്ങളുമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സ്ഥിതി പറയാനില്ലല്ലോ. അനങ്ങാന്‍ സ്വാതന്ത്ര്യമില്ലാതെ, വ്യായാമമില്ലാതെ, അമിതാഹാരം കഴിച്ച് പൊണ്ണത്തടിവെക്കുന്ന ജീവികളുടെ ഇറച്ചിയും പൊണ്ണത്തടിയിലേയ്ക്കു നയിക്കും എന്നു മനസ്സിലാക്കാന്‍ ഇത്ര ഗംഭീരമായ പഠനങ്ങളൊന്നും ആവശ്യമില്ല, സാമാന്യബുദ്ധിമാത്രം മതിയാകും. അതുകൊണ്ട്, തീര്‍ത്തും ഉപേക്ഷിച്ചില്ലെങ്കിലും ഇത്തരം മാംസാഹാരങ്ങള്‍ പരമാവധി കുറയ്ക്കുന്നതാകും ഉത്തമം; ബുദ്ധിക്കും ശരീരത്തിനും.
വിശ്വാസത്തെക്കുറിച്ചാണ് ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ്. കര്‍ത്താവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും; ഇസ്ലാം സ്രഷ്ടാവിങ്കല്‍ സ്വീകാര്യമായ ഏക മതം; ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം; ഇതെല്ലാം വ്യവസ്ഥാപിതമായ ചില പരസ്യവാചകങ്ങളാണ്. കോള്‍ഗേറ്റ് ഉപയോഗിക്കൂ... ദന്തക്ഷയം ഒഴിവാക്കൂ... എന്നു പറയുന്നതുപോലെ... വിശ്വസിക്കാന്‍ യുക്തി ആവശ്യമില്ല എന്നത് ഒരു വലിയ ആശ്വാസമാണ്. പ്രാര്‍ഥിച്ചതു മുഴുവന്‍ ഈശ്വരന്‍ സാധിപ്പിച്ചുതന്നോ? അല്ലെങ്കില്‍ പ്രാര്‍ഥനയുടെ എത്ര ശതമാനം യാഥാര്‍ഥ്യമായി എന്നതൊന്നും വിശ്വാസിയുടെ വിശ്വാസത്തെ ചഞ്ചലപ്പെടുത്താന്‍ പര്യാപ്തമായ കാരണങ്ങളേ അല്ല. വിശ്വസിക്കുക എന്നതാണ് പ്രധാനം. ഇത്തരമൊരു ശീലത്തിലൂടെ നൂറ്റാണ്ടുകള്‍ കടന്നുവന്ന ഒരു ജനതക്ക്, കോള്‍ഗേറ്റ് ഉപയോഗിച്ചതിനുശേഷവും ദന്തക്ഷയം ഒഴിവായില്ലെങ്കിലും പരാതിപ്പെടാന്‍ തോന്നുകയില്ല. സമാധാനിക്കാന്‍ വിശ്വാസംതന്നെ ധാരാളം!
വിശ്വാസമില്ലാത്തവര്‍ ദേവസ്വംബോര്‍ഡില്‍ ഉണ്ടാവാന്‍ പാടില്ല എന്നൊരു നിയമം ഈയിടെ ബീജം ധരിച്ചശേഷം അലസിപ്പോയല്ലോ. ദൈവത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ എന്തുകാര്യം എന്നതായിരുന്നു തര്‍ക്കം. വിശ്വാസം ഉണ്ടായാല്‍ മാത്രം പോരാ, താന്‍ ദൈവവിശ്വാസിയാണ് എന്ന് രേഖാമൂലം എഴുതി തെര്യപ്പെടുത്തുകയും വേണം! അത്രമാത്രം കര്‍ശനമായും സാത്വികശുദ്ധിയോടെയുമാണ് ദൈവത്തിന്റെ കാര്യങ്ങള്‍ നാം നടത്തിപ്പോരുന്നത് എന്നര്‍ഥം. അപ്പോള്‍പ്പിന്നെ ദേവസ്വംബോര്‍ഡിന്റെ ആസ്ഥാനത്തുള്ള കാന്റീനില്‍ ബീഫ് ഫ്രൈ ഉണ്ടാകാന്‍ പാടുണ്ടോ? എന്തൊര സംബന്ധം എന്ന് ആര്‍ക്കും തോന്നാം. ദേവകാര്യത്തില്‍ മനസ്സര്‍പ്പിച്ച ദേവസ്വം ജീവനക്കാര്‍, ബോര്‍ഡംഗങ്ങള്‍, പൂജാരിമാര്‍, ഭക്തജനങ്ങള്‍ ഇവരൊക്കെ ഭക്ഷണം കഴിക്കാന്‍ ആശ്രയിക്കുന്ന ദേവസ്വം കാന്റീനില്‍ എന്തിനാണ് ബീഫ് ഫ്രൈ? എന്ന് ആരും ചോദിച്ചുപോകും. ഫെയ്സ്ബുക്കില്‍ ഈയിടെ ഒരു വാര്‍ത്ത വായിച്ചു. തിരുവനന്തപുരത്തുനിന്ന്, ഡി കെ നാഥ് എന്നയാളുടെ പ്രതികരണമായിട്ട്. 1210 ക്ഷേത്രങ്ങളുടെ നിയന്ത്രണമുള്ള ദേവസ്വംബോര്‍ഡിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനിന്റെ ഭക്ഷണപ്പട്ടികയില്‍ ബീഫ് ഫ്രൈ സ്ഥാനം പിടിച്ചതിനെക്കുറിച്ചാണ് പ്രതികാരകന്റെ പരാതി. മീന്‍കറി, ബീഫ് കറി, ബീഫ് ബിരിയാണി, ചിക്കന്‍കറി, ചിക്കന്‍ഫ്രൈ....അങ്ങനെ നീളുന്നു ആ ലിസ്റ്റ്. കാന്റീന്‍ തുടങ്ങിയ കാലം മുതല്‍ ഈ മെനുവാണ് നിലവിലുള്ളത് എന്നാണത്രേ കാന്റീന്‍ ജീവനക്കാരുടെ മറുപടി. ആയിരിക്കാം. പക്ഷേ, വിശ്വാസികളല്ലാത്തവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ അംഗത്വം പാടില്ല എന്ന് നിഷ്കര്‍ഷിച്ചു തുടങ്ങുന്ന പുതിയ കാലത്തെങ്കിലും അമ്പലക്കമ്മിറ്റിയില്‍നിന്ന് ബീഫ് ഫ്രൈ ഒഴിവാക്കണം എന്ന ഡി കെ നാഥിന്റെ ആവശ്യം തീര്‍ത്തും ന്യായം!
ഒരു പാവം മലയാളി ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്ത കുറിപ്പ്, കിങ്ഫിഷര്‍ ഉടമയുടെ കടം എഴുതിത്തള്ളാന്‍ സന്മനസ്സുകാണിച്ച നാഷനലൈസ്ഡ് ബാങ്കുകളെക്കുറിച്ചാണ്. മദ്യവ്യവസായിയും കോടീശ്വരനുമായ വിജയി മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 7500 കോടി ബാങ്ക് വായ്പയില്‍ 6000 കോടി എഴുതിത്തള്ളാന്‍ ബാങ്കുകളുടെ നീക്കം.... എന്നാണ് കുറിപ്പിന്റെ തുടക്കം. ഈ കോടീശ്വരന്റെ ആറായിരം കോടിരൂപ എഴുതിത്തള്ളുന്നത് കാണുമ്പോള്‍, ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് വായ്പക്കപേക്ഷിച്ച് കാത്തിരുന്ന് ആത്മഹത്യചെയ്ത കുട്ടികളുടേയും, കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജീവനൊടുക്കിയ കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കും എന്ന വിരുദ്ധോക്തിയിലാണ് കുറിപ്പ് അവസാനിക്കുന്നത്. പാട്ടക്കുടിശ്ശികയുടെ പേരില്‍ ജന്മിക്കുവേണ്ടി, സാധാരണക്കാരന്റെ ഭൂമി ജപ്തിചെയ്യാന്‍ വരുന്ന വാറണ്ടുശിപായിമാര്‍ ഇരുപതാംനൂറ്റാണ്ടിന്റെ കേരളീയ ജീവിതത്തിലെ വലിയ പേടിസ്വപ്നമായിരുന്നു. നരിയേക്കാളും ഭീകരരാണ് ഇവര്‍ എന്ന് ബുദ്ധനും ഞാനും നരിയും എന്ന കവിതയില്‍ ഇടശ്ശേരി പറഞ്ഞുവെച്ചിട്ടുണ്ട്. ""നരി വന്നാല്‍-വന്നോട്ടെ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;- ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!; എന്ന് തനിക്ക് നരിയേക്കാള്‍ കൂടുതലുള്ള മേന്മയായിപ്പറയുന്നത്, നരി ഏറിപ്പോയാല്‍ നായാട്ടു നായ്ക്കളെ കണ്ടിരിക്കാം. താന്‍ പക്ഷേ, വാറണ്ടു ശിപായിമാരെ കണ്ടു പരിചയിച്ചവനാണല്ലോ എന്നാണ്. പാവപ്പെട്ടവരുടെ വീട്ടാക്കടത്തിന്റെ പേരില്‍ കിടപ്പാടം ജപ്തിചെയ്യാന്‍ വരുന്ന ബാങ്കുകള്‍ പുതിയ കാലത്തെ ജന്മികളാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല. എന്നാല്‍, ജനാധിപത്യസമൂഹത്തില്‍ കോടീശ്വരന്മാര്‍ക്കുമേല്‍ പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയില്ലെങ്കില്‍ വേണ്ടാ, ആഗോളവത്കരണത്തിന്റെ മുദ്രാവാക്യമായ തുല്യനീതിയെങ്കിലും അനുവദിച്ചുകൊടുക്കേണ്ടതല്ലേ? കോടീശ്വരന്മാരുടെ കടം പല പേരില്‍ എഴുതിത്തള്ളുകയും അവര്‍ക്ക് പല പല ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ പിച്ചപ്പാത്രത്തില്‍ നിരന്തരം കൈയിട്ടുവാരുകയും, അവരുടെ തുച്ഛമായ ആനുകൂല്യങ്ങള്‍ പോലും ഓരോന്നായി വെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ നാം സ്വാഭാവികമായും നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു; ഇപ്പോള്‍ ഏതുരാജാവാണ് രാജ്യം ഭരിക്കുന്നത് എന്ന്!
അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ധിക്കാരമാണെങ്കില്‍ ഞാനൊരു ധിക്കാരിയാണ് എന്ന ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കേസെടുത്ത വിഷയമാണ്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍, താഴ്ന്ന ജാതിക്കാര്‍ കിടന്നുരുളുന്ന, അങ്ങേയറ്റം പ്രാകൃതവും മനുഷ്യത്വരഹിതവുമായ ചടങ്ങിനെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ബേബിക്കെതിരെ കേസെടുത്തത്. മടെ സ്നാന എന്നാണ് ഈ ദുരാചാരം അറിയപ്പെടുന്നത്. ബ്രാഹ്മണന്റെ എച്ചിലില്‍ കിടന്നുരുണ്ടാല്‍ ഏതു ദൈവമാണ് പ്രസാദിക്കുക? എന്ന തലവാചകത്തോടെ മറ്റൊരു പോസ്റ്റും കണ്ടു. താഴ്ന്ന ജാതിക്കാര്‍ എച്ചിലിലയില്‍ കിടന്നുരുളുന്ന ചിത്രവും കൂട്ടത്തിലുണ്ട്. അഖിലലോക ബ്രാഹ്മണരേ ഉടന്‍ ഉണരുവിന്‍... തൂറുവിന്‍... മലം കയറ്റിയയയ്ക്കുവിന്‍ ഉഡുപ്പിയിലെ അമ്പലത്തിലേക്ക് എന്നാണ് ധാര്‍മികരോഷവും ദേഷ്യവും സ്ഫുരിക്കുന്ന ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ്. താന്‍ അടിമയാണ് എന്നും അനുഭവിക്കുന്നതത്രയും അടിമത്തമാണ് എന്നും തിരിച്ചറിയാതിരിക്കുന്ന അവസ്ഥയാണ് അടിമത്തത്തിന്റെ ഏറ്റവും വലിയ ദുരന്തം എന്നു പറയാം. ഇന്ത്യയുടെ സാമൂഹ്യജീവിതത്തില്‍ നൂറ്റാണ്ടുകളായി അടിമജീവിതം നയിക്കുന്ന ദളിതരും സ്ത്രീകളും അടക്കമുള്ള നിരവധി ജനവിഭാഗങ്ങള്‍ ജീവിതവുമായി പലതരത്തില്‍ പൊരുത്തപ്പെട്ടുപോരുകയാണ് ചെയ്യുന്നത്. ചടങ്ങുകളും വിശ്വാസങ്ങളും മിത്തുകളും കഥകളുമൊക്കെയായി ഇഴയടുപ്പത്തോടെ ചേര്‍ത്തുകെട്ടിയ വിശ്വാസങ്ങളുടെ വലിയൊരു വലക്കണ്ണി അവരുടെ അവസ്ഥയില്‍നിന്ന് അവര്‍ ഒരിക്കലും ഉണരാതിരിക്കാന്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.
ജനാധിപത്യപ്രക്രിയയില്‍, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കും അധികാരക്കൈമാറ്റത്തിലേക്കും സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍പോലും ചുരുങ്ങിപ്പോകുമ്പോള്‍ ഈ അടിമത്തം അതേപടി തുടരാനുള്ള പല കാരണങ്ങളില്‍ ഒന്നായി അതും മാറുന്നു. ഇതിനെതിരെ സംഘടിപ്പിക്കുന്ന സമരങ്ങളാണ്, ആഴത്തില്‍ വേരോട്ടമുള്ള സാമൂഹ്യമാറ്റങ്ങള്‍ക്ക് മണ്ണൊരുക്കുന്നത്.
തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ കെ കെ ഷാഹിനക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കര്‍ണാടക സര്‍ക്കാറിന്റെ നടപടിക്കെതിരെ നിരവധി പോസ്റ്റുകളും വാര്‍ത്തകളുമാണ് ഫെയ്സ്ബുക്കിലും ബ്ലോഗിലും പ്രചരിക്കുന്നത്. മഅ്ദനിക്കും ഇറ്റാലിയന്‍ നാവികര്‍ക്കും വെവ്വേറെ നീതി നടപ്പാക്കുന്ന ഇന്ത്യാഗവണ്മെന്റിന്റെ നിലപാടുകള്‍ക്കെതിരെയും നിരവധി പേര്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം ആയതിന്റെ പേരില്‍ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട പത്രപ്രവര്‍ത്തകയാണ് ഷാഹിന. ബംഗളൂരു സ്ഫോടനക്കേസിലെ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തതിന്റെ പേരിലാണ് ഷാഹിന തീവ്രവാദിയായി മാറിയത്. കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പ്രതിയാണ്.
1997ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട് പത്തുവര്‍ഷം ജയിലില്‍ കിടന്നയാളാണല്ലോ മഅ്ദനി. 2007ല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കര്‍ണാടകാ പൊലീസ് മഅ്ദനിയെ വീണ്ടും അറസ്റ്റുചെയ്തിരിക്കുകയാണ്. ഈ കേസില്‍ ആറു പ്രോസിക്യൂഷന്‍ സാക്ഷികളാണുള്ളത്. ഇവരില്‍ രണ്ടുപേര്‍, ജോസ് തോമസും മഅ്ദനിയുടെ അനിയന്‍ മുഹമ്മദ് ജമാലും തങ്ങളുടെ മൊഴികള്‍ കര്‍ണാടക പൊലീസ് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരിക്കയാണ്. പോലീസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ മൂന്നാംസാക്ഷി ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. നാലുദിവസത്തിനകം അയാള്‍ മരിക്കുകയും ചെയ്തു. കണ്ണൂരില്‍വെച്ച് മൊഴി രേഖപ്പെടുത്തി എന്നാണ് പോലീസ് രേഖകളില്‍ പറയുന്നത്. എന്നാല്‍ അയാളെ 500 കിലോമീറ്റര്‍ ദൂരെ എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ആശുപത്രിരേഖകള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഗൂഢാലോചനയെക്കുറിച്ച് ഷാഹിനക്ക് സംശയം തോന്നുന്നത്.
കര്‍ണാടകാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കെട്ടിച്ചമച്ച മൊത്തം കഥയേയും ഷാഹിന സംശയിച്ചുതുടങ്ങി. എന്താണ് ഈ കേസില്‍ മഅ്ദനിയുടെ റോള്‍? കേസിലെ രണ്ടുസാക്ഷികളെ കണ്ടതോടെ, തന്റെ ഊഹം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ഷാഹിന ഫെയ്സ് ബുക്കില്‍ വ്യക്തമാക്കുന്നു. സാക്ഷികളുടെ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്ന പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ച് ഷാഹിന കുറ്റാരോപിതയായിരിക്കുകയാണ്. മടിക്കേരി ജില്ലാ കോടതിയില്‍ താന്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചു എന്നും അപേക്ഷ കോടതി കേള്‍ക്കുന്നതിനിടയില്‍ വീണ്ടും കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ് എന്നും ഷാഹിന വിശദീകരിക്കുന്നു. അങ്ങനെ മടിക്കേരി കോടതി ഷാഹിനയുടെ ജാമ്യാപേക്ഷ നിരസിച്ചു. കര്‍ണാടകാ ഹൈക്കോടതിയിലാണ് ഇപ്പോള്‍ ഷാഹിനയുടെ ജാമ്യാപേക്ഷ. അടുത്തുതന്നെ കേസിന്റെ വിചാരണ നടക്കും. എന്താണ് സംഭവിക്കുക എന്നറിയില്ല. ജാമ്യം കിട്ടുമോ ജയിലില്‍ പോകേണ്ടിവരുമോ എന്നാണ് ഷാഹിനയുടെ സംശയം. തനിക്കെതിരെയുള്ള കേസല്ല പ്രശ്നം, മറിച്ച് ഭരണകൂടങ്ങളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതാണ് അനുഭവം എന്ന് മൊത്തം മാധ്യമങ്ങള്‍ക്കും ഉള്ള താക്കീതായി ഈ നടപടി മാറുമോ എന്നാണ് ഷാഹിന ഉന്നയിക്കുന്ന പ്രശ്നം. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെതിരെ കിരാതനിയമങ്ങള്‍ ഉയരുകയായി. നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളാണെങ്കില്‍ തീവ്രവാദിയല്ലെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്, നിങ്ങള്‍ ഒരു മാവോവാദിയല്ലെന്നു തെളിയിക്കലും ഈ കാലത്തും ലോകത്തും ദുഷ്കരമാണല്ലോ; എന്നാണ്, മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്, 2011 ഏപ്രില്‍ മാസത്തില്‍ ഷാഹിന പ്രസംഗിച്ചത്. ഷാഹിന പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് സത്യത്തിന്റെ പൊള്ളലുണ്ട് എന്ന് ഇന്ത്യന്‍ അവസ്ഥയില്‍നിന്നുകൊണ്ടു തിരിച്ചറിയാന്‍ കഴിയും. 2008ല്‍ നടന്ന ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010ല്‍ തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച ഷാഹിനയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പകപോക്കാനാണ് അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം തയാറാക്കിയിരിക്കുന്നത് എന്നു ചിന്തിക്കുന്നവരാണ് വസ്തുതകള്‍ മനസ്സിലാക്കുന്ന ബഹുഭൂരിപക്ഷം പേരും.
കേസിലെ മുഖ്യപ്രതി അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റുചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടേയും വ്യാജമൊഴികളുടേയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ കഥയിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും, സമീപത്തെ കംബൂര്, ഇഗ്ഗൂര്, ഹൊസതൊട്ട പ്രദേശങ്ങളിലും സഞ്ചരിച്ച്, ബിജെപി പ്രവര്‍ത്തകരടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന തന്റെ വാദമുഖങ്ങള്‍ ഉന്നയിച്ചത്. മഅ്ദനി അവിടെ ചെന്നിരുന്നു എന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ ഷാഹിനയുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ്, അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ടുപേരുടെ സാക്ഷിമൊഴികളാണ്. കെ കെ യോഗാനന്ദ്, റഫീഖ് എന്നിവരായിരുന്നു പോലീസ് അവതരിപ്പിച്ച ആ സാക്ഷികള്‍. ഷാഹിന അവരുമായി സംസാരിച്ചപ്പോള്‍, മഅ്ദനിയെ കണ്ടിട്ടേയില്ല എന്നതായിരുന്നു അവരുടെ മൊഴി. താന്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടെന്ന വിവരംപോലും അറിയില്ലെന്നാണത്രേ ബിജെപി പ്രവര്‍ത്തകന്‍കൂടിയായ യോഗാനന്ദ് ഷാഹിനയോടു പറഞ്ഞത്. അഭിമുഖം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പൊലീസ് ഷാഹിനയേയും കൂടെയുണ്ടായിരുന്നവരേയും തടഞ്ഞു. ഭീകരവാദിയാണോ എന്നതായിരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സംശയം. തെഹല്‍കയുടെ ലേഖികയാണെന്നു പറഞ്ഞിട്ടും വിശ്വാസം വന്നില്ല. തെഹല്‍കയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമ ചൗധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സിഐ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലീങ്ങള്‍ ആ പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലായിരുന്നു പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖികയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുവെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ ആരാണെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട് എന്ന തരത്തിലായിരുന്നു പത്രവാര്‍ത്ത അഥവാ, വരുത്തിയ വാര്‍ത്ത. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി ചെയ്യുകയായിരുന്നു ഷാഹിന എന്നും അതു തടസ്സപ്പെടുത്തുകയാണ് പൊലീസുദ്യോഗസ്ഥര്‍ ചെയ്തത് എന്നും ഫെയ്സ്ബുക്കിലെ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍, യുഎപിഎ പോലുള്ള ഭീകരനിയമങ്ങളടക്കം ചുമത്തി കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴിനല്‍കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ആരോപിച്ച് ഷാഹിനയെ ജയിലിലടയ്ക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. സത്യം പറഞ്ഞു എന്ന കുറ്റം ചുമത്തി ഭരണകൂടം നാളെ നിങ്ങളെയും ജയിലിലടച്ചേയ്ക്കാം എന്ന മുന്നറിയിപ്പോടുകൂടിയാണ് പോസ്റ്റ് അവസാനിക്കുന്നത്. നിയമത്തില്‍, തെളിയിക്കാനുള്ള ബാധ്യത (യൗൃറലി ീള ുൃീീള) എന്നൊരു സാങ്കേതിക പദമുണ്ട്. ഒരാള്‍ കൊലപാതകം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാല്‍, യഥാര്‍ഥത്തില്‍ അയാള്‍ ആ കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതിയില്‍ തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്, അഥവാ കുറ്റം ആരോപിക്കുന്ന സര്‍ക്കാറിനാണ്. എന്നാല്‍ ഒരു സ്ത്രീ, തന്നെ ഒരു പുരുഷന്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ടാല്‍, നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പുരുഷനാണ്. തന്നെ ഒരു പുരുഷന്‍ ബലാത്സംഗം ചെയ്തു എന്ന് സാധാരണനിലയില്‍ ഒരു സ്ത്രീയും വസ്തുതാവിരുദ്ധമായി പരാതി ഉന്നയിക്കില്ല എന്നതുകൊണ്ടാണ്, ബലാത്സംഗക്കേസുകളില്‍ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇങ്ങനെ പ്രതിയിലേയ്ക്കു മാറ്റിയത്. ഇത് നിയമം തീരുമാനിക്കുന്ന ബാധ്യതയാണെങ്കില്‍ സമൂഹവും ഭരണകൂടങ്ങളുമൊക്കെ അടിച്ചേല്‍പ്പിക്കുന്ന ചില തെളിയിക്കല്‍ ബാധ്യതകളുണ്ട്. ഒരോ മുസ്ലീം പേരുകാരനും അഥവാ പേരുകാരിയും താന്‍ തീവ്രവാദിയല്ലെന്നും, പാകിസ്ഥാന്‍ ചാരന്‍/ചാര അല്ലെന്നും തെളിയിക്കേണ്ടിയിരിക്കുന്നു എന്ന അവസ്ഥ നിയമത്തില്‍ ഇല്ലെങ്കിലും പലരുടേയും ബോധമണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവേചനം ഒരു ജനാധിപത്യസമൂഹത്തിനും ഭൂഷണമല്ലതന്നെ. തല്ലിക്കൊല്ലാന്‍ എളുപ്പവഴി പേയുണ്ടെന്ന് ആരോപിക്കലാണ് എന്നതുപോലെ തോല്‍പ്പിക്കാനും നശിപ്പിക്കാനും ഉള്ള എളുപ്പവഴിയായി തീവ്രവാദവും രാജ്യസ്നേഹവും ദേശീയതയുമൊക്കെ ഉപയോഗിക്കപ്പെടുന്നത് വര്‍ത്തമാനകാലത്തെ ഏറ്റവും വൃത്തികെട്ട അശ്ലീലമാണ്. മറ്റാരു ചെയ്താലും നീതിപാലകരും ഭരണകൂടങ്ങളുമെങ്കിലും ഈ ക്രൂരതയില്‍നിന്ന് മാറി നടക്കേണ്ടതുണ്ട്. മഅ്ദനി അപരാധിയോ നിരപരാധിയോ ആവാം. പക്ഷേ, അക്കാര്യം തീരുമാനിക്കാതെ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കുന്നതിനെയും പത്തുകൊല്ലം ജയിലില്‍ അടച്ചിട്ടശേഷം നിരപരാധിയാണ് എന്നു പറഞ്ഞ് തുറന്നുവിടുന്നതിനെയും മറ്റെന്തുപേരുവിളിച്ചാലും ജനാധിപത്യം എന്നും നിയമവ്യവസ്ഥ എന്നുമാത്രം പറഞ്ഞുപോകരുത്! അത് ചോദ്യം ചെയ്തു ലേഖനം തയാറാക്കിയ പെണ്‍കുട്ടിയുടെ പേര് ഷാഹിന എന്നായിപ്പോയതുകൊണ്ട് അവളെയും തീവ്രവാദിയാക്കി കേസെടുക്കുന്ന സമൂഹം എന്തിനാണ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വെറുതേ ചൂണ്ടുവിരലില്‍ മഷി പുരട്ടി ജനാധിപത്യത്തെ അപമാനിക്കുന്നത്!
സ്ത്രീപോലെയുള്ളത് എന്ന പേരില്‍ കെ വിജയന്‍ എഴുതിയ കവിത ഫെയ്സ്ബുക്കില്‍ വായിച്ചു. സ്ത്രീയെ വ്യക്തി എന്ന അവസ്ഥയില്‍ കാണാന്‍ കൂട്ടാക്കാത്ത വര്‍ത്തമാനകാലത്തിന്റെ പുരുഷക്കാഴ്ചകളോടും, അങ്ങനെത്തന്നെയാണ് സ്ത്രീ അടയാളപ്പെടേണ്ടത് എന്നു ധരിച്ചുവശായിരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ സ്ത്രീവിരുദ്ധ നിലപാടുകളോടും ശക്തമായി കലഹിക്കുന്ന കവിതയാണ് വിജയന്റെ സ്ത്രീപോലെയുള്ളത് എന്ന രചന. ""സ്ത്രീപോലെയുള്ളത് പര്‍ദ്ദപോലെയുള്ളതില്‍ പൊതിഞ്ഞു ഒരു ബൈക്കിനു പിറകില്‍ കണ്ടു. കണ്ണുകള്‍ മൂടിയിട്ടുണ്ട് കൈകാലുകളില്‍ സോക്സുണ്ട്. എങ്കിലും ഞാന്‍ നോക്കിപ്പോയി.. അതൊരു കാമിനിയാകാം ഭാര്യയാകാം മകളാകാം. അതിന്റെ സുരക്ഷയ്ക്കും അതില്‍നിന്നുള്ള രക്ഷയ്ക്കും ആ സാധനം* കടലാസ് പെട്ടിയിലോ ചാക്കിലോ കെട്ടി കാറിന്റെ ഡിക്കിയിലോ ബസ്സിന്റെ പുറത്തോ സൂക്ഷിക്കാം.. ബൈക്കിന്റെ പിറകില്‍ ഇങ്ങനെ പരസ്യമായി കൊണ്ടുപോകരുത്!(* താത്രി)"" സ്ത്രീ അവളുടെ ശരീരം പര്‍ദ്ദകൊണ്ടു മൂടാത്തതും, മുടിയടക്കമുള്ള ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്നതും ആണ് സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും മൂലകാരണം എന്നു പ്രചരിപ്പിക്കുന്ന മതപ്രഭാഷണങ്ങള്‍ ഈയിടെ പലയിടത്തും കേട്ടു. എല്ലാം സംഘടിപ്പിക്കുന്നത് സ്ത്രീകളെ സഹായിക്കാന്‍ എന്ന പേരിലാണ്. ഇങ്ങനെ വിശ്വസിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറുന്നു വിജയന്റെ കവിത. ഇതേ അര്‍ഥത്തില്‍ത്തന്നെ മറ്റൊരു രൂപത്തില്‍ ഈ വിഷയത്തോടു പ്രതികരിക്കുന്നതാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനത്തില്‍നിന്ന് അടിവരയിട്ട് ചേര്‍ത്ത് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റും.
നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ കെട്ടിയിടേണ്ടത് നായയെയാണ് മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളെയാണ്, സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിനു ബദലായി സ്ത്രീയെ പര്‍ദ്ദകൊണ്ടു മൂടിയിടുന്നത് യുക്തിയല്ല, നീതിയല്ല... എന്നാണ് കാരശ്ശേരിയുടെ ലേഖനത്തില്‍നിന്ന് ഫെയ്സ്ബുക്കിലെത്തിയ മൂര്‍ച്ച. ഏതു കാലത്താണാവോ ഇത്തരം യുക്തിചിന്തകളെ നമ്മുടെ മതപണ്ഡിതന്മാര്‍ക്കും മതങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുക!
*
എം എം സചീന്ദ്രന്‍ ദേശാഭിമാനി വാരിക

No comments:
Post a Comment