Tuesday, February 12, 2013

സഹകരണമാരണം ചെറുത്തേ തീരൂ

പതിനൊന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പും അതിന്റെ ഫലവും സ്വാഭാവികമായ ഒന്ന് എന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ ജനാധിപത്യ ധ്വംസനങ്ങളിലൊന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയത്. സംസ്ഥാനത്താകെ കടലാസ് സംഘങ്ങള്‍ സൃഷ്ടിച്ച്, വോട്ടവകാശമുള്ള യഥാര്‍ഥ സഹകരണ സംഘങ്ങളെ മറികടന്നാണ് ജില്ലാ ബാങ്കുകള്‍ യുഡിഎഫ് െകൈയടക്കിയത്. കഴിഞ്ഞവര്‍ഷം ഒരു ഓര്‍ഡിനന്‍സിലൂടെ ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതികള്‍ പിരിച്ചുവിട്ട് നിയന്ത്രണം അഡ്മിനിസ്ട്രേറ്റര്‍മാരിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു. കേരള ഗവര്‍ണറുടെ ചുമതലവഹിച്ച കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജില്‍ സമ്മര്‍ദംചെലുത്തിയാണ് സഹകരണമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന ആ ഓര്‍ഡിനന്‍സ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിടുവിച്ചത്. കടലാസ് സംഘങ്ങളടക്കം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അങ്ങനെയാണ് ജില്ലാ ബാങ്കില്‍ വോട്ടവകാശം ലഭിച്ചത്. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമായിരുന്നു അതുവരെ വോട്ടവകാശം. അന്ന് തയ്യാറാക്കിയ പദ്ധതി ജില്ലാ ബാങ്കുകളിലെ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ ഇപ്പോള്‍ പൂര്‍ത്തിയാക്കി.

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിയ ഒന്നാണ് സഹകരണമേഖല. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വികസനത്തിന്റെ കുതിപ്പ് സംഭാവനചെയ്ത ഈ മേഖലയെ തകര്‍ക്കുന്ന നയമാണ് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം സ്വീകരിച്ചത്. സഹകരണമേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള അത്തരം നീക്കങ്ങള്‍ക്കെതിരെ നിരന്തരം പോരാടാന്‍ ഇടതുപക്ഷവും സഹകരണമേഖലയെ ഗൗരവത്തോടെ കാണുന്ന സഹകാരികളാകെയും തയ്യാറായിട്ടുണ്ട്. 1996ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകളുടെ പണം കൈകാര്യംചെയ്യാന്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഏല്‍പ്പിക്കുക എന്ന നിര്‍ദേശം ഗൗരവമായി ഉയര്‍ന്നുവന്നതാണ്. അന്ന്, സഹകരണസംഘങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത ധനവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ തല മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണം എന്ന് അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ ക്ഷോഭത്തോടെ പ്രതികരിച്ചത് വിവാദമായതാണ്. ഇടതുപക്ഷം എത്രമാത്രം പ്രാധാന്യം സഹകരണപ്രസ്ഥാനത്തിന് നല്‍കുന്നു എന്നതിനുദാഹരണമാണ് ആ അനുഭവം.

കേരളത്തിലെ സഹകരണപ്രസ്ഥാനം മാതൃകാപരമായി വളര്‍ന്നത് അതിന് സാര്‍വത്രികമായ സ്വീകാര്യതയുള്ളതുകൊണ്ടാണ്. സഹകാരികള്‍ക്കിടയില്‍ കക്ഷിയുടെ അതിര്‍വരമ്പുകള്‍ ഉണ്ടാകാറില്ല എന്നത് ആ വളര്‍ച്ചയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. എന്നാല്‍, യുഡിഎഫ് അധികാരത്തിന്റെ മുഷ്കുപയോഗിച്ച് സഹകരണ മാരണ നിയമങ്ങളും നടപടികളും കൊണ്ടുവരാന്‍ പലപ്പോഴായി മുതിര്‍ന്നു. അത്തരം ഘട്ടങ്ങളില്‍ സഹകരണമേഖലയെ രക്ഷിക്കാന്‍ സഹകാരികള്‍ക്ക് പ്രക്ഷോഭത്തിലേക്ക് എടുത്തുചാടേണ്ടിയും വന്നു.

ഇത്തവണ സഹകരണസംഘങ്ങള്‍ക്ക് അഞ്ചുവര്‍ഷ കാലാവധി നിശ്ചയിക്കുന്ന ബില്ലില്‍ പ്രസിഡന്റ് ഒപ്പിട്ടശേഷമാണ് സംസ്ഥാനത്തെ 14 ജില്ലാബാങ്കുകള്‍ യുഡിഎഫ് പിരിച്ചുവിട്ടത്. ഓരോബാങ്കും ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കാന്‍ കടലാസ് സംഘങ്ങളടക്കമുള്ള കൃത്രിമമാര്‍ഗങ്ങളും സ്വീകരിച്ചു. കോടതിവിധി ലംഘിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലൂടെയും വ്യാജവോട്ട് ചേര്‍ത്തുമാണ് ജില്ലാ ബാങ്കുകള്‍ കൂട്ടത്തോടെ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയതെന്നര്‍ഥം.

അട്ടിമറിനീക്കം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് നീതിപൂര്‍വകമായി നടത്താനാണ് ശ്രമിക്കുന്നതെന്നും തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍വഴി തീര്‍ക്കണമെന്നും മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ വിശദീകരിച്ചതാണ്. ജില്ലാ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്ന് പറയുകയുണ്ടായി. രണ്ടുപേരും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍, സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ മുന്നില്‍നിര്‍ത്തി ഉമ്മന്‍ചാണ്ടി സംഘം നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് ഇവിടെ നടത്തിയത്. അതിന്റെ തെളിവാണ്, വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പേ യുഡിഎഫ് വിജയിച്ചതായി കെപിസിസിക്കു കീഴിലുള്ള സഹകരണ ജനാധിപത്യവേദി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. തിരുവനന്തപുരം ജില്ലാബാങ്കില്‍ വ്യാജമായി ചേര്‍ത്ത അഞ്ഞൂറിലേറെ വോട്ടുകളുടെ പിന്‍ബലത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 161 എ ക്ലാസ് സംഘങ്ങള്‍ക്കുമാത്രം വോട്ടവകാശമുണ്ടായിരുന്ന തൃശൂര്‍ ജില്ലാ ബാങ്കില്‍ 811 സംഘങ്ങളെയാണ് വോട്ടര്‍മാരാക്കിയത്. ഇതില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കടലാസ് സംഘങ്ങളാണ് പകുതിയിലേറെ. വ്യാജ അംഗത്വം നല്‍കിയത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അനര്‍ഹ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയതിനു പുറമെ, ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറി പൂര്‍ത്തിയാക്കിയത്. ആഗോളവല്‍ക്കരണനയങ്ങളുടെ കുരുക്കിലമരുന്ന സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ എല്ലാ സഹകാരികളും യോജിപ്പോടെ രംഗത്തിറങ്ങേണ്ട ഘട്ടത്തില്‍, അത്തരം യോജിപ്പ് ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള ഗൂഢാലോചനകൂടി ഈ ജനാധിപത്യധ്വംസനത്തില്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. സഹകരണരംഗത്തെ ഐക്യത്തെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കുന്ന രീതിയാണിത്. അതിലൂടെ സഹകരണം എന്ന അടിസ്ഥാന തത്വംതന്നെ ബലികഴിക്കപ്പെടും. യുഡിഎഫിനകത്തെ സഹകാരികളടക്കം ഈ തെറ്റായ സമീപനത്തെ ചെറുത്തുതോല്‍പ്പിക്കാനും സഹകരണ ജനാധിപത്യം സംരക്ഷിക്കാനും മുന്നോട്ടുവരേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 12 ഫെബ്രുവരി 2013

No comments: