Friday, February 22, 2013

ചരിത്രോജ്വലം ഐതിഹാസികം

ജനവിരുദ്ധവും ദേശവിരുദ്ധവുമായ വിധ്വംസക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുമെന്ന ഭരണാധികാരത്തിന്റെ ഹുങ്കിനെതിരായ അത്യുഗ്ര താക്കീതായി മാറി ദ്വിദിന ദേശീയ പണിമുടക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ നടന്ന ഉജ്വല തൊഴിലാളി സമരമുന്നേറ്റങ്ങളുടെ ആവേശത്തെ പ്രത്യാനയിക്കുംവിധം കരുത്തുറ്റ മുന്നേറ്റമാണ് കഴിഞ്ഞ 48 മണിക്കൂറുകളില്‍ രാജ്യം കണ്ടത്.

തൊഴിലെടുക്കുന്ന പത്തുകോടി ജനങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തിണക്കപ്പെട്ട മട്ടില്‍ അസാധാരണമായ ഐക്യത്തോടെ സമരമുഖങ്ങളില്‍ അണിനിരന്നപ്പോള്‍ ഇന്ത്യയെ ചലിപ്പിച്ചുനിര്‍ത്തുന്നത് ഭരണാധികാരികളല്ല, മറിച്ച് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിവര്‍ഗമാണ് എന്നത് ഒരാവര്‍ത്തികൂടി ലോകം തിരിച്ചറിയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക്- 48 മണിക്കൂര്‍ നീണ്ടുനിന്ന സമരം- അങ്ങനെ ഐതിഹാസികമാനം സൃഷ്ടിച്ചു. ഇന്ത്യയുടെ ഇനിയുള്ള വഴി എന്തെന്ന് ഈ തൊഴിലാളി ഐക്യപ്രസ്ഥാനത്തിന്റെ സമരമുന്നേറ്റം സംശയാതീതമായി തെളിയിച്ചു കാട്ടി. അസാധാരണമാംവിധം ഉയര്‍ന്നുവന്ന തൊഴിലാളി ഐക്യത്തെ പലവിധത്തില്‍ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളും സമ്മര്‍ദങ്ങളും ഭീഷണികളുമുണ്ടായി. അതിനെയെല്ലാം ഒറ്റക്കെട്ടായിനിന്ന് തകര്‍ത്ത് പണിമുടക്കിനെ ചരിത്രമഹാസംഭവമാക്കിയവരെ രാജ്യം അഭിവാദ്യംചെയ്യുന്ന മുഹൂര്‍ത്തമാണിത്. അതില്‍ ദേശാഭിമാനിയും പങ്കുചേരുന്നു; സന്തോഷത്തോടെ, അഭിമാനത്തോടെ.

സമരദിവസങ്ങളില്‍ ലാത്തിച്ചാര്‍ജുമുതല്‍ കൊലപാതകങ്ങള്‍വരെയുണ്ടായി. എന്നാല്‍, അതിനൊന്നിനും കെടുത്താനാകാത്ത വീറുറ്റ സമരധൈര്യമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പ്രകടിപ്പിച്ചത്. ജാതിയോ മതമോ രാഷ്ട്രീയമോപോലും അതിനു തടസ്സമായില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ ഈ മഹാപ്രസ്ഥാനം വരുംകാലത്ത് ഈ രാജ്യത്തെ രക്ഷിക്കുമെന്നതുറപ്പാണ്. ആസേതു ഹിമാലയം അതിശക്തമായ കൊടുങ്കാറ്റുപോലെ ചീറിയടിച്ചു പണിയെടുക്കുന്നവരുടെ സമരാവേശം. ബാങ്കിങ് മേഖലമുതല്‍ ഇന്‍ഷുറന്‍സ് മേഖലവരെ, മില്ലുകള്‍മുതല്‍ ഖനികള്‍വരെ, ടെലികോംമുതല്‍ എണ്ണശുദ്ധീകരണശാലകള്‍വരെ, ഗ്രാമങ്ങള്‍മുതല്‍ മഹാനഗരങ്ങള്‍വരെ സ്തംഭിച്ചു. സ്വകാര്യ, പൊതുമേഖലാ വ്യത്യാസമില്ലാതെ വ്യവസായങ്ങളാകെ മരവിച്ചു. വിയര്‍പ്പൊഴുക്കി ഇന്ത്യയെ സദാ ത്രസിപ്പിച്ചുനിര്‍ത്തുന്നത് തങ്ങളാണെന്നും തങ്ങള്‍ വിചാരിച്ചാല്‍ ദുര്‍നയങ്ങള്‍ തിരുത്തിക്കാന്‍ നിര്‍ബന്ധിതമാകുംവിധം ചലനത്തിന്റെ സമസ്ത ചക്രങ്ങളും നിശ്ചലമാക്കാന്‍ കഴിയുമെന്നും ഭരണാധികാരിവൃന്ദത്തെ ബോധ്യപ്പെടുത്തുന്നതായി പണിമുടക്ക്.

വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം 10,000 രൂപയാക്കുക, തുല്യജോലിക്ക് തുല്യവേതനം നല്‍കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, എല്ലാ പ്രസക്തമേഖലകളിലും ട്രേഡ് യൂണിയനുകളെ അംഗീകരിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ഓഹരിവില്‍പ്പനയും കരാര്‍വല്‍ക്കരണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ പണിമുടക്ക് യഥാര്‍ഥത്തില്‍ നാടിനും ജനങ്ങള്‍ക്കും വരുംതലമുറകള്‍ക്കുംവേണ്ടി ആകെയുള്ള ത്യാഗപൂര്‍വമായ സമരമുന്നേറ്റമായിരുന്നു; കരാര്‍ക്കൃഷി സമ്പ്രദായംവഴി കൃഷിഭൂമിയും വിദേശനിക്ഷേപംവഴി ചെറുകിട വ്യാപാരമേഖലയും അന്യാധീനപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള താക്കീതായിരുന്നു. നിത്യേന വില വര്‍ധിപ്പിച്ച് ജീവിതം ദുസ്സഹമാക്കുന്നവര്‍ക്കെതിരെ, രാജ്യത്തിന്റെ വിലപ്പെട്ട വിഭവങ്ങള്‍ കൊള്ളചെയ്യുന്നവര്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ താക്കീത്! ഒറ്റ ദിവസംകൊണ്ട് പണിമുടക്കിലേക്ക് എടുത്തുചാടിയതല്ല. ആപല്‍ക്കരമായ ആഗോളവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ "91 മുതല്‍ക്കുള്ള തുടര്‍പ്രക്രിയയായിരുന്നു നടന്നത്. അതുമുതലിതുവരെ 15 പണിമുടക്ക് നടത്തി. ദേശീയ സമരകണ്‍വന്‍ഷനുകള്‍ നടത്തി. ഒന്നുകൊണ്ടും കണ്ണുതുറക്കാത്ത സര്‍ക്കാര്‍ സത്യത്തില്‍ തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടുകയായിരുന്നു; നിഷ്ക്രിയത്വത്തിലൂടെ, നിസ്സംഗതയിലൂടെ, കുറ്റകരമായ നയവൈകല്യങ്ങളിലൂടെ. ഇതൊക്കെ അവസാനഘട്ടത്തിലെ ചര്‍ച്ച പ്രഹസനത്തിലും പ്രതിഫലിച്ചു.

രാജ്യമാകെ 48 മണിക്കൂര്‍ പണിമുടക്കിന്റെ വക്കിലെത്തിനിന്ന വേളയില്‍ നടന്ന ചര്‍ച്ചയില്‍പ്പോലും ധനമന്ത്രിക്ക് അതില്‍ പങ്കെടുക്കണമെന്നു തോന്നിയില്ല. ഭരണാധികാരികള്‍ക്ക് കൂറ് രാജ്യത്തോടല്ല എന്നത് വ്യക്തമാകാന്‍ ഇതില്‍പ്പരം എന്തുവേണം? തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച സുപ്രധാനമായ പത്ത് ആവശ്യങ്ങളില്‍ ഒന്നിനോടുപോലും അനുഭാവപൂര്‍വം പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് പതിനൊന്നു കേന്ദ്ര തൊഴിലാളി സംഘടനകളും സ്വതന്ത്രതൊഴിലാളി ഫെഡറേഷനുകളും സംസ്ഥാന തൊഴിലാളി സംഘടനകളുമൊക്കെ പണിമുടക്കുന്നതിന് നിര്‍ബന്ധിതമായത്. കിട്ടാവുന്ന ചിലത് നഷ്ടപ്പെടുത്തി തൊഴിലാളികള്‍ ത്യാഗപൂര്‍വംചെയ്ത സമരമാണിത്.

തൊഴിലാളിയെ അതിന് നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളെ കാണാതെ, തൊഴിലാളി നിവൃത്തിയില്ലാതെ നടത്തുന്ന പണിമുടക്കിനെ "ആഘോഷ"മെന്ന് ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മറയിടുകയാണ്. അവരുടെ ദുഷ്പ്രചാരണങ്ങളെക്കൂടി അതിജീവിച്ചാണ് ചരിത്രം കുറിച്ച ഈ 48 മണിക്കൂര്‍ പണിമുടക്ക് അത്യുജ്വലവും ഐതിഹാസികവുമായ വിജയമായത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഭരണാധികാരികളുടെ യഥാര്‍ഥ മുഖം കൂടുതല്‍ തിരിച്ചറിയുകയാണ്. പുതുവിഭാഗങ്ങളില്‍ ആ തിരിച്ചറിവ് ഉണ്ടാകുകയാണ്. നെഹ്റുവിന്റെ നയമല്ല ഇവര്‍ നടപ്പാക്കുന്നത് എന്ന് ഐഎന്‍ടിയുസി നേതാവിനുപോലും പരസ്യമായി വിമര്‍ശിക്കേണ്ടിവന്ന സാഹചര്യം കൊടികളുടെ നിറവ്യത്യാസത്തിനുമപ്പുറത്തായി തൊഴിലാളികള്‍ ഒരുമിക്കുന്നതിന്റെ സൂചകമാകുന്നുണ്ട്. ഈ ഐക്യം മുന്നോട്ടുകൊണ്ടുപോകണം, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ആവേശത്തോടെ. പണിമുടക്ക് രാജ്യത്തെ ചില പോക്കറ്റുകളിലായി ഒതുങ്ങുമെന്ന സര്‍ക്കാര്‍ പ്രതീക്ഷ തകരുന്നതാണ് കണ്ടത്.

മുംബൈയിലെ ഒരുലക്ഷം തൊഴിലാളികളുടെ സമരമുന്നേറ്റംമുതല്‍ നിശ്ചലമായ ബിഹാറിലെയും യുപിയിലെയും വ്യവസായശാലകള്‍വരെ അത് തെളിയിച്ചു. ഡല്‍ഹിയിലും അസമിലും രാജസ്ഥാനിലും ഒറീസയിലും കശ്മീരിലും ബംഗാളിലും കര്‍ണാടകത്തിലുമൊക്കെ സ്തംഭനാവസ്ഥ സൃഷ്ടിച്ച് തൊഴിലാളികള്‍ തങ്ങളുടെ കരുത്തുകാട്ടി; ഇന്ത്യയിലുടനീളം. അതിഭീകരമായി മര്‍ദനമേറ്റവര്‍മുതല്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നവര്‍വരെയുണ്ട് ഈ സമരപോരാളിനിരയില്‍. നാടിനുവേണ്ടി, ജനതയ്ക്കുവേണ്ടി, വരും തലമുറകള്‍ക്കുവേണ്ടി അവര്‍ചെയ്ത ത്യാഗം വിസ്മരിക്കപ്പെടില്ല. കരുത്തായി വന്ന് അത് ദുര്‍നയങ്ങളെ തിരുത്തുകതന്നെ ചെയ്യും, തീര്‍ച്ച.

*
ദേശാഭിമാനി മുഖപ്രസംഗം 22 ഫെബ്രുവരി 2013

No comments: