Saturday, February 9, 2013

ഹിന്ദുത്വ ഭീകരതയും കര്‍ണാടകയുടെ ഗുജറാത്തുവല്‍ക്കരണവും

""യാഥാര്‍ഥ്യത്തിനപ്പുറമുള്ള ലോകം അപ്രത്യക്ഷമായിട്ടുണ്ടെന്നിരിക്കെ ഈ ലോകത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം സ്ഥാപിച്ചെടുക്കുകയെന്നതാവും ചരിത്രത്തിന്റെ ദൗത്യം. സ്വയം അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യന്റെ വിശുദ്ധ രൂപത്തിലുള്ള മുഖംമൂടി അഴിച്ചുമാറ്റപ്പെടുന്നതോടെ, അവിശുദ്ധ രൂപത്തിലുള്ള സ്വയം അന്യവല്‍ക്കരണത്തിന്റെ മുഖംമൂടി അഴിച്ചുമാറ്റപ്പെടുകയെന്നതാവും ചരിത്രത്തെ സഹായിക്കുന്ന തത്വശാസ്ത്രത്തിന്റെ അടിയന്തര കടമ. അങ്ങനെ സ്വര്‍ഗത്തെക്കുറിച്ചുള്ള വിമര്‍ശനം കൂലിയെക്കുറിച്ചുള്ള വിമര്‍ശനമായും മതത്തെക്കുറിച്ചുള്ള വിമര്‍ശനം നിയമത്തെക്കുറിച്ചുള്ള വിമര്‍ശനമായും ദൈവശാസ്ത്രത്തെക്കുറിച്ചുള്ള വിമര്‍ശനം രാഷ്ട്രമീമാംസയെക്കുറിച്ചുള്ള വിമര്‍ശനമായും മാറും"". മാര്‍ക്സിന്റെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നതുപോലെ വര്‍ത്തമാനകാലത്തെ എല്ലാവിധ മത വംശീയ പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിമര്‍ശന പഠനങ്ങളും സാമ്രാജ്യത്വ മൂലധന താല്‍പ്പര്യങ്ങളുമായി അവക്കുള്ള ഗൂഢബന്ധങ്ങളിലേക്കാണ് നമ്മെ എത്തിക്കുക.

വിദൂര ഭൂതകാലത്തിലെ വിചിത്രങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണല്ലോ ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരത അതിന്റെ വ്യാപനശ്രമങ്ങള്‍ ആരംഭിച്ചത്. യഥാര്‍ഥത്തില്‍ പുനരുജ്ജീവന രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും ശക്തികള്‍ ഒന്നിനെയും പുനരുജ്ജീവിപ്പിക്കുവാനൊന്നും പോകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഭൂതകാലത്തിലെ പ്രാക്തന മഹത്വങ്ങളെ പുനരുജ്ജീവിപ്പിക്കാനും പുനഃസ്ഥാപിക്കുവാനും കഴിയുമെന്നാണല്ലോ അവര്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂതകാലത്തെ പുനഃസൃഷ്ടിക്കുകയെന്നത് അസാധ്യമായൊരു സത്യമാണ്. മതവും ജാതീയതയും വംശീയതയുമെല്ലാമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അനുഷ്ഠാനപരമായ ബിംബങ്ങളും സമന്വയിപ്പിക്കപ്പെട്ട, സാമ്രാജ്യത്വ മൂലധനാധികാരത്തിന്റെ സ്ഥാപനപരമായ ലക്ഷ്യങ്ങളെയാണ് നാനാവിധമായ മത വര്‍ഗീയ ശക്തികളും പുനരുത്ഥാനവാദികളും സേവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവിധ മതാധികാര രാഷ്ട്രീയത്തിന്റെയും ഉള്ളടക്കം മുതലാളിത്ത സാമ്രാജ്യത്വപരമായിരിക്കുന്നമെന്നതാണ് സമകാലീന ലോകസംഭവങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ സയണിസ്റ്റ് അധികാര പ്രയോഗവും അഫ്ഗാനിസ്ഥാനിലെ താലിബാനിസവും സൗദി അറേബ്യയിലെ ഇസ്ലാമിക വ്യവസ്ഥയും ശ്രീലങ്കയിലെ സിംഹള അധികാരവും ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങളെയാണ് സേവിക്കുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ തിരോധാനത്തിനു ശേഷം കിഴക്കന്‍ യൂറോപ്പിലും ബാള്‍ക്കന്‍സിലും ചെച്നിയായിലും അസര്‍ബൈജാനിലുമെല്ലാം അധികാരത്തിലെത്തിയ മത വംശീയവാദികള്‍ സാമ്രാജ്യത്വ മൂലധന താല്‍പ്പര്യങ്ങളെയാണ് സംരക്ഷിച്ചുപോന്നത്.

ഇന്ത്യയില്‍ മത പുനരുജ്ജീവന ശക്തികളും വംശീയവാദികളും സാമ്രാജ്യത്വ മൂലധന വ്യവസ്ഥയും തമ്മിലുള്ള ഗാഢബന്ധത്തിലാണ് ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ഗതിവേഗം കൂടിയതെന്ന് കാണാം. ഇന്ത്യയിലെ സാംസ്കാരിക പുനരുജ്ജീവന ശക്തികളുടെയും വര്‍ഗീയ രാഷ്ട്രീയ ശക്തികളുടെയും ചരിത്രമെന്നത് ആ സംഘടനകളുടെ രൂപീകരണകാലം മുതല്‍തന്നെ സാമ്രാജ്യത്വ ശക്തികളും അവയും തമ്മില്‍ നിലനിന്നുപോന്ന അടുത്ത ബന്ധമാണെന്ന് കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ രൂപംകൊണ്ട ഹിന്ദുമഹാസഭയുടെയും മുസ്ലിംലീഗിന്റെയും രാഷ്ട്രീയലക്ഷ്യം ഇന്ത്യന്‍ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഐക്യത്തെ തകര്‍ക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് ഗോപാലകൃഷ്ണ ഗോഖലെ ഈ രണ്ട് സംഘടനകളും വര്‍ഗീയമെന്നതുപോലെ ദേശീയ വിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചത്. വര്‍ഗീയമായ പ്രശ്നങ്ങളെയും ഉപകരണങ്ങളെയും ഉപയോഗിച്ചുകൊണ്ട് ദേശീയ വിമോചന പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുവാനും സാമ്രാജ്യത്വാനുകൂല വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ഈ സംഘടനകള്‍ ചെയ്തത്. കോണ്‍ഗ്രസ്സില്‍നിന്ന് വിട്ടുനില്‍ക്കുവാനും മുസ്ലിങ്ങള്‍ക്കെതിരെ പോരാടാനുമാണ് ഹിന്ദുവര്‍ഗീയവാദികള്‍ ആഹ്വാനം ചെയ്തത്. മുസ്ലിം വര്‍ഗീയവാദികളാവട്ടെ സ്വന്തം മതാനുയായികളെ മാത്രം സംഘടിപ്പിക്കുന്നതിലാണ് വ്യാപൃതരായത്. ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ടേ സമകാലീന വര്‍ഗീയ പ്രവണതകളെയും മതതീവ്രവാദ പ്രവര്‍ത്തനങ്ങളെയും പരിശോധനാ വിധേയമാക്കുവാന്‍ കഴിയൂ. ഹിന്ദുത്വഭീകരത ഭരണകൂടാധികാരത്തിന്റെ തണലില്‍ തങ്ങള്‍ക്കനഭിമതരായ സാമൂഹ്യ വിഭാഗങ്ങളെയും മതവിശ്വാസികളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യം ഇത്തരമൊരു ചരിത്രപരമായ പരിശോധന ആവശ്യമാക്കിത്തീര്‍ക്കുന്നുണ്ട്. ""ഹിന്ദുത്വ"" എന്ന രാഷ്ട്രീയ പദത്തിന്റെ ആവിഷ്കര്‍ത്താവായ വി ഡി സവര്‍ക്കര്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു മുമ്പില്‍ ചെന്ന് എല്ലാവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനിന്നുകൊള്ളാമെന്ന് ഉറപ്പ് കൊടുത്തിരുന്നല്ലോ. ബോംബെ ഗവര്‍ണറുടെ മുമ്പില്‍ സവര്‍ക്കര്‍ പ്രതിജ്ഞയെടുക്കുകയും ജീവിതാവസാനം വരെ ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം മിണ്ടാതിരിക്കുകയും ചെയ്തു.

1925ല്‍ രൂപംകൊണ്ട ആര്‍എസ്എസ് ജനങ്ങളെ പരമാവധി ഭിന്നിപ്പിക്കുവാനും സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുവാനും അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ദുര്‍ബലമാക്കുവാനുമാണ് എല്ലാ കാലത്തും ശ്രമിച്ചത്. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാര്‍ നാഗ്പൂരില്‍ വര്‍ഗീയകലാപങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളിലാകെ സംഭീതി പടര്‍ത്തുന്ന പരീക്ഷണങ്ങളിലൂടെയാണ്, മറാഠയിലെ ചിത്പവന്‍ ബ്രാഹ്മണരെ തന്റെ സംഘടനയിലേക്ക് അടുപ്പിച്ചെടുത്തത്. ഹെഡ്ഗേവാറിന് ശേഷം ആര്‍എസ്എസിന്റെ സാരഥ്യമേറ്റെടുത്ത മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ സ്വന്തം ശത്രുക്കളായി കണ്ടത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമായിരുന്നു. ഒരിക്കല്‍പോലും ഗോള്‍വാള്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യാരാജ്യത്തിലെ ജനങ്ങളുടെ ശത്രുവാണെന്ന് കരുതിയിരുന്നില്ല. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ സ്ഥാപകനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി 1942ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പരസ്യമായിത്തന്നെ പിന്താങ്ങുകയുണ്ടായി. ബംഗാളിലെ പ്രവിശ്യാസര്‍ക്കാറില്‍ മന്ത്രിയായി ചേര്‍ന്നപ്പോള്‍ മുഖര്‍ജി ബ്രിട്ടീഷുകാരുടെ സേവകനായാണ് പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യാനന്തരം ""ഹിന്ദുത്വ"" പുനരുത്ഥാന പ്രസ്ഥാനം സാമ്രാജ്യത്വത്തെയും അതിന്റെ മൂലധനാധിപത്യത്തെയും പൂര്‍ണ ഔത്സുക്യത്തോടെ പിന്താങ്ങുകയായിരുന്നു. ഭിന്നമത വിശ്വാസികള്‍ക്കിടയില്‍ ആസൂത്രിതമായി ഭിന്നതയും ശത്രുതയും പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ""ഹിന്ദുത്വ"" ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ തികഞ്ഞ വിശ്വസ്തതയോടെ സേവിച്ചുപോന്ന ചരിത്രമാണ് ഹിന്ദുത്വശക്തികളുടേത്. മൂലധനത്തിന്റെ നവ അധിനിവേശത്തിന് ഭീഷണിയാവുന്ന എല്ലാവിധ ജനകീയ മുന്നേറ്റങ്ങളെയും മതനിരപേക്ഷമായ കൂട്ടായ്മകളെയും ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഗീയ കലാപങ്ങളും സാമുദായിക വിഭജനത്തിനാവശ്യമായ പ്രചാരണ പരിപാടികളും സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

ലോകത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നപോലെ ഇന്ത്യയിലും നാടുവാഴിത്ത - ഗോത്രബന്ധങ്ങളെയും മറ്റ് മുതലാളിത്ത പൂര്‍വബന്ധങ്ങളെയും സ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സാമ്രാജ്യത്വ ചൂഷണവ്യവസ്ഥയെ ശാശ്വതീകരിച്ചു നിര്‍ത്തിക്കൊണ്ടിരിക്കുന്നത്. വികസിത മുതലാളിത്ത ബന്ധങ്ങളെയും നവകൊളോണിയല്‍ ബന്ധങ്ങളെയും രൂപപ്പെടുത്തിയും ഉപയോഗിച്ചുമാണ് ആഗോള ഫൈനാന്‍സ് മൂലധനവ്യവസ്ഥ അതിന്റെ ചൂഷണവും കൊള്ളയും നിലനിര്‍ത്തുന്നത്. നാട്ടിന്‍പുറത്തെ നാടുവാഴിത്ത കുലീന വിഭാഗത്തോടൊപ്പം നഗരങ്ങളിലെ മധ്യവര്‍ഗങ്ങളെയും വര്‍ഗീയശക്തികള്‍ തങ്ങളുടെ ഫാസിസ്റ്റ് അണിയില്‍ സമര്‍ഥമായി ചേര്‍ക്കുന്നുണ്ട്. അപര മത വിദ്വേഷത്തിന്റെ വൈകാരികതയെ ആളിക്കത്തിച്ചാണ് മധ്യവര്‍ഗവിഭാഗങ്ങളെ സംഘപരിവാര്‍ ഇളക്കിയെടുക്കുന്നത്. സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക കടന്നുകയറ്റത്തിന് എളുപ്പം വഴങ്ങിക്കൊടുക്കുന്നതും ഈ മധ്യവര്‍ഗ സമൂഹമാണല്ലോ. 1947നു ശേഷം ഗാന്ധിവധം മുതല്‍ ബാബറിമസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, ഒറീസയിലും ഇപ്പോള്‍ കര്‍ണാടകയിലും തുടരുന്ന ന്യൂനപക്ഷവേട്ട, മതനിരപേക്ഷതക്കു നേരെയുള്ള കടന്നാക്രമണം തുടങ്ങി നമ്മുടെ ജനാധിപത്യത്തിനും സാമൂഹ്യ സൗഹൃദത്തിനും ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദികളാണ് ഹിന്ദുത്വ ശക്തികളെന്ന യാഥാര്‍ഥ്യത്തെ ഭരണകൂടവും മാധ്യമ വ്യവസ്ഥയും മറച്ചുപിടിക്കുകയാണ്. സംഘപരിവാറിന്റെ കാപട്യത്തെയും അവരുടെ ഭീകരവാദത്തോട് ഭരണകൂടം പുലര്‍ത്തുന്ന കുറ്റകരമായ ന്യായീകരണ ത്വരയെയും തുറന്നുകാണിച്ചും എതിര്‍ത്ത് തോല്‍പ്പിച്ചും മാത്രമെ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുവാന്‍ കഴിയൂ.

ബാബറി മസ്ജിദ് തകര്‍ത്തതിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് സുവ്യക്തമായിക്കഴിഞ്ഞതാണ്. 1969ലെ അഹമ്മദാബാദ് കലാപം അന്വേഷിച്ച ജസ്റ്റിസ് ജഗ്മോഹന്‍ റെഡ്ഡി കമീഷനും 1970ലെ ഭീവണ്ടി കലാപം അന്വേഷിച്ച ഡി പി മദന്‍ കമീഷനും 1982ലെ കന്യാകുമാരി കലാപമന്വേഷിച്ച ജസ്റ്റിസ് വേണുഗോപാലന്‍ കമീഷനും ആര്‍എസ്എസ്സിന്റെ വര്‍ഗീയ കലാപങ്ങളിലെ പങ്ക് വ്യക്തമായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആര്‍എസ്എസ് പടര്‍ത്തുന്ന വിദ്വേഷരാഷ്ട്രീയവും വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലെ സാമര്‍ഥ്യവും ചില ജുഡീഷ്യല്‍ കമ്മീഷനുകള്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തത് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷനും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകളും ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെയും നരഹത്യാ രാഷ്ട്രീയത്തിന്റെയും മുഖ്യ ആസൂത്രകനും നിര്‍വാഹകനും ""ഹിന്ദുത്വ"" ശക്തികളാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

എങ്ങനെയാണ് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം ജനങ്ങളുടെ യുക്തിബോധത്തെ തന്നെ അപഹരിച്ച് അപകടകരമായ മതാന്ധതയിലേക്ക് അവരെ തള്ളിവിടുന്നതെന്നാണ് ഗുജറാത്തിലും ഒഡിഷയിലും നാം കണ്ടത്. ഇന്നിപ്പോള്‍ കര്‍ണാടകയിലും മറ്റൊരു ഗുജറാത്ത്വല്‍ക്കരണത്തിനുള്ള ലക്ഷണമൊത്ത പദ്ധതികളുമായിട്ടാണ് സംഘപരിവാര്‍ നീങ്ങുന്നത്. ഭ്രാന്തമായ അപരമത (മുസ്ലിം) വിദ്വേഷത്തിലൂടെയാണ് നൂറ്റാണ്ടുകളായി സൗഹൃദപൂര്‍വം കഴിഞ്ഞിരുന്ന ജനങ്ങളെ ഗുജറാത്തിലും ഒഡിഷയിലുമെല്ലാം വംശഹത്യയിലേക്ക് നയിച്ചത്. ജനങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുന്നതില്‍ കൊളോണിയല്‍ ഭരണാധികാരികളും സവര്‍ണ ഹിന്ദുത്വ ശക്തികളും എന്നും കൈകോര്‍ത്തിരുന്നു. ഹിന്ദുത്വത്തിലധിഷ്ഠിതമായ ദേശീയ സംസ്കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി വാദിക്കുന്ന സംഘപരിവാര്‍ ഗുജറാത്തിലെന്നപോലെ ഇപ്പോള്‍ കര്‍ണാടകയിലും മുസ്ലിങ്ങളെ വിദേശിയായി ചിത്രീകരിക്കുകയും ദേശീയ വിരുദ്ധരായി പ്രഖ്യാപിക്കുകയുമാണ്. ദേശീയ സംസ്കാരമെന്നത് ഹിന്ദുത്വമാണെന്നും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേറെ രാജ്യങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഭാരതം മാത്രമേ രാജ്യമായുള്ളൂവെന്നുമാണ് പ്രചാരണം നടത്തുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കുവാനായി വേദാന്തകാലം മുതലുള്ള പ്രാചീനമായ എല്ലാ ബിംബങ്ങളെയും മിത്തുകളെയും സംസ്കൃതികളെയും പുനരാഖ്യാനം ചെയ്യുന്നു. തങ്ങള്‍ സുവര്‍ണകാലമെന്ന് വിശ്വസിക്കുന്ന ഭൂതകാലത്തിലെ ഹീനമായ ആചാരങ്ങള്‍പോലും പുനരുജ്ജീവിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു.

ഈയൊരു പരിസരത്തില്‍നിന്ന് വേണം ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചിനുനേരെ നടന്ന ആക്രമണങ്ങളെയും ലാത്തിച്ചാര്‍ജിനെയും കാണേണ്ടത്. കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ""മടേസ്നാ"" എന്ന അനാചാരത്തിനെതിരായ പ്രതിഷേധങ്ങളെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ കീഴ്ജാതിക്കാരെ ഉരുട്ടുന്ന പ്രാകൃതമായ അനാചാരമാണ് ""മടേസ്നാ"". ത്വക്രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഹ്മണരുടെ എച്ചിലിലയില്‍ ദളിത് ജാതിക്കാരെ കിടത്തി ഉരുട്ടുന്നത്. ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ ഇടതുപക്ഷ പ്രവര്‍ത്തകരും ദളിത് സംഘടനകളും രംഗത്ത് വന്നതോടെയാണ് പ്രശ്നം ഹൈക്കോടതിയിലെത്തുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ ""മടേസ്നാ""ക്ക് പകരം പൂജ ചെയ്ത ഇലയില്‍ ഉരുളുന്ന ""യഗേസ്നാ""ക്ക് അനുമതി നല്‍കണമെന്ന സര്‍ക്കാര്‍വാദം കോടതി അംഗീകരിച്ചു. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കുക്കേ സുബ്രഹ്മണ്യക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഈ ഹീനമായ ആചാരം പുനരാരംഭിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ സംഘപരിവാര്‍ മുന്‍കൈയില്‍ ""മടേസ്നാ"" ആചരിച്ചു. ഇതിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടഞ്ഞ്, ഭരണഘടനയുടെ ലക്ഷ്യമായ ദേശീയോദ്ഗ്രഥനത്തിനായി ശാസ്ത്രബോധം വളര്‍ത്തുവാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെ ദുരാചാരങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. മനുധര്‍മമനുസരിച്ച് ജാതിവിവേചനവും വര്‍ണവിവേചനവും തുടരുകയാണ് കര്‍ണാടകയിലെ ഹിന്ദുത്വ സര്‍ക്കാര്‍.

ഔദ്യോഗികമായ അവകാശവാദങ്ങളല്ലാതെ, ചെറിയ രീതിയില്‍പോലും ഭൂപരിഷ്കരണ നടപടികള്‍ നടന്നിട്ടില്ലാത്ത സംസ്ഥാനമാണ് കര്‍ണാടക. ഭൂപരിഷ്കരണനിയമം തന്നെ വന്‍കിട ഭൂപ്രഭുക്കന്മാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളിട്ടുകൊണ്ടാണ് കര്‍ണാടകയില്‍ രൂപപ്പെടുത്തിയതു തന്നെ. ഇന്നിപ്പോള്‍ കോര്‍പറേറ്റ് കൃഷിക്കും കമ്പനി കൃഷിക്കുമായി ഭൂപരിധിനിയമം തന്നെ എടുത്തുകളഞ്ഞ് വന്‍ ഭൂകേന്ദ്രീകരണത്തിന് സാഹചര്യമൊരുക്കിയിരിക്കുകയാണ്. പരമ്പരാഗത ഭൂവുടമകളുടെയും വന്‍കിട അഗ്രി ബിസിനസ്സ് കമ്പനികളുടെയും റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെയും കൈയിലേക്ക് ഭൂമി കേന്ദ്രീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. കര്‍ണാടകയുടെ വിശാല മേഖലകളില്‍ ഇപ്പോഴും അര്‍ധ ഫ്യൂഡല്‍ ഭൂബന്ധങ്ങളാണ് നിലനില്‍ക്കുന്നത്. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം പോലും ഒരു വിദൂരമായ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ജാതീയ മര്‍ദനങ്ങളും ദേവദാസി സമ്പ്രദായം പോലുള്ളവ ഉപയോഗിച്ചുള്ള ലൈംഗിക ചൂഷണവും ഒരു അവകാശം പോലെ സവര്‍ണ ഭൂവുടമകള്‍ ഇന്നും തുടരുകയാണ്.

ഗ്രാമീണ ജനസമൂഹങ്ങളെ പ്രാകൃതമായ ജീവിതസാഹചര്യങ്ങളില്‍ തളച്ചിടുന്ന ഭൂപ്രഭുത്വത്തിനെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള മേഖലകളില്‍ ദളിത് സംഘടനകളുടെ സഹായത്തോടെ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആഗോളവല്‍ക്കരണ നയങ്ങളും ഭൂവുടമാ ശക്തികളും ദരിദ്ര ഭൂരഹിത കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ചെറുകിട കര്‍ഷകരെയും ഞെരിച്ചമര്‍ത്തുകയാണ്. കര്‍ണാടകയിലെ പാവങ്ങളുടെ ജീവിതം സാമ്പത്തികമായും സാമൂഹ്യമായും അങ്ങേയറ്റം പീഡനാത്മകമായിക്കഴിഞ്ഞിരിക്കുകയാണ്. കര്‍ണാടകത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു കര്‍ഷക സമരങ്ങള്‍ പല ഘട്ടങ്ങളിലായി ഉയര്‍ത്തിക്കൊണ്ടുവന്നത്. സംഘടിതമായൊരു കര്‍ഷക പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ ഇടക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയന്നുവരുന്ന സ്വയോത്ഭവ കര്‍ഷക പ്രക്ഷോഭങ്ങള്‍ മൃഗീയമായി അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. ഷിമോഗയില്‍ ഉള്‍പ്പെടെ സോഷ്യലിസ്റ്റുകളുടെ വിവിധ നേതൃത്വങ്ങള്‍ നയിച്ച ഭൂസമരങ്ങള്‍ കാര്യമായ പ്രതികരണങ്ങളൊന്നും സൃഷ്ടിക്കുവാന്‍ പ്രാപ്തവുമായിരുന്നില്ല.

കാര്‍ഷിക മേഖലയിലെ പരമ്പരാഗത ഭൂവുടമകളും പുത്തന്‍ അഗ്രി ബിസിനസ് കമ്പനികളും അവരുടെ ഗുണഭോക്താക്കളായ മധ്യവര്‍ഗ വിഭാഗങ്ങളുമാണ് സംഘപരിവാറിന്റെ സാമൂഹ്യമായ പിന്‍ബലമായി വര്‍ത്തിക്കുന്നത്. മൊണ്‍സാന്റോ, കാര്‍ഗില്‍ ഇന്‍കോര്‍പ്പറേറ്റ്, ഐടിസി, റിലയന്‍സ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള ബഹുരാഷ്ട്ര കുത്തകകളാണ് കര്‍ണാടകയുടെ കാര്‍ഷികമേഖലയും വ്യാപാരരംഗവും കൈയടക്കിയിരിക്കുന്നത്. ഖനിജങ്ങളും ഭൂമിയും കൈയടക്കുന്ന ആഗോള ബന്ധമുള്ള ശക്തികളുടെ വിഹാരരംഗമായി ബിജെപി ഭരണത്തിന്‍ കീഴില്‍ കര്‍ണാടക മാറിക്കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനാ-ബിജെപി ഭരണത്തിന്‍ കീഴിലാണല്ലോ മൊണ്‍സാന്റോ ""മഹിക്കോ"" എന്ന പേരില്‍ ആസ്ഥാനമുണ്ടാക്കിയത്. തങ്ങളുടെ ""ടെര്‍മിനേറ്റര്‍ ജീന്‍"" കൃഷിയുടെ പരീക്ഷണഭൂമിയായത് ആന്ധ്രക്കൊപ്പം കര്‍ണാടകയായിരുന്നല്ലോ. അതുപോലെ കാര്‍ഗില്‍ ഇന്‍കോര്‍പ്പറേറ്റിന്റെ അന്തകവിത്തുകളുടെയും പരീക്ഷണത്തിന് തെരഞ്ഞെടുത്തത് കര്‍ണാടകയായിരുന്നു. അവധി വ്യാപാരവും ഊഹക്കച്ചവടവും വഴി റിലയന്‍സ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ണാടകയില്‍ അപ കാര്‍ഷികവല്‍ക്കരണം നടപ്പാക്കുകയായിരുന്നു. ഭൂമിയില്‍നിന്നും കൃഷിയില്‍നിന്നും കര്‍ഷകരെ പുറന്തള്ളുന്ന വിത്തുനിയമവും സബ്സിഡി ഇല്ലാതാക്കലും വ്യാപാര ഉദാരവല്‍ക്കരണവും കര്‍ണാടകയില്‍ വലിയ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പ്രൊഫ. നഞ്ചുണ്ടസാമിയുടെ ""കര്‍ണാടക രാജ്യയത്സംഘ""മുള്‍പ്പെടെ നിരവധി കര്‍ഷക സമരസംഘടനകള്‍ ഉയര്‍ന്നുവന്നിരുന്നു. കാര്‍ഗിലിന്റെയും മൊണ്‍സാന്റോവിന്റെയും ആസ്ഥാനങ്ങളും വിത്തുവില്‍പ്പന കേന്ദ്രങ്ങളും തകര്‍ത്ത ഉശിരന്‍ കര്‍ഷകസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍ "പോട്ട" ഉള്‍പ്പെടെയുള്ള ഭീകരവിരുദ്ധ നിയമങ്ങളുപയോഗിച്ചാണ് അടിച്ചമര്‍ത്തിയത്. രോഷാകുലരായ കര്‍ഷകരെ സ്വദേശി പ്രചാരവേലയിലൂടെ സമാശ്വസിപ്പിച്ച് കൂടെ നിര്‍ത്താനും വിദേശ കോര്‍പറേറ്റുകള്‍ക്കെതിരായ സമരത്തെ വഴിതിരിച്ചു വിടാനുമുള്ള തന്ത്രമാണ് ഈ ഘട്ടത്തില്‍ സംഘപരിവാര്‍ ആവിഷ്കരിച്ചത്. ഒരേസമയം വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും നില്‍ക്കുന്ന നയമാണ് ബിജെപിക്കുള്ളത്. ""ടെര്‍മിനേറ്റര്‍ ജീന്‍"" കൃഷിക്കെതിരെയുള്ള കര്‍ണാടകയിലെ കര്‍ഷകരുടെ പ്രതിഷേധത്തോടൊപ്പം നില്‍ക്കുമ്പോള്‍തന്നെയാണ് അദ്വാനി മഹാരാഷ്ട്രയിലെ മഹികോ ആസ്ഥാനം രഹസ്യമായി സന്ദര്‍ശിച്ചത്! അന്നത് വലിയ വിവാദമായി ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ.

ആഗോളവല്‍ക്കരണ നയങ്ങളുടെ ചുവട് പിടിച്ചാണല്ലോ ഇന്ത്യയില്‍ സാമുദായിക വിഭജനത്തിന്റെയും വര്‍ഗീയവല്‍ക്കരണത്തിന്റെയും അജന്‍ഡയും സാമ്രാജ്യത്വ മൂലധനശക്തികള്‍ പ്രയോഗിച്ചത്. ബാബറി മസ്ജിദ് ഉള്‍പ്പെടെയുള്ള മൂവായിരത്തോളം ആരാധനാലയങ്ങള്‍ തര്‍ക്കപ്രശ്നമാക്കി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ തീരുമാനമുണ്ടാകുന്നത് വാഷിങ്ടണില്‍ നടന്ന വിശ്വഹിന്ദു സമ്മേളനത്തിലായിരുന്നല്ലോ. കര്‍ണാടകയിലെ അയോധ്യ എന്ന് പേരിട്ടുകൊണ്ടാണ് സംഘപരിവാര്‍ ഹുബ്ലിയിലെ ഈദ്ഗാ മൈതാനം പിടിച്ചെടുക്കുവാനുള്ള നിന്ദ്യമായ പരിപാടികള്‍ ആരംഭിക്കുന്നത്. ഹീനമായ പ്രചാരവേലകളിലൂടെ മുസ്ലിങ്ങളെല്ലാം പാക്കിസ്ഥാന്‍ ചാരന്മാരാണെന്ന് വരുത്തിത്തീര്‍ക്കുവാനാണ് ഹിന്ദുത്വവാദികള്‍ പദ്ധതിയിടുന്നത്. ഇന്നത്തെ രീതിയില്‍ വര്‍ഗീയ ധ്രുവീകരണം കര്‍ണാടകയില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ സംഘപരിവാറിനെ സഹായിച്ച സംഭവമായിരുന്നു 1994 ആഗസ്ത് 15ന് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന വെടിവെപ്പും അഞ്ചുപേരുടെ ദാരുണമായ മരണവും. 1993ലെ റിപ്പബ്ലിക്ക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഈദ്ഗാഹ് മൈതാനിയില്‍ കുഴപ്പങ്ങളുണ്ടാക്കുവാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. 1921ല്‍ അന്‍ജുമാന്‍-ഇ-ഇസ്ലാം എന്ന സംഘടന മുനിസിപ്പല്‍ അധികാരികളില്‍നിന്ന് 999 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലമായിരുന്നു ഈദ്ഗാ മൈതാനം. എട്ടോളം പ്രധാന റോഡുകള്‍ ഒത്തുചേരുന്ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതാണ് ഈ മൈതാനം. 1921ല്‍ സമ്പന്ന മുസ്ലിം പ്രമാണിമാരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കായി ഒരു ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ ശ്രമം നടന്നിരുന്നു. ഇതിനെ ഹിന്ദുമതവിശ്വാസികളായ നൂറോളം പേര്‍ ചേര്‍ന്ന് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഈദ്ഗാ തര്‍ക്കം ഉയര്‍ന്നുവന്നത്.

സുപ്രീംകോടതിയില്‍ ഈ കേസ് പരിഗണനക്കിരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ബിജെപി കോണ്‍ഗ്രസ് ബന്ധമുള്ള ചില റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ പ്രശ്നം കത്തിച്ചെടുത്തത്. ഈദ്ഗാ പ്രശ്നം ദേശീയ തലത്തിലൊരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും കര്‍ണാടകയിലെ ബംഗാരപ്പ സര്‍ക്കാറിനെ പുറത്താക്കുവാനുമുള്ള ലക്ഷ്യം വെച്ചാണ് 94-ലെ ആഗസ്ത് 15ന് ബിജെപി പദ്ധതിയിട്ടത്. വര്‍ഗീയ വിഷംചീറ്റലിനും പ്രകോപനങ്ങള്‍ക്കും കുപ്രസിദ്ധയായ ഉമാഭാരതിയെയും ആയിരക്കണക്കിന് മതഭ്രാന്തന്മാരെയും അണിനിരത്തിക്കൊണ്ടാണ് ഈദ്ഗാ മൈതാനിയില്‍ കുഴപ്പങ്ങളുണ്ടാക്കിയത്. ദേശീയപതാക എന്തു വിലകൊടുത്തും ഈദ്ഗായില്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. മൈതാനിയില്‍ പൊലീസ് വലയം ഭേദിച്ച് പതാക ഉയര്‍ത്തുവാന്‍ കഴിയാതെ വന്നതോടെ സംഘപരിവാര്‍ നേതാക്കള്‍ ആള്‍ക്കൂട്ടത്തെ പൊലീസുമായി ഏറ്റുമുട്ടാന്‍ തിരിച്ചുവിടുകയായിരുന്നു. ഇങ്ങനെയാണ് വെടിവെപ്പും അഞ്ചുപേരുടെ മരണവും സംഭവിക്കുന്നത്. കപട ദേശീയവാദികളായ സംഘപരിവാര്‍ സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ പതാക ഉയര്‍ത്തുവാന്‍ ഹിന്ദുക്കള്‍ക്ക് രക്തസാക്ഷിയാവേണ്ടിവന്നുവെന്ന് പ്രചാരണമഴിച്ചുവിടുകയായിരുന്നു. പാകിസ്ഥാന്‍ ചാരന്മാരായ മുസ്ലിങ്ങള്‍ ഈദ്ഗായില്‍ ദേശീയ പതാക ഉയര്‍ത്തുവാന്‍ സമ്മതിച്ചില്ലെന്നും അവരുമായുള്ള ഏറ്റുമുട്ടലിലാണ് ഹിന്ദുക്കള്‍ക്ക് രക്തസാക്ഷികളാവേണ്ടി വന്നതെന്നും നുണപ്രചാരണം നടത്തി കര്‍ണാടകയിലാകെ വര്‍ഗീയ കലാപങ്ങളും മതപരമായ ധ്രുവീകരണവും വളര്‍ത്തിയെടുക്കാനായി സംഘപരിവാര്‍ കരുക്കള്‍ നീക്കി. ഈദ്ഗാ പാകിസ്ഥാനിലാണോ, ഇന്ത്യ മുസ്ലിങ്ങള്‍ക്ക് തീറെഴുതിയോ തുടങ്ങിയ ഭ്രാന്തുപിടിച്ചിരുന്ന ആക്രോശങ്ങളിലൂടെയാണ് പലയിടങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഇത്തരം തീവ്ര മത ദേശീയ വാദപരമായ പ്രചാരണങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലും അനിവാര്യ ഫലമെന്ന നിലയിലുമാണ് ശ്രീരാമസേന അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളും സദാചാര ഗുണ്ടാസംഘങ്ങളും കര്‍ണാടകയില്‍ വളര്‍ന്നുവന്നത്; ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തി അഴിഞ്ഞാടുന്നത്.

ശ്രീരംഗ പട്ടണത്ത് ടിപ്പുസുല്‍ത്താന്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനെതിരെ ഇപ്പോള്‍ സംഘപരിവാര്‍ രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ സമരചരിത്രത്തിലെ രണോത്സുകമായ അധ്യായങ്ങളാണ് ടിപ്പുസുല്‍ത്താന്‍ പോരാട്ടങ്ങള്‍. രാഷ്ട്രം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ടിപ്പുസുല്‍ത്താന്റെ പേരില്‍ ഒരു സര്‍വകലാശാല ശ്രീരംഗപട്ടണത്ത് സ്ഥാപിക്കുന്നത് തീവ്രവാദികളെ സൃഷ്ടിക്കാനാണെന്നാണ് ഹിന്ദുത്വവാദികളും ബിജെപി നേതാക്കളും ആരോപിക്കുന്നത്. ഇങ്ങനെയൊരു സര്‍വകലാശാല സ്ഥാപിക്കുവാന്‍ സമ്മതിക്കുകയില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ കര്‍ണാടകയിലെ സാമൂഹ്യ-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തു വന്നിട്ടുണ്ട്. എല്ലാ വിഷയങ്ങളെയും വര്‍ഗീയവല്‍ക്കരിച്ച് ഹിന്ദുത്വ ധ്രുവീകരണം ശക്തിപ്പെടുത്തുവാനാണ് ബിജെപി നേതാക്കാള്‍ ശ്രമിക്കുന്നത്. അഴിമതിയും ഗ്രൂപ്പ് വഴക്കുംമൂലം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാര്‍ വര്‍ഗീയത അഴിച്ചുവിട്ട് സാമുദായിക വിദ്വേഷം പടര്‍ത്തിയും അതിജീവനതന്ത്രങ്ങള്‍ മെനയുകയാണ്. ബംഗളൂരു സ്ഫോടനക്കേസില്‍ കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ചികിത്സപോലും നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരായ കുറ്റം കര്‍ണാടക പൊലീസ് കെട്ടിച്ചമച്ചതാണെന്ന് എഴുതിപ്പോയ കുറ്റത്തിനാണല്ലോ പത്രപ്രവര്‍ത്തകയായ ഷാഹിനക്കെതിരെ കള്ളക്കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ മുസ്ലിം തീവ്രവാദികളുടെ പേരില്‍ ആരോപിക്കപ്പെട്ട സ്ഫോടന സംഭവങ്ങള്‍ക്കു പിറകിലെല്ലാം സംഘപരിവാര്‍ ആയിരുന്നുവെന്ന് എന്‍ഐഎ തന്നെയാണല്ലോ കണ്ടെത്തിയത്. സംഝോത, മലേഗാവ്, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ കേസുകളില്‍ പങ്കുള്ള മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ എന്‍ഐഎ ഇപ്പോള്‍ കേസില്‍ നിന്നൊഴിവാക്കാനാണ് ശ്രമിക്കുന്നത്.

വ്യാജമൊഴികളുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ സ്ഫോടനക്കേസുകളില്‍പ്പെടുത്തി വര്‍ഷങ്ങളോളം വിചാരണത്തടവുകാരാക്കി പീഡിപ്പിക്കുന്നവര്‍, ഹിന്ദുത്വ ഭീകരവാദികളെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുവാന്‍ മടിച്ചുനില്‍ക്കുകയാണ്. ഹിന്ദുത്വ ഭീകരതയും ഭരണകൂടത്തിന്റെ വിവേചന ഭീകരതയും ന്യൂനപക്ഷങ്ങളെ അരക്ഷിതത്വത്തിലേക്ക് തള്ളിവിടുകയാണ്. ഒരു പ്രത്യേക മതത്തില്‍ ജനിച്ചുവെന്നതുകൊണ്ട് യുവാക്കള്‍ നിഷ്കരുണം വെടിവെച്ചു കൊല്ലപ്പെടുകയും വ്യാജ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് ഭരണകൂടം സ്വയം കണ്ടെത്തുകയും ചെയ്യുന്ന അവസ്ഥ ഭീകരമാണ്. അതേപോലെ കള്ളക്കേസില്‍ നിരപരാധികള്‍ കുടുക്കപ്പെടുന്ന അവസ്ഥയും. ഇന്ത്യന്‍ ഭരണകൂടത്തിന്റെ മതനിരപേക്ഷ നാട്യങ്ങളുടെ യാഥാര്‍ഥ്യത്തെ തുറന്നുകാണിച്ചുകൊണ്ടേ ഭരണകൂടത്തിന്റെ വിവേചന ഭീകരതയെ പ്രതിരോധിക്കാനാവൂ.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 10 ഫെബ്രുവരി 2013

1 comment:

Unknown said...

കുഞ്ഞിക്കന്നാ നിന്റെ പേരോ പേരും നുണ