Tuesday, February 19, 2013

തള്ളിവിടുന്നത് ഇരുട്ടിലേക്ക്

സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും ഇടം പരമാവധി കുറച്ചുകൊണ്ടുവരികയും ആ സ്ഥാനത്ത് സ്വകാര്യമേഖലയെ കുടിയിരുത്തുകയും ചെയ്യുകയെന്നത് ആഗോളവല്‍ക്കരണസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണമാണല്ലോ. ആഗോളവല്‍ക്കരണനയങ്ങളെ ചിന്തയിലും പ്രവൃത്തിയിലും കുടിയിരുത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ രംഗത്തും ഇത് മത്സരിച്ച് നടപ്പാക്കുകയാണ്. കൃഷി, വ്യവസായം, കുടിവെള്ളം തുടങ്ങി നിത്യജീവിതവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഇത് പ്രയോഗിക്കുന്നു. അതിന്റെ ദുരിതം ജനങ്ങള്‍ പേറുകയും ചെയ്യുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന, പാചകവാതക വിലവര്‍ധനയും സിലിണ്ടറുകളുടെ വെട്ടിക്കുറയ്ക്കലും, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, കെഎസ്ആര്‍ടിസി ബസുകളുടെ വെട്ടിക്കുറയ്ക്കല്‍, രൂക്ഷമായ കുടിവെള്ളക്ഷാമം തുടങ്ങിയവമൂലം പൊറുതിമുട്ടിയ ജനങ്ങളുടെ നെഞ്ചിലേക്ക് വീണ്ടുമൊരു ഇടിത്തീ വീഴ്ത്തിയിരിക്കുകയാണ് വൈദ്യുതിവിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനിര്‍ദേശം. വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയ്യാറാക്കണമെന്നാണ് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതിബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. ലോഡ് ഷെഡിങ്, പവര്‍കട്ട്, താരിഫ് വര്‍ധന തുടങ്ങിയവയിലൂടെ വൈദ്യുതി ഉപഭോഗം ഇപ്പോള്‍ത്തന്നെ ഷോക്കടിപ്പിക്കുന്ന സ്ഥിതിയിലാണ്. ഈ നിര്‍ദേശംകൂടി നടപ്പാക്കിയാല്‍ വൈദ്യുതിനിരക്ക് തീരുമാനിക്കുക അതിനു ചുമതലപ്പെട്ട സ്വകാര്യമേഖലയായിരിക്കും. അവരാകട്ടെ പരമാവധി ലാഭം ലക്ഷ്യമിട്ട് തോന്നുന്നതുപോലെ നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യമാകും സംജാതമാകുക.

വെള്ളവും വൈദ്യുതിയുമൊക്കെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണല്ലോ. ഈ അടിസ്ഥാന ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസകരമായ വിധത്തില്‍ ലഭ്യമാക്കുകയെന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഏത് സര്‍ക്കാരിന്റെയും കടമയാണ്. അത് നിര്‍വഹിക്കുന്നില്ലെന്നു മാത്രമല്ല, ആ മേഖലയെയും ജനങ്ങളെ കൊള്ളയടിക്കാനുള്ള വേദിയാക്കി സ്വകാര്യക്കാര്‍ക്ക് തീറെഴുതാനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശത്തിന് അന്ത്യശാസനം നല്‍കിയത്. വിതരണരംഗം സ്വകാര്യവല്‍ക്കരിച്ച സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയിലേറെയാണ് ഈടാക്കുന്നത്. സ്വകാര്യവല്‍ക്കരണം വഴി ഈ നിരക്ക് ഇവിടെയും വരാനിടയാകും. അതായത് സാധാരണ ഉപയോക്താവ് ഇപ്പോള്‍ നല്‍കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി തുക വൈദ്യുതിക്ക് ചെലവാക്കേണ്ടിവരും. ഇതിനുപുറമെ, വിദൂരഗ്രാമങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുക ക്ലേശകരമായതുകൊണ്ട് ആ ചുമതലയില്‍നിന്ന് സ്വകാര്യസ്ഥാപനങ്ങള്‍ പിന്‍വലിയുകയും ചെയ്യും. ഇതിന്റെ ദുരിതഭാരം പേറേണ്ടിവരുന്നതും സാധാരണ ജനങ്ങളാണ്. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതിസ്ഥാപനങ്ങളില്‍ ഒന്നായി മാറി കെഎസ്ഇബി. എന്നാല്‍, അധികാരികളുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയും ജനവിരുദ്ധതതയുംമൂലം ഇന്ന് കെഎസ്ഇബിയില്‍ അരാജകാവസ്ഥ കൊടികുത്തിവാഴുകയാണ്. ആ കെഎസ്ഇബിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്നതാണ് വിതരണരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിക്കുന്നതിനിടെയാണ് വൈദ്യുതിവിതരണ മേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കാനുള്ള നടപടികള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. മന്ത്രിയുടെയും സര്‍ക്കാരിന്റെയും വാക്കും പ്രവൃത്തിയുംതമ്മില്‍ ഒരു പൊരുത്തവുമില്ലാത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. വൈദ്യുതി വിതരണമേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതിവിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുന്ന പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്വകാര്യവല്‍ക്കരണ കര്‍മപദ്ധതി 15 ദിവസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത്, വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് യുഡിഎഫ് സര്‍ക്കാര്‍ മുന്‍പേതന്നെ പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നാണ് തെളിയുന്നത്. സ്വകാര്യവല്‍ക്കരണം ഫ്രാഞ്ചൈസി രൂപത്തിലോ പൊതു-സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാമെന്നാണ് വ്യവസ്ഥ. ഊര്‍ജമേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനതലത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. 2011-12ല്‍ കെഎസ്ഇബിക്കുണ്ടായ 241 കോടി രൂപയുടെ ലാഭം നാമമാത്രമാണെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നടപടി വേണമെന്നുമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സിഎംഡി സത്നാം സിങ് കെഎസ്ഇബി ചെയര്‍മാന്‍ എം ശിവശങ്കറിനയച്ച കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകള്‍ക്ക് 2028 കോടി രൂപയുടെ സാമ്പത്തികസഹായം ഏര്‍പ്പാടാക്കി നല്‍കാമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ വിതരണശൃംഖലയുടെ സാമ്പത്തികാരോഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന് സത്നാം സിങ് പറയുന്നു. ഉല്‍പ്പാദന, പ്രസരണമേഖലകള്‍ക്ക് ഇനി സഹായം ലഭ്യമാക്കുന്നത് വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കിയശേഷമേ ഉണ്ടാകൂ എന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇപ്പോള്‍ ചെലുത്തുന്നത്. കഴിഞ്ഞ രണ്ടുമാസവും വൈദ്യുതി ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലഭ്യമാക്കിയ വായ്പ ഉപയോഗിച്ചാണ്. ഈ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇവിടത്തെ വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം കൈയടക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട വ്യവസായികളുടെ കടുത്ത സമ്മര്‍ദം ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. അത്തരം വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ നാടിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെ ഇല്ലാതാക്കുകയും ജനങ്ങളെയാകെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യവല്‍ക്കരണനീക്കത്തില്‍നിന്ന് പിന്മാറാന്‍ ബന്ധപ്പെട്ടവരാകെ തയ്യാറാകണം. അതിന് അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചെറുത്തുനില്‍പ്പ് എല്ലാവിഭാഗം ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരികയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 19 ഫെബ്രുവരി 2013

No comments: