Thursday, February 28, 2013

തൊഴിലാളി സമരം വികസനത്തിന് തടസ്സമോ?

പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്ര വിജയമായി. സാര്‍വദേശീയ തൊഴിലാളി സംഘടനകളായ ഡബ്ല്യുഎഫ്ടിയു, ഐസിടിയു എന്നിവയും ബ്രിട്ടണ്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളും പണിമുടക്ക് വിജയിപ്പിച്ച ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ അനുമോദിച്ച് സന്ദേശമയച്ചു. ഒന്നേകാല്‍ കോടിയിലധികം തൊഴിലാളികളാണ് കേരളത്തില്‍ പണിമുടക്കില്‍ അണിചേര്‍ന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരമായിരുന്നു ഇത്. കര്‍ഷകരും, ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് ഈ പണിമുടക്ക് എത്രമാത്രം ന്യായമായിരുന്നു എന്നതിന്റെ വിളംബരമാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവില്‍ സമരത്തെ അനുകൂലിച്ചു. പല പത്രങ്ങളും സമരത്തെ അനുകൂലിച്ച് മുഖ്യപ്രസംഗമെഴുതി. എന്നാല്‍, ഐതിഹാസികമായ ഈ പണിമുടക്ക് മലയാള മനോരമയെ വിറളിപിടിപ്പിച്ചു എന്ന് കരുതാവുന്ന വിധത്തിലാണ് അവരുടെ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്. പണിമുടക്ക് ഏറ്റവും ശക്തമായത് കേരളത്തിലായിരുന്നു എന്നും, അത് സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് ഹാനിവരുത്തി എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍. ഏത് സമരത്തെയും "രാഷ്ട്രീയ പ്രേരിതം" എന്ന് മുദ്രകുത്തി ആക്ഷേപിക്കാറുള്ള മനോരമയ്ക്ക് ഇത്തവണ അതിനവസരം ലഭിച്ചില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പണിമുടക്കില്‍ പങ്കെടുത്തതുകൊണ്ടാണ് മാനോരമയ്ക്ക് പതിവ് വിമര്‍ശം ഉയര്‍ത്താന്‍ കഴിയാതെ പോയത്. അതിന്റെ രോഷം മുഴുവന്‍ തീര്‍ത്തത് പണിമുടക്കിനെ അടച്ചാക്ഷേപിച്ചാണ്. എന്നാല്‍, പണിമുടക്കിനാധാരമായി ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യം ന്യായമല്ലെന്ന് പറയാന്‍ മനോരമയ്ക്കും സാധിച്ചില്ല. വിദേശ-സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക മാത്രമാണ് വികസനത്തിനുള്ള പോംവഴി എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ പറയുന്നത്. അതിന് എല്ലാരംഗത്തും സര്‍ക്കാര്‍ നിയന്ത്രണം നീക്കുകയും ഉദാരസമീപനം കൈക്കൊള്ളുകയും വേണമെന്നവര്‍ വാദിക്കുന്നു.

നിക്ഷേപകരുടെ ലാഭനിരക്കില്‍ ഇടിവ് തട്ടുന്ന ഒന്നും ചെയ്തുകൂടാ. രാജ്യത്തിന്റെ നികുതി ഘടനപോലും, നിക്ഷേപകര്‍ക്കനുകൂലമായി മാറ്റുന്നത് ഈ അടിസ്ഥാനത്തിലാണ്. തൊഴില്‍ നിയമങ്ങള്‍ മൂലധന ശക്തികള്‍ക്കനുകൂലമായി മാറ്റി, തൊഴില്‍ കമ്പോളം അയവേറിയതാക്കുക എന്നതും ആ നയത്തിന്റെ ഭാഗമാണ്. സ്ഥിരം ജോലികള്‍ കുറച്ച് കരാര്‍ സമ്പ്രദായവും പുറംജോലികളും വ്യാപകമാക്കുക, ട്രേഡ് യൂണിയനുകളെ ദുര്‍ബലമാക്കുക തുടങ്ങിയ ആശയങ്ങളും ഉയര്‍ന്നുവരുന്നു. തൊഴിലാളി ക്ഷേമപദ്ധതികള്‍ ദുര്‍ബലമാക്കുകയും യഥാര്‍ഥ വേതനം കുറയ്ക്കുകയും ചെയ്യുന്നു. മുതലാളിത്ത ലോകത്താകെ കണ്ടുവരുന്ന പ്രവണതയാണിത്. ഈ നയങ്ങളില്‍ പൊറുതിമുട്ടിയാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. മനുഷ്യപുരോഗതിക്കും സമ്പദ്ഘടനയുടെ വികസനത്തിനും ഏക പോംവഴി നവ ഉദാരവല്‍ക്കരണമാണെങ്കില്‍, ഈ നയങ്ങള്‍ കഴിഞ്ഞ രണ്ട് ദശകകാലം നിര്‍ബാധം നടപ്പാക്കിയ രാജ്യങ്ങളില്‍ എങ്ങനെയാണ് സാമ്പത്തിക കുഴപ്പം പൊട്ടിപ്പുറപ്പെട്ടത്? 2008ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക കുഴപ്പത്തിന്റെ വ്യാപ്തി പറയേണ്ടതില്ലല്ലോ. യൂറോപ്പിനെയാകെ പിടികൂടിയ സാമ്പത്തിക കുഴപ്പം 1930 കളിലെ ലോകമുതലാളിത്ത സാമ്പത്തിക കുഴപ്പത്തിന് സമാനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം ഈ കുഴപ്പത്തില്‍നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തകര്‍ന്നു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അടുത്തകാലത്തൊന്നും പ്രതിസന്ധിയില്‍നിന്നും കരകയറാനാവില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കാലത്ത് സമ്പത്ത് ഒരുപിടി കുത്തകകളുടെ കൈയിലമര്‍ന്നു, ഭൂരിപക്ഷം ജനങ്ങളും പാപ്പരായി. അവരുടെ ശബ്ദമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന് കേട്ടത്- ""ഞങ്ങള്‍ 99 ശതമാനം; സമ്പത്ത് മുഴുവന്‍ കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം പേര്‍"". ഈ നയത്തിന് വേണ്ടിയാണ് മനോരമ വാദിക്കുന്നത്. വിദേശ നിക്ഷേപങ്ങള്‍ക്കായി നയങ്ങള്‍ ഉദാരവല്‍ക്കരിച്ച് എല്ലാ വാതിലുകളും തുറന്ന് കൊടുത്തിട്ടും ഉല്‍പ്പാദന മേഖലയില്‍ നാമമാത്ര നിക്ഷേപമാണ് വന്നത്. വളരെ വേഗം ലാഭം നേടാവുന്ന ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യാപാര മേഖലകളിലേക്കാണ് വിദേശ മൂലധനശക്തികള്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ- സ്വകാര്യ മേഖലാ വ്യവസായങ്ങളുടെ ഓഹരികള്‍ വാങ്ങി അവയെ കൈയടക്കാനും ശ്രമം നടക്കുന്നു. ഇതുകൊണ്ട് ഒരു തൊഴിലും വര്‍ധിക്കുന്നില്ല. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസംഘടന നടത്തുകവഴി ഉള്ള തൊഴില്‍ കുറയുകയാണ് ചെയ്യുന്നത്. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം രാജ്യത്ത് ഒരു പുതിയ സമ്പത്തും സൃഷ്ടിക്കില്ല. പകരം, ലാഭം വിദേശത്തേക്കൊഴുകുമ്പോള്‍ രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം ചുരുങ്ങും. മറ്റൊരു വിദേശനാണയ പ്രതിസന്ധിയായി മാറാനും സാധ്യതയുണ്ട്.

രണ്ടുപതിറ്റാണ്ടു കാലത്തെ നമ്മുടെ അനുഭവം എന്താണ്? ദേശസാല്‍ക്കരണത്തിന് ശേഷം അഭൂതപൂര്‍വമായ വളര്‍ച്ച നേടിയ ബാങ്കിങ് മേഖലയും രാഷ്ട്രത്തിന്റെ വികസനത്തിന് മികച്ച സംഭാവന നല്‍കിയ ഇന്‍ഷുറന്‍സ് മേഖലയും വിദേശ-നാടന്‍ കുത്തകകള്‍ക്ക് തീറെഴുതി. രാജ്യത്തിന്റെ സമ്പത്തായ കല്‍ക്കരി, ഇരുമ്പയിര്‍, പ്രകൃതിവാതകം തുടങ്ങിയവ കോര്‍പറേറ്റ് കൊള്ളയ്ക്ക് തുറന്നിട്ടു. പേറ്റന്റ് നിയമം ഭേദഗതി ചെയ്ത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവച്ചു. മഹാരത്ന, നവരത്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ചുളുവിലയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് കൈയടക്കാന്‍ അവസരമുണ്ടാക്കി. നയരൂപീകരണത്തില്‍ സാമ്രാജ്യത്വ മൂലധന ശക്തികള്‍ കൈകടത്തുന്നു. ഈ നയങ്ങള്‍ക്കെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍പോലും കേട്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പണിമുടക്കാണോ കേരളത്തിന്റെ വികസനത്തിന് തടസ്സം? യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏത് പദ്ധതിയാണ് കേരളത്തില്‍ വന്നത്? കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി എപ്പോള്‍ നിര്‍മാണം തുടങ്ങുമെന്നുപോലും വ്യക്തമല്ല.

റായ്ബറേലിയില്‍ കോച്ച് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഒരു വികസനവും നടന്നില്ല. കേരളത്തിനനുവദിച്ച ഫണ്ടുകള്‍ തമിഴ്നാട്ടിലാണ് ചെലവഴിച്ചത് എന്ന വാര്‍ത്ത പുറത്തുവരുന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് ഒരു പുതിയ പദ്ധതിയും രൂപം കൊണ്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ യൂണിറ്റുകള്‍ സംസ്ഥാനത്ത് വന്നു. യുഡിഎഫ് ഭരണകാലത്ത് ഒരു സ്ഥാപനംപോലും വന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമൂഹ്യ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇതെല്ലാം ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന പണിമുടക്ക് മൂലമാണോ? കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആരാണ് നിക്ഷേപം നടത്തുക? കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരള വഴി എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് വന്നത്?

തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വവും ഐഎഎസുകാരായ ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിലപാടില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതും വര്‍ധിച്ചുവരുന്ന അഴിമതിയും സംസ്ഥാനത്തിനുണ്ടാക്കിയ പ്രതിച്ഛായ ആശാവഹമാണോ? ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ തരം കിട്ടുമ്പോള്‍ തൊഴിലാളി സമരത്തെ അധിക്ഷേപിക്കുന്നത്, തങ്ങളുടെ വര്‍ഗസ്വഭാവം വിളിച്ചോതുന്നതാണ്. സാമ്പത്തികാവശ്യങ്ങള്‍ക്ക് പുറമെ വിലക്കയറ്റംപോലെ ജനങ്ങളെ ആകെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇത് തൊഴിലാളിവര്‍ഗത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തെയാണ് വെളിവാക്കുന്നത്. തികച്ചും ദേശാഭിമാനപരമായ പോരാട്ടമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയത്. അതിനാലാണ് അനിതരസാധാരണമായ ഐക്യം ഈ സമരത്തിലുണ്ടായത്. മൂലധന ശക്തികളുടെ ആധിപത്യത്തിനെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തിയ വെല്ലുവിളിയില്‍, മലയാള മനോരമ പോലുള്ള കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് നീരസം തോന്നിയത് സ്വാഭാവികം മാത്രം.

*
എളമരം കരീം ദേശാഭിമാനി 28 ഫെബ്രുവരി 2013

2 comments:

Unknown said...
This comment has been removed by the author.
Unknown said...

പണിമുടക്കിലൂടെ പുരോഗതിയിലേക്ക്!!

സാമ്പത്തിക മേഖല സ്തംഭിച്ചു
വ്യവസായ,ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലകള്‍ പ്രവര്‍ത്തിച്ചില്ല
ഇരുപത്തയ്യായിരം കോടി രൂപയുടെ ചെക്ക് ഇടപാടുകള്‍ മുടങ്ങി
എണ്ണ ശുദ്ധീകരണ ശാലകളും കല്കരി കനികളും സ്തംഭിച്ചു
അലഹബാദില്‍ കുംഭ മേളക്കെത്തിയ പതിനായിരങ്ങള്‍ വാഹനം കിട്ടാതെ നട്ടം തിരിഞ്ഞു
പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ ജോലിക് ഹാജരായില്ല
കേരളം മൊത്തം നിശ്ചലമായി.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഹങ്ങള്‍ കട കമ്പോളങ്ങള്‍ തുടങ്ങിയവ ഒന്നും പ്രവര്‍ത്തിച്ചില്ല
വിമാന യാത്രക്കാര്‍ വലഞ്ഞു
ഇന്നലെ കൊച്ചിയില്‍ നിന്ന്ദുബൈയിലേക്ക് വന്ന വിമാനത്തില്‍ ആകെ നാലഞ്ചു പേരാണ് ഉണ്ടായിരുന്നത്
ട്രെയിനുകള്‍ യാത്രക്കരില്ലാതെ ഓടി
പാല്‍ വിതരണം നടക്കാത്തത് കൊണ്ട് അവ മുഴുവനും ഓടയില്‍ ഒഴുക്കി കളഞ്ഞു

ഇനിയുമുണ്ട് ഒരു പാട് മഹിമകള്‍
നമ്മുടെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ചെയ്യുന്ന രാജ്യ സേവനം
വിശദീ കരിക്കുവാന്‍ പേജുകള്‍ അനവധി വേണ്ടിവരും

പണിമുടക്കിയ ദിവസത്തെ ശംബളവും വേണ്ട എന്ന് പറയാന്‍ ഈ തൊഴിലാളി സ്നേഹികള്‍ തയ്യാറാവുമോ?
എങ്കില്‍ എത്ര പേര്‍ ഉണ്ടാവും ഈ സംഘടനകളില്‍.
രാജ്യത്തിന്‌ എന്ത് നഷ്ടം വരുത്തി വച്ചാലും തങ്ങള്‍ക്കു പ്രശ്നം ഇല്ല, തങ്ങളുടെ താല്പര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി എന്ന നിലപാട് അല്ലെ ഇവര്‍ക്ക് ഉള്ളത് . ഇത്രയും ഭീമമായ നഷ്ടം ഉണ്ടാക്കി വച്ചിട്ട് അവസാനം എന്താണ് നേടിയത്.
അവധി ദിവസങ്ങളില്‍ കൂടി ജോലി എടുത്തു രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ സംഘടനകള്‍തയ്യാറാവുമോ?
അതല്ലേ പണിമുടക്കിനെക്കാള്‍ കൂടുതല്‍ നല്ല സമരം. എങ്കില്‍ നാട്ടിലെ സകല മേഖലകളും കൂടുതല്‍ ഉണരുകയും സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകയും അങ്ങനെ തൊഴിലാളികള്‍ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുകയും ചെയ്യും . അല്ലാതെ പണിമുടക്കിയാല്‍ നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തില്‍ ആവുകയായിരിക്കും ഫലം.

കേരളതിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്ന ഈ ഗള്‍ഫ്‌ പണത്തിനു പിന്നില്‍ ഒരുപാട് പ്രവാസി മലയാളികളുടെ വിയര്പിന്‍റെ തീഷ്ണ ഗന്ധവും വിരഹത്തിന്റെ നിശ്വാസവും വേര്‍പാടിന്റെ കണ്ണുനീരിന്റെ
ഉപ്പു രസവും ഉണ്ട്.
ദിവസം എട്ടു മുതല്‍ പതിനാല് മണിക്കൂര്‍ ജോലി
ആഴ്ചില്‍ ഒരു അവധി പോലുമില്ലാതെ
രാവിലെ ജോലിക്ക് പോകുന്നു രാത്രി മടങ്ങി വന്നു ഭക്ഷണം സ്വന്തമയി പാകം ചെയ്യുന്നു ,കിടന്നുറങ്ങുന്നു.
അറുനൂറു മുതല്‍ ആയിരമോ ആയിരത്തി ഇരുനൂറോ ദിര്‍ഹം സമ്പളം വാങ്ങുന്നവര്‍ ആണ് മിക്ക ആളുകളും
രണ്ടു മാസം അവധിക്കു നാട്ടില്‍ നില്ക്കാന്‍ ഉള്ള ബാലന്‍സ് പോലും കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍
അങ്ങനെ ഒരു വര്ഷം അല്ലങ്കില്‍ രണ്ടോ മൂന്നോ വര്ഷം ജോലിക്ക് വേണ്ടി മാത്രം ജീവിച്ചു ഒന്നോ രണ്ടോ മൂന്നോ മാസം നാട്ടില്‍ അവധിക്കു പോകുന്നു . എങ്ങനെ ജീവിതത്തിന്റെ നല്ല ഭാഗവും ഗള്‍ഫില്‍ ചിലവഴിക്കുന്ന ഇവര്‍ക്ക്അവസാനം എല്ലാം അവസാനിപ്പിച്ച്‌ വരുമ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല .
പങ്കാളിത്ത പെന്‍ഷന്‍ പോലും ലഭിക്കാന്‍ അര്‍ഹത ഉള്ളവരായി അവരെ ആരും കാണുന്നില്ല

ഇവിടെ തൊഴിലാളി സമരങ്ങള്‍ ഇല്ല .
വാഹനത്തിനു കല്ലെരിയെലോ സ്വന്തം തൊഴില്‍ സ്ഥാപനം അടപ്പിക്കാലോ ഇല്ല
സര്‍ക്കാര്‍ വാഹങ്ങള്‍ സമരത്തിന്റെ പേരില്‍ ച്ചുട്ടെരിക്കല്‍ ഇല്ല
ജോലി ചെയ്യാതെ ശമ്പളം വാങ്ങല്‍ ഇല്ല . ഏതു സംരംഭകനും ധൈര്യമായി ഒരു സ്ഥാപനം തുടങ്ങുവാന്‍ ഇവിടെ പ്രയാസമില്ല. അവകാശങ്ങള്‍ മാത്രം നോക്കുന്ന , ഉത്തരവാദിതങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാത്ത കുറെ കൊടി പിടുത്തക്കാരെ ഇവിടെ കാണാന്‍ സാധ്യമല്ല.


ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടുതല്‍ പുരോഗതി യില്‍ നിന്നും പുരോഗതി യിലേക്ക് മുന്നേറുന്നത് കേവല എണ്ണ സമ്പത്ത് കൊണ്ടല്ല . ഇവിടുത്തെ തൊഴില്‍ സംസ്കാരം കൊണ്ട് കൂടിയാണ് . നമ്മുടെ വലിയ രാജ്യത്തു നിന്നും ആളുകള്‍ ജോലി അനോഷിച്ചു ഈ എത്രയോ ചെറിയ ഗള്‍ഫ്‌ രാജ്യങ്ങളില്‍ എത്തിപ്പെടാന്‍ എന്താണ് കാരണം .
ശമ്പളം വാങ്ങി പണിമുടക്കുകയും വിരമിച്ച ശേഷവും തുടരുന്ന ആനുകൂല്യങ്ങള്‍ മതിയാവാതെ വീണ്ടും സമരത്തില്‍ ഏര്‍പെടുകയും ചെയ്യുന്ന തൊഴിലാളി സങ്ങടനകള്‍ ഉള്ള നമ്മുടെ നാട്ടില്‍ എന്തു പുരോഗതി ആണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ തൊഴിലാളികള്‍ ഒരു പാട് ചൂഷണം ചെയ്യപ്പെട്ടിരുന്ന ഒരു കലഗട്ടത്തില്‍ ഉത്ഭവിച്ച ഈ സങ്ങടനകള്‍ക്ക് ഇന്നു ചെയാനുള്ള പണി തങ്ങളുടെ മെമ്പര്‍മാര്‍ക്ക് കൂടുതലായി ജോലി ചെയ്യാനും തങ്ങളുടെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുവാനും പഠിപ്പിക്കുക എന്നതാണ് .
അല്ലങ്കില്‍ ഈ തൊഴിലാളി സംഘടനകള്‍ പിരിച്ചു വിടുക . എങ്കില്‍ രാജ്യത്തിന്‍റെ പുരോഗതിക്കു വിലങ്ങു തടിയായില്ല എന്നെങ്കിലും സമാധാനിക്കാം .
അതല്ല എങ്കില്‍ ഈ വണ്ടി അധികകാലം ഓടില്ല, ഉറപ്പ്.

www.chilacheriyakaryangal.blogspot.ae/