Sunday, February 17, 2013

പുതു തരംഗമായ് മെഹബൂബ്

മണ്‍മറഞ്ഞ് മൂന്ന്പതിറ്റാണ്ടിനിപ്പുറം ചലച്ചിത്രഗാന സംഗീത സംവിധായകനായി പുനര്‍ജനിക്കുകയെന്ന അപൂര്‍വ ചരിത്രനിയോഗമാണ് ആദ്യകാല പിന്നണിഗായകനായ മെഹബൂബിനെ തേടിയെത്തിയത്. "കായലിനരികെ, കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികള്‍..." എന്ന ഗാനം പുതുതരംഗമാകുമ്പോള്‍ മെഹബൂബിനെ അടുത്തറിഞ്ഞിരുന്ന പഴയ പാട്ട് പ്രേമികളുടെ മനം നിറയുന്നു

മഴ തോര്‍ന്നാലും മരംപെയ്യും; മരണം കവര്‍ന്നാലും മെഹബൂബ് സംഗീത വര്‍ഷമാകും. "കായലിനരികെ, കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികള്‍ കച്ചവടത്തിന് കച്ചമുറുക്കി കനത്തുനില്‍ക്കും കമ്പനികള്‍..." മലയാളപാട്ടിന്റെ കാറ്റെത്തുന്ന ദേശത്തെല്ലാം ഇപ്പോള്‍ കൊച്ചിക്കായലരികത്ത് നിന്നും അരനൂറ്റാണ്ടുകള്‍ക്കും മുമ്പേ പിറവിയെടുത്ത ഈ പാട്ടുണ്ട്. കായലിനരികെ കൊടികള്‍ പറത്തിയ കമ്പനികളും കച്ചവടത്തിന് കച്ചമുറുക്കിയ കമ്പനികളുമുണ്ട്. അവയ്ക്കിടയിലൂടെ നീങ്ങുന്ന വിവിധ തലമുറ ഇടയ്ക്കിടെ "കൊച്ചിയിലെങ്ങും കപ്പലുകേറണ് ചരക്കിറക്കണ് ചരക്ക്കേറ്റണ്" എന്നും "ബോംബേ കമ്പനി മധുരക്കമ്പനി"യെന്നും "നോ വേക്കന്‍സി"യെന്നുമൊക്കെ മന്ത്രിച്ചും ആല്ലാതെയുമൊക്കെ പാടുന്നുമുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ മട്ടാഞ്ചേരിയിലെ പഴയ തലമുറയുടെ മനസ്സില്‍ ഉള്ളിലെ നൊമ്പരങ്ങളെല്ലാം അടക്കി പുഞ്ചിരി തൂകുന്ന കേരളം കണ്ട എക്കാലത്തെയും ജനകീയസംഗീതജ്ഞന്റെ മുഖം തെളിയും. "അന്നയും റസൂലും" എന്ന ചലച്ചിത്രത്തിലൂടെ രാജീവ് രവിയെന്ന പുതുസംവിധായകനെ മാത്രമല്ല, എച്ച് മെഹബൂബ് എന്ന സംഗീതസംവിധായകനെ കൂടിയാണ് മലയാളസിനിമയ്ക്ക് ലഭിച്ചത്. മണ്‍മറഞ്ഞ് 32 വര്‍ഷത്തിനിപ്പുറം ചലച്ചിത്രഗാന സംഗീതസംവിധായകനായി പുനര്‍ജനിക്കുകയെന്ന അപൂര്‍വ ചരിത്രനിയോഗമാണ് ആദ്യകാല പിന്നണിഗായകനായ മെഹബൂബിനെ തേടിയെത്തിയത്.
 
തുറമുഖ ജീവനക്കാരനായിരുന്ന മേപ്പള്ളി ബാലന്റെ രചനയില്‍ മെഹബൂബ് ഈണമിട്ട് ആലപിച്ച "കായലിനരികെ കൊടികള്‍ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികള്‍..." എന്ന ഗാനവും 1973ല്‍ "ചുഴി" എന്ന ചിത്രത്തിനായി കാസിമിന്റെ രചനയില്‍ എം എസ് ബാബുരാജ് ഈണമിട്ട് മെഹ്ബൂബ് ആലപിച്ച "കണ്ട് രണ്ട് കണ്ണ്..." എന്ന ഗാനവും അന്നയും റസൂലിലും ഷഹബാസ് അമന്റെ ശബ്ദത്തില്‍ പുതുതരംഗമായി കേരളമാകെ നിറയുമ്പോള്‍ മെഹ്ബൂബിനെ അടുത്തറിഞ്ഞിരുന്ന പഴയ പാട്ട് പ്രേമികളുടെ മനം നിറയുകയാണ്. പുതുതലമുറയ്ക്കാകട്ടെ ഏറെ വിശിഷ്ടമായ ഗാനഹാരം ലഭിച്ചത് പോലെയും. എന്നാല്‍, എന്നും മെഹബൂബിന്റെ ഗാനങ്ങള്‍ ഒഴുകുന്ന അദ്ദേഹത്തിന്റെ ജന്മനാടായ മട്ടാഞ്ചേരിക്കാര്‍ക്ക് തങ്ങളുടെ സ്വകാര്യ അഹങ്കാരം ഇപ്പോള്‍ കേരളമാകെ അംഗീകരിച്ചതിന്റെ സംതൃപ്തിയാണ്. ഇനിയും പലരും കേള്‍ക്കാത്ത മെഹബൂബിന്റെ ഒട്ടേറെ സിനിമേതര ഗാനങ്ങള്‍ ആഘോഷിക്കുന്ന മെഹ്ഫിലുകളുമായി ഈ നാട് ഇതരദേശങ്ങളെ കൊതിപ്പിക്കുകയും ചെയ്യുന്നു.

പാട്ടിന്റെ പുനര്‍ജനി

കൊച്ചിയെ കുറിച്ച് താന്‍ എടുക്കുന്ന സിനിമയില്‍ വിദ്യാര്‍ഥിയായിരിക്കെ മുതല്‍ താന്‍ കേട്ടറിഞ്ഞ മെഹബൂബ് ഭായിയുടെ ഗാനം നിര്‍ബന്ധമായും വേണമെന്ന ആഗ്രഹമാണ് ഈ രണ്ടു പാട്ടുകളുടെ പുനര്‍ജനിക്ക് പ്രേരിപ്പിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാജീവ് രവി പറയുന്നു. മട്ടാഞ്ചേരിയിലെ മെഹബൂബ് ഗായകരെ അണിനിരത്തിയ മെഹ്ഫിലില്‍ നിന്നുമാണ് ഈ പാട്ടുകള്‍ കണ്ടെടുത്തതും. മെഹ്ബൂബിന്റെ ശിഷ്യന്‍ കൂടിയായ ഇബ്രാഹിം തുരുത്തിലും കൂട്ടരുമാണ് ഷഹബാസിന് കേട്ട് പഠിക്കാനായി ഈ രണ്ട് പാട്ട് പാടി റെക്കോഡ് ചെയ്ത് നല്‍കിയതും. സിനിമയുടെ ചിത്രീകരണം പോലും പ്രദേശത്തെ ശ്രദ്ധേയഗായകരെ കോര്‍ത്തിണക്കിയ സംഗീത കൂട്ടായ്മയിലൂടെയാണ് രാജീവ് രവി തുങ്ങിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി പാട്ടിന്റെ റിലീസിങ് വേളയില്‍ മെഹ്ബൂബ് ഗായകരെയും അദ്ദേഹത്തിനായി പാട്ടെഴുതിയ നെല്‍സണ്‍ ഫെര്‍ണാണ്ടസ്, യശ്ശശരീരയായ മേപ്പള്ളി ബാലന്‍ തുടങ്ങിയവരെയും ആദരിക്കാനും സ്മരിക്കാനും രാജീവ് മറന്നില്ല.

"എല്ലാ വൈകുന്നേരത്തിനും ഒരു പാട്ടുണ്ട്. അത് എനിക്ക് എഴുതിത്തരുന്നത് ബാലന്‍ ഭായിയും നെല്‍സണുമൊക്കെയാണ്" എന്നാണ് തന്റെ പ്രധാന പാട്ടെഴുത്തുകാരെ കുറിച്ച് മെഹബൂബ് പറഞ്ഞിരുന്നത്. സിനിമയ്ക്കായി പാട്ടെഴുതുക എന്ന മോഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന മേപ്പള്ളി ബാലന്‍ മണ്‍മറഞ്ഞ് 12 വര്‍ഷത്തിനിപ്പുറമാണ് ആ മോഹം സഫലമായത്. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ എ വി തോമസ് കമ്പനി എന്ന കയറ്റിറക്ക് സ്ഥാപനത്തിന്റെ ഉദ്ഘാടനവേളയില്‍ നടന്ന ഗാനമേളയിലാണ് ആ കമ്പനിയുടെ ചൂഷണത്തെപ്പോലും തുറന്നുകാട്ടുന്ന ഈ ഗാനത്തിന്റെ പിറവി. മെഹബൂബിന്റെ വൈകാരികത പകര്‍ത്താന്‍ ഷഹബാസിന് കഴിഞ്ഞില്ലെന്ന തെല്ല് പരിഭവം മെഹബൂബ് ഗാനങ്ങളെ നേരത്തെ അറിഞ്ഞവര്‍ക്കുണ്ടെങ്കിലും പുതുതലമുറയുടെ ഈ പാട്ടുകളോടുള്ള സ്വീകാര്യത കാണുമ്പോള്‍ അതവര്‍ മറക്കുന്നു.

പാട്ടിലാക്കിയത് പാട്ടിനെ മാത്രം

പട്ടാളബാരക്കിലെ ബൂട്ട് പോളിഷ് ബോയ് എന്ന റോളില്‍ നിന്നും കേരളത്തിന്റെ ശ്രദ്ധേയ പിന്നണിഗായകനായി വളര്‍ന്ന ചരിത്രമാണ് 1926ല്‍ ജനിച്ച മെഹബൂബിന്റേത്. 1951ല്‍ പുറത്തിറങ്ങിയ "ജീവിതനൗക"യിലെ റഫിയുടെ "സുഹാനി രാത്ത്" എന്ന പാട്ടിന്റെ ഈണത്തിലുള്ള, തന്റെ ജീവിതത്തില്‍ അറംപറ്റിയ, "അകാലെ ആരും കൈവിടും നീ താനേ നിന്‍ സഹായം" എന്ന ഗാനം മുതല്‍ 1975ല്‍ പുറത്തിറങ്ങിയ "ചഞ്ചല" എന്ന ചിത്രത്തിലെ "കല്യാണരാവില്‍ പെണ്ണിന്റെ വീട്ടില്‍ കള്ളന്‍ കടന്നയ്യോ" എന്ന ഗാനം വരെ നാല്‍പ്പതോളം സിനിമയിലായി എഴുപതോളം പാട്ടാണ് മെഹ്ബൂബ് ആലപിച്ചത്. എന്നിട്ടും ഒരു ഓട്ടക്കാലണ പോലും സമ്പാദിക്കാതെ, പാട്ടല്ലാതെ മറ്റൊന്നും പാട്ടിലാക്കാനാകാതെയാണ് ആ ജീവിതം പൊലിഞ്ഞത്. തുടക്കത്തില്‍ നായകര്‍ക്കായി പാട്ട് പാടിയിരുന്ന ഭായി ഒടുവില്‍ ബഹദൂര്‍, എസ് പി പിള്ള, പട്ടം സദന്‍ തുടങ്ങിയ തമാശ നടന്മാര്‍ക്കായി പാടുന്ന ആളായി. അവസാന കാലത്ത് ജീവിതദുരിതങ്ങളും കടുത്ത ശ്വാസകോശരോഗം സമ്മാനിച്ച ശ്വാസതടസ്സവുമൊക്കെ അലട്ടിയിരുന്നെങ്കിലും അതെല്ലാം കടിച്ചുപിടിച്ച് അദ്ദേഹം തമാശപ്പാട്ടുകള്‍ പാടി ശ്രോതാക്കളെ ഹരം കൊള്ളിച്ചു.

സിനിമയില്‍ പാടുന്നതിനുള്ള അവസരത്തിനായി കിടമത്സരം നടക്കുന്ന ഇക്കാലത്ത് മെഹബൂബിന്റെ ജീവിതം ഒരു മിത്ത് പോലെ അത്ഭുതം സൃഷ്ടിക്കുന്നതാണ്. തന്നെത്തേടിയെത്തുന്ന സംഗീതസംവിധായകരെ പേടിച്ച് ഒളിച്ചിരുന്ന സന്ദര്‍ഭങ്ങള്‍ പോലുമുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. പില്‍ക്കാലത്ത് രോഗം മൂലവും പല അവസരങ്ങളും ഉപേക്ഷിച്ചു. സിനിമയില്‍ പാടുന്നതിനേക്കാള്‍ ആവേശം അലതല്ലുന്ന ഗാനമേളകളിലും കല്യാണവീടുകളിലും ഫോര്‍ട്ട് കൊച്ചി പട്ടാളത്തെയും ചുള്ളിക്കലിലെയും കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ക്കായും പാടുന്നതിലൊക്കെയാണ് മെഹബൂബ് എന്ന നാട്ടുകാരുടെ ഭായി ആനന്ദം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിലെ ഓരോ പ്രധാനപ്പെട്ട ഗാനമേളകളിലും സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു ഗാനമെങ്കിലും ഉണ്ടാകും. അത്തരത്തിലാണ് ഇദ്ദേഹത്തിന്റെ സിനിമേതര ഗാനങ്ങള്‍ പിറവിയെടുത്തത്. അദ്ദേഹത്തിലെ സംഗീതജ്ഞനെ വെളിച്ചത്തുകൊണ്ടുവന്നതും ഇത്തരം ഗാനങ്ങളാണ്. ഗായകന്‍ തന്റെ പാട്ടിലൂടെയാണ് സ്മരിക്കപ്പെടുന്നത്. പലപാട്ടുകാരുടെയും പങ്ക് ഗാനം ശ്രുതിലയത്തോടെ ആലപിക്കുന്നതില്‍ അവസാനിക്കുന്നു. രചന, ഈണം, ശബ്ദം എന്നീ പാട്ടിന്റെ മൂന്ന് ചേര്‍പ്പുകളില്‍ ഏതിനാണ് മുന്‍കൈയെന്നത് തര്‍ക്കവിഷയമാണ്. ശബ്ദത്തെയും ഈണത്തെയും നയിക്കുന്ന എത്രവേണമെങ്കിലും വരികള്‍ കണ്ടെത്താനാകും. ഈണം തീര്‍ത്ത് അവയ്ക്കനുസരിച്ച് വരികള്‍ എഴുതുന്ന രീതിയും സജീവമാണ്. ശബ്ദമാധുര്യവും ഗാംഭീര്യവും ഇതര ശാഖകളുടെ പോരായ്മകള്‍ ഇല്ലാതാക്കാറുമുണ്ട്. എന്നാല്‍, പാട്ടിന്റെ ഈ മൂന്ന് ശാഖയുടെയും അവകാശികള്‍ വ്യത്യസ്തമാകുകയാണ് സാധാരണ പതിവ്. എന്നാല്‍, മെഹ്ബൂബ് പാടിയ ഭൂരിപക്ഷം സിനിമേതര ഗാനങ്ങളുടെയും നൂറുശതമാനം അവകാശി അദ്ദേഹം മാത്രമാണ്. അത് തുറന്നുസമ്മതിക്കുന്നത് അദ്ദേഹത്തിനായി ഈ പാട്ട് രചിച്ചവര്‍ തന്നെ. എഴുത്തുകാരായ സുഹൃത്തുക്കള്‍ക്ക് സന്ദര്‍ഭങ്ങളും ബിംബങ്ങളും പകര്‍ന്നുനല്‍കി പാട്ട് എഴുതിക്കുകയും അവ സ്വന്തമായി ചിട്ടപ്പെടുത്തുകയുമായിരുന്നു മെഹ്ബൂബ് ഭായിയുടെ രീതി. തമാശപ്പാട്ടുകാരനായും കള്ളുകുടിയനായും അരാജകനായും വിലയിരുത്തപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ തീര്‍ച്ചയും മൂര്‍ച്ചയുള്ളതുമായിരുന്നു.

ആവേശത്തിന്റെ പാട്ടുകള്‍

"മാനത്തിന്‍ നാടൊഴിഞ്ഞാട്ടെ, ഞങ്ങളിനി ജീവിച്ചോട്ടെ, സാമ്രാജ്യത്വം നശിച്ചോട്ടെ" 1957ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസിന് ഫോര്‍ട്ട് കൊച്ചിയിലെ തുരുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ മെഹബൂബ് പാടി. പാട്ടിന്റെ ആവേശം ഉള്‍കൊണ്ട് യോഗാനന്തരം ഇ എം എസ് ഒരിക്കല്‍ക്കൂടി ഈ പാട്ട് പാടിച്ചതും ചരിത്രം. "നാടിനു വേണ്ടി നാടിനു വേണ്ടി ജീവന്‍ നല്‍കാന്‍ പോയവരെ" ഇന്തോ-പാക് യുദ്ധാനന്തരം പടയാളികള്‍ക്ക് നല്‍കിയ സ്വീകരണവേളയില്‍ മെഹബൂബ് ആലപിച്ച സവിശേഷ ഗാനം ഇതായിരുന്നു. നെല്‍സണ്‍ ഫെര്‍ണാണ്ടസ് രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തുന്ന വേളയില്‍ 17 ഈണത്തില്‍ മെഹ്ബൂബ് പാടിയതായാണ് അദ്ദേഹത്തിന് അത്താണിയായിരുന്ന സുഹൃത്ത് പരേതനായ സില്‍വസ്റ്ററിന്റെ ഭാര്യ എയ്മി സാക്ഷ്യപ്പെടുത്തുന്നത്. ഒടുവില്‍ വേദിയില്‍ പാടിയതാകട്ടെ അതുവരെ കേള്‍ക്കാതിരുന്ന മറ്റൊരു ഈണത്തിലും. നെല്‍സണ്‍ ഫെര്‍ണാണ്ടസ് തന്നെ രചിച്ച ഇന്‍ഡ്യയുടെ അധിനിവേശശക്തികളുടെയും വാസ്കോഡഗാമയുടെ വരവിന്റെയും ചരിത്രം പറയുന്ന "കടല്‍ കാക്കകള്‍ കരയും മുമ്പേ" എന്ന ഗാനമാണ് ഫോര്‍ട്ട് കൊച്ചി മുനിസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷവേളയില്‍ മെഹബൂബ് ആലപിച്ചത്. "പരിപാവനമായൊരു സ്ഥാപനം" തുരുത്തിയിലെ ഒരു മദ്രസ ഉദ്ഘാടനത്തിന് മെഹബൂബിന്റെ വക ഗാനമിതായിരുന്നു. മേപ്പള്ളിയുടെ ശ്രദ്ധേയമായ "ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും" "കരളില്‍ തീ എരിയുന്നു തലമണ്ട പുകയുന്നു", സുലൈമാന്‍ മാഷ് രചിച്ച കൊച്ചിയുടെ ചാപ്പകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന "നത്തും കോഴിയും കൂവണനേരം" എന്ന് തുടങ്ങി ഇത്തരത്തിലുള്ള ഗാനങ്ങള്‍ ഏറെയാണ്.

കല്യാണവീട്ടിലെ ഗാനമേളയ്ക്കിടെ മുന്നിലിരുക്കുന്ന സുന്ദരിക്ക് നേരെ കൈചൂണ്ടി അദ്ദേഹം പാടി "പാടു നീ സഖി നിന്‍ മണിനാദം മീട്ടി" അതായിരുന്നു മെഹബൂബ്. ഗാനമേളകളില്‍ സവിശേഷ ഊര്‍ജമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ സ്വരധാര ജനസഹസ്രങ്ങളെ ഉദ്വേഗത്തില്‍ ആറാടിച്ചു. അതിലെ ഒരു മുത്ത് മാത്രമാണ് ഇപ്പോള്‍ രാജീവ് രവി സിനിമയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ആ ഗാനങ്ങള്‍ മുമ്പും സിനിമയില്‍

1981 ഏപ്രില്‍ 22ന് അന്തരിച്ച മെഹ്ബൂബിന്റെ സിനിമേതര ഗാനങ്ങള്‍ ഇതിനു മുമ്പേ സിനിമയില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനമെത്തുന്നത് ഇതാദ്യമാണ്. വഴിനീളെ പാടി നടന്ന് മാപ്പിളപ്പാട്ട് പുസ്തകങ്ങളും ഖുറാനും മറ്റും വില്‍ക്കുന്ന നടപ്പാട്ട് വിദഗ്ധന്‍ അന്ധനായ കണ്ണന്‍ പരീക്കുട്ടി ചിട്ടപ്പെടുത്തി മെഹബൂബ് പാടിയ "തീര്‍ച്ചായില്ല ജനം" എന്ന പാട്ടാണ് ഇത്തരത്തിലാദ്യത്തേത്. 1960ല്‍ പുറത്തിറങ്ങിയ "നീലി സാലി" എന്ന ചിത്രത്തിലാണ് ഈ പാട്ട് ആദ്യം ഉള്‍പ്പെടുത്തപ്പെട്ടത്. എന്നാല്‍, പാട്ട് ചരിത്രകാരന്മാരാകട്ടെ കണ്ണന്‍ പരീക്കുട്ടിക്ക് പകരം പി ഭാസ്കരന്റെ പേരാണ് രചയിതാവായി ഉള്‍പ്പെടുത്തിയത്. പില്‍ക്കാലത്ത് "ഉസ്താദ്" എന്ന ചിത്രത്തിനായി മലയാളത്തിന്റെ മഹാനടന്‍ ഈ ഗാനം ആലപിച്ചപ്പോള്‍ മെഹബൂബിന് കടപ്പാട് രേഖപ്പെടുത്താതെയും നന്ദികേട് കാട്ടി. എന്തിനു പറയുന്നു മെഹബൂബ് ആദ്യമായി സിനിമയില്‍ പാടിയ "അകാലേ ആരും" എന്ന ഗാനം ഇപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടുകാരന്‍ കൂടിയായ മഹാഗായകന്റെ സ്വരത്തിലാണ് റെക്കോഡുകളില്‍ കേള്‍ക്കാനാകുക.

തിരുനല്ലൂര്‍ കരുണാകരന്‍ രചിച്ച് മെഹബൂബ് ആലപിച്ച "കാറ്റേ നീ വീശരുതിപ്പോള്‍" എന്ന നാടന്‍ ഗാനം "കാറ്റ് വന്ന് വിളിച്ചപ്പോള്‍" എന്ന സിനിമയില്‍ മറ്റൊരു ഈണത്തിലും നാം കേട്ടു. "എന്തേ ഈ പാട്ടുകളൊന്നും ഇത്രനാള്‍ സിനിമയില്‍ എത്തിയില്ല?" എന്ന ചോദ്യമാണ് അന്നയും റസൂലിലെ മെഹ്ബൂബ് ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത എളമക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഫ്ദര്‍ ചോദിക്കുന്നത്. സഫ്ദറിന്റെ മൊബൈലില്‍ "ഗന്നം സ്റ്റൈല്‍", "മുത്തുച്ചിപ്പി പോലൊരു", "അമ്മായി ചുട്ട അപ്പം" "കൊലവറി" തുടങ്ങിയ പാട്ടുകള്‍ക്കൊക്കെ മുകളിലായാണ് ഇപ്പോള്‍ "കായലിനരികെയും", "കണ്ട് രണ്ട് കണ്ണും". ഒരുപക്ഷേ, സഫ്ദറിന്റെ ചോദ്യം തന്നെയാകും ഇപ്പോള്‍ കേരളവും ചോദിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്കുള്ള ഉത്തരമൊന്നേയുള്ളൂ.

മട്ടാഞ്ചേരി വിളിക്കുന്നു

വരൂ മെഹബൂബിന്റെ ജന്മനാട്ടിലേക്ക്, മട്ടാഞ്ചേരിയിലേക്ക്. ഇവിടെ എന്നും ഉണര്‍ന്നിരിക്കുന്ന സായാഹ്ന മെഹ്ഫിലുകളില്‍ മെഹബൂബ് വഴിതെളിച്ച ഉമ്പായിയും ഇബ്രാഹിം തുരുത്തിലും കിഷോര്‍ അബുവും ജൂനിയര്‍ മെഹബൂബും കൊച്ചിന്‍ ഇബ്രാഹിമും കൊച്ചിന്‍ ആസാദും താജുദ്ദീനുമൊക്കെയുണ്ട്. അകാലത്തിലെന്നല്ല, ഒരുകാലത്തും കൈവിടില്ല ഈ നാട് തങ്ങളുടെ പ്രിയ ഭായിയുടെ ഗാനങ്ങള്‍...

*
ഷഫീഖ് അമരാവതി

No comments: