Thursday, February 21, 2013

പ്രകാശ് ബക്ഷി റിപ്പോര്‍ട്ടും സഹകരണമേഖലയും

അന്തര്‍ദേശീയതലത്തില്‍ സഹകരണപ്രസ്ഥാനത്തിന് പ്രാമുഖ്യമുള്ളതിനാലാണ് കഴിഞ്ഞവര്‍ഷം (2012) ഐക്യരാഷ്ട്രസംഘടന സഹകരണവര്‍ഷമായി പ്രഖ്യാപിച്ചതും അതനുസരിച്ച് ലോകമെമ്പാടും സഹകരണവര്‍ഷം ആചരിച്ചതും. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. സഹകരണ ബാങ്കിങ് മേഖലയായാലും ക്ഷീരമേഖലയായാലും കണ്‍സ്യൂമര്‍ മേഖലയായാലും അതിന്റേതായ സംഭാവന നല്‍കി ഓരോസംസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണായകപങ്കാണ് വഹിക്കുന്നത്. എന്നാല്‍, ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സഹകരണമേഖലയെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് കാണാം. അതിന് ഉദാഹരണമാണ് 2012 ജൂലൈ 23ന് റിസര്‍വ് ബാങ്ക് രൂപീകരിച്ച ഡോ. പ്രകാശ് ബക്ഷി ചെയര്‍മാനായ എക്സ്പര്‍ട്ട് കമ്മിറ്റി. എട്ടുപേരടങ്ങുന്ന കമ്മിറ്റിയില്‍ ആന്ധ്രപ്രദേശ് സഹകരണബാങ്ക് പ്രസിഡന്റ് യാദവല്ലി വിജേന്ദ്രറെഡ്ഡി ഒഴികെ ഏഴുപേരും ഉദ്യോഗസ്ഥരാണ്. കമ്മിറ്റി പ്രധാനമായും പഠനവിധേയമാക്കിയത് ത്രിതല പ്രാഥമിക സഹകരണസംഘങ്ങള്‍ നല്‍കുന്ന ഹ്രസ്വകാല സഹകരണ ക്രെഡിറ്റ് ഘടനയെക്കുറിച്ചാണ്. കൂടാതെ ക്രെഡിറ്റ് കോസ്റ്റ് കുറയ്ക്കുന്നത്, ഇന്നത്തെ ത്രിതലസംവിധാനത്തില്‍നിന്ന് ദ്വിതലസംവിധാനമാക്കുന്നത് തുടങ്ങിയവയെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കമ്മിറ്റി റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്.

കമ്മിറ്റിയുടെ പഠനത്തില്‍, രാജ്യത്ത് പ്രാഥമിക സഹകരണസംഘങ്ങള്‍ നല്‍കുന്ന വായ്പയില്‍ 40 ശതമാനവും ജില്ലാ സഹകരണബാങ്കുകള്‍ നല്‍കുന്ന വായ്പയില്‍ 50 ശതമാനവും കാര്‍ഷികയിതര വായ്പയാണ്. 50 ശതമാനത്തിലധികം വായ്പയും കാര്‍ഷികയിതരമാണെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിന് 30 ശതമാനത്തിനുതാഴെമാത്രമേ വായ്പ നല്‍കുന്നുള്ളൂ. ഇത് പ്രാഥമികസംഘങ്ങള്‍ക്ക് നല്‍കിയ ഉത്തരവാദിത്തത്തില്‍നിന്നുള്ള വ്യതിചലനമായി കമ്മിറ്റി കണ്ടെത്തി. 58 സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള മൂലധനംപോലും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍, കാര്‍ഷികവായ്പ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ബാങ്കുകളെ അര്‍ബന്‍ ബാങ്കുകളായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം സാങ്കേതികവിദ്യ സ്വായത്തമാക്കല്‍, മാനവശേഷിവികസനം തുടങ്ങിയവയ്ക്ക് സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കുകളും ശ്രമിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, ജീവനക്കാര്‍ പ്രത്യേക പരിശീലനം നേടിയെടുക്കണമെന്നും അത് അനുസരിച്ചുള്ള പരീക്ഷ പാസായെങ്കില്‍മാത്രമേ ഇന്‍ക്രിമെന്റിനും പ്രൊമോഷനും അര്‍ഹതയുള്ളൂവെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. സഹകരണ തെരഞ്ഞെടുപ്പ് കമീഷന്‍ രൂപീകരണം സംബന്ധിച്ചും കമ്മിറ്റി ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വളരെമുമ്പേ രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ ജില്ലാസഹകരണബാങ്കുകളുടെ സേവനദാതാക്കളായിമാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പ്രധാന ശുപാര്‍ശ. കേരളത്തില്‍ മെച്ചപ്പെട്ട നിലയിലാണ് ഇന്ന് പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അറുപതിനായിരത്തോളം ജീവനക്കാര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉത്സവകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന വിലനിയന്ത്രണസ്റ്റോറുകളും പ്രാഥമികസംഘങ്ങള്‍ മുഖാന്തരം നടത്തുന്നു. ഇത്തരം സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ നിര്‍ത്തണമെന്നതിലെ ഔചിത്യം എന്താണ്? പ്രാഥമിക വായ്പാ സഹകരണസംഘങ്ങളില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ജില്ലാ സഹകരണബാങ്കിന്റെ നിക്ഷേപരസീത് നല്‍കണമെന്ന് ശുപാര്‍ശചെയ്തിട്ടുണ്ട്. പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ നല്‍കുന്ന വായ്പകളെ ജില്ലാ സഹകരണബാങ്കിന്റെ വായ്പകളായി പരിഗണിക്കണമെന്നാണ് പ്രകാശ് ബക്ഷിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശചെയ്യുന്നത്. കേരളത്തില്‍ പ്രാഥമിക സഹകരണബാങ്കുകളില്‍ ഏകദേശം 32,000 കോടി രൂപ നിക്ഷേപമുണ്ട്. നാളിതുവരെ ഇതിന്റെ സുരക്ഷിതത്വത്തിന് ഭീഷണി നേരിട്ടിട്ടില്ല. കൂടാതെ സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയുമുണ്ട്. പരിഷ്കരണംവഴി ഗ്രാമീണരെയും കര്‍ഷകരെയും ജില്ലാ സഹകരണബാങ്കുകളുടെ അംഗങ്ങളാക്കി മാറ്റാമെന്നാണ് സമിതിയുടെ മറ്റൊരു കണ്ടെത്തല്‍. കേരളത്തില്‍ ജില്ലാ സഹകരണബാങ്കുകളില്‍ വ്യക്തികള്‍ക്ക് അംഗത്വമില്ല; പ്രാഥമിക സഹകരണസംഘങ്ങള്‍ക്കുമാത്രമാണ് അംഗത്വമുള്ളത്. നബാര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ പ്രാവര്‍ത്തികമാക്കിയാല്‍ കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളുടെയും അംഗത്വഘടന മാറേണ്ടിവരും. ഇത് ഭരണതലത്തിലും ജീവനക്കാരെ വിന്യസിക്കുന്നതിലും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. ജില്ലാ സഹകരണബാങ്കുകളുടെ വായ്പ പ്രാഥമിക സഹകരണസംഘങ്ങള്‍വഴി നല്‍കുന്നതിന് 1-1.5 ശതമാനം കമീഷന്‍ ജില്ലാ സഹകരണബാങ്കുകള്‍ക്ക് നല്‍കണമെന്നും സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്.

ഇപ്പോള്‍ സ്വന്തം നിക്ഷേപം ഉപയോഗിച്ച് പ്രാഥമിക സഹകരണസംഘങ്ങള്‍ നല്‍കുന്ന വായ്പകളില്‍ നാല് ശതമാനം പലിശ മിച്ചമുണ്ടായിട്ടും കേരളത്തിലെ പകുതിയിലധികം സംഘങ്ങള്‍ നഷ്ടത്തിലാണ്. ആ നിലയ്ക്ക് പ്രകാശ് ബക്ഷി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ അത് കേരളത്തിലെ സഹകരണമേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ജില്ലാ സഹകരണബാങ്കുകള്‍ക്ക് നാല് ശതമാനം മൂലധനപര്യാപ്തത കൈവരിച്ച് ആര്‍ബിഐ ലൈസന്‍സ് നേടാന്‍ 2013 മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്നും സമിതിയുടെ ശുപാര്‍ശകളിലുണ്ട്. കേരളത്തിലെ പതിനായിരക്കണക്കിന് സഹകാരികളും ജീവനക്കാരും വര്‍ഷങ്ങളോളം പ്രയത്നിച്ച് വളര്‍ത്തിയ സഹകരണ ക്രെഡിറ്റ് മേഖലയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ സമര്‍പ്പിച്ചിട്ടുള്ള ഡോ. പ്രകാശ് ബക്ഷി റിപ്പോര്‍ട്ട് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്.

*
ഇ നാരായണന്‍ ദേശാഭിമാനി 21 ഫെബ്രുവരി 2013

No comments: