Wednesday, February 20, 2013

പേരിനൊരു പ്രതിരോധമന്ത്രി

പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടുകളിലേക്കും നേതാക്കളുടെ സ്വകാര്യനിക്ഷേപങ്ങളിലേക്കുമുള്ള പണസ്രോതസ്സുകളാണെന്നതിന് അടവരയിടുന്നതാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കുംഭകോണം പുറത്തുവന്നതിനെത്തുടര്‍ന്നുള്ള പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിലപാടുകള്‍.

ഈ കുംഭകോണവും നിരവധി പ്രതിരോധകരാറുകളും സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായുള്ള ചര്‍ച്ചയില്‍നിന്ന് പ്രതിരോധമന്ത്രിയെ ഒഴിവാക്കിയത് ദുരൂഹവും അവിശ്വസനീയവുമാണ്. പ്രതിരോധകരാറുകള്‍ ചര്‍ച്ചചെയ്യുന്നിടത്ത് പ്രതിരോധമന്ത്രിക്ക് കാര്യമില്ലെങ്കില്‍ പിന്നെ പ്രതിരോധമന്ത്രി എന്തിനാണ്? പേരിന് ഒരു വ്യക്തിയെ വകുപ്പുമന്ത്രിയാക്കുകയും അദ്ദേഹത്തിന്റെ പിന്നിലൂടെ ആരൊക്കെയോ പ്രതിരോധകരാറുകള്‍ ഉറപ്പിക്കുകയുമാണോ? പ്രതിരോധമന്ത്രി എന്നത് വെറുമൊരു അലങ്കാരസ്ഥാനമാണോ? അങ്ങനെയാണെങ്കില്‍ എന്തിന് എ കെ ആന്റണി ആ സ്ഥാനം ഇങ്ങനെ കൊണ്ടുനടക്കണം?

പ്രതിരോധകരാറുകള്‍ ഇടനിലക്കാര്‍വഴി കമീഷന്‍ നിശ്ചയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അകത്തളങ്ങളില്‍ ആരൊക്കെയോ ഉറപ്പിക്കുകയാണ്. അതിന് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ളയാളാണ് പ്രതിരോധമന്ത്രി എന്നതാണ് സ്ഥിതി. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന എ കെ ആന്റണിയുടെ വാദം അംഗീകരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുപോലും ആന്റണിയുടെ സ്ഥിതി ഈ മന്ത്രിസഭയില്‍ ഈ വിധത്തില്‍ ദയനീയമാണെന്നതെങ്കിലും അംഗീകരിക്കേണ്ടിവരും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ദിവസം പ്രതിരോധമന്ത്രി എ കെ ആന്റണി ഡല്‍ഹിയില്‍ത്തന്നെ ഉണ്ടായിരുന്നു. എന്നിട്ടും പ്രതിരോധകരാര്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തില്‍നിന്ന് എ കെ ആന്റണിയെ എന്തിന് മാറ്റിനിര്‍ത്തി? ഈ ചോദ്യത്തിന് രാഷ്ട്രം പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ഇറ്റാലിയന്‍ ഫിന്‍മെക്കാനിക്കാ കമ്പനിയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇവര്‍ക്ക് 3456 കോടി രൂപയ്ക്കുള്ള ഹെലികോപ്റ്റര്‍ കരാര്‍ ഉറപ്പിച്ചുകൊടുത്തത് 350 കോടിരൂപ കൈക്കോഴ വാങ്ങിക്കൊണ്ടാണെന്ന കാര്യം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കാമറണിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നതുകൊണ്ടുതന്നെ ചര്‍ച്ചയില്‍ ഈ പ്രശ്നം ഉയര്‍ന്നുവരുമെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനു പുറമെ യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങളുടെ വില്‍പ്പന ചര്‍ച്ചയ്ക്കുള്ള അജന്‍ഡയിലെ ഇനമായി നേരത്തെതന്നെ നിശ്ചയിച്ചിരുന്നുതാനും. എന്നിട്ടും തന്റെ വകുപ്പിലെ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നിടത്തുനിന്ന് തന്നെ ഒഴിവാക്കിയതില്‍ എ കെ ആന്റണിക്ക് അസ്വാഭാവികമായി ഒന്നും തോന്നുന്നില്ലെങ്കില്‍ അതിനെ വിചിത്രമെന്നേ വിശേഷിപ്പിക്കാനാകൂ.

ധൃതിപിടിച്ചാണ് കരാര്‍ റദ്ദാക്കല്‍ എന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത് രാജ്യത്തിന്റെ മുന്നിലുണ്ട്. ഹെലികോപ്റ്റര്‍ കരാറിനെ ഖുര്‍ഷിദ് ന്യായീകരിച്ചിട്ടുണ്ട് എന്നത് ജനങ്ങള്‍ക്കറിയാം. ഖുര്‍ഷിദിന്റെ നിലപാടില്‍നിന്ന് വ്യക്തമാകുന്നത് കൈക്കോഴയിടപാട് രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തോടെതന്നെയാണ് നടന്നത് എന്നതാണ്. കൈക്കോഴ കരാറുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ മന്ത്രിസഭയിലുണ്ടെന്നു വ്യക്തം. അവരുടെ ഭാഗത്താണ് താന്‍ എന്ന് ഭംഗ്യന്തരേണ വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി ഇപ്പോള്‍ ചെയ്തത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്താണെന്നതാണ് രാജ്യത്തിന് അറിയാനുള്ളത്. ആയുധക്കരാറുകളില്‍നിന്ന് ദല്ലാള്‍മാരെ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം വസ്തുതാപരമല്ലെന്നു തെളിഞ്ഞിരിക്കുകയാണ് പുതിയ വെളിപ്പെടുത്തലുകളിലൂടെ. ഒഴിവാക്കിയെന്ന് ആന്റണി പറഞ്ഞിരുന്ന ദല്ലാള്‍ഇടപാട് ഹെലികോപ്റ്റര്‍ കരാറില്‍ എങ്ങനെ വന്നു എന്നത് എ കെ ആന്റണി തന്നെ വിശദീകരിക്കേണ്ടതുണ്ട്. ഈ ഇടപാടിലെ കോഴവിവരം കഴിഞ്ഞ നവംബറില്‍ത്തന്നെ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചിരുന്ന കാര്യം ആദായനികുതിവകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അന്നേ ഇത് പാര്‍ലമെന്റില്‍ ഉയര്‍ന്നുവരികയുംചെയ്തു. അന്ന് ഇതിനെ ന്യായീകരിക്കുകയാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ചെയ്തത്.

എന്നാല്‍, 350 കോടിയുടെ കൈക്കോഴ വിവരം ഇറ്റാലിയന്‍ അധികൃതര്‍തന്നെ പുറത്തുവിടുകയും ഫിന്‍മെക്കാനിക്കയുടെ എംഡിയെ അറസ്റ്റ്ചെയ്യുകയും ചെയ്തപ്പോള്‍ മാത്രമേ ഇവിടെ നടപടികളിലേക്ക് നീങ്ങിയുള്ളൂ. ഇത് എന്തുകൊണ്ട് എന്നത് എ കെ ആന്റണി വിശദീകരിക്കേണ്ടതുണ്ട്. കരാര്‍ റദ്ദാക്കലടക്കമുള്ള കാര്യങ്ങള്‍ ഇനി മന്ത്രിസഭാ ഉപസമിതി പരിശോധിക്കാന്‍ പോകുകയാണ്. പ്രതിരോധമന്ത്രിയെ അവിശ്വസിക്കലല്ലാതെ മറ്റെന്താണിത്? ഇതും തന്നെ അപമാനിക്കലായി ആന്റണിക്ക് തോന്നുന്നില്ലെങ്കില്‍ എന്തു പറയാനാണ്? പ്രതിരോധവകുപ്പിനു സ്വന്തമായി കൈകാര്യംചെയ്യാനാകുന്ന കാര്യം മന്ത്രിസഭാ ഉപസമിതിക്ക് വിടുന്നതിനു പിന്നിലുള്ള പ്രധാനമന്ത്രിയുടെ താല്‍പ്പര്യമെന്ത് എന്നതും അറിയേണ്ടതുണ്ട്. ഹെലികോപ്റ്റര്‍ ഇടപാടും അതുമായി ബന്ധപ്പെട്ട നടപടികളും ഏതെങ്കിലും വിധത്തിലുള്ള ഭിന്നത മന്ത്രിസഭയില്‍ ഉണ്ടാക്കിയിട്ടില്ല എന്ന് ആന്റണി പറയുമ്പോഴും മന്ത്രി സല്‍മാന്റെ നിലപാടുമുതല്‍ പ്രശ്നം ഉപസമിതി പരിശോധിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടുവരെ വ്യക്തമാക്കുന്നത് മറിച്ചുള്ള ഒരു ചിത്രമാണ്. അതിനു കൂടുതല്‍ സ്ഥിരീകരണം നല്‍കുന്നതാണ് പ്രതിരോധമന്ത്രിയെ ചര്‍ച്ചയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയ നടപടി. പ്രഖ്യാപിച്ച അന്വേഷണമടക്കമുള്ള നടപടികള്‍പോലും വരുംദിവസങ്ങളില്‍ തകിടംമറിയുമെന്നും യഥാര്‍ഥ കൈക്കോഴക്കാരും അവരുടെ രാഷ്ട്രീയ രക്ഷാകര്‍ത്താക്കളും രക്ഷപ്പെടുമെന്നും വേണം കരുതാന്‍.

കരാര്‍ റദ്ദാക്കലും സിബിഐ അന്വേഷണവും അമിതതോതിലുള്ള പ്രതികരണമായിപ്പോയി എന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതിരോധമന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ക്യാബിനറ്റ് സുരക്ഷാസമിതിയുമായി കൂടിയാലോചിക്കാതെ നടപടികള്‍ നീക്കി എന്ന് പ്രധാനമന്ത്രിക്കും അഭിപ്രായമുണ്ട്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍, എല്ലാം സുതാര്യമാണെങ്കില്‍, ആരെയും രക്ഷപ്പെടുത്താനില്ലെങ്കില്‍ നിയമമന്ത്രിമുതല്‍ പ്രധാനമന്ത്രിവരെ കോഴ ഇടപാടുകാര്യത്തിലുള്ള നീക്കങ്ങളില്‍ എന്തിന് ഇത്രമേല്‍ അസ്വസ്ഥരാകണം? എന്തിന് സാങ്കേതികവാദങ്ങള്‍ ഉന്നയിക്കണം? രാജ്യം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്കാതോര്‍ക്കുന്നുണ്ട്; ജനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണത്തിന് കാത്തിരിക്കുന്നുമുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 21 ഫെബ്രുവരി 2013

No comments: