Tuesday, February 26, 2013

കുടിവെള്ളം വില്‍പ്പനച്ചരക്കോ?

ജീവന്റെ ജന്മാവകാശമായ കുടിവെള്ളം കച്ചവടച്ചരക്കാക്കുന്നതിന് ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഗൂഢനീക്കങ്ങള്‍ നമ്മുടെ സംസ്ഥാനത്തും ഫലപ്രദമായി ലക്ഷ്യം കാണുന്നതിന്റെ സൂചനയാണ് കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡിന്റെ രൂപീകരണം.

2002-ല്‍ ജിമ്മില്‍ വച്ച് പെരിയാറിലെ വെള്ളം ഉപയോഗിച്ച് വ്യവസായ ജലവിതരണ പദ്ധതി നടത്തുന്നതിന് മലേഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പേറേഷനുമായി അന്നത്തെ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചെങ്കിലും വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടിവന്നു.ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കേരളീയന്റെ കുടിവെള്ളാവകാശം കമ്പനിയെ ഏല്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളെയും ജനപ്രതിനിധികളെയും നിയമസഭയെയും വെല്ലുവിളിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സിയാല്‍ മാതൃകയില്‍ ശുദ്ധജല വിതരണത്തിനായി 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവ് കുടിവെള്ള കച്ചവടരംഗത്തേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കടന്നുവരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ജലവിഭവവകുപ്പ് മന്ത്രി ചെയര്‍മാനായ കമ്പനിയില്‍ 26 ശതമാനം ഷെയര്‍ സര്‍ക്കാരിന്റെയും 23 ശതമാനം ഷെയര്‍ കേരള വാട്ടര്‍ അതോറിട്ടിയുടെയും 51 ശതമാനം ഷെയര്‍ സ്വകാര്യ മേഖലയ്ക്കുമായിരിക്കും.

കേരളത്തിലെ ജനസാന്ദ്രതയുടെ ഉയര്‍ന്ന അളവും അതുമൂലം ജലസ്രോതസുകള്‍ മലിനപ്പെടുന്നതും ചൂണ്ടിക്കാണിച്ചാണ് ശാസ്ത്രീയമായി ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നു.മുഖ്യമന്ത്രി  ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്ത കുടിവെള്ള വിതരണ കമ്പനി കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുമാറലാണ്.

ഒരു ലിറ്റര്‍ വെള്ളം 25 പൈസക്ക് നല്‍കുമെന്നാണ് ഒരു വര്‍ഷ കര്‍മ്മ പദ്ധതി വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഫലത്തില്‍ 1000 ലിറ്റര്‍ വെള്ളത്തിന്റെ വില 250 രൂപയാകും. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വാട്ടര്‍ അതോറിട്ടി നല്‍കുന്നത് 2 രൂപയ്ക്കാണ്. അതും വ്യാവസായിക നിരക്കില്‍ വൈദ്യുതി ചാര്‍ജ് നല്‍കിക്കൊണ്ടാണ് കെ ഡബ്ല്യൂ എ ജലം വിതരണം ചെയ്യുന്നത്.

തുടക്കത്തില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനും ഇപ്പോള്‍ വാട്ടര്‍ അതോറിട്ടിക്ക് പദ്ധതി ഇല്ലാത്തിടത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നതെങ്കിലും 2014 മാര്‍ച്ചോടെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും 2015 മാര്‍ച്ചോടെ കേരളത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും 2016 മാര്‍ച്ചോടെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും 4 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മൊത്തത്തില്‍ കച്ചവടം വ്യാപിപ്പിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

കമ്പനിയുടെ വെള്ളത്തിന്റെ വില കെ ഡബ്ല്യൂ എയ്ക്കും ബാധകമാണെന്നും കെ ഡബ്ല്യൂ എയ്ക്ക് തന്നെ സിയാല്‍ മോഡല്‍ കമ്പനി ആരംഭിക്കാമെന്നും കെ ഡബ്ല്യൂ എയ്ക്ക് കമ്പനിയുടെ ബള്‍ക്ക് സപ്ലയര്‍ ആകാമെന്നും ഇതിലൂടെ ലഭിക്കുന്ന ലാഭം കമ്പനിയും കെ ഡബ്ല്യൂ എയും തമ്മില്‍ ഷെയര്‍ ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കുടിവെള്ളം ജീവന്റെ ജന്മാവകാശം എന്നത് മാറി വിലകൊടുത്ത് വാങ്ങേണ്ടതും ലാഭം ഉണ്ടാക്കാന്‍ കഴിയുന്നതുമായ ഉല്‍പ്പന്നമായി മാറുന്നു. ദേശീയ ജലനയത്തില്‍ പി പി പി അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് പുതിയ കമ്പനി രൂപീകരണം നടന്നിട്ടുള്ളത്.

കുടിവെള്ള വിതരണരംഗത്ത് കെ ഡബ്ല്യൂ എക്ക് ബദലായി ലോകബാങ്ക് നിര്‍ദ്ദേശ പ്രകാരം ജലനിധി പദ്ധതികള്‍ ഉപഭോക്തൃ പങ്കാളിത്തതോടെ 2001 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുയും പ്രസ്തുത പദ്ധതികള്‍ പരാജയമാണെന്ന് നിയമസഭ സബ്ജക്റ്റ് കമ്മിറ്റി കണ്ടെത്തുകയും ചെയ്തിരുന്നു.

ജലമേഖലയെ പരീക്ഷണ കേന്ദ്രമാക്കി മാറ്റി ബഹുരാഷ്ട്ര കുടിവെള്ള കമ്പനികള്‍ക്ക് കടന്നുവരുന്നതിന് അവസരമൊരുക്കുകയുമാണ് പുതിയ കമ്പനി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലാറ്റിനമേരിക്കയിലെ കൊച്ചംബാവയില്‍ നടന്നതുപോലെ വമ്പിച്ച ബഹുജന പ്രക്ഷോഭത്തിലേക്കാണ് കേരള ജനത എത്തിപ്പെടുന്നത്.

*
ജി എസ് ജയലാല്‍ (ലേഖകന്‍ ഓള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍- എഐടിയുസി പ്രസിഡന്റാണ്)

ജനയുഗം

No comments: