Wednesday, February 20, 2013

ആര്‍യുഎസ്എ ഒരവലോകനം

സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചനടത്താന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഹര്‍പ്രീത്സിങ് പുറത്തിറക്കിയ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്റെ (ആര്‍യുഎസ്എ- റൂസ) കരട് രൂപരേഖ എംഎച്ച്ആര്‍ഡിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സര്‍വശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാനും (ആര്‍എംഎസ്എ) നമ്മുടെ രാജ്യത്തെ പ്രൈമറി- സെക്കന്‍ഡറി വിദ്യാഭ്യാസമേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞാണ് 177 പേജുള്ള ആര്‍യുഎസ്എയുടെ കരടുരേഖ തുടങ്ങുന്നത്. എസ്എസ്എയും ആര്‍എംഎസ്എയും കൈവരിച്ച നേട്ടങ്ങളുടെ ആവേശമുള്‍ക്കൊണ്ടാണ് ആര്‍യുഎസ്എക്ക് രൂപം നല്‍കിയതെന്നും രേഖ പ്രഖ്യാപിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെക്കുറിച്ച് പ്രത്യേക പദ്ധതി രൂപീകരിച്ചു കാണാത്തതിനാല്‍ അത് ആര്‍യുഎസ്എയുടെ ഭാഗമായി പരിഗണിക്കപ്പെടുമെന്ന് കണക്കാക്കണം. അതുകൊണ്ടു കൂടിയാകണം ഇതൊരു ദശവര്‍ഷ പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനംചെയ്തത്. സംസ്ഥാനങ്ങളുടെ പ്രത്യേകതകളനുസരിച്ചാണ് കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീരിനും കേന്ദ്രം 90 ശതമാനം തുക നല്‍കുമ്പോള്‍ സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനമാണ് നല്‍കുക. കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും 65 ശതമാനമേ നല്‍കൂ. എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുകൂടി ആര്‍യുഎസ്എയുടെ സഹായം നല്‍കുമെന്ന് രേഖ പ്രഖ്യാപിക്കുന്നു. എസ്എസ്എയുടെ തുടക്കത്തില്‍ സഹായം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രം എന്നു പ്രഖ്യാപിക്കുകയും അവസാനം സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കുകയും ചെയ്തത് നാം കണ്ടതാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കേണ്ട പൊതുമുതല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കുകൂടി നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു എന്നതില്‍നിന്ന് ഇത്തവണ നയം നേരത്തെ വ്യക്തമാക്കി എന്നുവേണം കരുതാന്‍ .

വിദ്യാഭ്യാസപദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പതിനൊന്നാം പദ്ധതി (2007-12)യുടെ ലക്ഷ്യം ഉന്നതവിദ്യാഭ്യാസത്തിനര്‍ഹരായ യുവതീയുവാക്കളുടെ ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ (ജിഇആര്‍) ഒന്‍പതില്‍നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കുക എന്നതായിരുന്നു. പത്താം പദ്ധതിയുടെ ഏകദേശം ഒമ്പതിരട്ടി തുക പതിനൊന്നാം പദ്ധതിക്കായി നീക്കിവച്ചെങ്കിലും ആ തുക പൂര്‍ണമായും ഫലപ്രദമായും ഉപയോഗിക്കുന്ന കാര്യത്തില്‍ വിജയം വരിക്കാന്‍ സാധിച്ചില്ല എന്നത് യുജിസി തന്നെ പരസ്യമായി സമ്മതിക്കുന്നു. എംഎച്ച്ആര്‍ഡിക്കുവേണ്ടി "എന്‍യുഇപിഎ" നടത്തുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേ പൂര്‍ത്തിയായില്ലെങ്കിലും ഇപ്പോഴത്തെ ജിഇആര്‍ 18.8 ശതമാനമാണെന്ന് കരടുരേഖ സൂചിപ്പിക്കുന്നു. വാദത്തിനുവേണ്ടി ഈ കണക്ക് അംഗീകരിച്ചാലും അന്താരാഷ്ട്ര ശരാശരിയായ 29 ശതമാനത്തില്‍ എത്തുന്നില്ല. 2020ല്‍ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുക എന്നതാണ് ആര്‍യുഎസ്എ ലക്ഷ്യമിടുന്നത്. അപ്പോഴും നാം അന്താരാഷ്ട്ര ശരാശരിയോടടുത്തെത്തുകയേ ഉള്ളൂ എന്നതാണ് വസ്തുത. കരട് രൂപരേഖയില്‍ ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട്. അടുത്ത രണ്ട് പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ പൊതുവില്‍ മൂന്നായി തരം തിരിക്കുന്നു. കേന്ദ്രത്തിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്നവ, സംസ്ഥാനത്തിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്നവ, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ. 94 ശതമാനം വിദ്യാര്‍ഥികളും സംസ്ഥാനത്തിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. സംസ്ഥാന സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ക്കും പരിമിതമായ തോതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി യുജിസിയുടെ സഹായം ലഭിക്കുന്നു. 2011 മാര്‍ച്ച് 31ന്റെ കണക്ക് പ്രകാരം 623 സര്‍വകലാശാലകളില്‍ 171 എണ്ണത്തിനും 33093 കോളേജുകളില്‍ 26676 കോളേജുകള്‍ക്കും യുജിസിയുടെ 2എ/12ആ അംഗീകാരമില്ലാത്തതിനാല്‍ സാമ്പത്തികസഹായം ലഭിക്കുന്നില്ല. പതിനൊന്നാം പദ്ധതിക്കാലത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ ഗ്രാന്റ് നല്‍കുന്നതിന് 57.06 കോടിരൂപ നീക്കിവച്ചെങ്കിലും 6.25 കോടി മാത്രമാണ് അനുവദിച്ചത്. ഇതിന് പരിഹാരം കാണാനുള്ള നിര്‍ദേശം "റൂസ" മുന്നോട്ടുവയ്ക്കുന്നു എന്നത് ആശാവഹമാണ്.

ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള അഫിലിയേഷന്‍ സമ്പ്രദായം തുടരുന്നതു സംബന്ധിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ഉയര്‍ന്നുവരുന്നുണ്ട്. പ്രൊഫ. ജ്ഞാനത്തെപ്പോലുള്ള വിദ്യാഭ്യാസവിചക്ഷണന്മാര്‍ ഡിസഫിലിയേഷനാണ് ഏകപരിഹാരം എന്ന് വാദിക്കുന്നവരാണ്. അതിന് കാരണമുണ്ട്. ചരിത്രപ്രാധാന്യമുള്ള പല സര്‍വകലാശാലകളും അഫിലിയേറ്റഡ് കോളേജുകളുടെ ബാഹുല്യംകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. അഫിലിയേഷന്‍ പ്രശ്നങ്ങളും പരീക്ഷാനടത്തിപ്പും ബിരുദം നല്‍കലും മാത്രമായി ചുരുങ്ങുന്നു സര്‍വകലാശാലകളുടെ ധര്‍മം. പ്രാദേശികതലത്തില്‍ സര്‍വകലാശാലാ സെന്ററുകള്‍ സ്ഥാപിച്ച് പരിഹാരം കാണാമെന്നു പ്രസ്താവിക്കുന്ന കരടുരേഖ, അതിനുവേണ്ടി വരുന്ന അധികച്ചെലവ് ആരു വഹിക്കും എന്ന് വ്യക്തമാക്കുന്നില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയില്‍നിന്നോ മറ്റേജന്‍സികളില്‍നിന്നോ ലഭിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ ഒരറിവുമില്ല. ഇതിന് പരിഹാരമായി റൂസ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം പരിഗണിക്കപ്പെടേണ്ടതാണ്.

സര്‍വകലാശാലകളും കോളേജുകളും സ്വന്തമായി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്കും സ്കീമുകള്‍ക്കും നേരിട്ട് സാമ്പത്തികസഹായം ചെയ്യുന്ന പതിവാണ് ഇപ്പോഴുള്ളത്. അതിനുപകരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുകള്‍ വഴി യുജിസിക്കും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനം നേരിട്ട് പ്രോജക്ടുകള്‍ സമര്‍പ്പിക്കണം. അവയ്ക്കുള്ള അംഗീകാരവും സാമ്പത്തികസഹായവും സംസ്ഥാന സര്‍ക്കാര്‍ വഴി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ക്ക് ലഭ്യമാകും. നാളിതുവരെ പ്രോജക്ട് പ്രൊപ്പോസലുകളുടെ 100 ശതമാനം തുകയും തന്നിരുന്നുവെങ്കില്‍ ഇനിമുതല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രൊപ്പോസലിന്റെ 65 ശതമാനമേ കിട്ടുകയുള്ളൂ. ബാക്കി തുക സംസ്ഥാനമോ വിദ്യാഭ്യാസസ്ഥാപനമോ കണ്ടെത്തേണ്ടിവരും.

കേരളം, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുകള്‍ ഉള്ളത്. കൗണ്‍സിലുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എത്രയുംവേഗം അവയ്ക്ക് രൂപം നല്‍കാന്‍ രേഖ നിര്‍ദേശിക്കുന്നു. കൗണ്‍സിലും റൂസാ മിഷന്‍ അതോറിറ്റിയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി കേന്ദ്രം ഫണ്ടനുവദിക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് രൂപം നല്‍കുക, അക്രഡിറ്റേഷന്‍ ഏജന്‍സി രൂപീകരിക്കുക, സംസ്ഥാന വിദ്യാഭ്യാസ പദ്ധതിയ്ക്ക് രൂപം നല്‍കുക, മാച്ചിങ് ഗ്രാന്റ് നല്‍കുമെന്നുറപ്പുനല്‍കുക, മതിയായ അധ്യാപകരെ നിയമിക്കുക തുടങ്ങിയ റൂസാ മിഷന്‍ അതോറിറ്റിയുടെ മുന്‍ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അതോറിറ്റിയില്‍നിന്നും സംസ്ഥാനങ്ങള്‍ക്ക് ഫണ്ടനുവദിക്കൂ. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൗണ്‍സിലുകള്‍ ഇല്ലാത്തതിനാല്‍ അവിടങ്ങളില്‍ അവ രൂപീകരിച്ച് പ്രവര്‍ത്തന പഥത്തിലെത്താന്‍ ഏറെ നാളെടുക്കും എന്നതുകൊണ്ട് പത്തുവര്‍ഷക്കാലത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യുജിസിയെയും അതിനുചുറ്റുമുള്ള കൗണ്‍സിലുകളെയും ഒഴിവാക്കി രാജ്യത്താകെ ബാധകമാകുന്ന ഏകച്ഛത്രനിയമം കൊണ്ടുവരാനുദ്ദേശിച്ച് കേന്ദ്രം കൊണ്ടുവന്ന ഏഴുബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ, അവയെക്കുറിച്ചൊന്നും പ്രതിപാദിക്കാതിരിക്കുകയും യുജിസിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കരടില്‍ ഊന്നിപ്പറയുകയും ചെയ്യുന്നതില്‍നിന്നും സര്‍ക്കാര്‍ യുജിസിയെ ഇപ്പോള്‍ ഗളഛേദം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തം. അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം സമവര്‍ത്തി പട്ടികയിലായതോടെ വിദ്യാഭ്യാസത്തിന്റെ പരിപ്രേക്ഷ്യം നിര്‍ണയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ റോളില്ല. നയം കേന്ദ്രം തീരുമാനിക്കും. പണം സംസ്ഥാനം കണ്ടെത്തണം എന്നതാണ് ഇപ്പോഴത്തെ അലിഖിത നിയമം. അഞ്ചാം പഞ്ചവല്‍സര പദ്ധതി മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വയംഭരണ കോളേജുകള്‍ക്കായുള്ള പദ്ധതികള്‍ വയ്ക്കാറുണ്ട്. 11-ാം പദ്ധതിയിലും പ്രതിഭാകേന്ദ്രങ്ങളായ കോളേജുകളെ സ്വയംഭരണ കോളേജുകളാക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്വയംഭരണ കോളേജുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നു. മാത്രമല്ല, നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ കോളേജുകള്‍ക്ക് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിനുള്ളതുപോലെ സര്‍വകലാശാല പദവി നല്‍കാനും കരടില്‍നിര്‍ദേശമുണ്ട്. രാജ്യത്ത് നിലവിലുള്ള സ്വയംഭരണകോളേജുകളില്‍ ഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം കോളേജുകള്‍ക്ക് സര്‍വകലാശാല പദവി നല്‍കുക എന്നു പറഞ്ഞാല്‍ പിന്‍വാതിലിലൂടെ സ്വകാര്യ സര്‍വകലാശാലയോ കല്‍പ്പിത സര്‍വകലാശാലാ പദവിയോ നല്‍കുക എന്നാണ് അര്‍ഥമാക്കേണ്ടത്. 11 -ാം പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അനുവദിച്ച ബജറ്റ് വിഹിതത്തിന്റെ പകുതിപോലും ചെലവഴിക്കാത്തതിനാല്‍ പദ്ധതി ലക്ഷ്യം പകുതിപോലും നേടാനായില്ല. അതുകൊണ്ടുതന്നെ ആര്‍യുഎസ്എയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പതിനൊന്നാം പദ്ധതിയുടെ ആവര്‍ത്തനം മാത്രമാണ്.

പന്ത്രണ്ടാം പദ്ധതിക്കാലത്ത് എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് യുജിസി വിഭാവനം ചെയ്തിരിക്കുന്നത് 1,84,740 കോടി രൂപയുടെ പദ്ധതികളാണ്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സര്‍വകലാശാലകളും കോളേജുകളും സാമാന്യം വലിയ പ്രോജക്ടുകള്‍ യുജിസിക്ക് സമര്‍പ്പിച്ചു. എന്നാല്‍, കരടുരേഖയില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് എത്ര തുക മാറ്റിവയ്ക്കും എന്ന് പ്രസ്താവിച്ചുകാണുന്നില്ല. പന്ത്രണ്ടാം പദ്ധതിയുടെ സമീപനരേഖ പുറത്തിറക്കി ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പ്രഖ്യാപിച്ചത് സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത മേഖലയില്‍മാത്രം മുതല്‍മുടക്കുന്നതുമായ സമീപനമാകും കേന്ദ്ര സര്‍ക്കാരിന്റേത് എന്നാണ്. ആര്‍യുഎസ്എയുടെ കരട് രേഖ ഊന്നല്‍നല്‍കുന്നതും ഈ സമീപനം തന്നെ.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 20 ഫെബ്രുവരി 2013

No comments: