മുന്‍പെങ്ങോ വായിച്ച്, വിശദമായ പുനര്‍വായനയ്ക്കായി മാറ്റിവച്ച ഫ്രാന്‍സ് ഫാനണ്‍ രചിച്ച "ദ റെച്ചഡ് ഓഫ് ദി എര്‍ത്ത്" (ഭൂമിയിലെ നികൃഷ്ടര്‍) എന്ന പ്രശസ്തകൃതി ഈയിടെ വീണ്ടും വായിക്കാനിടയായി. നവകൊളോണിയലിസം ഭാഷകളുടെമേല്‍ അധിനിവേശം നടത്തുന്നു എന്ന ആശയം ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി, കൊളോണിയലിസം എന്തെന്നറിയാനായി ഫാനന്റെ പുസ്തകം വീണ്ടും എടുത്തതാണ്. ഴാങ്പോള്‍ സാര്‍ത്രിന്റെ അവതാരികയോടുകൂടി 1961ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു ക്ലാസിക്കാണ്. കോളനിവാഴ്ചയുടെ ഏറ്റവും തീക്ഷ്ണവും നിശിതവുമായ വിലയിരുത്തലാണ് ഈ കൃതി. അള്‍ജീരിയന്‍ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍, മൂന്നാം ലോകത്തിന്റെ ഹൃദയത്തില്‍നിന്നുകൊണ്ടാണ്, മനഃശാസ്ത്രത്തില്‍ വൈദഗ്ധ്യംനേടിയ ഡോക്ടറായ ഫാനണ്‍ കൊളോണിയലിസത്തെ അപഗ്രഥിക്കുന്നത്. അള്‍ജീരിയന്‍ റിബലുകളെ ചികിത്സിക്കാന്‍ നിയുക്തനായ ഡോക്ടര്‍ അവരുടെ മാനസികവ്യാപാരങ്ങളിലൂടെ അവരുടെ വക്താവും കൊളോണിയലിസത്തിന്റെ കരുത്തനായ വിമര്‍ശകനുമായി മാറുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി കോളനിവാഴ്ചയുടെ അവരോഹണകാലമായിരുന്നു. ദീര്‍ഘകാലത്തെ കോളനിഭരണം ഏല്‍പ്പിച്ച സാമൂഹികവും മാനസികവും സാംസ്കാരികവുമായ ആഘാതങ്ങളില്‍നിന്നുള്ള മോചനം, ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ സംജാതമായ രാഷ്ട്രീയസ്വാതന്ത്ര്യത്തേക്കാള്‍ സങ്കീര്‍ണമായിരുന്നു. ഏഷ്യന്‍ ദേശീയപ്രസ്ഥാനങ്ങളേക്കാള്‍ ഒട്ടു വൈകി ആവിര്‍ഭവിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്ത ആഫ്രിക്കന്‍ ദേശീയതയെ കൂടുതല്‍ ഭീകരതയോടെയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ നേരിട്ടത്. അള്‍ജീരിയയുടെയും കോംഗോയുടെയും കെനിയയുടെയും സ്വാതന്ത്ര്യമോഹങ്ങളെ അടിച്ചമര്‍ത്താന്‍ കൊളോണിയലിസം അവലംബിച്ച അമാനുഷികതയെ അതിന്റെ കാപട്യത്തിലും ക്രൂരതയിലും അറിയാന്‍ ഫാനണ്‍ ഈ കൃതിയിലൂടെ ശ്രമിക്കുന്നു. കൊളോണിയലിസം കേവലമൊരു രാഷ്ട്രീയാധിനിവേശമായിരുന്നില്ല. അതൊരു അപമാനവീകരണ പ്രക്രിയയും കൂടിയായിരുന്നു. അതിനായി, യൂറോപ്യന്‍ ശക്തികള്‍ കോളനികളിലെ ജനങ്ങളുടെ നേര്‍ക്ക് ആയുധത്തെക്കാളും വലിയ മൂര്‍ച്ചയും ഭവിഷ്യത്തുമുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. കോളനികളിലെ സംസ്കാരത്തെ തുച്ഛീകരിച്ചു. അവരുടെ പാരമ്പര്യങ്ങളെ അവഹേളിച്ചു. വിലപ്പെട്ട പലതും നശിപ്പിച്ചു. നാട്ടുകാരുടെ ഭാഷകളെ കീഴാള ഭാഷകളാക്കി. അവരുടെ സാംസ്കാരിക ചിഹ്നങ്ങളെ വികലമാക്കി. വിശ്വാസങ്ങളെ വിലകെടുത്തി. കൊളോണിയല്‍ മനഃശാസ്ത്രത്തെ ഫാനണ്‍ "വിവസ്ത്രമാക്കി നമ്മുടെ മുന്നില്‍ നിര്‍ത്തുന്നു"വെന്നാണ് സാര്‍ത്ര് തന്റെ പ്രസിദ്ധമായ അവതാരികയില്‍ നിരീക്ഷിക്കുന്നത്.
കൊള്ളയടിക്കാന്‍ വന്നവര്‍ കോളനികളിലെ ജനങ്ങളെ അപരിഷ്കൃതരെന്നും ചിലരെ തസ്കരഗോത്രങ്ങളെന്നും മുദ്രകുത്തി. ഏറ്റവും ഹീനവും നഗ്നവുമായ ചൂഷണവും കൊള്ളയും നടത്തിക്കൊണ്ട് മാനവികതയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഗിരിപ്രഭാഷണം നടത്തുകയെന്നത് കൊളോണിയലിസത്തിന്റെ കൂടപ്പിറപ്പായ കാപട്യം. നാട്ടുകാരില്‍ അപമാനവും ഭയവും ഉളവാക്കി, അവരുടെ മനഃസ്വാസ്ഥ്യം കെടുത്തി, വ്യക്തിത്വത്തെ നശിപ്പിച്ച് അടിമത്തമനോഭാവം നിര്‍മിച്ച് നിലനിര്‍ത്തുകയെന്നതായിരുന്നു കൊളോണിയലിസത്തിന്റെ അടിസ്ഥാന സമീപനം. ഈ സാഹചര്യത്തില്‍ ഹിംസ എങ്ങനെ മനുഷ്യന്റെ അന്തഃപ്രേരണയായി രൂപപ്പെടുന്നുവെന്ന് പുസ്തകത്തിന്റെ ആദ്യാധ്യായത്തില്‍ ഫാനണ്‍ വിശ്വസനീയമാംവിധം ഉപന്യസിക്കുന്നുണ്ട്. ആ ഹിംസാത്മകതയിലൂടെ, നഷ്ടപ്പെടുത്താന്‍ ശ്രമിച്ച പൗരുഷവും വീര്യവും കണ്ടെത്തി ചവുട്ടിനില്‍ക്കുന്ന സ്വന്തം മണ്ണ് അവന്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. പാശ്ചാത്യലോകത്തിന്റെ പരിഷ്കൃതിയും സാമ്പത്തികവളര്‍ച്ചയും മൂന്നാംലോകരാജ്യങ്ങളെന്ന് പിന്നീട് അറിയപ്പെട്ട പഴയ കോളനികളില്‍നിന്നുളവായതാണെന്ന് ഫാനണ്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഓര്‍മപ്പെടുത്തുന്നു. യൂറോപ്പ് പ്രഘോഷിക്കുന്ന മാനവികത, കൊള്ള മൂടിവയ്ക്കാനുളള ഉപായംമാത്രം. പാതകങ്ങളെ പൊതിയാനുള്ള വസ്ത്രം. "യൂറോപ്യന് മനുഷ്യനാകാന്‍ കഴിഞ്ഞത് കോളനികളില്‍ അടിമകളെയും ഭീകരസത്വങ്ങളെയും സൃഷ്ടിച്ചുകൊണ്ടായിരുന്നു"വെന്ന് സാര്‍ത്ര് അവതാരികയില്‍ പറയുന്നു. ഈ സമീപനം കോളനികളിലെ മനുഷ്യര്‍ക്കിടയില്‍ വരുത്തിവച്ച മാനസികവിഭ്രാന്തികളെയും ആതുരതകളെയും പ്രൊഫഷണല്‍ നിപുണതയോടെ ഫാനണ്‍ അക്കമിട്ട് അപഗ്രഥിക്കുന്നുണ്ട്. ഏറ്റക്കുറച്ചിലോടുകൂടി ഇന്ത്യയിലും നമ്മള്‍ അനുഭവിച്ചതാണ് ഈ മാനസികവും സാമൂഹികവുമായ വിഘടനതന്ത്രങ്ങള്‍. ആഫ്രിക്കയില്‍ ഈ ക്രൂരത കൂടുതല്‍ തീക്ഷ്ണമായി അനുഭവപ്പെടുകയും അത് ജനതയുടെ സ്വത്വബോധത്തെത്തന്നെ വികലമാക്കുകയും ചെയ്തു.
"നീഗ്രോ" എന്ന ഒറ്റപ്പദംകൊണ്ട് ആഫ്രിക്കയിലെ വ്യത്യസ്ത സ്വത്വബോധമുള്ള ഗോത്രങ്ങളെ അപമാനവീകരിക്കുകയായിരുന്നു കൊളോണിയലിസത്തിന്റെ തന്ത്രം. യൂറോപ്പിനെ അനുകരിക്കാതിരിക്കലാണ് മൂന്നാം ലോകരാജ്യങ്ങളുടെ മോചനപാതയെന്ന് ഫാനണ്‍ നിര്‍ദേശിക്കുന്നു. യൂറോപ്പിനെ അനുകരിച്ച അമേരിക്കയുടെ ജീര്‍ണതയുടെ ചരിത്രം ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു. യൂറോപ്പിന്റെയും അമേരിക്കയുടെയും ആന്തരികജീര്‍ണതയ്ക്ക് വഴിതെളിച്ചത് അവരുടെ ആത്മരതിയെന്ന മനോരോഗമാണെന്ന് ഫാനണ്‍ കണ്ടെത്തുന്നു. യൂറോപ്പിനെപ്പോലെ ആകാതിരിക്കുകയെന്നതാണ് വെല്ലുവിളി. ജനതയുടെ സ്വത്വബോധത്തെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള അവസരമാണ് ഭാവി നല്‍കുന്നത്. ആധുനിക ഡിജിറ്റല്‍ - സൈബര്‍ സാങ്കേതികവിദ്യയും ആഗോളീകരണവും വ്യാപകമാകുന്ന ലോകത്ത് ബൗദ്ധികമായ മറ്റൊരു കോളനിവല്‍ക്കരണം ഇന്ന് ദൃശ്യമാണ്. അരനൂറ്റാണ്ടിനുമുമ്പ് ഫാനണ്‍ നിര്‍വചിച്ച ഭീകരമായ കൊളോണിയല്‍ മനഃശാസ്ത്രം ഇപ്പോഴും പ്രസക്തമാണെന്ന് ഈ കൃതി നമ്മെ ഓര്‍മപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
*
കെ ജയകുമാര്‍
ചിന്തിക്കാന്‍ ഒരു തുടക്കം
എണ്ണിയാലൊടുങ്ങാത്ത പേജുകളില്‍ പടര്‍ന്നുകിടക്കുന്ന ബൃഹദ് നോവലുപോലെ തോന്നിപ്പിക്കുമെങ്കിലും ജീവിതം ഒരുപിടി ചെറുകഥകളുടെ സമാഹാരമാണെന്ന് പറഞ്ഞതാരാണെന്നറിയില്ല. എന്തായാലും നന്ദിതയുടെയും കൂട്ടുകാരികളുടെയും ജീവിതം അങ്ങനെയാണ്. അസ്ത്രംപോലെ മനസ്സില്‍ തറഞ്ഞുകയറി രക്തമൊഴുക്കുന്ന അനുഭവങ്ങളാണ് ഓരോ പ്രഭാതവും അവര്‍ക്കായി കരുതിവയ്ക്കുന്നത്. അതിനുപക്ഷേ, തുടര്‍ച്ചകളില്ല; ആവര്‍ത്തനങ്ങള്‍മാത്രം. ബാലന്‍ വേങ്ങരയുടെ "എസ്കിമോകള്‍ ഇരപിടിക്കുന്ന വിധം" എന്ന നോവലിലാണ് വ്യവസ്ഥിതിയുടെ വന്യമായ ആര്‍ത്തികള്‍ക്ക് ഇരയാകുന്ന നിസ്സഹായരുടെ പ്രതിനിധികളായി നന്ദിതയും കൂട്ടുകാരികളും കടന്നുവരുന്നത്. ഒന്നരദശാബ്ദംമുമ്പ് ബാലന്റെ ചെറുകഥാസമാഹാരമായ പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു മള്‍ബെറി പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ സാഹിത്യലോകം ഈ യുവകഥാകൃത്തിനെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷേ, പിന്നീട് ബാലന്‍ ജീവിതപ്രാരാബ്ധങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടുപോയി. 15 വര്‍ഷത്തിനിപ്പുറം സാമൂഹ്യപ്രതിബദ്ധനായ എഴുത്തുകാരന്‍ തിരിച്ചുവരികയാണ്, ശക്തമായിത്തന്നെ. പ്രസാധനത്തിന്റെ തൊട്ടടുത്ത മാസത്തില്‍ രണ്ടാംപതിപ്പ് വേണ്ടിവരുംവിധം വായനക്കാര്‍ നോവല്‍ ഏറ്റെടുത്തു. രണ്ടായിരത്തി പന്ത്രണ്ടിലെ മികച്ച കൃതികളിലൊന്നായി നിരൂപകര്‍ തെരഞ്ഞെടുക്കുകയും ചെയ്തു.
ചിത്രകാരിയായ വിദ്യാര്‍ഥിനിയാണ് നന്ദിത. നോവലിലെ മറ്റുള്ളവരെല്ലാം അവളോട് ബന്ധപ്പെട്ടവരാണ്. സമൂഹം വരച്ചിട്ട കളങ്ങളിലൂടെയല്ല നന്ദിതയുടെ മനസ്സ് സഞ്ചരിക്കുന്നത്. വിപ്ലവകാരിയായ അച്ഛനും നര്‍ത്തകിയായ അമ്മയും ജീവിച്ചിരിക്കുമ്പോഴും അനാഥയെപ്പോലെ വളരേണ്ടിവന്നതാകാം അതിന് കാരണം. അതല്ലെങ്കില്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളുടെ സാക്ഷിയാകേണ്ടിവരുന്നതിനാലുമാകാം. താന്‍കൂടി പിന്തുണച്ച് പ്രണയത്തിലേക്ക് പടികടത്തിവിട്ട ചാരുത ചതിക്കപ്പെട്ട് തീവണ്ടിപ്പാളത്തില്‍ ഒരു സിന്ദൂരപ്പൊട്ടായി തീര്‍ന്നതുപോലെ നന്ദിത ആത്മഹത്യയെ അഭയമായി തിരിച്ചറിയുന്നു. പാഞ്ഞുവരുന്ന ഒരു തീവണ്ടിയെ ഗാഢാലിംഗനം ചെയ്യാന്‍ അവള്‍ കൊതിക്കുന്നു. പക്ഷേ, അവള്‍ ഒരിക്കലും ആത്മഹത്യചെയ്യുന്നില്ല. നന്ദിതയാണ് നോവലിന്റെ കേന്ദ്രസ്ഥാനത്തെങ്കിലും അവളുടെ കൂട്ടുകാരികളുടെ ജീവിതങ്ങളാണ് വായനക്കാരനില്‍ കൂടുതല്‍ വേദന പടര്‍ത്തുന്നത്. മിതമായ വാക്കുകളില്‍ അവരോരോരുത്തരും മിഴിവോടെ അവതരിപ്പിക്കപ്പെടുന്നത് വിസ്മയകരമാണ്. ഓരോ കഥയും പറഞ്ഞ് എഴുത്തുകാരന്‍ പിന്‍വാങ്ങുന്നിടത്ത് വായനക്കാരന് തുടങ്ങാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. അപൂര്‍വമായ ഈ രചനാകൗശലമാണ് ബാലന്റെ പ്രത്യേകത. നോവലിസ്റ്റ് ജീവനുള്ള മനുഷ്യരെയാണ് സൃഷ്ടിക്കേണ്ടത്. കഥാപാത്രങ്ങളെയല്ല. കഥാപാത്രങ്ങള്‍ വെറും കാരിക്കേച്ചറുകള്‍മാത്രമാണെന്ന ഏണസ്റ്റ് ഹെമിങ്വേയുടെ വീക്ഷണം ഈ നോവലിസ്റ്റ് അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊണ്ടിരിക്കുന്നു.
ജീവരക്തം തുളുമ്പുന്ന മനുഷ്യരാണ് എസ്കിമോകള്‍ ഇരപിടിക്കുന്ന വിധത്തില്‍ നിറയെ. സ്ത്രീയുടെ അവസ്ഥ വിവരിക്കാന്‍ ഭാഷ പരിമിതമാകുന്ന ജീവിതസന്ദര്‍ഭങ്ങള്‍ നോവലിനെ മൗലികമാക്കുന്നു. ഭരണക്കാരുടെ കെട്ടുകാഴ്ച തട്ടിപ്പുകള്‍മുതല്‍ ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങള്‍വരെ തുറന്നുകാട്ടാനുള്ള ധൈര്യവും ബാലന്‍ വേങ്ങര പ്രദര്‍ശിപ്പിക്കുന്നു. ഏകാന്തമായ തീവണ്ടിയാത്രകളില്‍ വിരസതയകറ്റാന്‍ അലസവായനയ്ക്കുള്ള ഒന്നല്ല എക്സിമോകള്‍ ഇരപിടിക്കുന്ന വിധം. വായനാനന്തരം നമ്മുടെ ചിന്തയില്‍ വരേണ്ട ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങളാണ് നോവലിലുള്ളത്. കമ്യുവിനെപ്പോലുള്ളവര്‍ ദര്‍ശനങ്ങളെ ഇമേജുകളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് നോവല്‍ എന്നു കണ്ടു. എന്നാല്‍, ബാലനെപ്പോലുള്ളവര്‍ പിന്‍പറ്റുന്നത് പ്രശ്നങ്ങളെ ഇമേജുകളിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന സാമൂഹ്യബോധമുള്ള മുന്‍ഗാമികളെയാണ്.
*
അബുരാജ്
തെംസ് നദീതീരത്തെ വിപ്ലവവീര്യം
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ഇംഗ്ലണ്ട്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന സങ്കല്പം ഒരു വിദൂര ഓര്‍മ മാത്രമായി മാറിയെങ്കിലും പഴയ പ്രതാപത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന, കൊളോണിയല്‍ ആധിപത്യ മനോഭാവം വിട്ടുമാറാത്ത ഒരു ജനത. പ്രവാസികളുടെ ഏറിവരുന്ന സാന്നിധ്യവും അതുണര്‍ത്തിയ വര്‍ഗവിദ്വേഷവും ബ്രിട്ടന്റെ സാംസ്കാരിക ഭൂപടത്തെയും ആ രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക ഘടനയെയും സാരമായി ബാധിച്ച കാലഘട്ടത്തില്‍ അവിടെ കൊഴിഞ്ഞു വീണ ഒരു ചെറുപ്പകാലത്തിന്റെ ഓര്‍മക്കുറിപ്പുകളാണ് ഫറൂഖ് ധോണ്ടിയുടെ ലണ്ടന്‍ കമ്പനി എന്ന കൃതി.
ഇല്ല നിങ്ങള്‍ക്ക് വാടകയ്ക്ക് തരാന്‍ ഇവിടെ മുറിയില്ല എന്ന് കേട്ടു മടുത്ത് സുഹൃത്ത് നടാഷയോടൊപ്പം തെരുവുകള്‍ തോറും അലഞ്ഞ ഒരു കാലം. ഇന്ത്യക്കാര്‍ മാത്രം വസിക്കുന്ന ചേരികളില്‍ കുടിയേറിപ്പാര്‍ക്കേണ്ടിവന്ന കാലം. തീക്ഷ്ണമായ വികാരങ്ങള്‍ മനസ്സിനെ തൊട്ടുണര്‍ത്തിയ കാലം. കൊളോണിയല്‍ ചിന്താഗതിയില്‍നിന്നും ഭാഷയെയും വ്യക്തിത്വത്തെയും മോചിപ്പിക്കാന്‍ ശ്രമിച്ച കാലം. ആക്ടിവിസത്തിന്റെ കാലം. പ്രണയവും എഴുത്തും പൂത്തുലഞ്ഞ കാലം. ഈ കാലങ്ങളൊക്കെ ശരാശരി മലയാളി വായനക്കാര്‍ക്ക് മനസ്സിലാവുന്ന കാലങ്ങളാണ്. കാരണം പ്രവാസാനുഭവം ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റിയ ഒരു ജനതയാണ് നമ്മുടേത്.
ഇന്ത്യന്‍ പാഴ്സി വംശജനായ ധോണ്ടി ഇന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് നാടകകൃത്തും എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനും ആക്ടിവിസ്റ്റും ഒക്കെയാണ്. പൂനയില്‍നിന്നും അറുപതുകളില്‍ ഇംഗ്ലണ്ടില്‍ യുണിവേഴ്സിറ്റി പഠനത്തിനെത്തിയ ഇദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും പൗരാവകാശ പോരാട്ടങ്ങളുടെയും ഭാഗമായി. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനിലും സോഷ്യലിസ്റ്റ് വിപ്ലവപ്രസ്ഥാനമായ ബ്രിട്ടീഷ് ബ്ലാക്ക് പാന്തെറിലും അംഗമായി. വര്‍ഗവിവേചനത്തിനെതിരെയുള്ള പോരാട്ടവും ലൈംഗിക വിപ്ലവവും തെരുവുയുദ്ധങ്ങളിലേക്ക് എത്തിയപ്പോള്‍ ധോണ്ടിയും അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പ്രക്ഷുബ്ധമായ ഈ ചരിത്രകാലഘട്ടത്തിലെ യാഥാസ്ഥിതിക സാമൂഹിക സാംസ്കാരിക മൂല്യങ്ങളോടും വര്‍ഗവിദ്വേഷത്തോടും പൊരുതിനിന്ന ഒരു യുവതലമുറയുടെ കഥകൂടിയാണ് ധോണ്ടി പറയുന്നത്. ആത്മകഥാപരമായ അനുസ്മരണങ്ങളിലൂടെ ചങ്കുറപ്പും ആത്മാഭിമാനവുമുള്ള ചെറുപ്പക്കാര്‍ ഒരു രാഷ്ട്രത്തിന്റെ പൊതുമണ്ഡലം എങ്ങിനെ പൊളിച്ചെഴുതുകയും പുത്തന്‍ രീതിയില്‍ വിഭാവനം ചെയ്യുകയും ചെയ്തു എന്ന് അടയാളപ്പെടുത്തുന്നു ധോണ്ടി.
സമകാലീന കവികളും എഴുത്തുകാരും സംഭവങ്ങളും ഒക്കെ മിന്നിമറയുന്ന ഓര്‍മക്കുറിപ്പില്‍ ഒരു നാടകകൃത്തിന്റെ സാമര്‍ഥ്യം തെളിയിക്കും വിധം മികവുറ്റ സംഭാഷണങ്ങളും ഒഴുക്കുള്ള ഭാഷയും ചെറുഭ്രാന്തുകള്‍ ഉള്ള രസകരമായ കഥാപാത്രങ്ങളും ഉണ്ട്. രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്ന ഒരു പ്രവാസി നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങള്‍ വളരെ തന്മയത്വത്തോടെ വരച്ചുകാട്ടുന്നു ധോണ്ടി. മംഗല്‍ പാണ്ഡേ പോലെയുള്ള സിനിമകളുടെ തിരക്കഥകള്‍ രചിച്ചിട്ടുള്ള ധോണ്ടിക്ക് ഈ ചരിത്ര സന്ധിയിലെ മുഹൂര്‍ത്തങ്ങള്‍ വളരെ സിനിമാറ്റിക് ആയി തന്നെ കാഴ്ച്ചവയ്ക്കാനും പറ്റുന്നുണ്ട്. എന്നിരുന്നാലും ഇതേറെയും ഒരു വിപ്ലവകാരിയുടെ കഥയാണ്. പൂനെ കമ്പനി എന്ന പുസ്തകത്തില്‍ ധോണ്ടി പൂനെയിലെ യാഥാസ്ഥിതിക മധ്യവര്‍ഗ പാഴ്സി കുടുംബങ്ങളിലും പൊതുവേ ഇന്ത്യന്‍ സമൂഹത്തിലും പിടിപെട്ട ജീര്‍ണതയും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ടടാനങ്ങളും പുതിയ തലമുറയില്‍ ഉണ്ടാക്കുന്ന ശ്വാസം മുട്ടലും മടുപ്പും സൂചിപ്പിച്ചു. എന്നാല്‍, പടിഞ്ഞാറെന്ന പറുദീസ ഒരു കുമിളയാണെന്ന് ചൂണ്ടിക്കാണിക്കുന്നു ലണ്ടന്‍ കമ്പനി. ഹാച്ചെറ്റ് ആണ് പ്രസാധകര്‍.
*
ഡോ. മീന ടി പിള്ള
*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 ഫെബ്രുവരി 2013

No comments:
Post a Comment