Tuesday, February 26, 2013

സഹകരണ ബാങ്കിംഗിന്റെ ഘടനാമാറ്റം അപകടകരം

കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല രാജ്യത്തെ ഏറ്റവും ശക്തവും മാതൃകാപരവുമാണ്. ആ സഹകരണ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന നടപടികളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ പിരിച്ചുവിട്ടു. ജില്ലാ സഹകരണ ബാങ്കുകളില്‍ ആയിരക്കണക്കിന് കടലാസ് സംഘങ്ങള്‍ക്ക് അംഗത്വം നല്‍കി. ഈ പുതുക്കിയ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുത്തു. ഇതോടൊപ്പം വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഭരണഘടനാ ഭേദഗതി ബില്ലിന്റെയും അടിസ്ഥാനത്തില്‍ സഹകരണ മേഖലയ്ക്ക് ദോഷം വരുത്തുന്ന സഹകരണ ഭേദഗതി നിയമം പാസാക്കി.

സഹകരണരംഗത്ത് ഓരോ മേഖലയ്ക്കും പ്രാഥമിക സംഘങ്ങളും സംസ്ഥാനതലത്തില്‍ ഫെഡറേഷനുകളും ഉണ്ട്. ഉദാഹരണത്തിന് ലാന്‍ഡ് മോര്‍ട്ട്‌ഗേജ് പ്രാഥമിക ബാങ്കുകളും അവരുടെ സംസ്ഥാനതല ഫെഡറേഷനായ ലാന്‍ഡ് ഡവലപ്‌മെന്റ് ബാങ്കും ഉണ്ട്. ഇതുപോലെ തന്നെ കൈത്തറി തുടങ്ങി വിവിധ മേഖലകളില്‍ പ്രാഥമിക സംഘങ്ങളും സംസ്ഥാനതലത്തില്‍ കേന്ദ്ര സംഘങ്ങളും ഉണ്ട്. വായ്പാരംഗത്ത് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ജില്ലാ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളായും സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ അംഗങ്ങളുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ ഈ പ്രസ്ഥാനം വളരെ ശക്തി പ്രാപിച്ചു. പ്രത്യേകിച്ചും 1976 ലെ നിക്ഷേപ സമാഹരണം മുതല്‍. 1973 മുതല്‍ 1980 ല്‍ രാജിവച്ചൊഴിയുന്നതുവരെ സംസ്ഥാന സഹകരണ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു ഞാന്‍. 1975 ല്‍ സംസ്ഥാനത്തെ ഒരു സര്‍വീസ് സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. അന്ന് കടങ്ങളൊക്കെ എഴുതി തള്ളുന്ന കേന്ദ്രനിയമം വന്നപ്പോള്‍ സാധാരണക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കഴിയില്ലായിരുന്നു.

സഹകരണ പ്രസ്ഥാനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തടസങ്ങള്‍ നീക്കി നിക്ഷേപസമാഹരണം ആരംഭിക്കണമെന്ന തീരുമാനം നടപ്പിലാക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം. ഉദാഹരണത്തിന് സര്‍വീസ് സഹകരണ സംഘമെന്നപേര് ബൈലേ അനുസരിച്ച് സര്‍വീസ് സഹകരണ ബാങ്ക് എന്നാക്കണം. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും കൗണ്ടര്‍ സ്ഥാപിക്കണം. പ്രത്യേകം ക്യാഷ്യറെ നിയമിക്കണം. നിക്ഷേപകര്‍ക്ക് പാസ് ബുക്കും ചെക്കും നിര്‍ബന്ധമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ തന്നെ തയ്യാറാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും സഹകരണ മന്ത്രിയായിരുന്ന ബേബിജോണിനും സമര്‍പ്പിച്ചു. അത് അവര്‍ അംഗീകരിച്ച്, നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സഹകരണ രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ ജയചന്ദ്രന് നല്‍കി. നിരവധി തവണ ജില്ലാ ബാങ്കുകളുടെ ഭരണ സമിതിയോഗങ്ങള്‍ എന്റെകൂടി സാന്നിധ്യത്തില്‍ ചേര്‍ന്നു. മിക്ക പ്രാഥമിക സഹകരണ സംഘങ്ങളുടെയും ഭരണസമിതി യോഗങ്ങളില്‍ ഞാനും സംബന്ധിച്ചു. നിക്ഷേപ സമാഹരണത്തിന് ആരും എതിരല്ലായിരുന്നു. എന്നാല്‍ ലക്ഷ്യം കൈവരിക്കാനാവുമോ എന്ന സംശയമായിരുന്നു എല്ലാവരിലും. ത്രിതല സഹകരണവായ്പ മേഖലയില്‍ ഒരുമാസംകൊണ്ട് 20 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ പൂതക്കുളം സഹകരണസംഘത്തിലായിരുന്നു നിക്ഷേപ സമാഹരണത്തിന്റെ ഉത്ഘാടനം. മുഖ്യമന്ത്രി സി അച്യുതമേനോന്‍ ഉദ്ഘാടകനും സഹകരണ മന്ത്രി ബേബിജോണ്‍ അധ്യക്ഷനുമായിരുന്നു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ചേര്‍ന്ന് 26 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. അവിടെ നിന്നാരംഭിച്ച സഹകരണ നിക്ഷേപം ഇന്ന് സഹകരണ ബാങ്കിംഗ് മേഖലയില്‍ 70,000 കോടിക്കടുത്ത് എത്തി നില്‍ക്കുന്നു. ഇത് വര്‍ധിച്ചുവരികയാണ്.

ഇന്നത്തെ പ്രശ്‌നമെന്താണ്? ഈ വിഭവശേഷി കേരളത്തിന്റെ വികസനത്തില്‍ ലക്ഷ്യബോധത്തോടെ എങ്ങനെ വിനിയോഗിക്കാം? ഈ വിഭവശേഷി ഉപയോഗിച്ച് സഹകരണ മേഖലയിലൂടെ കാര്‍ഷിക-വ്യാവസായിക-തൊഴില്‍ രംഗങ്ങളെ എങ്ങനെ പരിപോക്ഷിപ്പിക്കാം? ഇതിന് നേതൃത്വപരമായ പങ്ക് വഹിക്കാനാണ് സഹകരണ മേഖലയും സര്‍ക്കാരും ശ്രമിക്കേണ്ടത്. എന്നാല്‍ അതിനുപകരം ഈ വിഭവശേഷി സമാഹരിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാനാണ് റിസര്‍വ് ബാങ്കും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കുന്നത്.
അര്‍ഹതയുള്ള ഏതെങ്കിലും ഒരു സഹകരണ സംഘത്തിന് ജില്ലാ സഹകരണ ബാങ്കുകളോ സംസ്ഥാന സഹകരണ ബാങ്കോ വായ്പ നിഷേധിച്ചിട്ടുണ്ടോ? അങ്ങനെയൊരു പരാതി ലഭിച്ചിട്ടുണ്ടോ? ഇന്നുവരെ അങ്ങനെയൊരു പരാതി കേട്ടിട്ടില്ല. പിന്നെന്തിനാണ് സഹകരണ ബാങ്കിംഗ് മേഖലയെ ഇല്ലാതാക്കുന്നത്? വ്യവസായങ്ങളില്‍ കമ്പനി നിയമം പോലെ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളില്‍ ഓഹരി അനുസരിച്ച് വോട്ട് അവകാശം നല്‍കണമെന്നൊരു നിര്‍ദ്ദേശം ഞാന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചു. സ്ഥാപനത്തിന്റെ സുരക്ഷയും നിക്ഷേപകരുടെ താല്‍പര്യവുമായിരുന്നു ഈ ആശയത്തിന്റെ ലക്ഷ്യം. എന്നാല്‍ ഒരു സഹകരണ ബാങ്കും ഇത് അംഗീകരിച്ചില്ല.

1980 വരെ സഹകരണ ബാങ്കിംഗ് മേഖലയില്‍ വായ്പ വിതരണം നടത്തി വന്നിരുന്നത് സഹകരണ സംഘങ്ങള്‍ മാത്രമായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും മാത്രമേ വായ്പ നല്‍കിയിരുന്നുള്ളു. ഇതിന് പ്രധാനകാരണം സംസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നും വ്യക്തികളോ സ്ഥാപനങ്ങളോ വായ്പക്ക് അപേക്ഷിച്ചാല്‍, അത് പരിശോധിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനം സംസ്ഥാന സഹകരണ ബാങ്കിന് ഉണ്ടായിരുന്നില്ല. അതുപോലെ ജില്ലാ സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കോ സഹകരണ സംഘങ്ങള്‍ അല്ലാത്ത സ്ഥാപനങ്ങള്‍ക്കോ വായ്പ നല്‍കിയിരുന്നില്ല. 1980 ല്‍ ഞാന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതുവരെ ഈ നയം കര്‍ശനമായി നടപ്പാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കുകളും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ തുടങ്ങി. ഇത് കിട്ടാക്കടങ്ങള്‍ വരുത്തിവച്ചു.

ജില്ലാ ബാങ്കുകളുടെ സാമ്പത്തികശേഷിയുടെ പ്രധാന ഉറവിടം പ്രാഥമിക വികസന ബാങ്കുകളാണ്. ജില്ലാ ബാങ്കുകളുടെ ഓഹരി മൂലധനത്തിന്റെ സിംഹഭാഗവും പ്രാഥമിക വികസന ബാങ്കുകളുടെതാണ്. ജില്ലാ ബാങ്കുകളുടെ നിക്ഷേപത്തില്‍ പ്രധാനപങ്ക് പ്രാഥമിക വികസന ബാങ്കുകളുടെ നിക്ഷേപമാണ്. പ്രാഥമിക വികസന ബാങ്കുകളുടെ കരുതല്‍ ധനവും മറ്റും ജില്ലാ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ അത് ബാധിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെയായിരിക്കും.

പ്രാഥമിക സഹകരണ ബാങ്കുകളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും വിഭവശേഷി വര്‍ധിച്ചപ്പോള്‍ നിക്ഷേപം അധികമായി അത് എന്തുചെയ്യണമെന്ന് വ്യക്തമായ നയം ഇല്ലാതെ സഹകരണ ബാങ്കിംഗ് മേഖല ഒരു പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖല ഇന്ന് ആവശ്യപ്പെടുന്നത് സമഗ്രമായൊരു യന്ത്രവല്‍ക്കരണമാണ്. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ആദായകരമായ വില ലഭിക്കാന്‍ ഉതകുന്ന ആധുനിക വിപണന സംവിധാനവും കൂടിയേതീരു.

ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ വര്‍ധിച്ചുവരുന്ന വിഭവശേഷി ഇതിനായി വിനിയോഗിക്കണം. ഇതിനാവശ്യമായ സംഘടനാരൂപം ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ കൊണ്ടുവരണം. കാര്‍ഷിക മേഖലയുടെ വികസനത്തിന് സഹകരണ ബാങ്കിംഗ് രംഗത്തെ വിഭവശേഷി വിനിയോഗിക്കാതെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളുടെ ഭരണസമിതികളില്‍ മാറ്റം വരുത്തുന്നത് അപകടകരമാണ്.

ഗ്രാമീണ വികസനത്തിന്, പ്രത്യേകിച്ച് കാര്‍ഷിക വികസനത്തിന്, വിഭവശേഷി വിനിയോഗിക്കുക എന്ന ലക്ഷ്യം നേടാനാണ് സഹകരണ ബാങ്കിംഗ് മേഖലയുടെ ഘടനയില്‍ മാറ്റം വരുത്തിയത്. നിക്ഷേപ സമാഹരണം ആരംഭിച്ചപ്പോള്‍ സഹകരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ഞാന്‍ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ നിര്‍ദ്ദേശമായിരുന്നു, സര്‍വീസ് സഹകരണ ബാങ്കുകളെ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ആക്കുക എന്നത്. ചില സംഘങ്ങള്‍ അതിനായി ബൈലേ ഭേദഗതി ചെയ്‌തെങ്കിലും അതില്‍ ലക്ഷ്യമിട്ട ഒന്നും നടപ്പാക്കിയില്ല.

ഇന്ന് കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ല. അതിന് യന്ത്രവല്‍ക്കരണമാണ് പോംവഴി. കേരളത്തില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനോ സംരക്ഷിക്കുന്നതിനോ കഴിയുന്നില്ല. ഈ ജോലി സഹകരണ മേഖല ഏറ്റെടുക്കണം. കാര്‍ഷികോപകരണങ്ങള്‍, യന്ത്രങ്ങള്‍ ന്യായമായ വാടകയ്ക്ക് കൃഷിക്കാര്‍ക്ക് നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കണം. ഇടവിളയായി പച്ചക്കറി വ്യാപകമാക്കാന്‍ കഴിയും. ഈ പച്ചക്കറി സംരക്ഷിക്കാനും സംഭരിക്കാനും സംസ്‌ക്കരിക്കാനും വിപണിയിലെത്തിക്കാനും സഹകരണ മേഖല തയ്യാറാവണം. ശ്രദ്ധാപൂര്‍വം ചെയ്താല്‍ കേരളത്തിനാവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉല്‍പ്പാദിപ്പിച്ച് ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയും.

കേരളത്തിന്റെ നാനാവിധമായ വികസനത്തിന് വിനിയോഗിക്കേണ്ട സഹകരണ ബാങ്കിംഗ് രംഗത്തെ വിഭവശേഷി, കിട്ടാക്കടമായി മാറുന്ന തരത്തില്‍ സഹകരണ ബാങ്കിംഗ് മേഖലയുടെ ഭരണസംവിധാനത്തില്‍ ഉണ്ടാക്കുന്ന മാറ്റം രാജ്യദ്രോഹമാണ്.

*
 ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

No comments: