Wednesday, February 20, 2013

സമര ഐക്യം മഹനീയ മാതൃക

ഇന്നാരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മഹത്തായ മാതൃകാ സമരമാണ്. സമരത്തിനാധാരമായ പത്താവശ്യങ്ങളില്‍ ഒന്നുപോലും ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. 11 ദേശീയ ട്രേഡ് യൂണിയനുകളാണ് സംയുക്ത പണിമുടക്കിന് ആഹ്വാനംചെയ്തത്. ഈ സംഘടനകള്‍ കൂടാതെ സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ സമരത്തില്‍ അണിനിരക്കാന്‍ തയ്യാറായി. പണിമുടക്ക് പ്രഖ്യാപിച്ച ദിവസംമുതല്‍ എല്ലാ കോണുകളില്‍നിന്നും കലവറയില്ലാത്ത പിന്തുണയാണ് ലഭിച്ചത്. രാജ്യത്തെ 99 ശതമാനം ജനങ്ങളെ ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളാണ് പണിമുടക്കിനാധാരം. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖവും ശക്തവുമായ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി യോജിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഭരണകക്ഷിയെന്നോ, പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയമോ, ഭാഷയോ, പ്രദേശമോ, കൊടിയുടെ നിറമോ നോക്കാതെ തൊഴിലെടുത്ത് ജീവിക്കുന്നവരെ പൊതുവില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഈ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ ആരംഭിച്ച സമരമല്ല ഇത്. പല ഘട്ടങ്ങളും തരണംചെയ്താണ് 48 മണിക്കൂര്‍ സമരത്തില്‍ എത്തിച്ചേര്‍ന്നത്.

1991ല്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ തുടങ്ങിയതുമുതല്‍ ഒട്ടനവധി തൊഴിലാളി സമരങ്ങളും ബഹുജന സമരങ്ങളും ഇന്ത്യയില്‍ നടന്നു. തൊഴിലാളി സംഘടനകളുടെ സ്പോണ്‍സറിങ് കമ്മിറ്റി, നാഷണല്‍ പ്ലാറ്റ്ഫോം ഓഫ് മാസ് ഓര്‍ഗനൈസേഷന്‍സ് (എന്‍പിഎംഒ) എന്നീ സംയുക്ത വേദികളുടെ നേതൃത്വത്തില്‍ 2008വരെ 12 തവണ ദേശവ്യാപകമായ ഏകദിന പണിമുടക്ക് നടന്നിട്ടുണ്ട്. 2009 പുതിയ മുന്നേറ്റത്തിന്റെ വര്‍ഷമായിരുന്നു. 2009 സെപ്തംബറില്‍ വിപുലമായ കണ്‍വന്‍ഷന്‍ ചേര്‍ന്നതോടെ സമരത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചു. 2010 സെപ്തംബര്‍ ഏഴിന് പൊതുപണിമുടക്ക് നടന്നു. 2011 ഫെബ്രുവരി 23ന് പാര്‍ലമെന്റിനു മുന്നിലേക്ക് മാര്‍ച്ച് നടന്നു. 11 തൊഴിലാളി സംഘടനകളും മറ്റു നിരവധി ഫെഡറേഷനുകളും സമരത്തില്‍ പങ്കാളിയായി. 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടന്നു. 10 കോടി തൊഴിലാളികള്‍ പണിമുടക്കി. ഇതിന്റെ തുടര്‍ച്ചയാണ് 48 മണിക്കൂര്‍ പണിമുടക്ക് എന്നതോര്‍ക്കണം.

ഇതൊക്കെയായിട്ടും തൊഴിലെടുത്ത് ജീവിക്കുന്ന 99 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സമയം കണ്ടെത്തിയില്ല. അഞ്ചു മാസം മുമ്പ് സംയുക്ത സമരസമിതി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യങ്ങളെപ്പറ്റി നിവേദനം നല്‍കിയതാണ്. എന്നിട്ടും സമരം ഒഴിവാക്കുന്നതിനുള്ള ഒരു നീക്കവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് തികച്ചും ഖേദകരമാണ്. അഞ്ചുമാസം മുമ്പാണ് സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടതെങ്കിലും പണിമുടക്കാരംഭിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഗൗരവബോധത്തോടെയായിരുന്നില്ല അത്. ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പുമാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാരിന്റെ അനാസ്ഥ കാരണം ചര്‍ച്ചയ്ക്ക് ഒരു ഫലവുമില്ലാതെപോയി. പിന്നീട് പണിമുടക്കാരംഭിക്കുന്നതിന് തലേ ദിവസം രാത്രിയാണ് മന്ത്രിസഭാ ഉപസമിതി തൊഴിലാളി സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സംഘടനാ നേതാക്കള്‍ തികഞ്ഞ ക്ഷമയോടെ അവസാനിമിഷ ചര്‍ച്ചയിലും പങ്കെടുത്തു. "കറ്റയും തലയില്‍വച്ച് കളം ചെത്തരുത്" എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് അവസാനിമിഷ ചര്‍ച്ച നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കൃഷിമന്ത്രി ശരദ്പവാര്‍, ധനമന്ത്രി പി ചിദംബരം എന്നിവരടങ്ങിയ ഉപസമിതിയെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ധനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഗൗരവബോധമോ, ആത്മാര്‍ഥതയോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാണാന്‍ കഴിഞ്ഞില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചിത്രമായ ആവശ്യമാണ് ഉപസമിതിയുടെ ഭാഗത്തുനിന്നുണ്ടായത്. അതോടെ ചര്‍ച്ച പ്രഹസനമായി. ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം വിലക്കയറ്റം തടയണമെന്നതാണ്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കിമാത്രമേ ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം തടയാന്‍ കഴിയൂ. അതിനുള്ള ശ്രമം ഇല്ലെന്നു മാത്രമല്ല, സബ്സിഡി നിര്‍ത്തലാക്കി വിപണി സമ്പദ് വ്യവസ്ഥയാണ് നടപ്പാക്കുന്നത്. നിലവിലുള്ള പരിമിതമായ വിലനിയന്ത്രണംപോലും നീക്കംചെയ്ത്, തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവരെ വീര്‍പ്പുമുട്ടിക്കുകയാണ്. ഔഷധവിലയുടെ നിയന്ത്രണം നീക്കംചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ സേവന മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. തൊഴിലവസരം വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍, ഉള്ള തൊഴിലവസരം നഷ്ടപ്പെടുത്തുകയാണ് സര്‍ക്കാര്‍.

ചെറുകിട വ്യാപാര മേഖലയിലേക്ക് വിദേശ കുത്തകകളെ ക്ഷണിച്ചുവരുത്തിയത് ഒരുദാഹരണംമാത്രം. ഇതിന്റെ മറുവശമാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ചിത്രം. അഴിമതിയുടെ കാര്യം പറയുകയും വേണ്ട. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയധികം ഐക്യമുള്ള തൊഴിലാളി സമരം; 48 മണിക്കൂര്‍ തുടര്‍ച്ചയായി രാജ്യമാകെ നിശ്ചലമാക്കുന്ന സമരം. സമരത്തില്‍ അണിനിരക്കുന്ന ധീരരായ മുഴുവന്‍ തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സേവനമേഖലയില്‍ തൊഴിലെടുക്കുന്നവരെയും മറ്റെല്ലാവരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. സമരമുന്നണിയിലെ വിപുലമായ ഐക്യം കെട്ടിപ്പടുത്ത് പൂര്‍വാധികം ശക്തമായ സമരം എന്നതുമാത്രമേ തൊഴിലെടുക്കുന്നവരുടെ മുമ്പിലുള്ളൂ. സമരത്തിന് പൂര്‍ണവിജയം ആശംസിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഫെബ്രുവരി 2013

No comments: